Saturday 14 April 2018 11:37 AM IST

പെൺമക്കളെ ആത്മവിശ്വാസത്തോടെ വളർത്താൻ എന്തൊക്കെ ചെയ്യാം?

V N Rakhi

Sub Editor

parenting4

പഠിക്കാൻ മകനേക്കാൾ മിടുക്കി മകൾ തന്നെയാണ്. ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും സംഘാടന മികവും  എല്ലാം ഉണ്ട്. എന്നിട്ടും മകൻ അനുഭവിക്കുന്ന അത്ര സന്തോഷം മകൾക്കുണ്ടോ എ ന്നു ശ്രദ്ധിച്ചിട്ടുണ്ടോ? ആൺകുട്ടികൾ അഭിമുഖീകരിക്കുന്നതിലേറെ സമ്മർദവും ഉത്കണ്ഠയും നിരാശയും അനുഭവിക്കുന്നുണ്ട് ന മ്മുടെ പെൺമക്കൾ എന്ന് പഠനങ്ങൾ പറയുന്നു. ആൺകുട്ടികളേക്കാൾ മൂന്നിരട്ടിയാണത്രേ പെൺകുട്ടികൾ   അനുഭവിക്കുന്ന നിരാശ. ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കാൻ പെൺകുട്ടികൾക്ക് കൂട്ടാകേണ്ടത് അച്ഛനും അമ്മയും തന്നെയാണ്. സ്വാതന്ത്ര്യത്തിന്റെ സന്തോഷം നൽകി ക്കൊണ്ടു തന്നെ സുരക്ഷിതമായി അവരെ വളർത്താൻ മാ താപിതാക്കൾ പഠിച്ചാൽ മാത്രം മതി.

ചെറിയ ചെറിയ വിജയങ്ങൾ നൽകാം


കൗമാരത്തിനു തൊട്ടു മുമ്പുള്ള കാലത്ത് അച്ഛനമ്മമാരു ടേതിൽ നിന്ന് വ്യത്യസ്തമാണ് സ്വന്തം വ്യക്തിത്വമെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു തുടങ്ങും. ആൺകുട്ടിയായാലും പെൺകുട്ടിയായാലും ലോകപരിചയം നൽകി വളർത്തണം. ആവശ്യമുണ്ടെന്നു തോന്നുന്ന സന്ദർഭങ്ങളിൽ  മാത്രം സംര ക്ഷണം നൽകിയാൽ മതി.
∙എനിക്കിതു ചെയ്യാൻ പറ്റുമോ എന്നു ചിന്തിക്കാതെ, പറ്റും എന്ന് ഉറച്ച് വിശ്വസിക്കുന്നവരായി പെൺകുട്ടികളെ മാറ്റാനാണ് ശ്രമിക്കേണ്ടത്.  സംസാരം, കാഴ്ചപ്പാട്, ചിന്തകൾ എല്ലാം പൊസിറ്റീവ് ആകണം. അവൾക്ക് ചെയ്യാനാകും എ ന്ന് തീർത്തും ഉറപ്പുള്ള കാര്യങ്ങൾ മാത്രം അവളെ ഏൽപ്പി ക്കുക. ചെറിയ കാര്യങ്ങൾ ചെയ്ത് വിജയിക്കുമ്പോൾ ആ ത്മവിശ്വാസം കൂടും.
∙പെൺകുട്ടിയല്ലേ എന്നു കരുതി  ആൺകുട്ടികളെ ഏൽപിക്കുന്ന ഒരു ജോലിയിൽ നിന്നും അവരെ ഒഴിവാക്കാതിരിക്കുക. വ്യക്തിത്വത്തെ ബഹുമാനിച്ച് നിയന്ത്രണങ്ങൾ വ ച്ചാൽ മതി. വഴക്കു പറയുന്നതു പോലും ബഹുമാനത്തോ ടെയാകട്ടെ. അസ്വസ്ഥരായോ വികാരഭരിതരായോ ഇരിക്കുമ്പോൾ ഉപദേശങ്ങളുമായി ചെല്ലരുത്.
∙വിഷമമുള്ള സന്ദർഭങ്ങൾ എങ്ങനെ നേരിടാം എന്നു പ റഞ്ഞു കൊടുത്ത് മനസ്സൊരുക്കുക. ശക്തമായ നോട്ടം കൊണ്ടു പോലും ഒരാളെ നിലയ്ക്കു നിർത്താവുന്നതേയുള്ളൂ. പ്രശ്നങ്ങൾക്ക് സ്വയം എങ്ങനെ പരിഹാരം കാണാം എന്ന് മകൾക്കും പറഞ്ഞുകൊടുത്തോളൂ.
∙നാലോ അഞ്ചോ വയസ്സു മുതൽ തന്നെ ‘വായാടിയാണ്’, ‘എപ്പോഴും കുരുത്തക്കേടു തന്നെ’ തുടങ്ങിയ ‘വിശേഷണ’ങ്ങളും ‘അങ്ങോട്ടു പോകല്ലേ, വീഴും...’ പോലുള്ള ‘അ രുതു’കളും കേട്ടു വളരുന്ന കുട്ടിയുടെ മനസ്സിൽ ഇതെല്ലാം അറിയാതെ പതിയും. എന്തു ചെയ്യുമ്പോഴും സംശയവും ആത്മവിശ്വാസമില്ലായ്മയും വളരുന്നത് അങ്ങനെയാണ്. കുഞ്ഞിന്റെ കാര്യങ്ങൾ അവഗണിക്കുന്നു എന്നോ അമിതമായി ശ്രദ്ധിക്കുന്നു എന്നോ തോന്നിയാൽ സ്വഭാവത്തിൽ അനാവശ്യ വാശിയും നിർബന്ധങ്ങളും ഉണ്ടാകാം.  

