Monday 12 July 2021 12:19 PM IST : By സ്വന്തം ലേഖകൻ

‘20 ദിവസമായി കുളിയില്ല, മുറിയിലേക്ക് ആരെയും കയറ്റുന്നില്ല; ഡാറ്റ തീർന്നാൽ ഉപദ്രവിക്കുന്നത് അമ്മയെ’: ഓൺലൈൻ ഗെയിം വില്ലനാകുമ്പോൾ!

mobillffg4556554

പുതിയ ഫോൺ വാങ്ങി നൽകാമെന്നു പറഞ്ഞാണ് 16 വയസ്സുകാരനെ അമ്മ സൈക്കോളജിസ്റ്റിന്റെ അടുത്ത് എത്തിച്ചത്. അവൻ എപ്പോഴും മൊബൈൽ ഗെയിമിലാണ്. 20 ദിവസമായി കുളിയില്ല. മുറിയിലേക്ക് ആരെയും കയറ്റുന്നില്ല. ഫോണിലെ ചാർജോ ഡാറ്റയോ തീർന്നാൽ ഉപദ്രവിക്കുന്നത് അമ്മയെ. രാത്രി വൈകിയും ഗെയിം തുടരും.

ആക്രമണം കൂടിയതോടെ അമ്മ സൈക്കോളജിസ്റ്റിന്റെ അടുത്ത് മകനെ എത്തിച്ചു. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനായി കുട്ടികൾക്കു സ്വന്തമായി സ്മാർട് ഫോൺ കിട്ടിയതോടെ കൊല്ലം ജില്ലയിലെ പല വീടുകളുടെയും സ്ഥിതിയാണിത്. മൊബൈൽ ഫോൺ അഡിക്‌ഷനുള്ള ഇരുപതോളം കുട്ടികൾക്ക് ഒരു മാസം കൗൺസലിങ് നൽകുന്നുണ്ടെന്നു ജില്ലയിലെ കൗൺസലർമാർ പറയുന്നു.

സ്മാർട് ലോകം

ഒന്നര വർഷമായി സ്കൂളിലോ ബന്ധുവീടുകളിലോ പോവാതെ വീടുകളിൽ കഴിയേണ്ടി വന്നതോടെ കുട്ടികളിൽ പിരിമുറുക്കവും ഉത്കണ്ഠയും വർധിച്ചിട്ടുണ്ട്. ചിലരെങ്കിലും വിഷാദ രോഗത്തിൽ എത്തിയിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു. ക്ലാസുകൾ ഓൺലൈനായതോടെ കുട്ടികളുടെ പഠനഭാരം വർധിച്ചു. അസൈൻമെന്റുകളുടെ എണ്ണം വർധിച്ചതോടെ ഗൂഗിളിന്റെ സഹായം തേടുന്നു. വിനോദത്തിനായി സമൂഹമാധ്യമങ്ങളിലേക്കും ഓൺലൈൻ ഗെയിമിലേക്കും തിരിയുന്നതോടെ കുട്ടികൾ മൊബൈൽ അഡിക്റ്റ് ആകുന്നു. പതിയെ സ്വഭാവത്തിലും മാറ്റങ്ങൾ സംഭവിക്കുന്നു.

കുട്ടികൾ ‘യുദ്ധഭൂമി’യിൽ

ഓൺലൈനിൽ നടക്കുന്നത് ചെറിയകളിയല്ല, അവിടെ കുട്ടികൾ ‘യുദ്ധഭൂമി’യിലാണ്. പബ്ജിക്ക് സമാനമായ പല സർവൈവൽ ഗെയിമുകളും ബോറടി മാറ്റാനാണ് പലരും കളിച്ചു തുടങ്ങുന്നത്. പിന്നെ ഇതിൽ നിന്നു മോചനം കണ്ടെത്താൻ കഴിയുന്നില്ല. 8 കോടി ആക്ടീവ് യൂസേഴ്സാണ് ഇത്തരത്തിൽ ഒരു ഗെയിമിനുള്ളത്.

ഈ ഗെയിമിലെ കളിക്കാരുടെ ലക്ഷ്യം ഓൺ‌ലൈനിൽ പരമാവധി 50-51 കളിക്കാരുമായി ഒരു ദ്വീപിൽ അതിജീവിക്കുക എന്നതാണ്. ഓരോ ലെവലിലേക്കും എത്താനായി ഗെയിമറുടെ ആയുധങ്ങൾ ഏറ്റവും മികച്ചതാക്കണം. ഇതിനായി ഗെയിമിൽ നിന്നു തന്നെ ഇവ വില കൊടുത്തു വാങ്ങാവുന്ന ഓപ്ഷനുണ്ട്. മോശം ആയുധമുള്ളവർ തോറ്റു പോകും. ഇവർ മറ്റുള്ളവരുടെ പരിഹാസത്തിന് ഇരയാകും. കയ്യിൽ പൈസയും ഇല്ലാതാക്കുന്നതോടെ ജീവനൊടുക്കാൻ വരെ പലരും തയാറാകുന്നു. 

ഡാർക് റൂം സജീവം

14 വയസ്സുളള പെൺകുട്ടി തുടർച്ചയായി ജീവനൊടുക്കാൻ ശ്രമിച്ചതോടെ രക്ഷിതാക്കൾ കുട്ടിയുമായി കൗൺസലറുടെ അടുത്തെത്തി. ചാറ്റ് റൂമിലൂടെ പരിചയപ്പെട്ട സുഹൃത്ത്, പലർക്കും കുട്ടിയുടെ നമ്പർ കൊടുത്തതോടെ ശല്യം സഹിക്കാൻ കഴിയാതെയായി. സ്വകാര്യ ചിത്രങ്ങൾ ചോദിച്ചതോടെ കുട്ടി പ്രതികരിച്ചു. പിന്നാലെ ഭീഷണിയെത്തി. തുടർന്നാണു ജീവനൊടുക്കാൻ ശ്രമിച്ചതെന്നു കൗൺസലിങിൽ കണ്ടെത്തി. പലരും തിരിച്ചറിയാൻ കഴിയാത്ത ഫോൺ നമ്പറും ഐഡിയും ഉപയോഗിച്ചാണ് ഡാർക്ക് റൂമുകളിൽ സജീവമാകുന്നത്.

ഉത്കണ്ഠ കൂടുന്നു

ഉറക്കക്കുറവ്, ഞെട്ടൽ, വെറുതെയിരിക്കുമ്പോൾ അമിതമായ നെഞ്ചിടിപ്പ് , ശ്വാസം കിട്ടാതെ വരിക, നിസാര കാര്യത്തിന് കൈകാലുകൾ വിറയ്ക്കുക, കണ്ണിൽ ഇരുട്ടുകയറുക തുടങ്ങിയവ ഉത്കണ്ഠ കൂടുന്നതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ കുട്ടികൾ പ്രകടിപ്പിച്ചാൽ എത്രയും വേഗം മനഃശാസ്ത്ര വിദഗ്ധരുടെ സേവനം ഉറപ്പാക്കണം.

Tags:
  • Mummy and Me