Wednesday 15 December 2021 03:41 PM IST : By സ്വന്തം ലേഖകൻ

മുതിർന്നവരെ ബഹുമാനിക്കാൻ പഠിപ്പിക്കണോ? കാലഹരണപ്പെട്ട ഈ അഞ്ചു പാരന്റിങ് രീതികൾ മുറുകെ പിടിക്കുന്നത് നിർത്തുക

sssssssParenting

കുഞ്ഞുങ്ങളെ വളർത്തുന്ന കാര്യത്തിൽ കാലങ്ങളായി പിന്തുടർന്നു വരുന്ന പഴഞ്ചൻ രീതികൾ അതേപടി അനുസരിക്കാറാണ് പതിവ്. ഇവയിൽ  പലതും കുഞ്ഞുങ്ങളെയോ അവരുടെ മാനസിക വികാരങ്ങളെയോ ഉൾക്കൊള്ളാത്തവയാണ്. തിരുത്തപ്പെടേണ്ടതായ കാലഹരണപ്പെട്ട അഞ്ചു പാരന്റിങ് രീതികൾ അറിയാം..  

1) ഭക്ഷണം കഴിക്കാൻ കുട്ടിയെ നിർബന്ധിക്കാതിരിക്കാം 

വിശന്നാൽ ആരും പറയാതെ തന്നെ വയറു നിറച്ച് ഭക്ഷണം കഴിക്കുന്നവരാണ് കുട്ടികൾ. അതേസമയം അവർക്ക് ഭക്ഷണം ഇഷ്ടപ്പെടാത്ത, വിശപ്പില്ലാത്ത സമയങ്ങളുമുണ്ട്. എന്നാൽ ഭൂരിഭാഗം മാതാപിതാക്കളും കരുതുന്നത് തങ്ങൾ കൊടുത്ത ഭക്ഷണം മുഴുവനും കുട്ടി കഴിച്ചിരിക്കണം എന്നാണ്. കുട്ടികളെ ഭയപ്പെടുത്തി നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കേണ്ടതില്ല. കുട്ടികളെ അവരുടെ പ്ലേറ്റുകൾ കാലിയാക്കാൻ സമ്മർദ്ദം ചെലുത്തുന്നത് ദീർഘകാല പ്രതികൂല ഫലമുണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു. 

ഈ ശീലം കുട്ടികൾക്ക് വിശപ്പിന്റെയും പൂർണ്ണതയുടെയും ആന്തരിക വശങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് ഇല്ലാതെയാക്കുന്നു. പ്രായപൂർത്തിയാകുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്നതിനും അമിതവണ്ണത്തിനുമുള്ള സാധ്യത കൂടുതലാണ്. പകരം, കുട്ടിയെ അവന്റെ ഇഷ്ടപ്രകാരം ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നത് ഭക്ഷണവുമായി ആരോഗ്യകരമായ ബന്ധം വളർത്തിയെടുക്കാൻ സഹായിക്കും. 

2) കുട്ടിയെ പ്രശംസിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുത് 

മാതാപിതാക്കൾ പലപ്പോഴും കുട്ടികളെ പ്രശംസിക്കാൻ മടിയുള്ളവരാണ്. പ്രശംസിച്ചാൽ കുട്ടി വഷളായിപ്പോകും എന്ന തെറ്റിദ്ധാരണ ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നു. പ്രശംസ പൂർണ്ണമായും ഒഴിവാക്കുന്നത് നല്ലതല്ല. കുട്ടികളുടെ പ്രയത്നത്തെ പ്രശംസിക്കുന്നത് തിരിച്ചടികൾ നേരിടുമ്പോഴും പഠിക്കാനുള്ള പ്രചോദനം കൂടി നൽകും. നിങ്ങളുടെ പ്രശംസയിലൂടെ ജീവിത വിജയത്തിനുള്ള ശരിയായ മൂല്യങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നു. 

3) മരണത്തെക്കുറിച്ച് മിണ്ടണം  

കൊച്ചുകുട്ടികളെ വിഷമിപ്പിക്കുമെന്ന് ഭയന്ന് പല മാതാപിതാക്കളും മരണത്തെക്കുറിച്ചുള്ള സംസാരം ഒഴിവാക്കുന്നത് പതിവാണ്. മരണത്തെക്കുറിച്ചും നഷ്ടത്തെക്കുറിച്ചും നിങ്ങളുടെ കുട്ടികൾക്ക് സത്യസന്ധമായ ഉത്തരം നൽകുന്നത് ഭാവിയിൽ ദുഃഖം നന്നായി കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കും. മരണത്തെക്കുറിച്ചുള്ള തുറന്ന സംഭാഷണം അപ്രതീക്ഷിത ആഘാതങ്ങളെ ശാന്തതയോടെയും വിവേകത്തോടെയും നേരിടാൻ കുട്ടിയെ പ്രാപ്തനാക്കുന്നു.

4) ലൈംഗികതയെക്കുറിച്ച് സംസാരിക്കാം  

മാതാപിതാക്കൾ കുട്ടികൾക്ക് വിലക്ക് കൽപ്പിച്ച ഒരു വിഷയം ലൈംഗികതയാണ്. കുട്ടിയുടെ ലൈംഗിക അവബോധം വളരെ നേരത്തെ വളർത്തിയെടുക്കുന്നതിന്റെ ധാർമ്മിക അപകടങ്ങളെക്കുറിച്ച് ഇപ്പോഴും ആശങ്കകളുണ്ട്. എന്നിരുന്നാലും, ലൈംഗികതയെക്കുറിച്ച് കുട്ടികളോട് തുറന്നുപറയുന്നത് ആരോഗ്യകരമാണ്. ശരിയായ അവബോധം ഉണ്ടാക്കുന്നത് മൂലം അപകടകരമായ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത കുറവാണ്. കുട്ടിക്കാലത്ത് നേരിടേണ്ടി വരുന്ന ലൈംഗിക പീഡനങ്ങൾ കുറയ്ക്കാൻ ഇതുവഴി സാധിക്കും. 

5)  മുതിർന്നവരെ ബഹുമാനിക്കാൻ പഠിപ്പിക്കണോ?

മുതിർന്നവരോട് അനുസരണവും ബഹുമാനവും കാണിക്കണമെന്ന് കുട്ടിക്കാലം തൊട്ടേ മാതാപിതാക്കൾ പറഞ്ഞുകൊടുക്കുന്നതാണ്. നിങ്ങളുടെ കുട്ടികളെ യാന്ത്രികമായി ബഹുമാനിക്കാൻ പഠിപ്പിക്കുന്നതിനു പകരം, അടിസ്ഥാനപരമായ ബഹുമാനം പ്രായം കണക്കിലെടുക്കാതെ വേണമെന്ന് പഠിപ്പിച്ചു കൊടുക്കാം. 

Tags:
  • Mummy and Me
  • Parenting Tips