കുഞ്ഞ് ആദ്യത്തെ വാക്ക് ഉച്ചരിച്ച നിമിഷം ഓർമയുണ്ടോ? മൂളലും കരച്ചിലും വിടർന്ന കണ്ണുമൊക്കെയാകും അതുവരെയുള്ള കുഞ്ഞിന്റെ ഭാഷ. അങ്ങനെ കാത്ത് കാത്തിരുന്നൊരു ദിവസം ‘അമ്മ’ എന്നോ ‘അബ്ബ’ എന്നോ ഒരു വാക്ക് പൂപോലെ പൊട്ടി വിടരും. എന്തൊരാനന്ദമാണ് ആ നിമിഷം. ഭാഷയിലേക്കുള്ള വാക്കിന്റെ ആദ്യ തിരി തെളിഞ്ഞു. ഒരു ചെരാതിൽ നിന്ന് മറ്റൊന്നിലേക്കെന്നപോലെ ഒരായിരം വാക്കുകളിലൂടെയുള്ള ജീവിതയാത്രയുടെ തുടക്കം.
കുറച്ച് നാൾ കഴിയുമ്പോൾ പല ഒറ്റവാക്കുകൾ കുഞ്ഞിച്ചുണ്ടിൽ വിരിയും. കാക്ക, പൂവ്, അപ്പ, അച്ച അങ്ങനെ നീളും ആ നിര. പിന്നെ, ‘അമ്മേ, പാപ്പം’ എന്നിങ്ങനെ രണ്ടു വാക്കുകൾ ചേർത്ത് പറയാൻ പഠിക്കും. ശരിയായ ഭാഷാപഠനം ആരംഭിക്കുന്നത് അഞ്ചുവയസ്സിനുള്ളിലാണ്.
പറയുന്നത് മനസ്സിലാക്കാൻ കഴിയുക, അതിന് മറുപടി പറയാൻ കഴിയുക, എഴുതാനും വായിക്കാനും അറിയുക, വായിച്ചത് മനസ്സിലാക്കാൻ കഴിയുക. ഇത്രയും കഴിവുകൾ ചേരുന്നതാണ് അടിസ്ഥാന ഭാഷാ പരിജ്ഞാനം. ഭാഷ വളരുമ്പോൾ സംസാരിക്കാനുള്ള ആത്മവിശ്വാസം കൂടും. സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനം സംഭാഷണമാണ്.
ഗുസ്തി പഠിപ്പിക്കുന്നതു പോലെ ആയാസമുള്ള കാര്യമാണ് കുട്ടികളെ ഭാഷ പഠിപ്പിക്കുന്നത് എന്ന് കരുതല്ലേ.പഠിപ്പിക്കുകയാണെന്ന് നമുക്കും തോന്നരുത്. പഠിക്കുകയാണെന്ന് കുട്ടിയും അറിയരുത്. കേൾക്കാൻ നല്ല രസമുണ്ട്. പക്ഷേ, നടക്കുമോ എന്നല്ലേ ഇപ്പോൾ ചിന്തിക്കുന്നത്. അതിനുള്ള വഴികളാണ് ഇനി പറയുന്നത്.
സംസാരം കുറയരുതേ
കുട്ടികളുടെ തലച്ചോറിനുള്ള വ്യായാമം ആണ് ഭാഷ. തുടക്കത്തിൽ കുട്ടിക്ക് ഓരോ വാക്കും ഡംബൽസ് പോലെ തോന്നുമെങ്കിലും പിന്നീടത് ‘പുഷ്പം’ പോലെയാകും. സംസാരം കേൾക്കാനും ഉപയോഗിക്കാനുമുള്ള അവസരം കുറയാതെ ശ്രദ്ധിക്കണം. പരാമവധി കുട്ടിയോട് സംസാരിക്കുക. അല്ലാത്ത സാഹചര്യത്തിൽ തലച്ചോറിലെ ഭാഷാ സംബന്ധമായ ഭാഗത്തിന്റെ വളർച്ച കുറയാം. സ്കൂളിലെത്തുമ്പോൾ വായന, അക്ഷരങ്ങൾ, എഴുത്ത് എന്നിവ പഠിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകാനും സാധ്യതയുണ്ട്.
