Saturday 23 April 2022 04:49 PM IST : By സ്വന്തം ലേഖകൻ

‘മക്കൾ നമ്മുടെ നിധികൾ, ഒരിക്കലും നിന്റെ കുഞ്ഞ് എന്നു പറയരുത്’; ദാമ്പത്യത്തിലെ പാമ്പും സയനൈഡും

father-joseph

പ്രശസ്ത ധ്യാനഗുരുവും ഫാമിലി കൗൺസലറും ആയ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെപംക്തി തുടരുന്നു

ഒരിക്കൽ ഒരപ്പൻ മകനോട് ചോദിച്ചു.

‘‘എടാ മോനേ, വധൂവരന്മാർ യാത്ര ചെയ്യുന്ന കാറുകൾ എന്തിനാണ് പൂക്കൾ കൊണ്ട് അലങ്കരിക്കുന്നത്. ?’’

മകൻ പറഞ്ഞു ‘‘ രണ്ടുപേരുടെയും ശവസംസ്കാരം ആരംഭിക്കുന്നതുകൊണ്ട്’’

അദ്ഭുതപ്പെട്ടുപോയ അപ്പൻ മകനോട് ചോദിച്ചു

‘‘നിന്നോട് ഇത് ആരു പറഞ്ഞു’’

മകൻ മറുപടി പറഞ്ഞില്ല. പകരം മനസ്സിൽ പറഞ്ഞു . ‘‘ആരെങ്കിലും പറഞ്ഞുതരണോ? എന്നും ഞാൻ നമ്മുടെ വീട്ടിൽ കാണുന്നതല്ലേ?’

പുരുഷനും സ്ത്രീയും ഒരുമിച്ചു ചേരുന്ന ദാമ്പത്യജീവിതം സന്തോഷത്തിന്റെ, ആനന്ദത്തിന്റെ പൂർണതയാണ്. ആ പൂർണതയിൽ ആയിരിക്കുവാൻ പരസ്പര പൂരകങ്ങളായാണ് സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ചിരിക്കുന്നത്. ഒരുമിച്ചുള്ള ജീവിതത്തിലൂടെ പരസ്പരം കുറവുകൾ പരിഹരിച്ചും സ്നേഹവും ബഹുമാനവും പകർന്നുകൊടുത്തും പരസ്പരം വളർത്താൻ ദമ്പതികൾക്ക് കഴിയണം.

സ്വത്തിനും പണത്തിനും വേണ്ടി

എന്നാൽ ഇന്നത്തെക്കാലത്ത് ദാമ്പത്യത്തിൽ ചില മാറ്റങ്ങൾ, ഭയപ്പെടുത്തുന്ന ചില സംഭവങ്ങൾ കടന്നുവരുന്നു. ആത്മമിത്രമാകേണ്ട ഭർത്താവിനെ പണത്തിനുവേണ്ടി സയനൈഡ് നൽകി കൊന്നുതീർക്കുവാൻ വെമ്പൽ കൊള്ളുന്ന ഭാര്യ, ഭാര്യയെ വിഷപ്പാമ്പിനെ കൊണ്ട് കൊന്ന് സ്വത്തും പണവും കൈക്കലാക്കാൻ ശ്രമിക്കുന്ന ഭർത്താവ്.... ഈയടുത്ത് നമ്മൾ വായിച്ചറിഞ്ഞ, മനസ്സിനെ മരവിപ്പിക്കുന്ന രണ്ടു കൊലപാതകങ്ങൾ...

എന്തുകൊണ്ടാണ് ദാമ്പത്യത്തിൽ ഇങ്ങനെ സംഭവിക്കുന്നത്?

മാരകമായ രോഗം ബാധിച്ച് ഭാര്യ മരണാസന്നയായി കിടക്കുകയാണ്. തന്റെ മരണശേഷം സ്നേഹമയനായ ഭർത്താവ് ഒറ്റയ്ക്കായി പോകുമല്ലോയെന്നാണ് അവളുടെ മനസ്സുരുക്കുന്നത്. ഒരുദിവസം ഭർത്താവ് അടുത്തിരിക്കുമ്പോൾ അവൾ പറഞ്ഞു.

