ചൂരൽകഷായം, അലർച്ച, ഭീഷണി... കുഞ്ഞുങ്ങളെ നേർവഴി നടത്താൻ നമ്മൾ എടുത്തിരുന്ന ആയുധങ്ങൾ ഇവയൊക്കെയായിരുന്നില്ലേ? ഇതെല്ലാം കുട്ടി നന്നാകാൻ വേണ്ടിയാണെന്നു ന മ്മൾ ഉറച്ചു വിശ്വസിക്കുകയും ചെയ്തു.
അടിക്കുകയും വഴക്കു പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്താലേ കുട്ടികൾ നന്നാകൂ എന്ന ചിന്ത തെറ്റാണെന്നാണു വിദഗ്ധ പഠനങ്ങൾ തെളിയിക്കുന്നത്. നമ്മുടെ പേരന്റിങ് രീതികളിലെ അ പാകതകളും തെറ്റിധാരണകളും ഒഴിവാക്കാം. കുട്ടികളിൽ ആത്മവിശ്വാസവും സ്വയംമതിപ്പും വളർത്തുന്ന പേരന്റിങ് ശൈലിയെക്കുറിച്ചറിയാം.
പറയണം ‘എന്തുകൊണ്ട്’ എന്ന്
കുട്ടികളുടെ ഉടമകളാണു നമ്മൾ എന്നാണു പലരും മനസ്സിലാക്കി വച്ചിരിക്കുന്നത്. മാതാപിതാക്കൾ പറയുന്നതെല്ലാം കുട്ടി അനുസരിക്കണം. കൂടുതൽ വിശദീകരിക്കേണ്ട കാര്യമെന്താ എന്ന മനോഭാവം ഇപ്പോഴുമുണ്ടെങ്കിൽ അതു പാടേ ഉപേക്ഷിച്ചോളൂ. കുട്ടികളുടെ വികാരങ്ങളും അഭിപ്രായങ്ങളുമെല്ലാം പരിഗണിച്ചാകണം കുടുംബത്തിൽ നിയമങ്ങൾ നടപ്പിലാക്കേണ്ടത്.
∙ കുട്ടിയോട് എന്തെങ്കിലും ആവശ്യപ്പെടുമ്പോഴും നിയമങ്ങൾ പാലിക്കാൻ പറയുമ്പോഴും ‘എന്തുകൊണ്ട്’ എന്നതു വിശദമാക്കണം. ആശയവിനിമയം വളരെ പ്രധാനമാണ്. ശാന്തമായി കാര്യങ്ങൾ പറയുക.
∙ ‘ഇനി മുതൽ അരമണിക്കൂർ മാത്രം ടിവി കണ്ടാൽ മതി’. ഇങ്ങനെ കാരണം പറയാതെ പ്രഖ്യാപിക്കുന്നതോടെ കുട്ടി കരഞ്ഞും വാശിപിടിച്ചും പ്രതിഷേധം പ്രകടിപ്പിക്കും. എ ന്തുകൊണ്ടാണ് ഈ നിയമം നടപ്പാക്കുന്നത് എന്നു പ്രായത്തിനു യോജിച്ച രീതിയിൽ കുട്ടികളെ പറഞ്ഞു മനസ്സിലാക്കാം. ചെറിയ കുട്ടികളോടു സ്ക്രീനിൽ കൂടുതൽ നേരം നോക്കിയിരിക്കുന്നതു കണ്ണിനു പ്രശ്നമാകും എന്നു പറയാം. കുറച്ചു കൂടി മുതിർന്ന കുട്ടികളോടു സ്ക്രീൻ ടൈം കൂടുന്നതിന്റെ ദോഷവശങ്ങൾ പറഞ്ഞു മനസ്സിലാക്കി നിശ്ചിത സ്ക്രീൻ ടൈം അനുവദിക്കുകയാണു വേണ്ടത്.
∙ കുട്ടിയുടെ വികാരങ്ങൾ അവഗണിക്കരുത്. അവരുടെ ഭാഗം കേൾക്കാനും മാതാപിതാക്കൾ തയാറാകണം. ‘അ മ്മയും അച്ഛനും ഞാൻ പറയുന്നതു കേൾക്കുകയും വില മതിക്കുകയും ചെയ്യുന്നുണ്ട്. ഞാൻ സുരക്ഷിതമായ ഇടത്താണ്’ എന്ന ചിന്ത വളരാനുളള അന്തരീക്ഷം കുട്ടിയുടെ മനസ്സിൽ ഒരുക്കുകയാണു വേണ്ടത്. തുറന്നു സംസാരിക്കാൻ എപ്പോഴും പ്രചോദനമേകണം.