parenting1

പൊസിറ്റിവ് ആകട്ടെ ശരീരഭാഷ


∙പൊസിറ്റീവ് ആയ ബോഡി ഇമേജ് കുട്ടിയിലുണ്ടാക്കാൻ ശ്രമിക്കണം. കൗമാരത്തിനു തൊട്ടു മുമ്പുള്ള കാലങ്ങളിൽ പെൺകുട്ടികളിൽ ശരീരത്തെക്കുറിച്ചുള്ള ആശങ്കകളും അപകർഷതാബോധവും കൂടുതലാകും. ശരീരത്തിന്റെ ന്യൂനതകളെ അതുപോലെ സ്വീകരിക്കാൻ ശീലിപ്പിച്ചാൽ അപകർഷതയും  ആത്മവിശ്വാസക്കുറവും  ഇല്ലാതാക്കാവു ന്നതേയുള്ളൂ.
∙നിന്റെ ശരീരം ഇതാണ് എന്നു പറഞ്ഞു മനസ്സിലാക്കി അം ഗീകരിക്കാൻ പഠിപ്പിക്കുക.  ഇല്ലെങ്കിൽ കുനിഞ്ഞു നടക്കുക യോ ഉടുപ്പിൽ പിടിച്ചു നടക്കുകയോ പോലെ വികലമായ ശരീരഭാഷ അറിയാതെ ഉണ്ടാകും.
∙പെൺകുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും അമ്മമാരുടെ സ്വാധീനം അറിയാതെ കടന്നു വരാം. അ മ്മമാരിൽ പലരും ഇത് വേണ്ടത്ര തിരിച്ചറിയാറില്ല. കുട്ടികളുടെ മുന്നിൽ പെരുമാറ്റവും വാക്കുകളും സൂക്ഷിച്ചു വേണം. എന്തു പറയുന്നു എന്നു മാത്രമല്ല, എങ്ങനെ പറയുന്നു എന്നതും ശ്രദ്ധിക്കണം. നല്ല വാക്കുകളും നല്ല സംസാരരീതിയും അച്ഛനമ്മമാരും ശീലിക്കണം.
∙‘ശരിയാണോ എന്നറിയില്ല, പക്ഷേ, എ നിക്കു തോന്നുന്നത്...’ എന്നു പറഞ്ഞ് കാര്യങ്ങൾ അവതരിപ്പിക്കുന്നവരുണ്ട്. ഉറ പ്പില്ലാത്ത രീതിയിൽ പ്രധാനപ്പെട്ട കാര്യങ്ങൾ  പറയു മ്പോൾ കേൾക്കുന്നവർ ഗൗരവത്തിലെടുക്കില്ല. പ റയുന്നതെന്തും  ഉറപ്പോടെ പറയാൻ അമ്മമാരും ശീ ലിക്കുക. ആത്മവിശ്വാസത്തിന്റെ അടയാളമാണത്. വ്യക്തമായി ആത്മവിശ്വാസത്തോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതി കുട്ടിയും ഇതിലൂടെ മനസ്സിലാക്കും.


