Saturday 24 April 2021 03:30 PM IST

സുഖകരമല്ലാത്ത മനസ്സും മറ്റു രോഗങ്ങളും കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം; ഗർഭകാല അസ്വസ്ഥതകളെ സിംപിളായി മറികടക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Roopa Thayabji

Sub Editor

shutterstock_634029659

ഗർഭകാലം ആശങ്കകളുടെ കാലമാണ്. സുഖകരമല്ലാത്ത മനസ്സു മുതൽ മറ്റു രോഗങ്ങൾ വരെ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം..

മനസ്സിലാണ് ഓരോ അമ്മയും കുഞ്ഞിനെ ഗർഭം ധരിക്കുന്നത്. ചെറിയ പനിയോ ക്ഷീണമോ വന്നാൽ പോലും അമ്മമാർക്ക് ടെൻഷൻ കൂടും, വയറ്റിലുള്ള കുഞ്ഞുവാവയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാലോ?

ഗർഭവും പ്രസവവുമൊക്കെ ഇത്ര വലിയ കാര്യമായി കാണേണ്ടതുണ്ടോ എന്നു ചോദിക്കുന്നവരുണ്ട്. എന്നാൽ ഗർഭകാലം മിക്ക സ്ത്രീകൾക്കും ആശങ്കകളുടെ കൂടി കാലമാണ്. സുഖകരമല്ലാത്ത മാനസികാവസ്ഥ മുതൽ മറ്റു രോഗങ്ങൾ വന്നാൽ മരുന്നു കഴിക്കുന്നതു വരെ ഗർഭസ്ഥശിശുവിന്റെ വളർച്ചയെയും വികാസത്തെയും ബാധിച്ചേക്കാം. എന്നാൽ എല്ലാ പ്രശ്നവും എല്ലാവർക്കും ഉണ്ടാകണമെന്നുമില്ല.

ഗർഭിണിയുടെ ആശങ്കകളും ടെൻഷനും ഒപ്പം നിന്നു മറി കടക്കാൻ ‘വീ ആർ പ്രഗ്‍നന്റ്’ എന്ന ടാഗ്‌ലൈൻ സ്വീകരിക്കാൻ തയാറാകുന്ന അച്ഛന്മാരുടെയും കാലമാണിത്. മറ്റു രോഗങ്ങൾ ഇല്ലാത്തവരിലും ആരോഗ്യവതിയായ സ്ത്രീകളിലും ഗർഭകാല ആരോഗ്യപ്രശ്നങ്ങൾ ആശങ്കയ്ക്ക് ഇടവരുത്തില്ല. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ അവ പ്രകടമായാൽ ചികിത്സ തേടാൻ മടിക്കരുത്. ഗർഭകാലത്തുണ്ടാകുന്ന ശാരീരിക, മാനസിക വ്യതിയാനങ്ങളെ കൂടുതൽ അറിഞ്ഞാൽ ഗർഭകാല അസ്വസ്ഥതകളെ സിംപിളായി മറികടക്കാം.

എന്തൊരു മനംപിരട്ടൽ

ഗർഭകാലത്തിന്റെ ഒന്നു മുതല്‍ നാലുമാസം വരെയുള്ള കാ ലത്താണ്‌ ഛർദിയും ഓക്കാനവും പ്രകടമാകുക. രാവിലെ മാത്രമല്ല മറ്റു സമയങ്ങളിലും ഛർദി വരാം.

∙ ഗർഭകാലത്ത് ശരീരത്തിൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന ഹ്യൂമണ്‍ കോറിയാണിക്‌ ഗൊണാഡോട്രോപിന്‍ എന്ന ഹോര്‍മോണാണു ഛർദിക്കും മനംപിരട്ടലിനും പ്രധാന കാരണം. മിക്കവരിലും  ഈ ഹോർമോണിന്റെ ഉത്പാദനം സമാനമാകുമെങ്കിലും ചിലർക്കു ഛർദി പോയിട്ട്  മനംപിരട്ടൽ പോലും വരണമെന്നുമില്ല. ഈസ്‌ട്രജനും പ്രൊജസ്‌റ്ററോണും ഛർദിയിൽ പങ്കുണ്ട്.

∙ ഗർഭകാല ഛർദിയെ രോഗമായി കാണേണ്ടതില്ല. പക്ഷേ, നിയന്ത്രണ വിധേയമല്ലാതെ ഛർദി വരുന്നുണ്ടെങ്കിലും അമിതഛർദി ഉണ്ടായിരുന്നവർ പെട്ടെന്നു ഛർദിക്കാതെയായാലും ശ്രദ്ധിക്കണം.

∙ ഛർദി കുറയ്ക്കാനുള്ള നല്ല വഴി ചെറിയ അളവില്‍ പല പ്രാവശ്യമായി ഭക്ഷണം കഴിക്കുന്നതാണ്. രാത്രി കിടക്കുന്നതിനു മുന്‍പും രാവിലെ എഴുന്നേറ്റ ഉടനെയും ബിസ്കറ്റ് പോലുള്ള ആഹാരമോ പാലോ കഴിക്കാം.

