Thursday 29 October 2020 04:20 PM IST : By സ്വന്തം ലേഖകൻ

ഞങ്ങൾ തീരുമാനിക്കും നീ എന്ത് കഴിക്കണമെന്ന്? കുഞ്ഞുങ്ങളുടെ ഭക്ഷണകാര്യത്തിൽ മാതാപിതാക്കൾ വരുത്തുന്ന നാലു തെറ്റുകൾ

children-dont-eating

കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി ഒടുവിൽ പരാജയപ്പെടുന്ന മാതാപിതാക്കളാണ് കൂടുതലും. കുട്ടികളിൽ നല്ല ആഹാരശീലങ്ങൾ വളർത്തിയെടുക്കാൻ ഭൂരിഭാഗം അമ്മമാർക്കും കഴിയാറില്ല. ജോലി ചെയ്യുന്ന അമ്മമാർക്ക് സമയക്കുറവ് ആണ് പ്രധാന പ്രശ്നം. തുടക്കം തൊട്ടേ ഭക്ഷണം ചിട്ടയായി കൊടുത്ത് കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം. സാധാരണയായി കുട്ടികളുടെ ഭക്ഷണകാര്യത്തിൽ മാതാപിതാക്കൾ വരുത്തുന്ന തെറ്റുകൾ ഇവയാണ്. 

1.  ഭക്ഷണത്തിനിടയ്ക്ക് അനാവശ്യ ഇടപെടലുകൾ  

കുട്ടികൾ ഭക്ഷണം കഴിക്കുമ്പോൾ അനാവശ്യമായി ഇടപെടൽ നടത്തുന്നവരാണ് 85 ശതമാനം മാതാപിതാക്കളും. കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണിത്. ഒന്നുകിൽ അവരെ നിർബന്ധിച്ച് കൂടുതൽ ഭക്ഷണം കഴിപ്പിക്കുക അല്ലെങ്കിൽ നിർദേശങ്ങൾ നൽകുക. ഇക്കാരണം കൊണ്ട് കുട്ടികൾക്ക് പൊണ്ണത്തടിയോ അല്ലെങ്കിൽ നിശ്ചിത ഭാരം ഇല്ലാതിരിക്കുകയോ ചെയ്യാം. ആവശ്യമില്ലാത്ത സമ്മർദ്ദം കുട്ടിയിൽ അടിച്ചേൽപ്പിക്കരുത്. 

2. ഞങ്ങൾ തീരുമാനിക്കും എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണമെന്ന്? 

എല്ലാ മാതാപിതാക്കൾക്കും ഉള്ള പൊതുവായ കുഴപ്പമാണിത്. അവർ തീരുമാനിക്കും കുട്ടികൾ എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണമെന്ന്! ഭക്ഷണകാര്യത്തിൽ സ്വന്തം താൽപ്പര്യങ്ങൾ നോക്കുന്നവരാണ് കുട്ടികളുടെ കാര്യത്തിൽ നേരെ മറിച്ച് ചിന്തിക്കുന്നത്. നിങ്ങൾ കണ്ടിട്ടില്ലേ കുട്ടികളുമായി പുറത്തുപോകുമ്പോൾ അവിടെനിന്ന് എന്തെങ്കിലും അവർക്ക് കഴിക്കാൻ കൊടുത്താൽ ഞാനിതൊന്നും അവനു കൊടുക്കാറില്ല അല്ലെങ്കിൽ എന്റെ കുട്ടി ഇതൊന്നും കഴിക്കില്ല എന്നുപറഞ്ഞ് മാതാപിതാക്കൾ വിലക്കുന്നത്. കുട്ടിക്ക് ആ ആഹാരസാധനം കഴിക്കാൻ താല്പര്യമുണ്ടെങ്കിലും വീട്ടിലെത്തിയാൽ അമ്മയുടെ അടിയുടെ ചൂടോർത്ത് ഒരുപക്ഷെ അവൻ വേണ്ടെന്ന് പറയും. ഭക്ഷണകാര്യത്തിൽ കുട്ടികൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുകയാണ് ഇവിടെ വേണ്ടത്. 

3.  യാതൊരു ചിട്ടയും നിയന്ത്രണങ്ങളുമില്ലാതെ

മുകളിൽ പറഞ്ഞ കാര്യത്തിൽ നിന്ന് നേർവിപരീതമാണിത്. യാതൊരു ചിട്ടയും നിയന്ത്രണങ്ങളുമില്ലാതെ കുട്ടികൾക്ക് ഇടവിട്ട് ആഹാരം നൽകി ശീലിപ്പിക്കൽ. മധുരം, ബേക്കറി വസ്തുക്കൾ, ഫാസ്റ്റ് ഫൂഡ് എന്നിവയാകും കൂടുതലും വാങ്ങി നൽകുക. ഇത് കുട്ടികളിൽ തെറ്റായ ആഹാരശീലം വളർത്തിയെടുക്കും. മൂന്നുനാല് മണിക്കൂർ ഇടവിട്ട് കുട്ടികൾക്ക് സ്നാക്സുകൾ കഴിക്കാൻ കൊടുത്ത് ശീലിപ്പിക്കുന്നത് ഭാവിയിൽ പൊണ്ണത്തടിയും ജീവിതശൈലി രോഗങ്ങളും പിടിപെടാൻ കാരണമാകും. 

4.  കുടുംബത്തിന് വേണ്ടി മാത്രം ഭക്ഷണം

ഒട്ടുമിക്ക വീടുകളിലും മുതിർന്നവരുടെ ഇഷ്ടത്തിന് അനുസരിച്ചാണ് ഭക്ഷണം തയാറാക്കുന്നത്. കുഞ്ഞുങ്ങളെ പരിഗണിക്കാറില്ലെന്നതാണ് വസ്തുത. അതുമാത്രമല്ലാതെ കുട്ടികൾക്ക് ഒട്ടും ഇഷ്ടമല്ലാത്ത പച്ചക്കറികൾ അവർ കഴിക്കണമെന്ന് വാശി പിടിക്കുകയും ചെയ്യും. ചേന, കയ്പ്പയ്ക്ക, വെണ്ട, മത്തൻ തുടങ്ങിയ പച്ചക്കറികളുടെ രുചി കുട്ടികൾക്ക് പൊതുവെ ഇഷ്ടപ്പെടാറില്ല. എന്നാൽ ഇതെല്ലാം ഹെൽത്തിയാണെന്ന് പറഞ്ഞ് നിർബന്ധിച്ച് കഴിപ്പിക്കുന്ന അമ്മമാരുണ്ട്. ഇങ്ങനെ ചെയ്യുന്നത് മൂലം കുട്ടികൾക്ക് ഭക്ഷണത്തോട് വിരക്തിയുണ്ടാകും. 

Tags:
  • Mummy and Me
  • Baby Care
  • Parenting Tips