പഴമക്കാർ പറയുന്നത് കുട്ടികളെ അനുസരണയോടെ വളർത്തുന്നതിനുള്ള ഏറ്റവും മികച്ച മാർഗം തല്ലി വളർത്തുക എന്നതാണ് എന്നാണ്. എന്നാൽ കാലം മാറി, കുട്ടികളുടെ ചിന്താരീതികളും മാറി. അതുകൊണ്ട് തല്ലി വളർത്തൽ ഇപ്പോള്‍ അത്ര ഗുണം ചെയ്യുകയുമില്ല. കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ ഉടനെ വടിയെടുത്ത് തല്ലാൻ തുടങ്ങും മുൻപായി ആ തെറ്റിന്റെ ഗൗരവം അവരെ മനസിലാക്കിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കണം.
കുട്ടി പറഞ്ഞാൽ അനുസരിക്കില്ല എന്നു പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. പറയേണ്ട രീതിയിൽ പറഞ്ഞാൽ ഏത് വാശിക്കുടുക്കകളെയും അനുസരിപ്പിക്കാൻ കഴിയും. എന്നാൽ ഇതിനായി കുറച്ച് ക്ഷമയും സമയവും ചെലവഴിക്കുന്നതിനുള്ള മനസുണ്ടാകണമെന്നു മാത്രം.
വാശി, ദേഷ്യം, തർക്കുത്തരം പറയുക തുടങ്ങിയ കാര്യങ്ങളാണ് ഒട്ടുമിക്ക കുട്ടികളിലും ചെറുപ്രായത്തിൽ കണ്ടുവരാറുള്ളതാണ്. ഈ അവസരത്തിൽ നിങ്ങൾക്ക് കുട്ടികളെ തല്ലാൻ തോന്നുണ്ടെങ്കിൽ വളരെ ഗൗരവമായിത്തന്നെ ആ കാര്യത്തെക്കുറിച്ചു കുട്ടിയോടു ചർച്ച ചെയ്യുകയും പരിഹാരങ്ങൾ കുട്ടിയെക്കൊണ്ടുതന്നെ പറയിപ്പിക്കുകയും വേണം. ഈ രീതി വളരെ പ്രയോജനപ്പെടും. എന്താണ് തന്റെ തെറ്റെന്നു കുട്ടിക്ക് സ്വയം മനസിലാക്കാൻ കഴിഞ്ഞാൽ പാതി പ്രശ്നം ഒഴിവായി.
കള്ളം പറയുന്ന സ്വഭാവമുള്ള കുട്ടിയാണ് എങ്കിൽ ഉടനടിയുള്ള ശിക്ഷ വടി എടുത്ത് അടിക്കുക എന്നതല്ല. കള്ളം പറയുന്നത് മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ അവനെ ബോധ്യപ്പെടുത്തണം. അതിനുശേഷം മാത്രമേ എന്തുകൊണ്ട് മാതാപിതാക്കൾ ഇക്കാര്യത്തിൽ ശകാരിക്കുന്നത് എന്തിനാണെന്ന് പറയുന്നതിൽ കാര്യമുള്ളൂ. മാതാപിതാക്കൾ തന്നെ അമിതമായി വേദനിപ്പിക്കുന്നു എന്ന തോന്നലുണ്ടായാൽ കുട്ടികൾ മാതാപിതാക്കളിൽ നിന്നും അകലാനുള്ള സാധ്യത വളരെ കൂടുതലാണ്.
മാതാപിതാക്കളുടെ ശാസനകൾ മനസിലാക്കാൻ കുട്ടികൾക്ക് കഴിയണം. ‘ചുവരു മുഴുവൻ ചായം തേച്ചാൽ, പെയിന്റും ബ്രഷും ഞാൻ വാങ്ങിവയ്ക്കും’ , അമിതമായി കളിക്കാൻ സമയം വിനിയോഗിച്ചാല്‍ സൈക്കിൾ പൂട്ടിവയ്ക്കും തുടങ്ങിയ ശാസനകൾ ഉപകാരപ്രദമാകും. എന്നാൽ ശാസനകൾ അംഗീകരിക്കുന്ന തലത്തിലേക്ക് കുട്ടികളുടെ മാനസികവികാരം എത്തിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതിനു മക്കൾക്ക് സ്നേഹവും സ്വാതന്ത്ര്യവും സമയവും നൽകണം.