Thursday 01 July 2021 04:11 PM IST

‘പെണ്ണുങ്ങൾക്കെന്താ ബൈക്ക് ഓടിച്ചാൽ കുഴപ്പം?’, കുഞ്ഞു ഫാത്തിമയുടെ ചോദ്യത്തിൽ വീണ് വാപ്പി; ബൈക്ക് റൈഡിൽ വിസ്മയം തീർത്ത് രണ്ടാം ക്ലാസുകാരി

Priyadharsini Priya

Senior Content Editor, Vanitha Online

fathima-bikee-ride33

‘പെണ്ണുങ്ങൾക്കെന്താ ബൈക്ക് ഓടിച്ചാൽ കുഴപ്പം?’, ചടുലതയോടെയായിരുന്നു ആറു വയസ്സുകാരി ഫാത്തിമയുടെ ചോദ്യം. ആ ഒറ്റചോദ്യത്തിന് മുന്നിൽ ഉപ്പ ആസാദ് വീണു. കയ്യോടെ കളമശ്ശേരിയിൽ നിന്ന് കുട്ടി ബൈക്ക് ഒരെണ്ണം സംഘടിപ്പിച്ചു കൊടുത്തു. പിന്നെ തുടരെ തുടരെ വീണും എഴുന്നേറ്റും കൊണ്ടുപിടിച്ച ഡ്രൈവിങ് പഠനം. ഇപ്പോൾ ചെളിയും വെള്ളവും കുന്നും സ്പീഡുമൊക്കെ ഹരമാണ് ഫാത്തിമയ്ക്ക്. ബൈക്കിൽ നിന്ന് താഴെ വീഴുമോ എന്ന ഭയമില്ല, സ്കിഡ് ചെയ്തു പറപറത്തുന്നതാണ് ഏറെയിഷ്ടം. തെന്നിവീണാലും ഐ ഡോണ്ട് കെയർ എന്ന ആറ്റിറ്റ്യൂഡ്. ആലുവയിൽ വെളിയത്ത്നാട് നിന്നുള്ള ഫാത്തിമ നെഷ്വ എന്ന കൊച്ചുമിടുക്കിയെ കുറിച്ചുള്ള വിശേഷങ്ങൾ വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ഉപ്പ ആസാദ്. 

പെണ്ണിനെന്താ കുഴപ്പം?

എനിക്ക് എറണാകുളത്ത് ഇ- കൊമേഴ്‌സ് ബിസിനസ് ആണ്. ഭാര്യ ഷബ്‌ന വീട്ടമ്മയാണ്. മൂന്നു മക്കളാണ്. മൂത്തയാൾ ഹയ ഫാത്തിമ, ഏഴിൽ പഠിക്കുന്നു. രണ്ടാമത്തെയാളാണ് ആറു വയസ്സുകാരി ഫാത്തിമ നെഷ്വ. മകൻ അഹമ്മദ് ഹമ്പൽ, നാലു വയസ്സാണ്.‌ കഴിഞ്ഞ ലോക് ഡൗണിൽ എല്ലാവരെയും പോലെ ഞാനും വീട്ടിലിരിപ്പായി. മുഴുവൻ സമയവും വീട്ടിൽ ആയതോടെ കുട്ടികളുമൊത്ത് കൂടുതൽ നേരം ചിലവഴിക്കാൻ പറ്റി. അപ്പോഴാണ് അവരുടെ ഇഷ്ടങ്ങൾ എനിക്ക് കൂടുതലായും മനസ്സിലാക്കാൻ പറ്റിയത്. 

fathimaa3332

ഫാത്തിമ നെഷ്വയാണ് ബൈക്ക് റൈഡർ, രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. അവൾ ധാരാളം യൂട്യൂബ് വിഡിയോസ് കാണുമായിരുന്നു. ബൈക്ക് റൈസിങ് വിഡിയോസ് ആയിരുന്നു കൂടുതലും. അപ്പോഴൊക്കെ എന്റെയടുത്തു വന്ന് വാപ്പി ബൈക്ക് വാങ്ങിതരുമോ എന്ന് ചോദിക്കും. എന്തുകണ്ടാലും ആവശ്യപ്പെടുന്ന പ്രായം, ഞാനതത്ര കാര്യമാക്കി എടുത്തിരുന്നില്ല. പിന്നെ സ്ഥിരമായിട്ട് അവൾ ഇതുതന്നെ പറയും.

