വീട്ടിലെ ഏറ്റവും അറുബോറൻ പണി എന്താണെന്ന് വീട്ടമ്മമാരോട് ചോദിച്ചാല്‍ അതിനു ഒരുത്തരമേ ഉണ്ടാകൂ, അത് പാത്രം കഴുകലാണ്. ഭക്ഷണം ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം വേണം പാത്രം കഴുകാന്‍ എന്നാണ് വീട്ടമ്മമാരുടെ പരാതി. കുഞ്ഞുങ്ങളുടെ പാത്രങ്ങളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. നന്നായി വൃത്തിയാക്കിയില്ലെങ്കില്‍ അത് വേറെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ പാത്രം കഴുകുന്ന പരിപാടി വളരെ എളുപ്പത്തില്‍ ചെയ്യാം.
∙ കുഞ്ഞിന്റെ പാത്രങ്ങൾക്കുവേണ്ടി മാത്രം സ്ക്രബർ, ബോട്ടിൽ ബ്രഷ് എന്നിവ മാറ്റി വയ്ക്കുക.
∙ കഴുകുന്നതിനു മുൻപായി ഫീഡിങ് ബോട്ടിലിന്റെയും ബ്രസ്റ്റ് മിൽക്ക് പമ്പിന്റെയും ഓരോ ഭാഗങ്ങളും ശ്രദ്ധയോടെ ഊരി മാറ്റണം.
∙ കുഞ്ഞിന് ഉപയോഗിക്കുന്ന പാത്രങ്ങളും പമ്പും മറ്റും കിച്ചൺ സിങ്കിൽ ഇട്ടു കഴുകരുത്. ഇതിനായി പ്രത്യേകമായി ഒരു ബേസിൻ കരുതാം.
∙ ചൂടുവെള്ളവും ഡിഷ് വാഷിങ് ലിക്വിഡും ചേർത്ത മിശ്രിതത്തിലേക്ക് ഓരോ ഭാഗങ്ങളും മുക്കി വയ്ക്കാം. അതിനുശേഷം ബോട്ടിൽ ബ്രഷ് ഉപയോഗിച്ച് ഓരോ ഭാഗവും ഉരച്ചു കഴുകാം.
∙ ബ്രസ്റ്റ് മിൽക്ക് പമ്പിലെ ചില ഭാഗങ്ങളും ഫീഡിങ് ബോട്ടിൽ നിബിളും സാധാരണ ബ്രഷ് ഉപയോഗിച്ചു കഴുകാൻ ബുദ്ധിമുട്ടായിരിക്കും. ഇതിനായി നേർത്ത ബോട്ടിൽ ബ്രഷുകൾ വാങ്ങാം.
∙ വൃത്തിയാക്കിയശേഷം സാധാരണ വെള്ളത്തിൽ നന്നായി കഴുകിയെടുക്കാം. സോപ്പിന്റെ അംശം ഒട്ടും തന്നെ അവശേഷിക്കുന്നില്ലെന്ന് ഉ റപ്പുവരുത്തുക. ഈ ഭാഗങ്ങൾ തിള യ്ക്കുന്ന വെള്ളത്തിൽ സ്റ്റെറിലൈസ് ചെയ്തെടുക്കാം.
∙ സ്റ്റെറിലൈസ് ചെയ്ത പാത്രങ്ങളും പമ്പും വൃത്തിയുള്ള കോട്ടന്‍ തുണിയിലോ പേപ്പർ ടവ്വലിലോ നിരത്തിവച്ച് ഉണക്കിയെടുക്കാം. ഈ പാത്രങ്ങൾ വൃത്തിയുള്ള എയർ ടൈറ്റ് കണ്ടെയ്നറുകളിൽ ഇട്ടു സൂക്ഷിക്കാം.