∙ അധികം എരിവുള്ളതോ എണ്ണയും കൊഴുപ്പും അടങ്ങിയതോ ആയ ആഹാരങ്ങൾ കുറയ്ക്കുന്നതാണു നല്ലത്. ഛർദി അസഹനീയമാകുന്നുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മ രുന്നുകൾ കഴിക്കാം.

എപ്പോഴും മൂത്രശങ്ക

വലുതായി വരുന്ന ഗര്‍ഭപാത്രം മൂത്രാശയത്തില്‍ മര്‍ദം ചെലുത്തുന്നതു കൊണ്ടാണ്‌ ഗർഭിണിക്ക് ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത്‌. ഗർഭകാലത്തിന്റെ ആദ്യ മൂന്നുമാസത്തോടെ ഈ പ്രശ്‌നം മാറും. പ്രസവത്തോടടുത്ത് കുഞ്ഞിന്റെ തല താഴേക്കു ഇറങ്ങുമ്പോഴാണ് പിന്നീട് ഈ പ്രശ്നം വരിക.

∙ വേദനയും ചൊറിച്ചിലും മൂത്രത്തില്‍ പഴുപ്പും ഉണ്ടായാൽ ഉടൻ ഡോക്‌ടറെ കാണണം. മൂത്രാശയത്തിലെ അണുബാധയോ  മൂത്രനാളി, യോനി എന്നിവിടങ്ങളിലെ ഫംഗസ്‌ ബാധയോ ഒക്കെയാകാം ഇതിനു കാരണം.

∙ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നും എന്നു കരുതി വെള്ളം കുടിക്കാതിരിക്കരുത്. ഒരു ദിവസം രണ്ടു ലീറ്റർ വെള്ളമെങ്കിലും കുടിക്കണം. മൂത്രം പിടിച്ചു നിര്‍ത്തുന്നതും അണുബാധയുണ്ടാക്കും. ഗർഭാശയം അല്‍പം തിരിഞ്ഞോ മറിഞ്ഞോ ഇരിക്കുമ്പാഴാണ് ചിലർക്കെങ്കിലും മൂത്രതടസ്സം ഉണ്ടാകുന്നത്. ആശങ്കപ്പെടാനില്ലെങ്കിലും വേദന ഉണ്ടെങ്കില്‍ ഡോക്ടറെ കാണണം.

കാലിലെ ഞരമ്പെന്താ ഇങ്ങനെ?

shutterstock_556709023

ഗർഭകാലത്തെ ശാരീരിക മാറ്റങ്ങളുടെ ഫലമാണ് ഈ ഞരമ്പു തടിക്കൽ. പ്രൊജസ്‌റ്ററോണ്‍ ഹോര്‍മോണിന്റെ പ്രവർത്തനഫലമായി രക്‌തക്കുഴലുകള്‍ വികസിക്കും. കൂടുതൽ രക്‌തം ഒഴുകുന്നത് മര്‍ദവും കൂട്ടും. ഇതാണു െവരിക്കോസ് വെയിന് കാരണമാകുക.

∙ ഗർഭിണി കൂടുതല്‍ സമയം നില്‍ക്കാതെ ശ്രദ്ധിക്കുക. ഇരിക്കുമ്പോഴും കിടക്കുമ്പോഴും കാലുകൾ ഉയർത്തി വയ്ക്കുക. വേണമെങ്കിൽ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം സ്‌റ്റോക്കിങ്സ് ധരിക്കാം.

∙ കാലുകളിൽ തരിപ്പോ മരവിപ്പോ അനുഭവപ്പെടുന്നുണ്ടെങ്കിൽ മസാജിങ് നല്ലതാണ്. കാല്‍പ്പാദങ്ങള്‍ ഉയർത്തിയും താഴ്ത്തിയും ചെറുവ്യായാമവും നല്‍കാം.

ടോയ്‌ലറ്റ് എന്ന പേടിസ്വപ്നം

വേദനയും ബുദ്ധിമുട്ടും കാരണം ടോയ്‍ലറ്റിൽ പോകുന്നതു തന്നെ പേടിസ്വപ്നമാകുന്നവരും ഉണ്ട്. ഗർഭകാലത്തെ ശാരീരിക വ്യതിയാനങ്ങൾ മൂലം കുടലിന്റെ ചലനങ്ങള്‍ മന്ദഗതിയിലാകുന്നതാണ്‌ മലബന്ധത്തിനു കാരണം.

∙ തക്കസമയത്ത്‌ പരിഹരിച്ചില്ലെങ്കില്‍ മലബന്ധം പൈൽസിനു കാരണമാകാം. വന്‍കുടലും മലാശയവും നിറഞ്ഞിരിക്കു ന്നതു പ്രസവത്തെയും ബാധിച്ചേക്കാം.