‘‘ചേട്ടാ, ഞാൻ മരിച്ച് കൃത്യം ഒന്നാം വാർഷികം കഴിയുമ്പോൾ ചേട്ടൻ പോയി ഇഷ്ടമുള്ള പെണ്ണിനെ കെട്ടണം. ഞാൻ മുകളിലിരുന്ന് അനുഗ്രഹിച്ചുകൊള്ളാം. ’’

ഭർത്താവ് പറഞ്ഞു. ‘‘നീ ചങ്കിൽ കൊള്ളുന്ന വർത്തമാനമൊന്നും പറയരുത്. നിന്റെ മുഖമല്ലാതെ മറ്റൊരു മുഖം എനിക്ക് ഒാർക്കാൻ പറ്റുമോ? നിന്റെ സ്വരമല്ലാതെ മറ്റൊരു സ്വരം എനിക്കു ചിന്തിക്കാൻ പറ്റുമോ?’’

ഭാര്യ വീണ്ടും പറഞ്ഞു. ‘‘എന്റെ ഈ കമ്മൽ ചേട്ടൻ അവളുടെ കാതിലിടണം. എന്റെ ഈ മൂക്കുത്തി അവളുടെ മൂക്കിലിടണം. എന്റെ ഈ വളകൾ അവളുടെ ഇടതു കയ്യിലിടണം. ’’

അപ്പോൾ അറിയാതെ അവൻ പറഞ്ഞുപോയി. ‘‘ എടീ ഈ വളകൾ അവളുടെ കൈകൾക്ക് ചേരുമെന്നു തോന്നുന്നില്ല.’’

ഭാര്യ മരിച്ചാൽ ഉടൻ ആരെ കെട്ടണമെന്ന് വരെ അവൻ മുന്നേ തീരുമാനിച്ചിരുന്നു!!!

ഏതുവിധത്തിലും പങ്കാളിയെ കൊല്ലുക, പങ്കാളിയുടെ മാതാപിതാക്കളെ ഇല്ലാതാക്കുക, എന്നിട്ട് സ്വത്തും പണവും തട്ടിയെടുക്കുക എന്ന മനസ്സോടെ സ്ത്രീയോ പുരുഷനോ പെരുമാറുമ്പോൾ ഒന്നോർക്കുക, അവിടെ ദാമ്പത്യജീവിതം മാറിമറിഞ്ഞു. ഭർത്താവ് എന്ന വ്യക്തിയും ആ വ്യക്തി നൽകുന്ന കരുതലും ഒന്നുമല്ല. ഭാര്യയുടെ സ്നേഹത്തിന് ഒരു വിലയുമില്ല... സ്വത്ത്, വീട്, വീതം ഇതിലേക്കു ശ്രദ്ധ തിരിയുന്നു. മൂല്യങ്ങൾ തകരുമ്പോൾ ദാമ്പത്യം തകരുന്നു. പണ്ട് പെൺകുട്ടികളോട് അമ്മയും അപ്പനും പറഞ്ഞുവിടുമായിരുന്നു, ഭർത്താവിന്റെ വീടാണ് ഇനി നിന്റെ വീട്... ഇന്ന് വിവാഹം ആലോചിക്കുമ്പോൾ പോലും എന്തിനാണ് മുൻഗണന നൽകുന്നതെന്നു ശ്രദ്ധിച്ചിട്ടുണ്ട്. ചെറുക്കന് അല്ലെങ്കിൽ പെണ്ണിന് എത്ര സ്വത്തുണ്ട്, എത്ര പവൻ കിട്ടും, വണ്ടി കിട്ടുമോ? ചെറുക്കന് നല്ല ശമ്പളമുണ്ടോ, പദവിയുണ്ടോ? വലിയ വീടുണ്ടോ...?

അച്ഛനമ്മമാർ പണത്തിന് വലിയ പ്രാധാന്യം കൊടുക്കുമ്പോൾ മക്കളുടെയും മുൻഗണനാക്രമങ്ങൾ മാറിമറിയുന്നു. സ്വത്ത്, പണം, സുഖം, സെക്സ്...ഇതൊക്കെ ദാമ്പത്യത്തിലെ സ്നേഹത്തേക്കാൾ വിലയുള്ളതാകുന്നു.