പ്രൈമറി തലത്തിലുള്ള കുട്ടി പുതിയ ഭാഷ പഠിക്കുന്നതു പോലെ മുതിർന്നൊരാൾക്ക് പഠിക്കാൻ കഴിയില്ല. വീട്ടിലൊരാൾ തമിഴ് സംസാരിക്കുന്നുവെന്നിരിക്കട്ടെ. കുട്ടി വേഗത്തിൽ തമിഴ് വാക്കുകൾ പിടിച്ചെടുക്കും. അവർ ‘പേശി’ത്തുടങ്ങുമ്പോൾ മുതിർന്നവർ പോലും ഞെട്ടും. എത്ര തരം ഭാഷ പഠിക്കുന്നുവോ അത്രയും തലച്ചോറിന് ഉത്തേജനമാണ്. പല ഭാഷകളിലെ ദൈനംദിന ജീവിതത്തിന് ആ വശ്യമുള്ള ഭാഷാപ്രയോഗങ്ങൾ കുട്ടികളെ പഠിപ്പിച്ചാൽ എ ളുപ്പത്തിൽ പല ഭാഷ പഠിപ്പിക്കാം. എന്നുകരുതി കൂടുതൽ സമ്മർദം നൽകരുത്.
കളികളിലൂടെ പകരാം വാക്കുകൾ
∙ പോഷകാഹാരം ലഭിക്കാത്ത കുട്ടികൾ ക്ഷീണിച്ചിരിക്കില്ലേ, അതുപോലെയാണ് തലച്ചോറും. വേണ്ടവിധം പ്രചോദിപ്പിച്ചില്ലെങ്കിൽ അതു ‘ചുരുങ്ങിപ്പോകും’. ഭാഷാപ്രശ്നങ്ങ ൾ മാത്രമല്ല, ഒട്ടുമിക്ക വികാസപ്രശ്നങ്ങളും (Developmental delay) കുട്ടിക്കൊപ്പം കളിക്കുന്നതിലൂടെ പരിഹരിക്കാം.
∙ പന്ത് കളിക്കുന്നുവെന്നിരിക്കട്ടെ. കളിക്കിടയിൽ പന്ത് എ റിയൂ, എടുക്കൂ, പിടിക്കൂ... എന്നിങ്ങനെ പല വാക്കുകൾ ന മ്മൾ ഉപയോഗിക്കും. ആക്ടിവിറ്റിക്കൊപ്പം കുട്ടിയുടെ ഭാഷയും വളരും. ഏത് സാഹചര്യത്തിൽ ഏതു വാക്ക് എന്നതും കുട്ടി അറിയാതെ സ്വയം പഠിക്കും.
∙ വസ്തുക്കൾ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന വാക്കുകൾ പഠിക്കാനുള്ള അവസരം കൂടിയാണ് ‘പ്ലേ ടൈം’. ‘പന്ത് മേശയ്ക്ക് അടിയിലുണ്ട്, പാവ കട്ടിലിനു മുകളിലുണ്ട്, കാർ മതിലിന് അരികിലുണ്ട്’ എന്നിങ്ങനെ ഓരോന്നും പറയാം.
∙ ഭാഷ നന്നാകണമെങ്കിൽ ശ്രദ്ധ വേണം. അതിനു തലച്ചോറിനെ ഉത്തേജിപ്പിക്കണം. അതിനായി കുട്ടികൾക്ക് വ്യത്യസ്ത സാഹചര്യങ്ങളും സ്ഥലങ്ങളും പരിചയപ്പെടുത്തണം. പാർക്ക്, ബീച്ച്, ഉല്ലാസയാത്രകൾ എന്നിങ്ങനെ...