∙ ധാരാളം വെള്ളം കുടിച്ചും നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിച്ചും മലബന്ധം ഒഴിവാക്കാം. പച്ചക്കറിയും ഇലക്കറികളും തവിടോടുകൂടിയ ധാന്യങ്ങളും കൂടുതലായി കഴിക്കുക. ഇരുമ്പ് അടങ്ങിയ ചീരയും മുരിങ്ങയിലയും ഇലക്കറികളും കാത്സ്യം അടങ്ങിയ പാല്‍, മുട്ട, തൈര് എന്നിവയും ഭക്ഷണത്തിൽ ഉള്‍പ്പെടുത്തണം. ഡോക്ടറുടെ നിർദേശപ്രകാരം മലബന്ധം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കാം.

ഗ്യാസ് എന്തൊരു ശല്യമാണ്

ഈ വില്ലൻ രംഗപ്രവേശം ചെയ്താൽ പിന്നെ ‘ഇരിക്കപ്പൊറുതി’ ഉണ്ടാകില്ല. ഇരുന്നാലും നിന്നാലും കിടന്നാലും വയറിനുള്ളിൽ ഉരുണ്ടുകയറും പോലെ.

∙ ഗർഭകാലത്ത് ശരീരത്തിൽ കൂടുതലായി ഉത്‌പാദിപ്പിക്കപ്പെടുന്ന പ്രൊജസ്റ്ററോണിന്റെ പ്രവര്‍ത്തനം കൊണ്ട് ആമാശയവും അന്നനാളവുമായി ചേരുന്ന ഭാഗം വികസിക്കും. ഇതുവഴി ദഹനരസങ്ങൾ മുകളിലേക്കു കയറുമ്പോഴാണ് നെഞ്ചെരിച്ചിലും ഗ്യാസും ഉണ്ടാകുന്നത്.

∙ ഗര്‍ഭകാലത്തിന്റെ അവസാന ആഴ്‌ചകളില്‍ ഗര്‍ഭപാത്രം ആ മാശയത്തില്‍ കൂടുതൽ മർദം ചെലുത്തുന്നതിനാൽ നെഞ്ചെ രിച്ചിലും കൂടാം. ഹോർമോൺ വ്യതിയാനം കൊണ്ടുതന്നെ ഉമിനീരും അമിതമായി ഉത്പാദിപ്പിക്കപ്പെടാം.

∙ ഇടയ്ക്കിടെ ചെറിയ അളവില്‍ ഭക്ഷണം കഴിച്ചാൽ നെഞ്ചെരിച്ചിലും ഗ്യാസ് ട്രബിളും കുറയ്ക്കാം. ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ടു ലഘുഭക്ഷണമെങ്കിലും കഴിക്കുക. ഇതു ദഹനത്തിനും നല്ലതാണ്‌.

∙ഗ്യാസിന്റെ പ്രശ്നമുള്ളവര്‍ ഗ്യാസ്‌ ഉണ്ടാകാന്‍ സാധ്യതയുള്ള ഭക്ഷണം ഒഴിവാക്കാൻ ശ്രദ്ധിക്കണം. കിടക്കുമ്പോൾ തല ഉയര്‍ത്തി വച്ചുതന്നെ കിടക്കുക. നെഞ്ചെരിച്ചില്‍ കൂടുതലാണെങ്കില്‍ ഡോക്‌ടറെ കണ്ടു മരുന്നുകള്‍ കഴിക്കേണ്ടിവരും.

ഇപ്പോഴും ‘പാഡ്’ വേണോ

ഗർഭകാലത്ത് യോനിയിലെ നനവ് കൂടാം. വെളുത്തതോ നിറമില്ലാത്തതോ ആയ യോനീസ്രവം ഗര്‍ഭകാലത്തു സാധാരണയാണ്‌. ഇതിനൊപ്പം ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കിൽ സൂക്ഷിക്കണം.

∙ യോനീസ്രവത്തിന്‌ ദുര്‍ഗന്ധമോ നിറവ്യത്യാസമോ വരുന്നത് ഫംഗസ്‌ ബാധയുടെ ലക്ഷണമാകാം. ചിലപ്പോൾ പ്രമേഹബാധയുടെ ലക്ഷണമായും ചൊറിച്ചിൽ വരാം.

∙ യോനി ഭാഗം വൃത്തിയായി സൂക്ഷിക്കണം. ദിവസത്തിൽ ര ണ്ടു പ്രാവശ്യമെങ്കിലും ശുദ്ധജലത്തില്‍ കഴുകി തുടച്ചു വൃത്തിയാക്കുക, കോട്ടൻ അടിവസ്‌ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക.

∙ രോമങ്ങൾ യഥാസമയം നീക്കുന്നത് സ്രവങ്ങളും മറ്റും കെ      ട്ടിനിന്ന് ദുർഗന്ധവും അണുബാധയും ഉണ്ടാകുന്നത് തടയും. ചൊറിച്ചിൽ കൂടുതലുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം പൗഡറോ പുരട്ടാനുള്ള മരുന്നുകളോ ഉപയോഗിക്കാം.

∙ യോനീസ്രവങ്ങള്‍ കൂടുതലാണെങ്കിൽ പാഡ്‌ ഉപയോഗിക്കാം. നനഞ്ഞ പാഡുകള്‍ ഇടയ്ക്കിടെ മാറ്റുകയും വേണം.