∙ പ്രധാന തീരുമാനങ്ങളിൽ കുട്ടിയുടെ പ്രായമനുസരിച്ചു തുല്യപരിഗണന നൽകുക. കുട്ടികളുടെ എല്ലാ കാര്യങ്ങളിലും മാതാപിതാക്കൾ തീരുമാനമെടുത്താൽ ഇവർ മുതിർന്ന വ്യക്തിയാകുമ്പോൾ സ്വയം തീരുമാനമെടുക്കാൻ ബുദ്ധിമുട്ടും. മാതാപിതാക്കൾ കൂട്ടായി തീരുമാനങ്ങളെടുക്കാൻ ശ്രദ്ധിക്കണം. കുടുംബത്തിനു പുറത്തുള്ള ആൾ തീരുമാനമെടുക്കുന്ന രീതിയും ശരിയല്ല. അച്ഛൻ ജീവിച്ചിരിപ്പില്ല, അതുകൊണ്ട് അമ്മാവന്റെ തീരുമാനങ്ങൾ അനുസരിക്കണം എന്നതു തെറ്റായ രീതിയാണ്.
ലേബലിങ് ഒരിക്കലുമരുത്
ഒരു വ്യക്തിയുടെ സ്വഭാവത്തെയോ പെരുമാറ്റത്തെയോ പ്രത്യേക വാക്ക് ഉപയോഗിച്ചു വിശേഷിപ്പിക്കുന്നതാണു ലേബലിങ്. ‘അവൻ/ അവൾ ഒന്നും പറഞ്ഞാൽ അനുസരിക്കുകയില്ല’ ഇങ്ങനെ മാതാപിതാക്കൾ മറ്റുള്ളവരോടു ത ങ്ങളെക്കുറിച്ചു പറയുന്നതു കേൾക്കാനിടയായാൽ താൻ മോശം ആളാണ്, മറ്റുള്ളവർ ഇഷ്ടപ്പെടുന്ന വ്യക്തിത്വമല്ല എന്നു കരുതാം. ഇതു കുട്ടിയുടെ സ്വയംമതിപ്പ് നഷ്ടപ്പെടാനിടയാക്കും.
∙ ചില കുട്ടികൾ ആരോടും മിണ്ടാതെ ഒതുങ്ങിക്കൂടുന്നവരാകും. ‘അവൻ നാണംകുണുങ്ങിയാണ്. ആരോടും അങ്ങനെ മിണ്ടാറില്ല’ എന്നു പറയേണ്ടതില്ല. പകരം ‘ആദ്യമായി കാണുന്നവരോട് അടുപ്പം കാട്ടാൻ കുറച്ചു സമയമെടുക്കും’ എന്നു പറയാം. ‘മോൾ ഹൈപ്പർ ആക്ടീവാണ്’ എന്നു പറയുന്നതിന് പകരം ‘മോൾക്ക് എനർജി കൂടുതലാണ്’ എന്നു പറയാം. ‘മോന് അടുക്കും ചിട്ടയുമില്ല’ എന്നു പറയുന്നതിനു പകരം ‘മുറി വൃത്തിയാക്കാൻ സഹായം വേണം’ എന്നു പറയാം.
ഇനി കുട്ടികളുടെ മുൻപിൽ വച്ച് മറ്റുള്ളവരാണ് ഇങ്ങനെ പറയുന്നതെങ്കിൽ അത്തരം വാചകങ്ങൾ ഒഴിവാക്കാ ൻ വളരെ ശാന്തമായി അവരോട് ആവശ്യപ്പെടാം.
∙ മണ്ടൻ എന്നതു പോലെയുള്ള വിശേഷണങ്ങളും ഒഴിവാക്കണം. ചെറിയ പ്രായത്തിലെ പെരുമാറ്റവും സ്വഭാവവും പഠനരീതികളുമാകില്ല അവർ എല്ലാക്കാലവും പിന്തുടരുക. അതുകൊണ്ടു ചെറിയ പ്രായത്തിലെ രീതികൾ കണ്ടു കുട്ടികളെ വിലയിരുത്തുന്നത് ഒഴിവാക്കണം. നിരന്തരപരിശ്ര മവും കഠിനാധ്വാനവും െകാണ്ടു കഴിവുകൾ വളർത്താമെന്നു കുട്ടികൾ തിരിച്ചറിയാൻ അവസരമൊരുക്കാം.