∙ ബീച്ചിൽ പോയാൽ കുട്ടികൾക്കൊപ്പം കടൽത്തീരത്ത് കളിക്കാൻ കൂടണം. സെൽഫിയെടുക്കൽ അതിനു ശേഷം മതി. അവർക്കൊപ്പം കളിക്കുക. സംസാരിക്കുക. ‘തിരമാല വന്നു, കാൽ നനഞ്ഞു, മണൽതരികൾ പറ്റി’ എന്നൊക്കെ പറയാം. ‘പഠിപ്പിക്കാൻ’ എന്ന പേരിൽ സമയം മാറ്റിവയ്ക്കുന്നതിനേക്കാൾ നല്ലതാണ് ഇത്തരം അനുഭവങ്ങൾ.
∙ പല സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ഓ രോ വ്യക്തികളോടും സാഹചര്യങ്ങളിലും ഏതു ഭാഷ ഉപയോഗിക്കണം എന്ന സാമൂഹ്യജീവിതത്തിന്റെ പാഠവും കുട്ടി പഠിക്കുന്നത്.
∙ വീട്ടിൽ കുട്ടിക്കൊപ്പം കളിക്കുമ്പോൾ ഒപ്പം നിലത്തിരുന്നു കളിക്കാം. കുട്ടിയുടെ ‘ഐ ലെവലി’ല്‍ ഇരിക്കുമ്പോൾ സംഭാഷണം എളുപ്പമാകും. അടുപ്പവും കൂടും.
∙ ചെറിയ കുട്ടികളിൽ ശ്രദ്ധ കൂട്ടാനുള്ളൊരു കുട്ടിക്കളി പറയാം. കളിപ്പാട്ടം ഒളിപ്പിച്ചുവച്ച ശേഷം അതെവിടെയാ ണെന്നു കണ്ടെത്താൻ സൂചനകൾ നൽകാം. പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാലേ കളിപ്പാട്ടം കണ്ടെത്താനാകൂ എന്നതുകൊണ്ട് കുട്ടികൾ ശ്രദ്ധിച്ചു കേൾക്കും. നിർദേശങ്ങൾ അനുസരിക്കാനും പഠിക്കും.
∙ അടുത്ത ഘട്ടത്തിൽ രണ്ടു കാര്യങ്ങൾ ഒന്നിച്ചു പറയാം.‘പാവ കൊണ്ടുവന്ന് കസേരയിൽ വയ്ക്കൂ’, ‘പാവയും പന്തും എടുത്തുകൊണ്ട് വന്ന് കസേരയിൽ വയ്ക്കൂ’ എ ന്നിങ്ങനെ കാര്യങ്ങൾ ഒന്നിച്ചു ചെയ്യാൻ പറയാം.
കഥയിലെ ചോദ്യങ്ങൾ
∙ രണ്ടു വയസ്സു മുതൽ കുട്ടികൾക്ക് കഥ വായിച്ചുകൊടുക്കണം. കുട്ടികളുടെ ശ്രദ്ധ കൂട്ടാനുള്ള ഏറ്റവും നല്ല വഴിയാണ് കഥ പറഞ്ഞു കൊടുക്കുന്നത്. കഥയ്ക്കിടെ ചോദ്യങ്ങളും വേണം. പ്രായത്തിനനുസരിച്ചു വേണം ചോദ്യങ്ങൾ.
മൂന്നു വയസ്സുകാരനോട് ഒറ്റ വാക്കിൽ ഉത്തരം പറയാവുന്ന ചോദ്യം മതി. ആമയും മുയലും ഓട്ടപ്പന്തയം നടത്തിയ കഥയാണെങ്കിൽ, ഓട്ടമത്സരത്തിൽ ജയിച്ചത് ആര്? മ ത്സരത്തിനിടയിൽ ആരാണ് ഉറങ്ങിയത് എന്നു ചോദിക്കാം.
നാല്– അഞ്ചു വയസ്സുള്ള കുട്ടികളോട് ഇടയ്ക്ക് ചോ ദ്യം ചോദിക്കുന്നതിനൊപ്പം കഥയിൽ നിന്ന് എന്താണ് മനസ്സിലായത് എന്നു ചോദിക്കാം. ആറ്– ഏഴ് വയസ്സുള്ള മക്കളോട് കഥ അവസാനിച്ച ശേഷം ഇനിയെന്ത് ഉണ്ടാകാം എ ന്നു ചോദിക്കാം. കുട്ടികളുടെ സങ്കൽപലോകം വളരട്ടെ.