നടുവ് ‘ഒടിഞ്ഞു’ പോകുമല്ലോ

മിക്ക ഗര്‍ഭിണികളിലും ഗര്‍ഭകാലത്തു നടുവേദന വരാറുണ്ട്‌. ഗര്‍ഭാശയത്തിന്റെ വലുപ്പവും ശരീരഭാരം കൂടുന്നതുമൊക്കൊണ് ഇതിനു കാരണം.

∙ പ്രസവത്തോട് അടുക്കുമ്പോൾ ഇടുപ്പിലെയും മറ്റും സന്ധികൾ അയയുന്നത് ചിലർക്കു നടുവേദനയുണ്ടാക്കും. നിൽക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ശരിയായ പൊസിഷൻ പാലിക്കാത്തതും ഒരുപാട്‌ സമയം നില്‍ക്കുന്നതും ഹീലുള്ള ചെരിപ്പ് ഇടുന്നതും നടുവേദനയ്ക്കു കാരണമാകാം.

∙ ഓഫിസ്‌ ജോലിക്കായി ദീര്‍ഘനേരം ഒരേയിരുപ്പ് വേണ്ട. ഇ ടയ്ക്ക് അൽപം നടന്നശേഷം വീണ്ടും ഇരുന്ന് ജോലി തുടരാം. അധികസമയം നിന്നുകൊണ്ടുള്ള ജോലികളും ഒഴിവാക്കണം.

∙ നില്‍ക്കുമ്പോള്‍ കാലുകൾ അൽപം അകറ്റിവച്ചു തന്നെ നി ൽക്കുക. അടുക്കളയില്‍ ഇരിക്കാന്‍ സൗകര്യത്തിന്‌ ഉറപ്പുള്ള കസേരയോ സ്‌റ്റൂളോ ഇടാം. ചെറുചൂടു വെള്ളത്തിൽ മുക്കിയ ടവൽ കൊണ്ടോ ഹോട്ട് വാട്ടർ ബാഗ് കൊണ്ടോ ചൂടു പിടിക്കുന്നത് നടുവേദനയ്ക്കും പുറംവേദനയ്ക്കും ആശ്വാസം നൽകും.

പ്രസവവേദനയേക്കാൾ വലിയ പല്ലുവേദന

preggnn543566

ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങൾ ഗർഭകാല പ ല്ലുവേദനയിൽ മുഖ്യ പങ്കുവഹിക്കുന്നുണ്ട്.

∙ ഛർദിക്കുമ്പോൾ വായിലെത്തുന്ന ആസിഡ് പല്ലുകളിൽ പ റ്റി അവയെ ദ്രവിപ്പിക്കാം. പ്രോജസ്‌റ്ററോണ്‍ ഹോര്‍മോൺ മോണയെ കൂടുതല്‍ മൃദുവാക്കുകയും രക്തസഞ്ചാരം വർധിപ്പിക്കുകയും ചെയ്യും. മോണവീക്കം ഉള്ള ഗര്‍ഭിണികളില്‍ ഇതു മോണയില്‍ നിന്നുള്ള രക്തസ്രാവത്തിന് ഇടയാക്കും. ചുവന്നതും മൃദുലവുമായ മോണകള്‍, വായ്‌നാറ്റം, പല്ലു തേക്കുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവം തുടങ്ങിയവ കണ്ടാൽ ശ്രദ്ധിക്കണം.

∙ ഗര്‍ഭിണിയാകും മുന്‍പേ ദന്തസംരക്ഷണത്തിൽ കരുതൽ വേണം. രോഗങ്ങള്‍ ഉണ്ടെങ്കില്‍ നേരത്തെ തന്നെ ചികിത്സിച്ചു ഭേദമാക്കുന്നതാണു നല്ലത്.

∙ ഭക്ഷണ ശേഷം ഓരോ തവണയും വായ് നന്നായി കഴുകുകയോ പറ്റുമെങ്കിൽ ബ്രഷ് ചെയ്യുകയോ വേണം. പല്ലു തേക്കുമ്പോൾ ഓക്കാനവും ഛർദിയും വരുന്നുണ്ട് എന്നു കരുതി ബ്രഷിങ് ഒഴിവാക്കരുത്. പല്ലുകളും മോണയും നാക്കുമെല്ലാം നന്നായി വൃത്തിയാക്കണം. കാത്സ്യം ഗുളിക മുടങ്ങാതെ കഴിക്കണം. ഒപ്പം പാലും പാലുത്പന്നങ്ങളും കഴിക്കാം. ഗര്‍ഭകാലത്ത് മധുരം കുറയ്ക്കുന്നത് ദന്താരോഗ്യത്തിനു നല്ലതാണ്.