അച്ഛൻ എന്ന കരുത്ത്


അച്ഛന്റെ ശ്രദ്ധയും  വാക്കുകളും  സമീപനവും പെൺകുട്ടിക ളെ വളർച്ചയുടെ ഏതു ഘട്ടത്തിലും സ്വാധീനിക്കും. ‘എന്റെ മോൾ സുന്ദരിയാണ്’ എന്നൊരച്ഛൻ പറയുന്നതിലേറെ സന്തോഷമുണ്ടാകും ‘എത്ര ബുദ്ധിപൂർവമാണെന്റെ മോൾ പ്രശ്നം കൈകാര്യം ചെയ്യുന്നത്’ എന്നോ ‘അനിയത്തിയുടെ കാര്യങ്ങൾ അവൾ എത്ര സ്നേഹത്തോടെയാണ് ചെയ്തു കൊടുക്കുന്നത്’ എന്നോ  പറഞ്ഞു കേൾക്കുമ്പോൾ.
∙അച്ഛൻ ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങിക്കൊടുത്തോ  ഔട്ടിങ്ങിനു കൊണ്ടുപോയോ മാത്രമല്ല സ്നേഹം പ്രകടിപ്പിക്കേണ്ടത്. കാർ കഴുകുമ്പോഴോ ഗ്രോസറി ഷോപ്പിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴോ അവളെയും കൂട്ടുക. ചെ റിയ കാര്യങ്ങളിൽ പോലും അച്ഛൻ എനിക്ക് പ്രാധാന്യം തരുന്നുണ്ടല്ലോ എന്ന സന്തോഷവും ആത്മവിശ്വാസവും മകളുടെ ഉള്ളിൽ താനേ വളരും.
∙‘നല്ല കുട്ടി’ ഇമേജ് വരുത്താൻ പെൺകുട്ടികളെ ശീലിപ്പിക്കാറുണ്ട്. എന്തു ചെയ്യുമ്പോഴും വിജയിക്കണമെന്നും പെർഫെക്ട് ആകണമെന്നുമുള്ള ചിന്ത അവരിൽ കയറിക്കൂടുന്നത് അങ്ങനെയാണ്. തെറ്റു വരുമ്പോൾ ഞാൻ മോശമായല്ലോ എന്ന് സങ്കടം തോന്നാം. ആത്മവിശ്വാസം നഷ്ടമാകാം. തെറ്റുകൾ ജീവിതത്തിന്റെ ഭാഗമാണെന്നും  തെറ്റിലൂടെ പലതും പഠിക്കാനുണ്ടെന്നും അവരോട് പറയുക.
 ∙ റിസ്ക് എടുത്ത്  വലിയ മോശമില്ലാതെ കാര്യങ്ങൾ ചെയ്യാനാണ് പഠിപ്പിക്കേണ്ടത്. ഓരോ റിസ്കിനു ശേഷവും  ആത്മവിശ്വാസം കൂടുന്നതു കാണാം. മക്കൾ വിജയിച്ചു കാണാനായി വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്നവരുമുണ്ട്.  സ്കൂൾ വിട്ടു വന്നയുടൻ കുഞ്ഞിന്റെ ഡയറി പരിശോധിക്കുന്നത് ചില അ മ്മമാരുടെ ശീലമാണ്. അവരെന്തു പഠിക്കണം എന്നു തീരുമാ നിക്കുന്നതും ഹോംവർക് എഴുതിപ്പിക്കുന്നതും അമ്മമാർ ത ന്നെ. ഇതെല്ലാം അവർ സ്വയം ചെയ്തു ശീലിക്കേണ്ടതാണ്. ‘ട്രയൽ അൻഡ് എറർ മെതേഡി’ലൂടെ കാര്യങ്ങൾ പഠിക്കുന്ന കുട്ടികൾക്ക് ആത്മവിശ്വാസം കൂടും.  