ഒരു ദിവസം ‘പെണ്ണുങ്ങൾക്കെന്താ ബൈക്ക് ഓടിച്ചാൽ കുഴപ്പം? എനിക്ക് ബൈക്ക് ഓടിക്കണം’ എന്നവൾ പറഞ്ഞു. പെണ്ണുങ്ങൾക്ക് ബൈക്ക് ഓടിക്കാൻ പറ്റില്ലെന്ന് ആരാ പറഞ്ഞത് എന്ന് ഞാൻ ചോദിച്ചു. അനിയൻ പറഞ്ഞു പെണ്ണുങ്ങൾ ബൈക്ക് ഓടിക്കില്ല എന്ന്. ഞാൻ പെണ്ണായതു കൊണ്ടല്ലേ വാപ്പി എനിക്ക് ബൈക്ക് വാങ്ങി തരാത്തത് എന്നവൾ ചോദിച്ചു. അതെനിക്ക് വിഷമമായി. അങ്ങനെയൊന്നുമില്ല പെണ്ണുങ്ങൾക്ക് ബൈക്ക് ഓടിക്കാം എന്ന് പറഞ്ഞു ഞാനവളെ സമാധാനിപ്പിച്ചു. 

ഗ്രൗണ്ടിൽ ഒരുക്കിയ ട്രാക്ക് 

fathimaaa4

ആദ്യമൊരു വണ്ടി കിട്ടിയത് കളമശ്ശേരിയിൽ നിന്നാണ്. മലേഷ്യയിൽ നിന്ന് ഇമ്പോർട്ട് ചെയ്ത സ്റ്റാർട്ട് ആകാത്ത ബൈക്കായിരുന്നു അത്. അത് കയ്യിൽ കിട്ടിയതോടെ ഭയങ്കര പുന്നാരമായിരുന്നു. കെട്ടിപ്പിടിച്ച് ഇരിക്കുക, മുകളിൽ കയറി ഇരിക്കുക, വീടിനുള്ളിൽ തള്ളിക്കൊണ്ട് നടക്കുക ഇതൊക്കെയായിരുന്നു കലാപരിപാടികൾ. പിന്നീട് ഞാനും എന്റെ സുഹൃത്തും കൂടി ബൈക്ക് സ്റ്റാർട്ട് ആക്കി റെഡിയാക്കിയെടുത്തു. സൈക്കിൾ ബാലൻസ് ഉണ്ടായിരുന്നത് കൊണ്ട് അവൾ രണ്ടുമൂന്നു ദിവസം കൊണ്ട് പക്കാ ആയിട്ട് ഡ്രൈവിങ് പഠിച്ചെടുത്തു. പെട്രോൾ ഓട്ടോമാറ്റിക് വണ്ടിയായിരുന്നു.

മുറ്റത്തെ ചെടിച്ചട്ടിയിൽ ഇടിച്ചുവീഴുമോ എന്ന് പേടിച്ചു പഠനം പിന്നീട് ഗ്രൗണ്ടിലേക്ക് മാറ്റി. അവിടെ വച്ച് നന്നായി സ്പീഡ് കൂട്ടി ഓടിക്കുക, ചാടിക്കുക തുടങ്ങിയ ബൈക്ക് അഭ്യാസങ്ങളൊക്കെ ചെയ്തു തുടങ്ങി. ഇതൊക്കെ കണ്ടപ്പോൾ ഇഷ്ടം കൊണ്ടാണ് അവളിത് പറഞ്ഞതെന്ന് മനസ്സിലായി. ഇതോടെ എനിക്കും ത്രില്ലായി. ചെറിയ തിട്ടു പോലെ ഉണ്ടാക്കി കൊടുത്തു. അതിനു മുകളിലൂടെ ബൈക്ക് ചാടിക്കുന്നത് കണ്ടപ്പോൾ ആവേശമായി. പിന്നീട് ഗ്രൗണ്ടിൽ ജെസിബി കൊണ്ടുവന്ന് യൂട്യൂബിൽ കാണുന്നത് പോലെ ചെറിയൊരു ട്രാക്ക് ഉണ്ടാക്കിക്കൊടുത്തു. മോൾ വളരെ നന്നായി റൈഡ് ചെയ്തു തുടങ്ങി. ഞാൻ എടുത്തു ഒരു വിഡിയോ കൂട്ടുകാരന് അയച്ചുകൊടുത്തു. അവനാണ് യൂട്യൂബ് ചാനൽ ഉണ്ടാക്കി വിഡിയോ ഇടാം എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചത്. അങ്ങനെയാണ് മോളെ കൂടുതൽ ആളുകൾ അറിഞ്ഞു തുടങ്ങിയത്. 