ഹൈ റിസ്ക് വിഭാഗം

ഗർഭിണിയാകാനുള്ള ഐഡിയൽ പ്രായത്തിനു പുറത്ത് ഗർഭം ധരിക്കുന്നവരെയും  ഹൈ റിസ്ക് ഗണത്തിലാണ്  പെടുത്തി   യിട്ടുള്ളത്. കൗമാരപ്രായത്തിൽ ഗർഭിണിയാകുന്നതും 35 വ യസ്സിനു ശേഷം ഗർഭം ധരിക്കുന്നതും ഇതിൽ പെടും. അമിതവണ്ണമുള്ളവർ, പ്രമേഹ ബാധിതർ, ഹൈപ്പർ ടെൻഷൻ, തൈറോയ്ഡ് രോഗങ്ങൾ, അപസ്മാരം, ഹൃദയവാൽവ് തകരാർ, ബ്രോങ്കിയൽ ആസ്മ തുടങ്ങിയവയ്ക്കു മരുന്നു കഴിക്കുന്നവരും ഹൈ റിസ്ക് ഗർഭിണികളാണ്.  ഒന്നിലേറെ കുഞ്ഞുങ്ങളെ  ഗർഭം  ധരിക്കുന്നതും, മുൻപ് അബോർഷൻ നടന്നിട്ടുള്ളവരും, രണ്ടോ അതിലധികമോ പ്രാവശ്യം സിസേറിയൻ നടത്തിയിട്ടുള്ളവരും പ്രത്യേക ശ്രദ്ധയും കരുതലും വേണ്ടിവരുന്നവരിൽ പെടും.
∙ പെട്ടെന്നുള്ള ബ്ലീഡിങ്, കുഞ്ഞിന്റെ അനക്കം കുറയുകയോ തീരെ ഇല്ലാതാകുകയോ ചെയ്യുക, ഇടവിട്ടുള്ള തലവേദന, ദേഹമാസകലം നീരുവരിക, കടുത്ത ഓക്കാനവും ഛര്‍ദ്ദിയും, ആംനിയോട്ടിക് ഫ്ലൂയിഡ് ലീക്ക്, മാസം തികയും മുൻപേ  അനുഭവപ്പെടുന്ന പ്രസവവേദന എന്നിവ കണ്ടാൽ എത്രയും വേഗം ആശുപത്രിയിലെത്തണം.

സീറോ സൈസ് വേണോ

ഗർഭകാലത്ത് തൂക്കം സ്വാഭാവികമായും കൂടും. എന്നാൽ അമിതവണ്ണമുള്ളവർ ഗർഭിണിയാകുമ്പോഴും ഗർഭകാലത്ത് അമിതമായി വണ്ണം കൂടുന്നതും സൂക്ഷിക്കണം.

∙ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടർന്ന് ഗർഭകാലത്ത് 12 മുതൽ 15 കിലോ വരെ തൂക്കം കൂടിയാൽ മതിയാകും. ഉപ്പിന്റെ ഉപയോഗത്തിലും നിയന്ത്രണം വയ്ക്കണം.

∙ വണ്ണം കൂടുന്നതാണോ നീർക്കെട്ട് ആണോ എന്നു ശ്രദ്ധിക്കണം. അമിതവണ്ണം ഉണ്ടാകുന്നത് പ്രമേഹം, രക്താതിമര്‍ദം എന്നിവയ്ക്കു കാരണമാകാം. കാലിലും സന്ധികളിലുമുള്ള നീര്, തലവേദന തുടങ്ങിയവ രക്തസമ്മര്‍ദം കൂടുന്ന തിന്റെ ലക്ഷണമാകാം. ആഹാര നിയന്ത്രണത്തിലൂടെ അമിതവണ്ണം നിയന്ത്രിക്കാം. രക്താതിമർദത്തിനു മരുന്നു കഴിച്ചില്ലെങ്കിൽ ഗർഭാവസ്ഥയിൽ ഫിറ്റ്സ് വരാനും സാധ്യതയുണ്ട്.

ഷുഗർ ലേശം കൂടുതലാ

രണ്ടുതരത്തിൽ ഗർഭകാലത്തു പ്രമേഹം വരാം. നേരത്തെതന്നെ പ്രമേഹബാധയുള്ള സ്ത്രീ ഗര്‍ഭിണിയാകുന്നതാണ് ആദ്യത്തെ രീതി. ഗര്‍ഭാവസ്ഥയില്‍ മാത്രം പ്രമേഹം ഉണ്ടാ കുകയും ചെയ്യാം.

∙ ഗർഭകാലത്തിന്റെ ആദ്യ മൂന്നുമാസത്തിൽ അമ്മയ്ക്കു പ്ര  മേഹമുണ്ടെങ്കിൽ കുഞ്ഞിന് അംഗവൈകല്യം വരെ സംഭവിക്കാം. ഗർഭിണിയാകും മുൻപേ പ്രമേഹം നിയന്ത്രണവിധേയം ആക്കണം. ഗർഭകാലത്തു പ്രമേഹം വന്നാൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകളും കഴിക്കണം.

∙ ക്രമപ്പെടുത്തിയ ജീവിതശൈലിയും ലഘുവ്യായാമങ്ങളും പ്രമേഹനിയന്ത്രണത്തിന് അനിവാര്യമാണ്. പ്രധാനഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. ദിവസം ആറ്– ഏഴു പ്രാവശ്യമായി ഭക്ഷണം കഴിക്കുന്നതാണു നല്ലത്. ഇതുമൂലം ഭക്ഷണശേഷം രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നത് തടയാനാകും.