∙ മറ്റു കുട്ടികളെ കണ്ടു പഠിച്ചു കൂടേ എന്ന രീതിയിൽ താരതമ്യം ചെയ്യുന്നതും ഒഴിവാക്കണം. ഓരോ കുട്ടിയും വ്യത്യസ്തരാണ്. അവരുടേതായ ശൈലിയിൽ മികവു നേടാൻ കുട്ടികളെ പിന്തുണയ്ക്കാം.
പരിശ്രമം ചെറിയ കാര്യമല്ല
കുട്ടികളെന്തെങ്കിലും നന്നായി ചെയ്താലുടൻ മിടുക്കി, മിടുക്കൻ എന്നിങ്ങനെ അഭിനന്ദിക്കുന്നതാണോ പതിവ്? എല്ലാ കാര്യങ്ങളും നന്നായി ചെയ്തില്ലെങ്കിൽ താനൊരു മോശം വൃക്തിയാണെന്ന തോന്നലാകും കുട്ടികളിലുണ്ടാകുക. ഇതു കുട്ടികളുടെ വ്യക്തിത്വത്തെ ദോഷകരമായി ബാധിക്കും. എന്നു കരുതി അഭിനന്ദിക്കാതിരിക്കുകയും അരുത്.
∙ ചെയ്യുന്ന പ്രവൃത്തി, അതിനു വേണ്ടിയെടുക്കുന്ന പരിശ്രമം ഇവ എടുത്തു പറഞ്ഞ് അഭിനന്ദിക്കുകയാണു വേണ്ടത്. ഹോംവർക് ചെയ്തെങ്കിൽ ‘ കൃത്യനിഷ്ഠയോടെ ഹോം വർക് ചെയ്തല്ലോ’ എന്ന് അഭിനന്ദിക്കാം. മത്സരത്തിൽ പ ങ്കെടുത്തു സമ്മാനമൊന്നും നേടിയില്ലെങ്കിലും ‘നന്നായി ശ്രമിച്ചല്ലോ, ഗുഡ് േജാബ്’ എന്നു പറയാം.
∙ ഹിതകരമല്ലാത്ത പ്രവൃത്തി ചെയ്യുമ്പോൾ ‘ബാഡ് ബോയ്, ബാഡ് ഗേൾ’ എന്നു പറയുന്നതും ഒഴിവാക്കണം. പകരം ചെയ്ത പ്രവൃത്തി തെറ്റാണെന്നു ചൂണ്ടിക്കാട്ടുകയാണു വേണ്ടത്. കുട്ടി അസ്വസ്ഥനാകുമ്പോൾ നീ ബാഡ് ബോയ് ആണെന്നു പറയുന്നതിനു പകരം ദേഷ്യത്തിലാണോയെന്നു ചോദിച്ചു സ്വന്തം വികാരം കൃത്യമായി കുട്ടിക്കു തിരിച്ചറിയാൻ സഹായിക്കുക. ദേഷ്യം മാറാനും പരിഹാരമെന്തെന്നു കണ്ടെത്താനും വഴികാട്ടുകയും വേണം.
കരയുന്നതു തെറ്റല്ല
വിശക്കുമ്പോഴും സങ്കടം തോന്നുമ്പോഴുമെല്ലാം തീരെ ചെറിയ കുഞ്ഞുങ്ങൾ കരയും. ശരീരത്തിന്റെ മെക്കാനിസമാണത്. നഴ്സറി പ്രായത്തിലുളള കുട്ടികളോടു പോലും കരയുന്നതു തെറ്റാണ് എന്ന രീതിയിൽ പെരുമാറരുത്. വികാ രങ്ങൾ പ്രകടിപ്പിക്കുന്നതു തെറ്റാണ് എന്നാണ് ഇത്തരം പെരുമാറ്റത്തിലൂെട കുട്ടികൾ പഠിക്കുക.