parenting2


സമൂഹത്തെ അഭിമുഖീകരിക്കാൻ


പഠനത്തിൽ താൽപര്യക്കുറവ് കാണിക്കുന്നതും അനാവശ്യ ഭയവും  വിഷാദഭാവവും തർക്കുത്തരം പറയുന്നതും പോലുള്ള ചില മാറ്റങ്ങൾ വളർച്ചയുടെ ഘട്ടത്തിൽ പെൺകുട്ടികൾ കാണിക്കാറുണ്ട്. ഇത് സാധാരണയായി കാണുന്ന മാറ്റം തന്നെയാണോ മറ്റെന്തെങ്കിലും പ്രത്യേക കാരണം ഇതിനു പിന്നിലുണ്ടോ എന്നു തിരിച്ചറിയണം.
∙പെൺകുട്ടികൾ പൊതുവെ വൈകാരികത കൂടുതൽ പ്രക ടിപ്പിക്കുന്നവരാണ്. മറ്റുള്ളവരുടെ വികാരങ്ങൾ കൂടി ഏറ്റെ ടുക്കാൻ പെൺകുട്ടികൾ ചെറുപ്പത്തിലേ ശീലിക്കാറുണ്ട്. എ പ്പോഴും സന്തോഷമായിരിക്കേണ്ടവളാണ് പെൺകുട്ടി എന്ന ചിന്തയും അവരിൽ നിറയ്ക്കാറുണ്ട്  മുതിർന്നവർ. അസൂയയും ദേഷ്യവും  അരക്ഷിതാവസ്ഥയും  മറച്ചു വച്ച് പുഞ്ചിരിക്കുന്ന മുഖത്തോടെയിരിക്കാൻ ശ്രമിക്കും. ദേഷ്യവും അസ്വസ്ഥതയും തോന്നിയാൽ ഇഷ്ടമില്ലാത്തതെന്തോ സംഭവിച്ചിട്ടുണ്ടെന്നും അത് പ്രകടിപ്പിക്കണമെന്നും പറഞ്ഞു കൊടുക്കണം.
∙ഏത് തിരക്കിനിടയിലും  കുഞ്ഞ് പറയുന്നതെല്ലാം  കേൾക്കാ ൻ സമയം കണ്ടെത്തിയേ തീരൂ. ഒരു ആൺകുട്ടി ഇഷ്ടമാണെന്നു മകളോട് പറഞ്ഞെന്നറിഞ്ഞാൽ വികാരവിക്ഷോഭത്തോടെ അവനെക്കുറിച്ച് ചീത്ത അഭിപ്രായങ്ങൾ കുട്ടിയുടെ മനസ്സിൽ കുത്തി നിറയ്ക്കരുത്. ചീത്തയായിക്കാണാനും  പഠിപ്പിക്കരുത്.  എന്താണുണ്ടായതെന്ന് വ്യക്തമായി മനസ്സിലാക്കി ചർച്ച ചെ യ്ത് പരിഹാരം കാണുകയാണ് വേണ്ടത്.
∙കുട്ടികളുടെ വ്യക്തിപരമായ ഇഷ്ടങ്ങൾ തിരഞ്ഞെടുക്കാ നുള്ള സ്വാതന്ത്ര്യം അവർക്കു നൽകണം. എല്ലാവരും ജിംനാസ്റ്റിക്സ് പഠിക്കുന്നു, അതുകൊണ്ട് നീയും അതു പഠിച്ചാൽ മതി എന്നു നിർബന്ധിക്കരുത്. അച്ഛനോ അമ്മയോ സ്പോ ർട്സ് താരമായതുകൊണ്ട് മക്കൾക്കും സ്പോർട്സിൽ താൽപര്യമുണ്ടാകണമെന്നില്ല. വ്യത്യസ്തമായ കാഴ്ചപ്പാടുള്ളവരെ സ്വീകരിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കണം.

