Friday 10 December 2021 04:15 PM IST : By സ്വന്തം ലേഖകൻ

‘കുഞ്ഞുടൽ പൂവ് പോലെ മൃദുലം, തൊടുന്നതും തലോടുന്നതും നോവിക്കാതെ വേണം’; ചർമസംരക്ഷണത്തിൽ മാതാപിതാക്കൾ അറിയേണ്ട മൂന്നു കാര്യങ്ങൾ

infant-skincareee

പത്തു മാസം കഴിഞ്ഞു കൺമണിയെ കയ്യിൽ കിട്ടുമ്പോൾ എല്ലാം മറക്കുന്നവരാണ് മാതാപിതാക്കൾ. കുഞ്ഞിന് എന്തൊക്കെ വേണം, എന്തൊക്കെ വേണ്ട എന്നതിനെ കുറിച്ചൊന്നും വലിയ അറിവൊന്നും ഉണ്ടാകില്ല. ക്രീമായും സോപ്പായും, ധാരാളം പണം മുടക്കി മാർക്കറ്റിൽ കിട്ടുന്ന സകല പ്രോഡക്റ്റുകളും വാങ്ങി കുഞ്ഞു ശരീരത്തിൽ പരീക്ഷിക്കും. യഥാർഥത്തിൽ കുഞ്ഞിന്റെ ചർമ്മം ശരീരത്തിലെ ഏറ്റവും സെൻസിറ്റീവും ദുർബലവുമായ ഭാഗങ്ങളിൽ ഒന്നാണ്. കൂടാതെ അതിന് ആവശ്യമായ പരിചരണവും പോഷണവും നേരത്തെ തന്നെ നൽകേണ്ടത് അത്യാവശ്യമാണ്. കുഞ്ഞുങ്ങളുടെ ചർമ്മസംരക്ഷണത്തിന് ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകത അടിവരയിടുന്ന ചില വസ്തുതകൾ ഇതാ.

പൂ പോലെ മൃദുലം

കുഞ്ഞിന്റെ മൃദുവായ ശരീരത്തിൽ തൊട്ടും തലോടിയും ഇരിക്കാൻ പലർക്കും ഇഷ്ടമാണ്. ശ്രദ്ധിക്കുക, കുഞ്ഞിന്റെ ചർമ്മം നിങ്ങളുടേതിനേക്കാൾ 30 ശതമാനം കനം കുറഞ്ഞതാണ്. അതുകൊണ്ടാണ് ഇത്രയധികം സൂക്ഷ്മമായി ഇരിക്കുന്നത്. കുഞ്ഞിനെ എടുക്കുമ്പോഴും പരിചരിക്കുമ്പോഴും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഇല്ലെങ്കിൽ പെട്ടെന്നുതന്നെ കുഞ്ഞു ശരീരത്തിൽ അണുബാധകൾക്കും തിണർപ്പുകൾക്കും കാരണമാകും. 

ഈർപ്പം നിലനിർത്തണം 

ചെറിയ കുഞ്ഞുങ്ങളിൽ കരപ്പൻ, കുരുക്കൾ ഒക്കെയായി ചർമ്മപ്രശ്നങ്ങൾ സ്ഥിരമാണ്. ഒരാൾക്ക് പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാം. കാരണം കുഞ്ഞിന്റെ ചർമ്മത്തിന് മുതിർന്നവരെ അപേക്ഷിച്ച് അഞ്ചിരട്ടിയിൽ കൂടുതൽ ഈർപ്പം നഷ്ടപ്പെടും. അതിനാൽ ശരിയായ പരിചരണത്തിന്റെ അഭാവം ചർമ്മത്തിന്റെ വരൾച്ചയിലേക്കും, ചിലപ്പോൾ എക്സിമയിലേക്കും നയിച്ചേക്കാം.

പതിവായി മോയ്സ്ചറൈസിങ്

കുഞ്ഞിന്റെ ചർമ്മം ആരോഗ്യകരമായി നിലനിർത്തുന്നതിന് കുറച്ച് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരും. അത് കുഞ്ഞുങ്ങളുടെ ലൈംഗികാവയവങ്ങൾ വൃത്തിയായും ആരോഗ്യത്തോടെയും സൂക്ഷിക്കുന്നതായാലും, കുഞ്ഞിന് അണുബാധ ഉണ്ടാകാതിരിക്കുന്ന കാര്യത്തിലായാലും കൃത്യമായ പരിചരണം ആവശ്യമാണ്. കുഞ്ഞിന്റെ ചർമ്മത്തിന് പതിവായി മോയ്സ്ചറൈസിങ് ആവശ്യമാണ്. അതുകൊണ്ട് ഡോക്ടറുടെ നിർദേശപ്രകാരം മികച്ച നിലവാരമുള്ള ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ മാത്രം വാങ്ങി ഉപയോഗിക്കണം. 

Tags:
  • Mummy and Me
  • Baby Care