∙ കഥ പറയാൻ രസകരമായ വഴികൾ സ്വീകരിക്കാം. ബാലരമയോ കളിക്കുടുക്കയോ പോലുള്ള കുട്ടികളുടെ മാസികകളിൽ നിന്നു പടങ്ങൾ വെട്ടിയെടുക്കാം. ഇവ നിരത്തി വച്ച്, കുട്ടികളോട് കഥ ഉണ്ടാക്കാൻ പറയാം.
∙ സ്കൂളില്‍ പോകാതെ ഓൺലൈനിൽ പ്രൈമറി ക്ലാസ് ചെലവഴിച്ച കുട്ടികൾക്ക് കേൾവിയിലൂടെ കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് (ഓഡിറ്ററി അറ്റൻഷൻ) കുറവാകാം. അധ്യാപകരുടെ മേൽനോട്ടം ഇല്ലാതിരുന്നതിനാൽ ക്ലാസ്സിനിടയിൽ കുട്ടികളുടെ ശ്രദ്ധ പതറിയിട്ടുണ്ടാകാം. ടീച്ചർ പ റഞ്ഞതൊന്നും കേട്ടു മനസ്സിലാക്കിയിട്ടുമുണ്ടാകില്ല. കുട്ടികൾ മിടുക്കരാണ്, ബുദ്ധിയുള്ളവരുമാണ്. പക്ഷേ, ശ്രദ്ധയില്ലാത്തതിനാൽ പഠനത്തിൽ പിന്നോട്ടു പോകാം. ഇത്തരക്കാർക്കു പ്രത്യേക കരുതൽ നൽകണം.
സ്ക്രീൻ ടൈം പ്രയോജനപ്പെടുത്താം
∙ രണ്ടു വയസ്സ് വരെ കുട്ടികൾക്ക് ഒരു സ്ക്രീനും വേണ്ട. ടിവി, മൊബൈൽ ഫോൺ, ടാബ്, ഐ പാഡ് എന്നിങ്ങനെയൊന്നും. രണ്ടു വയസ്സുവരെ നേരിട്ടുള്ള സംഭാഷണങ്ങളിലൂടെ കുട്ടിയെ പഠിപ്പിക്കാം. അതു കഴിഞ്ഞ് ഒരു മണിക്കൂറിൽ താഴെ സ്ക്രീൻ ടൈം നൽകാം. മൂന്നു വയസ്സിനു ശേഷം ദിവസം പരമാവധി ഒന്നര മണിക്കൂർ.
∙ ‘മീഡിയേറ്റഡ് സ്ക്രീൻ ടൈം’ നൽകാം. മാതാപിതാക്കൾ ഒപ്പമിരുന്ന് കാണുന്ന രീതി. വിഡിയോയിലെ കാഴ്ചകൾ ചർച്ച ചെയ്ത്, അതിലൂടെ കുട്ടികളെ ശ്രദ്ധ, ഭാഷ എന്നിവ പഠിപ്പിക്കാം. അതൊരു പഠനപ്രവർത്തനമാണെന്ന് രണ്ടുകൂട്ടർക്കും തോന്നുകയുമില്ല. കാർട്ടൂണിലെ കഥാപാത്രം വീഴുമ്പോൾ, അവൻ വീണല്ലേ, അവനു സങ്കടമായിക്കാണുമല്ലേ എന്നു പറയാം. വൈകാരികമായ മനസ്സിലാക്കൽ (Emotional learning) കൂടിയാണത്.
∙ പല ഭാഷകളിലുള്ള വിഡിയോ കാണാം. മലയാളത്തിൽ
ഉള്ളതാണെങ്കിൽ ചില വാക്കുകളുടെ ഇംഗ്ലിഷ് പറയാം. അതേപോലെ തിരിച്ചും. എണ്ണം പഠിപ്പിക്കാനും സ്ക്രീൻ ടൈം ഉപകാരപ്പെടുത്താം. എത്ര കാർ പോയി? എത്ര കുരങ്ങൻ ഉണ്ട്? എന്നിങ്ങനെ വിഡിയോ കാഴ്ചകൾ കണക്കു പഠിക്കാൻ ഉപയോഗപ്രദമാക്കാം.