മമ്മൂക്കയുടെ വണ്ടിയുടെ നമ്പർ 

അതിനിടയ്ക്ക് പഴയ ബൈക്ക് കേടായിപ്പോയിരുന്നു. അവളുടെ സങ്കടം കണ്ടപ്പോൾ ഡൽഹിയിൽ നിന്ന് കൂട്ടുകാരൻ വഴി പുതിയൊരു ബൈക്ക് വാങ്ങിച്ചു കൊടുത്തു. അതുകണ്ടപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. പഴയ വണ്ടിയിൽ ആക്സിലേറ്റർ പിടിച്ചുതിരിച്ചു കൈയിൽ കുമിള വന്ന് പൊട്ടുമായിരുന്നു. പുതിയ വണ്ടി കിട്ടിയതോടെ അവൾ കൂടുതൽ ഉഷാറായി. സേഫ്റ്റിക്കായി റൈഡിങ് കിറ്റ് ഒക്കെ വാങ്ങിക്കൊടുത്തു. 

എന്റെ കാറിന്റെ അതേ നമ്പർ ആയിരുന്നു മോളുടെ ബൈക്കിനു സ്റ്റിക്കർ ആയി ഒട്ടിച്ചിരുന്നത്. അപ്പോൾ ‘ഇതെന്റെ ബൈക്ക് അല്ലേ, എനിക്കിഷ്ടമുള്ള നമ്പർ ഇട്ടൂടെ?’ എന്നവൾ ചോദിച്ചു. നിന്റെ ഇഷ്ടം എന്താണെന്ന് ചോദിച്ചപ്പോൾ മമ്മൂക്കയുടെ വണ്ടിയുടെ 369 എന്ന നമ്പർ മതിയെന്ന് പറഞ്ഞു. പിന്നീട് പഴയ സ്റ്റിക്കർ ഇളക്കിമാറ്റി പുതിയത് ഒട്ടിച്ചു കൊടുത്തു. 

ഞാൻ ബൈക്ക് ഓടിക്കാൻ മാത്രമേ പഠിപ്പിച്ചിട്ടുള്ളൂ, അവൾ സ്വന്തമായി പ്രാക്ടീസ് ചെയ്തു മെച്ചപ്പെടുത്തിയതാണ്. വളരെ നന്നായി അവൾ ബൈക്ക് റൈഡ് ചെയ്യുന്നുണ്ട്. അടുത്തമാസം ഓഗസ്റ്റ് ഏഴാം തിയതി വിമൻസ് റൈസിങ് ഗ്രൂപ്പിന്റെ ഒരു ഇവന്റ് ഉണ്ട്. അതിൽ മോളുമൊത്ത് പങ്കെടുക്കണം.

fathimmm4445

മോൾക്കുവേണ്ടി ബൈക്ക് വാങ്ങിയും ഗ്രൗണ്ട് ഉണ്ടാക്കിയും നടന്നപ്പോൾ കുട്ടികൾക്ക് ഒപ്പം പിള്ളേരു കളിക്കുകയാണെന്ന് പറഞ്ഞു കളിയാക്കിയവർ ഉണ്ട്. ഇന്ന് അവർക്കു മുന്നിൽ അഭിമാനമുള്ള അച്ഛനായി എനിക്ക് നിൽക്കാം. പലരും മക്കളുടെ ഇഷ്ടങ്ങൾ ഗൗരവത്തിൽ എടുക്കാതെ തള്ളി കളയുന്നവരാണ്. അവരുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി പ്രോത്സാഹിപ്പിച്ചാൽ നമ്മൾ ചിന്തിക്കാത്ത അത്ര ഉയരത്തിലെത്താൻ കുട്ടികൾക്ക് കഴിയും. എന്റെ അനുഭവം കൊണ്ട് മനസ്സിലാക്കിയ പാഠമാണ്.  

Tags:
  • Spotlight
  • Inspirational Story