Wednesday 29 August 2018 10:17 AM IST

വാവയ്ക്കൊരു കുഞ്ഞുവാവ; രണ്ടാമത്തെ കുഞ്ഞിനായി അച്ഛനും അമ്മയും മാത്രം തയാറെടുത്താൽ പോരാ

Shyama

Sub Editor

paranting

‘മോൾക്ക് കുഞ്ഞാവയെ ഇഷ്ടല്ല, നമുക്ക് കുഞ്ഞാവ വേണ്ട!’’ ഒരു ദിവസം ആൻ കരഞ്ഞു നിലവിളിക്കാൻ  തുടങ്ങി. ഇത്രയും നാൾ അമ്മയുടെ വയറ്റിൽ കുഞ്ഞുവാവയുണ്ടെന്നു പറഞ്ഞു തുള്ളിച്ചാടി നടന്നയാളാണ് പെട്ടെന്ന് മറുകണ്ടം ചാടിയത്. കരച്ചിലൊന്നടങ്ങിയപ്പോൾ ആൻ പറഞ്ഞു, ‘‘ഇന്നലെ സാം അങ്കിൾ വീട്ടിൽ വന്നപ്പോ പറഞ്ഞല്ലോ കുഞ്ഞാവ വന്നാൽ പിന്നെ, ആരും ആൻ മോളെ നോക്കൂല്ലാന്ന്.’’

വെറുതെ തമാശയായി പറയുന്ന ഇത്തരം വാക്കുകളാണ് കുഞ്ഞുമനസ്സിൽ പലപ്പോഴും ആഴത്തിൽ പതിയുന്നത്. വലുതും ചെറുതുമായ ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കി വേണം രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായി മൂത്ത കുട്ടിയെ മാനസികമായി ഒരുക്കാൻ. 

പറയേണ്ടതെപ്പോൾ? 

പുതിയൊരാൾ കൂടി വീട്ടിൽ വരാൻ പോകുന്നു എന്ന് ആദ്യമേ തന്നെ മൂത്ത കുട്ടിയോട് പറയണം. കുട്ടികൾ തമ്മിലുള്ള പ്രായവ്യത്യാസം ഇക്കാര്യത്തിൽ പ്രധാന ഘടകമാണ്. ഒന്നര വയസ്സിൽ താഴെയാണ് പ്രായ വ്യത്യാസമെങ്കിൽ പറഞ്ഞു മനസ്സിലാക്കുക അത്ര എളുപ്പമാകില്ല. അമ്മയുടെ വയറ്റിൽ തൊടീച്ച് കുഞ്ഞുവാവയുണ്ടെന്നൊക്കെ പറയാം. രണ്ട് – മൂന്ന് വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിൽ ഗർഭിണിയാണെന്നറിയുമ്പോഴേ പറയാം. മൂത്ത കുട്ടിക്ക് നാല് വയസ്സായ ശേഷമാണ് രണ്ടാമത്തെ കുഞ്ഞിനെ കുറിച്ചാലോചിക്കുന്നതെങ്കിൽ, കുഞ്ഞുവാവ വേണോ വേണ്ടയോ എന്ന അഭിപ്രായം പോലും മൂത്തയാളോടു ചോദിക്കാം.  

അനിയത്തിയുടെയോ അനിയന്റെയോ വരവിനായി മാനസികമായി തയാറെടുപ്പുകൾ നടത്താൻ കുട്ടിക്ക് സമയം കൊടുക്കണം. കുഞ്ഞു വരുന്നതുമായി ബന്ധപ്പെട്ട ആകുലതകളും പരാതികളും മൂത്ത കുട്ടി അറിഞ്ഞോ അറിയാതെയോ പ്രകടിപ്പിക്കുന്നതും ഈ ഇടവേളയിലാണ്. തെറ്റിധാരണകൾ മാറ്റി പൊസിറ്റീവായ അന്തരീക്ഷം സൃഷ്ടിക്കാൻ ഈ സമയം ഉപയോഗിക്കുക. 

പറയേണ്ടതെങ്ങനെ? 