∙ അധികം മധുരമില്ലാത്ത പഴങ്ങളും ധാരാളം പച്ചക്കറികളും കഴിക്കണം. നാരുകൾ അടങ്ങിയ മുഴുധാന്യങ്ങളും പയർ, പരിപ്പുവർഗങ്ങളും കഴിക്കണം. ലഘുവ്യായാമങ്ങളും നടപ്പും മുടങ്ങരുത്. ഷുഗർ നില നിയന്ത്രിക്കാനാകാതെ വന്നാൽ ഇൻസുലിൻ വേണ്ടിവരും. ഇതിനായി ഡോക്ടറുടെ നിർദേശപ്രകാരം രക്തപരിശോധന നടത്തണം.

എന്തൊരു ചൂട്, എന്തൊരു തണുപ്പ്

bhvhvgff665677

രാവിലെ ഉണർന്നെണീറ്റാലും ക്ഷീണം, ചൂടും തണുപ്പും സ ഹിക്കായ്ക, മുടികൊഴിച്ചിൽ, ആകെ വിഷാദമൂകമായ മൂഡ്... ഇവയൊക്കെ തൈറോയ്ഡ് ഹോർമോണിന്റെ പ്രവർത്തനം കൊണ്ടാകാം.

∙ തൈറോയിഡ് രോഗങ്ങൾ രണ്ടുതരത്തിൽ വരാം. നേരത്തേ തന്നെ രോഗമുള്ള സ്ത്രീ ഗർഭിണിയാകുന്നതും, ഗർഭകാലത്തു തൈറോയ്ഡ് രോഗബാധ വരുന്നതുമാണ് ഇവ. ഗര്‍ഭിണിയില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ കൂടുകയോ കുറയുകയോ ചെയ്യുന്നത് (ഹൈപ്പോ തൈറോയിഡിസവും ഹൈപ്പർ തൈറോയിഡിസവും) അബോർഷനു കാരണമാകാം.

∙ കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ ഗർഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തെ വരെ സാരമായി ബാധിക്കാം. മാസം തികയാതെയുള്ള പ്രസവം, പ്രസവാനന്തര രക്തസ്രാവം എന്നിവയ്ക്കും ഇതു കാരണമാകാം. ഡോക്ടറുടെ നിർദേശപ്രകാരം രക്തപരിശോധനകൾ നടത്തി മരുന്നുകൾ കഴി ക്കുന്നതാണ് ഇതിനുള്ള പരിഹാരം.

ഇതിപ്പോ വേണമായിരുന്നോ?

ഗർഭിണിയാണെന്നു അറിഞ്ഞാലും അതുമായി പൊരുത്തപ്പെടാനാകാതെ വരുന്നവരുണ്ട്. ഇപ്പോൾ ഗർഭിണി ആകണമായിരുന്നോ, വയറിലെ ചുളിവുകള്‍ തുടങ്ങി ജനിക്കാനിരിക്കുന്ന കുഞ്ഞിനെ ഓർത്തുമുള്ള ആശങ്കകൾ വരെ ലിസ്റ്റിലുണ്ടാകും.

∙ ഗർഭകാലം വൈകാരിക മാറ്റങ്ങളുടെ കൂടി കാലമാണ്. അമ്മയാകാന്‍ പോകുന്നതിന്റെ ആശങ്കകൾ ചിലരിലെങ്കിലും ഉത്‌കണ്‌ഠ നിറയ്‌ക്കും. ഗർഭവും പ്രസവവുമൊക്കെ സൗന്ദര്യപരമായി കാണുന്നവരുമുണ്ട്. ദേഷ്യം, സങ്കടം തുടങ്ങിയവ ഇവ കൂടുന്നതു നല്ല ലക്ഷണമല്ല. ഗര്‍ഭകാലത്തെ മാനസിക പിരിമുറുക്കം രക്തത്തിലെ ഓക്സിജന്റെ അളവു കുറയ്ക്കും. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ പോലും ബാധിക്കാം.

∙ സമ്മർദമകറ്റാൻ ഭർത്താവിന്റെയും കുടുംബത്തിന്റെയും  സാമീപ്യവും ഇടപെടലുകളും ഗുണം ചെയ്യും. എപ്പോഴും സ ന്തോഷത്തോടെ ഇരിക്കാനും ബോധപൂര്‍വം ശ്രദ്ധിക്കണം.

പുസ്തകവായന, പാട്ടു കേള്‍ക്കല്‍, ഹോബികൾ തിരികെ കൊണ്ടുവരൽ, ഗാർഡനിങ്, മെഡിറ്റേഷൻ, യോഗ പോലുള്ളവ ഗുണം ചെയ്യും.

അബോർഷൻ സാധ്യതകൾ

ഗര്‍ഭധാരണം നടന്നശേഷം പതിനഞ്ച്‌ മുതല്‍ ഇരുപതു ശത മാനം പേരില്‍ അബോര്‍ഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ആ ദ്യത്തെ പത്ത്‌ ആഴ്‌ചയ്‌ക്കുള്ളിലുണ്ടാകുന്ന ഈ അബോര്‍ഷനെ ക്ലിനിക്കല്‍ അബോര്‍ഷന്‍ എന്നാണ്‌ പറയുന്നത്‌.