∙ കുട്ടിക്കൊപ്പമിരുന്നു വിഡിയോ കാണുമ്പോൾ ചാടിചാടി പല വിഡിയോസ് കാണാൻ അനുവദിക്കരുത്. ഈ കഥ കണ്ടിട്ട് ബാക്കി എന്നു പറയാം. ഒരു കാര്യം ആരംഭിച്ച് അതു പൂർത്തിയാക്കണമെന്ന ‘കംപ്ലീഷൻ പാഠം’ പഠിക്കാനുള്ള ഏറ്റവും നല്ല വഴിയാണിത്. സ്കൂളിൽ പോയിത്തുടങ്ങുമ്പോൾ ക്ലാസ് വർക് എഴുതുമ്പോഴും ഇതു സഹായിക്കും.
കണ്ടെത്തി ശീലിപ്പിക്കണം
∙ ഏതൊക്കെ വാക്കുകളാണ് കുട്ടികൾക്ക് അറിയാത്തതെന്നു കണ്ടുപിടിക്കണം. എന്തെങ്കിലും ഒരു കാര്യം എവിടെ എന്നു ചോദിക്കുമ്പോൾ അവിടെ അല്ലെങ്കിൽ ഇവിടെ എന്നാകും പലപ്പോഴും ഉത്തരം. അതിനുപകരം വാക്കുകൾ ഉപയോഗിക്കാൻ പറയണം.
∙ ‘മാമം വേണം’, ‘ബൗ ബൗ’ ഉണ്ട്... എന്നിങ്ങനെ കുട്ടികൾ പറയുന്ന ചില വാക്കുകളുണ്ട്. കുട്ടികൾ അങ്ങനെ പറയട്ടെ. മുതിർന്നവർ മറുപടി പറയുമ്പോൾ ശരിയായ വാക്കേ ഉപയോഗിക്കാവൂ. ‘മാമം വേണം’ എന്ന് പറയുന്ന കുട്ടിയോട് ‘ഇപ്പോൾ ചോറ് തരാം’ എന്ന മട്ടിൽ മതി മറുപടി.
∙ തീരെ സംസാരിക്കാത്ത കുട്ടിയാണെങ്കിൽ അമ്മയോ അ ച്ഛനോ ചെയ്യുന്ന പ്രവൃത്തി സ്വയം വിവരിക്കുന്ന രീതി (Self talk) ഉപയോഗിക്കാം. ‘അമ്മ പ്ലേറ്റ് എടുത്തു, ഒരു തവി ചോറ് എടുത്തുവച്ചു, കറി ഒഴിച്ചു’ എന്നിങ്ങനെ പറയാം. പതിയെ കുട്ടിയും ഇതു കേട്ട് പഠിക്കും.
∙ കാർട്ടൂണ്‍, വിഡിയോസ് എന്നിവയിൽ നിന്നു പഠിച്ചെടുക്കുന്ന ഭാഷയാണ് ആണ് ഇപ്പോൾ കുട്ടികൾക്കുള്ളത്. വീട്ടിൽ ആരും ഇംഗ്ലിഷ് സംസാരിക്കുന്നില്ലെങ്കിലും കുട്ടി ഇംഗ്ലിഷ് സംസാരിക്കും. അമേരിക്കൻ/ ബ്രിട്ടിഷ് ആക്സന്റിലാകും പല കുട്ടികളുടേയും സംഭാഷണം. ഇത് അനുകരണത്തിലൂടെ പഠിക്കുന്ന ഭാഷയാണ്. ഇംഗ്ലിഷ് പഠിക്കുന്നത് നല്ലതു തന്നെ പക്ഷേ, പ്രായോഗിക ഭാഷയും ഒപ്പം വേണം. ദൈനംദിന ജീവിതത്തിൽ പ്രയോഗിക്കേണ്ട ഭാഷയാണ് കുട്ടികൾ ആദ്യം പഠിക്കേണ്ടത്.