∙ സങ്കടം പ്രകടിപ്പിക്കുക എന്നതു പ്രധാനമാണ്. കരയാ തിരിക്കൂ എന്നു പറയുമ്പോൾ കുട്ടിയുടെ മാനസികാരോഗ്യം അവഗണിക്കുകയാണു ചെയ്യുന്നത്. ആൺകുട്ടികൾ കരയില്ലെന്ന തെറ്റായ ചിന്താഗതി അടിച്ചേൽപിക്കരുത്. സ ങ്കടം കടിച്ചമർത്താൻ ശ്രമിക്കുന്നത് ആൺകുട്ടികളിൽ മാ നസിക സംഘർഷത്തിനിടയാക്കാം.
∙ കുട്ടികൾ കരയുന്നതിന്റെ കാരണം മനസ്സിലാക്കി അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കണം. മാതാപിതാക്കൾ നിഷേധിച്ച കാര്യത്തിനു വേണ്ടി വാശി പിടിച്ചു കരയുകയാണെങ്കിൽ അമ്മയോ അച്ഛനോ കുട്ടിയുടെയൊപ്പം ശാന്തമായി ഇരിക്കുക. കരഞ്ഞു വാശി പിടിച്ചാൽ ആവശ്യപ്പെടുന്നതു കിട്ടില്ല എന്നു ശാന്തമായി ഉറച്ച ശബ്ദത്തിൽ വ്യക്തമാക്കാം.
മുൻവിധിയില്ലാതെ കേൾക്കാൻ തയാറായി മാതാപിതാക്കൾ അടുത്തിരിക്കുന്നു എന്നു തിരിച്ചറിയുമ്പോൾ കുട്ടികൾ മനസ്സു തുറക്കും. ദേഷ്യം, സങ്കടം ഇങ്ങനെയുള്ള വികാരങ്ങൾ പ്രകടിപ്പിക്കുക സ്വാഭാവികമാണെന്നും ഇവ എങ്ങനെ നിയന്ത്രിക്കണമെന്നും കുട്ടിയെ പഠിപ്പിക്കുകയാണു വേണ്ടത്. ദേഷ്യവും സങ്കടവുമെല്ലാം തോന്നുമ്പോൾ ശ്വസനവ്യായാമം ചെയ്യാൻ ശീലിപ്പിക്കാം.
അടിയും അലർച്ചയും പരിഹാരമല്ല
ചില കാര്യങ്ങൾ ചെയ്യാൻ പാടില്ലാത്തതാണ് എന്നു കുട്ടികൾക്കു മനസ്സിലാകണമെങ്കിൽ അടി നൽകണമെന്നാണു പല മാതാപിതാക്കളും കരുതുന്നത്. ആദ്യം അടി കിട്ടുമ്പോൾ പേടിച്ചു കരയും. പിന്നീട് ദേഷ്യവും വൈരാഗ്യവും നിഷേധാത്മക സ്വഭാവവും വളരാനിടയാകും.
∙ എനിക്ക് ഇഷ്ടമില്ലാത്തതു െചയ്താൽ തല്ലുകയാണു വേണ്ടത് എന്നാണു കുട്ടി പഠിക്കുക. ഇതു സമപ്രായക്കാരോടും മറ്റും അടികൂടാൻ കാരണമായേക്കാം. ഭക്ഷണം ന ൽകാതിരിക്കുക, ബാത്റൂമിൽ പൂട്ടിയിടുക, പൊള്ളലേൽപിക്കുക ഇങ്ങനെ പല രീതിയിൽ തെറ്റായ ശിക്ഷകൾ നൽകുന്നവരുണ്ട്. ഇത്തരം ശിക്ഷ കിട്ടിയ കുട്ടികൾ മുതിരുമ്പോ ൾ സ്വഭാവവൈകല്യത്തിനോ പെരുമാറ്റപ്രശ്നങ്ങൾക്കോ അടിപ്പെടാം.