∙ ഗര്‍ഭാശയമുഴകള്‍, അണ്ഡത്തിന്റെയോ ബീജത്തിന്റെയോ തകരാറുകള്‍, ഹോര്‍മോണ്‍ വ്യതിയാനം, അമ്മയുടെ അനാരോഗ്യം തുടങ്ങിയവയൊക്കെ അബോർഷനു കാരണമാകാം.

∙ അണ്ഡാശയ കുഴലില്‍ ഭ്രൂണം വളരുന്നതാണ് ട്യൂബൽ പ്രഗ്‌നൻസി. തുടക്കത്തിലേ കണ്ടെത്തിയില്ലെങ്കില്‍ ഭ്രൂണവളർച്ചയുടെ ഘട്ടങ്ങൾ പുരോഗമിക്കുന്നതോടെ അണ്ഡവാഹിനിക്കുഴല്‍ പൊട്ടാനും ആന്തരിക രക്തസ്രാവമുണ്ടായി മരണം വരെ സംഭവിക്കാനും ഇത് ഇടയാക്കാം.

ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി സ്കാനിങ് നടത്തുന്നതിലൂടെ ട്യൂബുലർ പ്രഗ്‌നൻസി കണ്ടെത്താം.

പരിശോധനകൾ കൃത്യമായി

ഗർഭിണിയാകുമ്പോൾ ഡോക്ടറെ കാണണമെന്നു പറയുന്നതു രണ്ടു കാരണങ്ങൾ കൊണ്ടാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതും സുരക്ഷിതമായി നിലനിർത്തലുമാണ് ആദ്യത്തെ കാരണം.

കൃത്യമായ പരിശോധനകളിലൂടെ ഹൈ റിസ്ക് പ്രഗ് നൻസി നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കലും സങ്കീർണത പരിഹരിക്കലുമാണ് രണ്ടാമത്തെ കാരണം.

ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഗർഭകാലത്തു കുറഞ്ഞത് എട്ടു പ്രാവശ്യമെങ്കിലും ഡോക്ടറെ കാണണം. ഹൈ റിസ്ക് വിഭാഗത്തിൽ പെടുത്താവുന്ന ഗ ർഭിണികൾക്ക് ഈ എണ്ണത്തിൽ വ്യത്യാസം വരും.

ആർത്തവം വരാതിരിക്കുകയും ഗർഭിണിയാണെന്നു  പ രിശോധനയിലൂടെ തെളിയുകയും ചെയ്താലുടൻ തന്നെ ആദ്യത്തെ ‘ഡോക്ടർ വിസിറ്റ്’ നടത്തണം.

ഇതിനൊപ്പമാണ് ആദ്യ അൾട്രാ സൗണ്ട് സ്കാനിങ് നടത്തേണ്ടത്. ഏഴുമാസം വരെ മാസത്തിൽ ഒരു വട്ടം വീതം പരിശോധന നടത്തണം.

എട്ടാം മാസത്തിൽ രണ്ടാഴ്ചയിലൊരിക്കലാണ് ഡോക്ടറെ കാണേണ്ടത്. അതിനു ശേഷം ആഴ്ചയിലൊരിക്കലും. രക്തപരിശോധന മുടക്കരുത്.

ഗർഭിണിക്കു കോവിഡ് വന്നാൽ

ഗർഭിണിക്കു മറ്റു രോഗങ്ങൾ പോലെ തന്നെ കോവിഡ് രോഗഭീതിയും ഇനി പ്രതീക്ഷിക്കാം. ഗർഭകാലത്ത് കോവിഡ് ബാധിച്ചാൽ കുഞ്ഞിനു തൂക്കകുറവ്, മഞ്ഞപിത്തം എന്നിവ വരാം. രോഗം വഷളായാൽ രക്തസ്രാവം, അംനിയോട്ടിക് ഫ്ലൂയിഡ് ലീക്ക്, മാസം തികയാതെയുള്ള പ്രസവം, അ ബോർഷൻ തുടങ്ങിയവയും സംഭവിച്ചേക്കാം.

ഗർഭിണികൾക്കു വാക്സിനേഷൻ എടുക്കാൻ സാധിക്കാത്തതിനാൽ ഗർഭകാലത്തും മുലയൂട്ടുന്ന കാലത്തും കോവിഡ് ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആശുപത്രി സന്ദർശനം നടത്തുക. കഴിവതും സ്വന്തം വാഹനത്തിൽ തന്നെ യാത്ര ചെയ്യണം. വീട്ടിലേക്കു ബന്ധുക്കളും മറ്റും ഗർഭിണിയെ കാണാനെത്തുന്നത് സ്നേഹപൂർവം ഒഴിവാക്കുക. വീട്ടിലുള്ളവർ പുറത്തു പോയി വന്നാൽ കുളിച്ച ശേഷം മാത്രം അവരുടെ അരികിലെത്തുക.