∙ കുട്ടികൾ സ്കൂളിൽ നടന്ന കാര്യങ്ങൾ വീട്ടിൽ വന്നു പറയുന്നില്ല എന്നത് ചില മാതാപിതാക്കളുടെയും പരാതിയാണ്. ആദ്യം ഇതുണ്ടായി, പിന്നെയിത്, അവസാനമിത്... എന്ന രീതിയിൽ കാര്യങ്ങൾ അടുക്കി പറയാന്‍ കഴിയാത്തതാണ് കാരണം. കുട്ടി മറ്റു കാര്യങ്ങൾ പറയുമ്പോൾ ‘അതുകൊണ്ട്, എന്നിട്ട്, പിന്നെ?’ എന്നിങ്ങനെയുള്ള സംശയരൂപത്തിലുള്ള ചോദ്യങ്ങളിലൂടെ കൃത്യമായ ഉത്തരം രൂപീകരിക്കാൻ പരിശീലിപ്പിക്കാം. മെല്ലെ ചോദ്യങ്ങൾക്ക് ഇട നൽകാത്ത വിധം അടുക്കി പറയാൻ അവർ സ്വയം പഠിക്കും.
ന്യൂജെൻ പേരന്റ്സ് തിരക്കിലാണ്
∙ പുതിയ തലമുറയിലെ മാതാപിതാക്കളിൽ പലരും പേരന്റിങ് ടിപ്സ് ഒാൺലൈനിൽ തിരയും. പക്ഷേ, കുട്ടികൾക്കൊപ്പമിരുന്നു കളിക്കാനോ മറ്റൊന്നിലേക്കും ശ്രദ്ധ പതറാതെ മക്കൾക്കൊപ്പം സമയം പങ്കിടാനോ മെനക്കെടാറില്ല.
∙ കുട്ടികൾക്കു കളിക്കാൻ അക്കങ്ങളും ഷേപ്പും നിറങ്ങളും വിഷയമായി വരുന്ന വിഡിയോസ് വച്ചു കൊടുക്കുക, എജ്യുക്കേഷനൽ ആപ് നൽകുക, ബോറടിക്കുന്നുവെന്നു പറയുമ്പോൾ ഗെയിംസ് നൽകുക എന്നിങ്ങനെ കാര്യങ്ങൾ ചെയ്തു നൽകുന്നതല്ല ശരിയായ പേരന്റിങ്. മൊബൈലല്ല ബേബി സിറ്റർ എന്നു മനസ്സിലാക്കുക. കുട്ടിയുടെ ഭാഷ വളരാൻ സ്വാഭാവികമായ ഉദ്ദീപനം (Language stimulation) വേണം. അതിനു ‘വെർച്വൽ വേൾഡി’നേക്കാൾ നല്ലത് ‘റിയൽ വേൾഡ് ഗെയിംസ്’ ആണ്.
∙ കുട്ടികൾക്കു പല വാക്കുകള്‍ അറിയാമെന്നല്ലാതെ അവ എന്തിനൊക്കെ, നിത്യജീവിതത്തിൽ എങ്ങനെയൊക്കെ ഉപയോഗിക്കാം (Functional communication) എന്ന് പഠിപ്പിക്കണം. പ്രവൃത്തികളുമായി ബന്ധപ്പെട്ട വാക്കുകളും അവയുടെ ഉപയോഗക്രമവും ശരിയായി മനസ്സിലാക്കുന്ന കുട്ടിക്ക് സ്കൂളിലെത്തുമ്പോൾ ഭാഷാപഠനം പ്രശ്നമേ ആകില്ല.
∙ പലപ്പോഴും കുട്ടികളോടുള്ള മാതാപിതാക്കളുടെ സംസാരം ചോദ്യങ്ങളും കൽപനകളും മാത്രമാകാം. ഹോംവ ർക് ചെയ്തോ, പരീക്ഷ എപ്പോഴാണ്, മുറി വൃത്തിയാക്കിടാൻ മറക്കേണ്ട എന്നിങ്ങനെ. അല്ലെങ്കിൽ എന്തെങ്കിലും ജോലി ഏൽപിക്കാനായിരിക്കും കുട്ടിയെ വിളിക്കുന്നത്. മേൽപ്പറഞ്ഞ ഗണത്തിൽ പെടുന്ന രക്ഷിതാവാണെന്ന് സ്വയം തോന്നുന്നുവെങ്കിൽ ഉടൻ തിരുത്തുക.
