Monday 13 April 2020 09:50 PM IST

ലോക്ക് ഡൗൺ കാലത്തു കുട്ടിയുടെ വില്ലത്തരം മാനേജ് ചെയ്യാം

Roopa Thayabji

Sub Editor

child

വെക്കേഷന് കാലത്തു ഗ്രാൻഡ് പേരെന്റ്സിന്റെ അടുത്ത് പോയി നിന്ന് സർവ സ്വാതന്ത്ര്യവും അനുഭവിച്ച കുട്ടികളെ വീടിനുള്ളിൽ ലോക്ക് ഡൗൺ ചെയ്തതിന്റെ തലവേദന അമ്മമാരോട് ചോദിച്ചാൽ മതി. വർക്ക് ഫ്രം ഹോമിന്റെ ടെൻഷനിടെ കുട്ടികളുടെ വില്ലത്തരം കൂടിയാകുമ്പോൾ കാര്യങ്ങൾ കൈ വിട്ടു പോകും. എന്നാൽ കുട്ടികളുടെ കാര്യത്തിൽ അമിതലാളന പോലെ തന്നെ അപകടമാണ് അമിതശകാരവും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുട്ടികളെ എളുപ്പം മാനേജ് ചെയ്യാം.

°ഭാര്യാഭർത്താക്കൻമാർക്കിടയിലെ അസ്വാരസ്യങ്ങൾ മുതൽ ജോലിയിലെ ടെൻഷൻ വരെ കുട്ടിയോടുള്ള ദേഷ്യമായി പുറത്തുചാടാം. ഇത് വീട്ടിലെ സന്തോഷം കെടുത്തുമെന്നു മാത്രമല്ല, കുട്ടികളുടെ ആത്മവിശ്വാസത്തെയും ബാധിക്കും. കുട്ടിയെ വഴക്ക് പറയും മുമ്പ് അവൻ ചെയ്ത തെറ്റിനെ മാതാപിതാക്കൾ വിലയിരുത്തണം.

° എന്ത് കാര്യത്തിനാണ് അമ്മ ദേഷ്യപ്പെടുന്നത് എന്ന് കുട്ടിക്കും മനസിലാകണം. എപ്പോഴും ദേഷ്യപ്പെടുന്ന അമ്മയോട് കുട്ടിക്ക് വലിയ മൈൻഡ് ഉണ്ടാകില്ല. കുട്ടിയോടല്ല, മറിച്ച് കുട്ടി ചെയ്ത തെറ്റിനോടാണ് ദേഷ്യമെന്നു മനസിലായാൽ പിന്നെ അത് ആവർത്തിക്കാതിരിക്കാൻ അവൻ നോക്കും.

° സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാൻ കുട്ടികളെ അനുവദിക്കുക. തെറ്റായ തീരുമാനങ്ങളെ സ്നേഹത്തോടെ തിരുത്തുക. അടി പൊട്ടിക്കുമെന്ന രീതിയിലുള്ള വിരട്ടൽ വേണ്ട.

° അമിതമായ ശകാരം പതിവായി കേൾക്കുന്നത് കുട്ടിയുടെ ആത്മവിശ്വാസം കെടുത്തും. തനിക്ക് ഒരിക്കലും മിടുക്കനോ മിടുക്കിയോ ആകാൻ കഴിയില്ലെന്ന ചിന്ത കുട്ടിയിലുണ്ടായാൽ അത് ഡിപ്രഷനിലേക്കോ അക്രമവാസനയിലേക്കോ കുട്ടിയെ എത്തിക്കും.

° കുട്ടിയെ ശകാരിച്ചതിലുള്ള കുറ്റബോധം ഒരിക്കലും അവന്റെ വാശി സാധിച്ചു കൊടുക്കുന്നതിലേക്ക് എത്തരുത്. ഇത് അവന്റെ വാശി കൂട്ടുമെന്നു മാത്രമല്ല ഇതേ കാര്യം ആവർത്തിക്കാനും ഇടയാക്കും.

° വഴക്ക് കേട്ട് പിണങ്ങിയിരിക്കുന്ന കുട്ടിയെ സന്തോഷിപ്പിച്ച് തിരികെ കൊണ്ടുവരാനും നിങ്ങൾ തന്നെ മുൻകൈ എടുക്കണം. അവൻ വാശി പിടിച്ച കാര്യം പറഞ്ഞ് കളിയാക്കുകയോ അങ്ങനെ ചെയ്തപ്പോൾ അമ്മ എത്ര വിഷമിച്ചു എന്ന് ചോദിക്കുകയോ ചെയ്യാം. മിക്കവാറും ഇതോടെ തന്നെ പ്രശ്നങ്ങൾ സോൾവ് ആകും.