കടുത്ത ചുമ, പനി, ശ്വാസംമുട്ടൽ തുടങ്ങിയ രോഗല  ക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ നിർദേശപ്രകാരം  കോവിഡ് പരിശോധന നടത്താൻ മടിക്കരുത്.

എന്താണു ‘വ്യാക്കൂണ്‍’

ഗർഭിണിയായ ഭാര്യയ്ക്കു വേണ്ടി രഹസ്യമായി മസാലദോശ വാങ്ങിവരുന്ന ‘സിനിമാ ഭർത്താക്കന്മാരെ’ കണ്ടിട്ടില്ലേ. ഗര്‍ഭിണികൾക്കു ചില പ്രത്യേകതരം ഭക്ഷണങ്ങളോടു കൊതി  തോന്നുന്നത്‌ സ്വാഭാവികമാണ്‌. ചിലർക്കെങ്കിലും ഭക്ഷ്യയോഗ്യമല്ലാത്തവയോടും കൊതി വ രാം. ഹോർമോൺ വ്യതിയാനങ്ങൾ തന്നെയാണ് ഈ മാറ്റത്തിനു പിന്നിലും.

shutterstock_1038118966

ഗർഭിണിയുടെയും  ഗർഭസ്ഥ ശിശുവിന്റെയും ആ രോഗ്യത്തിനു ഹാനികരമല്ലാത്ത ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ല. കാർബണേറ്റഡ് ഡ്രിങ്ക്സ്, ഫാസ്റ്റ് ഫൂഡ്, ജങ്ക് ഫൂഡ് തുടങ്ങിയവയോടുള്ള കൊതി ശരീരത്തിന് അത്ര നല്ലതല്ല.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ഗർഭകാലത്ത് യാത്ര ചെയ്യുന്നതിനു പ്രശ്നമൊന്നും ഇ ല്ലെങ്കിലും ഇരുചക്രവാഹനവും ഓട്ടോറിക്ഷയും ഒഴിവാക്കണമെന്നു നിർദേശിക്കാറുണ്ട്. ആദ്യ മൂന്നു മാസവും അവസാന മൂന്നു മാസവും വിമാനയാത്രയും ഒഴിവാക്കണം.

കാറിലാണ് യാത്രയെങ്കിൽ സീറ്റ്‌ ബെൽറ്റ്‌ നിർബന്ധമായും ധരിക്കുക. ആദ്യ മൂന്നു മാസം വരെ ഗർഭപാത്രം ഇടുപ്പെല്ലിന്റെ ഉള്ളിലാകും. ഗർഭകാലം പുരോഗമിക്കുന്നതോടെ ഗർഭപാത്രം വയറിലേക്ക് ഉയരും. ഇതു മനസ്സിൽ വച്ച്, താഴ്ഭാഗം വയറിനു താഴെ ഇടുപ്പെല്ലിനോടു ചേർത്തും മുകൾഭാഗം വയറിനു മുകളിലായും വരത്തക്ക വിധത്തിൽ വേണം സീറ്റ് ബെൽറ്റ് ഇടാൻ.

അയവുള്ള കോട്ടൻ വസ്ത്രങ്ങളാണു നല്ലത്. നീണ്ട യാത്രയാണെങ്കിൽ ഒറ്റയിരുപ്പ് നല്ലതല്ല. ഇടയ്ക്ക് കാർ നിർത്തി അൽപം നടക്കണം. കാലുകൾ മടക്കിയും നിവർത്തിയും വ്യായാമവും നൽകണം.

സ്കാനിങ്ങും വാക്സിനേഷനും

ഗർഭിണി ആണെന്ന് അറിഞ്ഞാലുടൻ ആദ്യ സ്കാനിങ് നടത്തണം. ഭ്രൂണത്തിന്റെ വളർച്ച, പൊസിഷൻ, ക്രോമസോമൽ വൈകല്യങ്ങൾ, ട്യൂബൽ പ്രഗ്നൻസി തുടങ്ങിയവ മുതൽ ഗർഭസ്ഥശിശുവിന്റെ വൈകല്യങ്ങൾ വരെ സ്കാനിങ്ങിലൂടെ കണ്ടെത്തി പരിഹരിക്കാം. ഗർഭകാലത്ത് കുറഞ്ഞത് മൂന്നു സ്കാനിങ് എങ്കിലും നടത്തണം.

ആദ്യ മൂന്നു മാസം ഫോളിക് ആസിഡ് ഗുളികകളും അതിനു ശേഷം അയൺ, കാത്സ്യം സപ്ലിമെന്റുകളും ഗർഭിണി കഴിക്കണം. ടിടി കുത്തിവയ്പിന്റെ രണ്ടു ഡോസും ഈ കാലയളവിൽ എടുക്കണം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. റാണി ലക്ഷ്മി, അസിസ്റ്റന്റ് പ്രഫസർ, ഡിപ്പാർട്മെന്റ് ഓഫ് ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കോട്ടയം. ഡോ.സിതാര ഷിജു, ഗൈനക്കോളജിസ്റ്റ്, ശാസ്താംകോട്ട താലൂക്ക് ആശുപത്രി, കൊല്ലം

Tags:
  • Mummy and Me
  • Parenting Tips