കുട്ടികളെ കേൾക്കുക, ധാരാളം അവരോട് സംസാരിക്കുക. അപ്പോൾ എത്ര വളർന്നാലും കൂട്ടുകാരോട് സംസാ രിക്കുന്ന അടുപ്പത്തോടെ നിങ്ങളോടും സംസാരിക്കും.
വാക്കുകളുടെ ഡംബലുകൾ ‘പുഷ്പം’ പോലെ ഉയർത്തി പഠിച്ച അവർക്ക് പഠനത്തിന്റെ ഒരു ഘട്ടത്തിലും ഭാഷ പ്രശ്നമായി മാറില്ല.
വാക്കിന്റെ പടവുകൾ
∙ മൂന്നു മാസമാകുമ്പോൾ കുഞ്ഞ് ശബ്ദങ്ങൾ ഉ ണ്ടാക്കിത്തുടങ്ങും.
∙ ആറുമാസമാകുമ്പോൾ ഒറ്റ അക്ഷരം പറഞ്ഞുതുടങ്ങും. മാ, പാ, ചാ എന്നിങ്ങനെ.
∙ ഒരു വയസ്സാകുമ്പോൾ അമ്മ, അച്ഛ, കാക്ക പോലെ രണ്ടക്ഷരമുള്ള വാക്കു പറയണം.
∙ ഒന്നര വയസ്സാകുമ്പോഴേക്ക് മുതിർന്നവർ പറയുന്ന നിർദേശങ്ങൾ മനസ്സിലാക്കി തുടങ്ങും. ഫാൻ എവിടെ, ചെരിപ്പ് എവിടെ എന്നൊക്കെ ചോദിക്കുമ്പോൾ അവയുള്ള ഭാഗത്തേക്ക് ചൂണ്ടി കാണിക്കും.
∙രണ്ടു വയസ്സായിട്ടും കുട്ടി ഒന്നും ചൂണ്ടിക്കാണിക്കുകയോ രണ്ടു വാക്കുകൾ കൂട്ടിച്ചേർത്ത് വാചകം പറയുകയോ പേരു വിളിക്കുമ്പോൾ തിരിഞ്ഞു നോക്കുകയോ ചെയ്യുന്നില്ലെങ്കിൽ കാരണം കണ്ടെത്തണം.
∙ ഭാഷ വികസിക്കാത്തതിന്റെ കാരണം കേൾവിപ്രശ്നങ്ങളാകാം. ഓട്ടിസമുള്ള കുട്ടികളിലും ഭാഷാവൈകല്യമുണ്ടാകാം.
എങ്ങനെ പഠിക്കും
∙ ഭാഷയോട് അടുക്കുന്നതിന്റെ ആദ്യപടിയായി കുഞ്ഞിന്റെ ആദ്യദിനങ്ങൾ മുതൽ അവരുടെ മുഖത്തു നോക്കി സംസാരിക്കണം. കരച്ചിലിലൂടെയും മൂന്നു മാസമാകുമ്പോഴേക്കും അവ്യക്തമായ ശബ്ദങ്ങളിലൂടെയും അവർ പ്രതികരിച്ചു തുടങ്ങും.
∙ നമ്മൾ സംസാരിക്കുമ്പോൾ ചുണ്ട് അനങ്ങുന്നതും മുഖഭാവങ്ങളും ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലും ശ്രദ്ധിച്ചാണ് കുഞ്ഞുങ്ങൾ നമ്മളോട് സംസാരിക്കുന്നത്. അ തുകൊണ്ടു തന്നെ ഭാഷ വളരുന്നതിൽ മുഖത്തു നോക്കി സംസാരിക്കുന്നതിനു വലിയ പങ്കുണ്ട്.