മിക്ക കുട്ടികളും ജീവിതത്തിലേക്ക് ഒരു ‘ശത്രു’ വരുന്നു എന്ന മ ട്ടിലാണ് പുതിയ കുഞ്ഞിന്റെ രൂപം മനസ്സിൽ വരച്ചിടുന്നത്. കളികളിലൂടെയും കഥകളിലൂടെയും ഇക്കാര്യം പറയാം... 

പാവകളെ അടുത്തു വച്ച് കുട്ടിക്കൊപ്പമിരുന്ന് കളിക്കാം. എ ന്നിട്ട് ‘അമ്മ പാവ, അച്ഛൻ പാവ, മോൾ പാവ..’ ഇനിയൊരു മോൻ പാവ കൂടി വന്നാലോ... എന്ത് രസായിരിക്കും അല്ലേ?’ എന്ന മട്ടിൽ  കാര്യങ്ങൾ പറയാം. കുട്ടി തനിച്ചു കളിക്കുമ്പോൾ ‘മോന് കളിക്കാൻ ഒരു കൂട്ടുണ്ടായാൽ എത്ര സന്തോഷമായിരിക്കുമല്ലേ?’ എന്നൊക്കെ ചോദിച്ച് അവരെ ഉത്സാഹഭരിതരാക്കാം. അമ്മയുടെ വയർ വലുതായി തുടങ്ങുമ്പോഴേക്കും അ തിൽ തൊടുവിച്ച് ‘ദേ... മോൾടെ/മോന്റെ കളിക്കൂട്ടുകാരൻ ഇ വിടുണ്ട് കേട്ടോ.’ എന്നു പറയാം, ഇത് കുട്ടിക്ക് പുതിയ ‘കൂട്ടുകാരനെ’ കാത്തിരിക്കാനുള്ള പ്രതീക്ഷ കൂട്ടും. 

പറയരുതാത്തത് എന്തൊക്കെ? 

‘‘അതേയ്... നമുക്ക് ടോമി പപ്പിയുടെ അടുത്ത് ഒരു കൂടുണ്ടാക്കാം... എന്നിട്ടേയ്... കുഞ്ഞാവയെ അതിലിടാം. കുഞ്ഞാവ അ വിടെ സന്തോഷായി ഇരുന്നോട്ടേ...’’  രണ്ടര വയസ്സുകാരി ര ണ്ടു മാസമുള്ള അനിയനെ തലോടി, ചിരിച്ചു കൊണ്ട് അമ്മയുടെയും അച്ഛന്റെയും നെഞ്ചിൻകൂടിലിട്ട ബോംബാണിത്!  

മൂത്ത കുട്ടികൾക്ക് ഇളയ കുഞ്ഞിനോട് അൽപം അസൂയയും  കുശുമ്പും  വരുന്നതു സ്വാഭാവികം. ഉപദ്രവിക്കുന്ന സ്വഭാ വമൊന്നുമില്ലെങ്കിൽ ഇതത്ര ഗൗരവത്തിലെടുക്കേണ്ട. ‘ഇനിയിപ്പോ നീ വലിയ കുട്ടിയായി, എല്ലാ കാര്യങ്ങളും തനിയെ ചെയ്യണം’ എന്ന മട്ടിലുള്ള ഡയലോഗുകൾ കുട്ടിയോട് പറയരുത്. ‘ഇനി മുതൽ വാവയായിരിക്കും  അമ്മയുെട കൂടെ കിടക്കുക മോൾ/മോൻ അച്ഛനൊപ്പം അപ്പുറത്ത് കിടക്കേണ്ടി വ രും എന്നൊക്കെ പറയുന്നതും  ഒഴിവാക്കുക. കുട്ടിക്ക് അരക്ഷിതാവസ്ഥ തോന്നാൻ ഇതു കാരണമാകും. 