ലാളനയും പിന്തുണയും


സ്നേഹവും ലാളനവും കിട്ടുന്നുണ്ടെന്ന സംതൃപ്തി മകൾക്ക് നൽകാനാകണം. ആ സംത‍ൃപ്തിയിൽ നിന്നാണ് അമ്മയും മകളും തമ്മിലുള്ള പരസ്പരവിശ്വാസം ദൃഢമാകുന്നത്.
∙പ്രോത്സാഹനം നൽകുന്നത് കുഞ്ഞിന്റെ വളർച്ചയ്ക്ക് ഗുണം തന്നെ സംശയമില്ല. പക്ഷേ, എന്തിനും ഏതിനും പ്രോത്സാഹനം നല്ലതല്ല. പ്രോത്സാഹനം  ബുദ്ധിപൂർവമാകണം. നേട്ടങ്ങ ൾക്ക് സമ്മാനം നൽകാം. ഒപ്പം അവരെടുക്കുന്ന പ്രയത്നത്തെയും കാഴ്ചപ്പാടിനെയും അഭിനന്ദിക്കുകയും വേണം.
∙ ലാളിച്ചു വഷളാക്കരുത് എന്ന കാര്യം ഓർത്തുകൊണ്ടു ത ന്നെ ലാളന എന്തെന്ന് അറിയിക്കാം. സ്നേഹവും ലാളനയും  കുട്ടികളെ ശാന്തതയുള്ളവരാക്കും. കർശനമായ ‘നോ’ കളും കഠിനമായ വിമർശനങ്ങളും  കുട്ടികളുടെ  ആത്മാഭിമാനത്തിൽ വിള്ളലുകളുണ്ടാക്കുമെന്നതിൽ സംശയമില്ല.
∙ സ്പർശനത്തെക്കുറിച്ച് കുട്ടിക്കാലത്തേ  പറഞ്ഞു കൊടുക്കണം. നല്ല രീതിയിലും മോശം രീതിയിലുമുള്ള സ്പർശനം തിരിച്ചറിയാൻ കഴിയണമെങ്കിൽ നേരത്തേ അതിനെക്കുറിച്ച് അറിവുണ്ടായിരിക്കണം. ഏതെങ്കിലും പ്രത്യേക രീതിയിലുള്ള സ്പർശനം ആവർത്തിക്കുന്നുവെങ്കിൽ ‘കൈ മാറ്റൂ, എന്നെതൊടുന്നത് ഇഷ്ടമല്ല’ എന്ന് വാക്കാലോ മറ്റെന്തെങ്കിലും ഭാ വത്തിലൂടെയോ അയാളെ നേരിട്ട് അറിയിക്കാൻ പഠിപ്പിക്കണം. അമ്മയോട് അത്തരം കാര്യങ്ങൾ പങ്കുവയ്ക്കണമെന്നും പറ യാം. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ കൈയകലം പാലിക്കാ ൻ അവളോട് പറയാം.  
∙ശരീരം എപ്പോഴും നിവർന്നിരിക്കണം, ചാഞ്ഞും ചരിഞ്ഞും നോക്കാതെ നേരെ നോക്കണം എന്നു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. അതിവൈകാരികത വേണ്ടെന്നും പരാജയമായാലും വിജയമായാലും  ഒരേ മനസ്സോടെ സ്വീകരിക്കണമെന്നും പഠിപ്പിക്കണം. ഈ മൂന്നു ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം മകളെ അറിയിക്കാൻ മടിക്കാതിരിക്കുക.


1 അച്ഛനും അമ്മയും എന്താണ് മകളെക്കുറിച്ച്    ചിന്തിക്കുന്നത്?


2 മകളെ നിങ്ങൾ എത്രത്തോളം മനസ്സിലാക്കുന്നുണ്ട്?

3 നിങ്ങളുടെ പ്രതീക്ഷകൾ എന്തൊക്കെയാണ്? മനസ്സു നിറഞ്ഞ പുഞ്ചിരിയോടെ വളരട്ടെ നമ്മുടെ പെൺകുട്ടികൾ.


വിവരങ്ങൾക്ക് കടപ്പാട്: ഡോ.ബിജി.വി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,
മാനസികാരോഗ്യ കേന്ദ്രം, പടിഞ്ഞാറേക്കോട്ട, തൃശൂർ