∙ പ്രായമനുസരിച്ച് ഒന്നോ രണ്ടോ തവണ തെറ്റ് െചയ്താൽ വലിയ കാര്യമാക്കേണ്ടതില്ല. ശാന്തമായി തിരുത്താം. അനന്തരഫലങ്ങൾ പറഞ്ഞു നൽകുക. തുടർച്ചയായി തിരുത്തിയിട്ടും ഫലമില്ലെങ്കിൽ ആ ദിവസം ഇഷ്ടമുളള കാര്യങ്ങൾ നിഷേധിക്കാം. ഈ കാരണം കൊണ്ട് ഇന്നു പുറത്തു പോകാൻ അനുവാദം തരില്ലെന്നു പറയാം. ‘പല തവണ പറഞ്ഞു. എന്നിട്ടും കേട്ടില്ലല്ലോ. അതുകൊണ്ട് സ്ക്രീൻ കാണാൻ അനുവാദം തരില്ല’ എന്നു പറയാം.
കുട്ടിയെ ഏതെങ്കിലും മൂലയിലോ മറ്റോ മാറ്റിയിരുത്തി ‘ടൈം ഒൗട്ട്’ നൽകുന്നത് ഒഴിവാക്കണം. കുട്ടിയെ ശാന്തമാക്കാൻ വേണ്ടി മാറ്റിയിരുത്തണമെന്നുണ്ടെങ്കിൽ ഒറ്റപ്പെടൽ നേരിടാത്ത രീതിയിൽ മാതാപിതാക്കൾ സമീപത്തു തന്നെയിരിക്കുന്ന ടൈം ഇൻ ആണ് നല്ലത്.
∙ ഒരു ശീലം സൃഷ്ടിക്കുകയും തുടരുകയും വേണമെ ങ്കിൽ പുകഴ്ത്തുന്നതു നല്ലതാണ്. നന്നായി ചെയ്തല്ലോ എന്നു പറഞ്ഞ് ആ രീതി തുടരാൻ പ്രോത്സാഹിപ്പിക്കാം.
പേടിയില്ലാതെ പങ്കിടാൻ പഠിക്കട്ടെ
പങ്കിടൽ സ്നേഹത്തിന്റെയും കരുതലിന്റെയും ഭാഷയാണ്. കുട്ടികളെ പങ്കിടൽ പഠിപ്പിക്കുന്നതിനു വേണ്ടി ചില മാതാപിതാക്കൾ കളിപ്പാട്ടവും മറ്റും പങ്കിടാൻ നിർബന്ധിക്കും. എല്ലാ കാര്യങ്ങളും പങ്കിടാൻ കുട്ടികൾക്കു താൽപര്യമുണ്ടാകണമെന്നില്ല. മോളുടെ അനിയത്തിയല്ലേ... സുഹൃത്തല്ലേ... ഈ കളിപ്പാട്ടം ഷെയർ െചയ്താലോ എന്നു കുട്ടികളോടു പോസിറ്റീവായ രീതിയിൽ സമ്മതം ചോദിക്കാം.
∙ കുട്ടിയോടു ചോദിക്കാതെ കൊടുക്കുന്നതും നിനക്കിതു കൊടുത്താലെന്താ എന്നു ദേഷ്യപ്പെടുന്നതും ശരിയല്ല. പങ്കിട്ടില്ലെങ്കിൽ അമ്മയും അച്ഛനും വഴക്കു പറയും എന്നു കരുതിയാകും പലപ്പോഴും കുട്ടി പങ്കിടാൻ തയാറാകുക. മൂത്ത കുട്ടി ഇളയ കുട്ടിക്ക് എല്ലാം വിട്ടുനൽകണമെന്ന മനോഭാവം ശരിയല്ല. മൂത്ത കുട്ടിയും വ്യക്തിയാണെന്നതു കണക്കിലെടുക്കണം.
∙ സഹോദരങ്ങൾക്കോ മറ്റു കുട്ടികൾക്കോ ഇഷ്ടത്തോടെ പങ്കിടുന്ന സാഹചര്യമുണ്ടാക്കുകയാണു വേണ്ടത്. അതല്ലെങ്കിൽ ഞാൻ ആഗ്രഹിക്കുമ്പോഴും എനിക്കു കിട്ടണമെന്നാകും കുട്ടി കരുതുക. വീട്ടിൽ കുടുംബാംഗങ്ങൾ തമ്മിൽ പങ്കിടുന്നതു കണ്ടു പഠിക്കാൻ അവസരം നൽകണം. പങ്കിടലിന്റെ സന്തോഷവും സൗഹൃദവും പഠിപ്പിക്കുന്ന കഥകൾ വായിച്ചു നൽകാം.