വീട്ടിലുള്ളവർ മൂത്ത കുട്ടിയോട് നോക്കിയും കണ്ടും കാര്യങ്ങള‍്‍ പറഞ്ഞു മനസ്സിലാക്കി വരുമ്പോഴാകും കുടുംബക്കാരോ അയൽക്കാരോ വന്ന് എട്ടിന്റെ പണി തന്നിട്ട് പോകുന്നത്. ‘എല്ലാവരുടേയും സ്നേഹം ഇനി വാവയോടായിരുക്കും’, ‘നിന്നെയിനി ആർക്കു വേണം, ഞങ്ങൾക്ക് പുതിയ വാവ വരുമല്ലോ’... തുടങ്ങി കുട്ടിയെ നോവിക്കുന്ന പല കമന്റുകളും അടുപ്പക്കാരിൽ നിന്നു വരാം. ഇത്തരം സാഹചര്യങ്ങളിൽ കുഞ്ഞിനെ ചേർത്തു പിടിച്ച്  ‘വാവ വന്നാലും നീയല്ലേ അമ്മയുടെ പൊന്നുമോൻ’ എന്നു പറയാം. കുട്ടിയെ വേദനിപ്പിക്കുന്ന വാക്കുകൾ പറയരുതെന്ന് ബന്ധുക്കളോടു തുറന്നു പറയാനായാൽ കൂടുതൽ നല്ലത്. 

കുഞ്ഞുവാവയെ കാണാനെത്തുന്ന വിരുന്നുകാർ പുതിയ അതിഥിക്കു മാത്രം സമ്മാനങ്ങളുമായി വരുന്നത് മൂത്ത കുട്ടിയെ അസ്വസ്ഥനാക്കും. കുഞ്ഞിന്റെ മനസ്സു മനസ്സിലാക്കി ചെറിയ സമ്മാനങ്ങൾ വീട്ടിൽ കരുതി വയ്ക്കുക. കുട്ടിയറിയാതെ അതിഥികളുടെ കൈയിൽ കൊടുത്ത് മൂത്ത കുട്ടിക്ക് സമ്മാനിക്കാൻ പറയാം. 

ചിലതിങ്ങനെ പറയാം

കുഞ്ഞുവാവയുണ്ടായ ശേഷം അപകടങ്ങൾ സംഭവിക്കാതെ ശ്രദ്ധിക്കണം. ‘അത് ഞാൻ കുഞ്ഞാവയെ കുളിപ്പിച്ചതാ, അവന് ചൂടെടുക്കുന്നൂന്ന് പറഞ്ഞു.’ കുഞ്ഞിനുള്ള കുറുക്കെടുക്കാൻ അമ്മ പോയി തിരിച്ചു വന്നപ്പോഴേക്കും മൂന്നു വയസ്സുകാരൻ, അനിയൻ വാവയുടെ തലയിൽ ഒരു കപ്പു വെള്ളം കമഴ്ത്തി കുഞ്ഞിനെ ചൂടിൽ നിന്നു രക്ഷിച്ച സംതൃപതിയിൽ നിൽക്കുന്നു! 

കുഞ്ഞിനോട് സ്നേഹമുള്ള ചേട്ടനും ചേച്ചിയും ചെയ്യുന്ന ‘ഈ സഹായങ്ങൾ’ ആപത്താകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കാര്യങ്ങൾ തഞ്ചത്തിലും നയത്തിലും വേണം പറയാ ൻ. ‘അമ്മയും മോനും കൂടി ഒരുമിച്ച് വാവയെ കുളിപ്പിക്കാട്ടോ, എന്നിട്ട് ഒരുമിച്ച് വാവയുടെ ഉടുപ്പ് മാറ്റാമേ’ എന്നൊക്കെ പറയുക. ‘നമ്മൾ ടീമായി വേണം വാവയെ നോക്കാനെ’ന്ന് പറഞ്ഞു മനസ്സിലാക്കുക. ഒറ്റയ്ക്ക് വാവയുടെ കാര്യങ്ങൾ ചെയ്യരുതെന്ന് കർക്കശമായി പറയുന്നതിലും നല്ലത് ഈ വഴിയാണ്.