മൂന്നു മുൻഗണനകൾ

ദാമ്പത്യജീവിതത്തിൽ പ്രഥമവും പ്രധാനമായും നൽകേണ്ട മുൻഗണനകൾ എന്തൊക്കെയാണെന്ന് മാതാപിതാക്കൾ കുട്ടിക്കാലം മുതൽ മക്കൾക്കു പറഞ്ഞുകൊടുക്കണം. പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും അധിഷ്ഠിതമാണ് ദാമ്പത്യമെന്ന് പറഞ്ഞുകൊടുക്കാം. കെട്ടിക്കൊണ്ടുവരുന്ന പെണ്ണിനു പ്രഥമ പരിഗണന കൊടുക്കാനും അവൾക്ക് എല്ലാ ഭദ്രതയും കൊടുക്കുവാനും പുരുഷനെ പഠിപ്പിക്കണം. പെൺകുട്ടികളോടും ദാമ്പത്യത്തിൽ പുലർത്തേണ്ടുന്ന പ്രഥമപരിഗണനകളെ കുറിച്ചു പറഞ്ഞുകൊടുക്കണം. മൂല്യങ്ങൾ മാറിമറിയുന്ന ലോകത്ത് കുടുംബബന്ധങ്ങളിലെ മുൻഗണനാക്രമം എങ്ങനെ വേണമെന്നു നോക്കാം.

പ്രഥമപ്രധാനമായ റോൾ പങ്കാളിക്ക് കൊടുക്കണം. വിലകുറഞ്ഞ പദപ്രയോഗങ്ങൾ പങ്കാളിക്കെതിരെ നടത്തരുത്. മക്കളുടെയും സ്വന്തക്കാരുടെയും മുൻപിൽ പങ്കാളിയുടെ വിലകുറച്ച് സംസാരിക്കരുത്. ഭാര്യക്ക് തോന്നണം താനാണ് ഭർത്താവിന് ഏറ്റവും വിലപ്പെട്ടവൾ എന്ന്. മറിച്ച് ഭർത്താവിനു തോന്നണം താനാണ് ഭാര്യയ്ക്ക് ഏറ്റവും വിലപ്പെട്ടവൻ എന്ന്.

പങ്കാളിയുടെ മാതാപിതാക്കൾക്ക് അർഹമായ സ്ഥാനം കൊടുക്കണം. അവരെ സ്വന്തമായി കരുതണം. ഭർത്താവും ഭാര്യയും ഭാര്യയുടെയും ഭർത്താവിന്റെയും അപ്പനമ്മമാർക്ക് മുൻഗണന കൊടുക്കുമ്പോൾ ജീവിതം വസന്തമാകും, സന്തോഷകരമായി മാറും.

മക്കൾ ദാമ്പത്യത്തിലെ അനുഗ്രഹമാണ്. ഒരിക്കലും നിന്റെ കുഞ്ഞ് എന്നു പറയരുത്. നമ്മുടെ കുഞ്ഞ് എന്നു പറയുക. മക്കളെ എല്ലാ കുറ്റങ്ങളോടും കുറവുകളോടും കൂടി സ്നേഹിക്കുക.

ഈ മൂന്നു മൂല്യങ്ങൾക്ക് സ്ഥാനം കൊടുക്കുമ്പോൾ കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും. ഭാര്യയ്ക്കു ഭർത്താവിനെയും ഭർത്താവിനു ഭാര്യയെയും ഭയക്കാതെ ജീവിക്കാനാകും.

കുടുംബ ജീവിതത്തിൽ പങ്കാളി, മക്കൾ ഇവർക്കാകണം പ്രഥമസ്ഥാനം. വീട്, പണം, സൗന്ദര്യം എന്നിവയൊക്കെ അതുകഴിഞ്ഞേ വരാവൂ. അങ്ങനെയായാൽ ദാമ്പത്യം ശവമഞ്ചമല്ല, പൂമഞ്ചമാകും.