∙ ദൈംദിന കാര്യങ്ങൾ പറഞ്ഞ് അതുമായി ബന്ധപ്പെട്ട വാക്കുകൾ പരിചയപ്പെടുത്തുകയാണ് അടുത്ത ഘട്ടം. ശരീരഭാഗങ്ങളിൽ തൊട്ട് കണ്ണും മൂക്കും പഠിപ്പിക്കാം. ചോറു കഴിക്കാം, പാൽ കുടിച്ചോ എന്നെല്ലാം കുട്ടികളോട് പറയുന്നതിലൂടെ ദൈനംദിന ജീവിതത്തിലെ പലതും ഇവർ പഠിക്കുകയാണ്.
∙ കുട്ടികൾക്ക് വാക്കുകൾ പരിചയപ്പെടുത്തിക്കൊടുക്കാം. കാക്ക, ടാറ്റ, ഉമ്മ എന്നിങ്ങനെ രണ്ടക്ഷരമുള്ള വാക്കുകൾ ആദ്യം പറയാം. ഒപ്പം വാക്കുകളെ തമ്മിൽ ബന്ധപ്പെടുത്തി പറയാനും പഠിപ്പിക്കണം. ‘കാ കാ കരയുന്നത് ആരാ? കാക്ക’ എന്നീ രീതിയിൽ അവരോടു സംസാരിക്കാം. നിങ്ങൾ ചോദ്യം ചോദിക്കുകയും കുട്ടികൾ ഉത്തരം പറയുകയും ചെയ്യുന്ന രീതിയിലേക്ക് പതിയെ മാറാം.
എഴുത്തും വായനയും
∙ എന്നും 15 മിനിറ്റ് വായനയ്ക്കായി മാറ്റി വയ്ക്കാം. കുട്ടികൾക്കു താൽപര്യമുള്ളവയും അവരുടെ പ്രായത്തിനും യോജിച്ചവയും വായിക്കാൻ നൽകണം. വായിക്കാൻ താൽപര്യം കുറവുള്ള കുട്ടികൾക്ക് ഓഡിയോ ബുക്സ് നൽകാം.
∙ എളുപ്പത്തില്‍ വായിക്കാൻ കഴിയണം. മടുപ്പ് കാണിക്കുന്നുവെങ്കിൽ താഴ്ന്ന ക്ലാസുകളിലെ പുസ്തകങ്ങൾ നൽകാം. ഉദാഹരണം പറഞ്ഞാൽ ബാലരമ വായിക്കാൻ ബുദ്ധിമുട്ട് പറയുന്ന മൂന്നാം ക്ലാസ് വിദ്യാർഥിക്ക് കളിക്കുടുക്ക നൽകാം. വായനയിലൂടെ മെല്ലെ കുട്ടിയുടെ ഭാഷാശേഷി മെച്ചപ്പെടും.
∙ എഴുത്തിലേക്ക് കൈ വഴങ്ങാൻ ‘വഴി കാണിക്കാം.’ കഥാ പുസ്തകങ്ങളിലെ വഴി കണ്ടെത്തുമ്പോൾ വളഞ്ഞും തിരിഞ്ഞും പേനയോ പെൻസിലോ ഉപയോഗിക്കാൻ അവർ പഠിക്കും. ഒപ്പം എഴുത്തും സുഗമമാകും. കളറിങ് ബുക്കുകളുംനൽകാം.
∙ ഇംഗ്ലിഷ്, മലയാളം അക്ഷരം വച്ച് ചിത്രം പൂർത്തിയാക്കുക, അക്ഷരമാല ക്രമത്തിൽ ചിത്രം പൂർത്തിയാക്കുക തുടങ്ങിയ ആക്ടിവിറ്റികളും നല്ലതാണ്.
അമ്മു ജൊവാസ്
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ
വിവരങ്ങൾക്ക് കടപ്പാട്: ഡോ. ജമീല വാരിയർ,
കൺസൽറ്റന്റ് സൈക്കോളജിസ്റ്റ്,
ഹോളിസ്റ്റിക് ചൈൽഡ് ഡവലപ്മെന്റ് സെന്റർ,
കിംസ് ഹെൽത്, തിരുവനന്തപുരം