‘‘കണ്ണൊന്നു തെറ്റിയാൽ ഇവനെപ്പൊഴും കുഞ്ഞിനെ നുള്ളുകയും പിച്ചുകയും  ചെയ്യുമെന്നേയ്, അതിനെ തീരെ ഇഷ്ടമല്ല.’’ കുഞ്ഞുവാവയെ കാണാൻ വന്നവർക്കു  മുൻപിൽ വച്ച് മൂത്ത കുട്ടി കേൾക്കെ ഇങ്ങനെ പറഞ്ഞാൽ, അതൊരു കോംപ്ലിമെന്റായേ കുട്ടി കരുതൂ. കൂടുതൽ ഉപദ്രവിക്കുകയും ചെയ്യും. ഇതിനു പകരം മൂത്തയാൾ കുഞ്ഞുമായി അത്ര രമ്യതയിലല്ലെങ്കിൽ കൂടിയും ‘എന്തൊക്കെ പറഞ്ഞാലും അനിയൻ വാവയെ വല്യ ഇഷ്ടമാണ്. അവന്റെ കാര്യങ്ങളിലൊക്കെ പ്രത്യേക ശ്രദ്ധയുണ്ട്’ എന്നു പറഞ്ഞു പ്രോത്സാഹിപ്പിക്കാം. ഇതൊരു പൊസിറ്റീവ് മാറ്റമുണ്ടാക്കും, തീർച്ച.  

_C2R8765

രണ്ടു കുഞ്ഞുങ്ങൾക്കിടയിൽ എത്ര പ്രായവ്യത്യാസം?

രണ്ടു വർഷത്തിൽ താഴെ ഗ്യാപ്പ്

ഒരു വർഷത്തെ ഗ്യാപ്പിലുണ്ടാകുന്ന കുട്ടികൾക്ക് പെട്ടെന്ന് സൗഹൃദത്തിലാകാൻ സാധിക്കും. പക്ഷേ, അച്ഛനമ്മമാ ർക്ക് ഇളയ കുട്ടിയെ പരിചരിക്കുന്ന തിരക്കിൽ, ആദ്യ കുട്ടിയിലെ  വളർച്ചയുടെ പ്രധാന സമയത്ത് ശ്രദ്ധ നൽകാൻ പറ്റാതെ വരാം.

മൂന്ന് – അഞ്ചു വയസ്സ് വ്യത്യാസം

മുതിർന്ന ശേഷം സഹോദര ബന്ധത്തിൽ നിന്ന് സൗഹൃദത്തിലേക്ക് മാറാനും പരസ്പരം കാര്യങ്ങൾ പറഞ്ഞുകൊടുക്കാനും തിരിച്ചറിയാനും, ഈ പ്രായ വ്യത്യാസത്തിൽ ഉ   ണ്ടാകുന്ന കുട്ടികൾക്ക് എളുപ്പമായിരിക്കും. പക്ഷേ, കുട്ടി പ്രായത്തിൽ വഴക്കും  പിണക്കവും കൂടുതലായിരിക്കും.

അഞ്ച് – ആറു വയസ്സ് വ്യത്യാസം

കുട്ടിയുണ്ടാകുമ്പോൾ വേണ്ട തയാറെടുപ്പുകൾ  അറിയാവുന്നതുകൊണ്ട് പുതിയ കുഞ്ഞിന് കൂടുതൽ മികച്ച രീതിയി ൽ വരവേൽപ്പൊരുക്കാനാകും. പക്ഷേ, സ്കൂളിൽ പോയി തുടങ്ങിയ മൂത്ത കൂട്ടിയുടെ ആവശ്യങ്ങളോടൊപ്പം നടത്തം പഠിക്കുന്ന കുഞ്ഞിനേയും കൂടി നോക്കാൻ എനർജി കുറച്ചധികം വേണ്ടി വരുമെന്നു മാത്രം.

ആറു വയസിൽ കൂടുതൽ

ചെറിയ കുഞ്ഞിന്റെ പഠന കാര്യങ്ങളിൽ അമ്മയെക്കാൾ ന ല്ല ടീച്ചറാകാൻ മൂത്ത കുട്ടിക്ക് കഴിയും. എന്നാൽ പ്രായവ്യത്യാസം കൂടുതലാകുമ്പോൾ രണ്ടാൾക്കും ഒരേ കാര്യത്തിലുള്ള താൽപര്യമോ ഇഷ്ടമോ ഉണ്ടായെന്നു വരില്ല.  

വിവരങ്ങൾക്ക് കടപ്പാട് : 

ഡോ. വർഗീസ് പുന്നൂസ്,

പ്രഫസർ ആൻഡ് ഹെഡ്, മാനസികാരോഗ്യ വിഭാഗം, 

ഗവൺമെന്റ്  ടി.ഡി. മെഡിക്കല‍്‍ കോളജ്., ആലപ്പുഴ.