കൂട്ടായ് വേണം സ്നേഹത്തിന്റെ ഭാഷ
ലാളിച്ചു വഷളാക്കിയെന്നു കേൾക്കേണ്ടി വരുമോ എന്നു പേടിച്ച് മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ പോലും തയാറാകാതിരുന്നാൽ കുട്ടിക്കു നിങ്ങളോട് അകൽച്ച തോന്നും.
∙ കുട്ടിയെ ചേർത്തു പിടിക്കാനും സ്നേഹം പ്രകടിപ്പിക്കാനും പിശുക്കു കാട്ടേണ്ടതില്ല. സ്നേഹത്തിന്റെ ഭാഷയിലൂ ടെ ഏത് അവസ്ഥയിലും തങ്ങൾ ഒപ്പമുണ്ടാകുമെന്ന ഉറപ്പ് മാതാപിതാക്കൾ കുട്ടികൾക്കു നൽകണം. എന്തുണ്ടെങ്കിലും അമ്മയോടും അച്ഛനോടും വന്നു പറയാമെന്ന ആത്മവിശ്വാസം കുട്ടിയിൽ വളർത്തുകയാണു വേണ്ടത്.
∙ ജോലി കഴിഞ്ഞു തിരികെയെത്തിയാൽ മാതാപിതാക്കൾ വീട്ടുകാര്യങ്ങളിലും േജാലിത്തിരക്കിലും മുഴുകുന്നത് ഒഴിവാക്കാം. ഓേരാ ദിവസവും നടന്ന കാര്യങ്ങൾ പരസ്പരം പങ്കിടാൻ ക്വാളിറ്റി ടൈം കണ്ടെത്തണം. ഈ ഫാമിലി ടൈമിൽ ഫോണും ജോലിത്തിരക്കും മാറ്റി വച്ച് പൂർണശ്രദ്ധ അർപ്പിക്കാൻ മറക്കരുത്. ഈ ശീലം പതിവാക്കിയാൽ കുട്ടികളുടെ സ്വഭാവത്തിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റമുണ്ടോ, അവർ എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടോ എന്നെല്ലാം അറിയാൻ കഴിയും.
നിന്നെ വളർത്തിയതു വെറുതെയാണ്
തങ്ങളുടെ ഇഷ്ടങ്ങളും തീരുമാനങ്ങളും കുട്ടിക ൾ അനുസരിക്കാതിരിക്കുമ്പോൾ ചില മാതാപിതാക്കൾ ഇത്തരം വാചകം പറയാറുണ്ട്. തിരിച്ചറിവായ കുട്ടികളെ മാത്രമല്ല മുതിർന്നവരെപ്പോലും ഇത്തരം വാചകങ്ങൾ വേദനിപ്പിക്കും. കുട്ടികളുടെ വ്യക്തിത്വത്തെയും സ്വയംമതിപ്പിനെയും ബാധിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണം.
∙ വളർത്തിയതിന്റെ കണക്കും അനുഭവിച്ച ത്യാഗവുമെല്ലാം പറഞ്ഞു മക്കളെ തങ്ങളുടെ വഴിയേ കൊണ്ടു വരാനാകും മാതാപിതാക്കൾ ശ്രമിക്കുക. ‘ഞാൻ പറഞ്ഞിട്ടാണോ എന്നെ ജനിപ്പിച്ചതും വളർത്തിയതും?’ എന്നു ചെറിയ കുട്ടികൾ േചാദിക്കില്ല. എന്നാൽ മുതിരുന്തോറും പ്രതികരിക്കുകയും മാതാപിതാക്കളോട് അകൽച്ച പ്രകടിപ്പിക്കുകയും ചെയ്യാം.
∙ ജന്മം നൽകിയവരെന്ന നിലയിൽ കുട്ടികളെ വ ളർത്തേണ്ടതു മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നോർക്കുക. മക്കളെ വ്യക്തികളായി അംഗീകരിക്കുകയും വളരും തോറും അവരുടെ തീരുമാനങ്ങളെയും ചിന്തകളെയും വിലമതിക്കുകയും വേണം.
തയാറാക്കിയത്: ചൈത്രാലക്ഷ്മി
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. വസുന്ധര എസ്. നായർ
അസി. പ്രഫസർ,
ജിൻഡൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്
ബിഹേവിയറൽ സയൻസസ്,
ഹരിയാന