Friday 09 April 2021 02:58 PM IST

‘പാടുകൾ വരുന്നത്, നീരുണ്ടാകുന്നത് എല്ലാം ഗർഭകാലത്തിന്റെ ഭാഗമാണ്; വണ്ണം കൂടിക്കോട്ടേ, എന്തിനാണ് ടെൻഷനടിക്കുന്നത്?’: ഗർഭകാലം ആഘോഷമാക്കിയ രേഷ്മ പറയുന്നു

Lakshmi Premkumar

Sub Editor

reshmannnnsebaa

ഇഷ്ടങ്ങളെല്ലാം മാറ്റിവച്ച് സദാ ജാഗ്രതയോടെ ഇരിക്കേണ്ട കാലഘട്ടമാണ് ഗർഭകാലം എന്ന ധാരണയെ തിരുത്തിയെഴുതുകയാണ് പുതിയ ചില അമ്മമാർ. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അനുഗ്രഹമാണ് ഗർഭകാലം എന്ന് ചിന്തിക്കുന്നവർ. ഭർത്താവിനോടും ഉള്ളിൽ വളരുന്ന കുഞ്ഞിനോടുമൊത്ത് ഗർഭകാലം ആഘോഷമാക്കി മാറ്റുകയാണ് ഇവർ. ഇളം കാറ്റുപോലെ നൃത്തം ചെയ്യുന്നവർ, ചിത്രശലഭത്തെ പോലെ യാത്രകൾ നടത്തി പറന്നു നടക്കുന്നവർ... ഉള്ളിലെ പൊന്നോമന ഇതൊക്കെ തൊട്ടറിഞ്ഞ് കൈകാലുകളിളക്കി സന്തോഷിക്കുമ്പോൾ പിന്നെന്തിന് ഇഷ്ടങ്ങളോട് ‘റെഡ് സൈൻ’ കാണിക്കണം എന്നാണ്  ഇവർ ചോദിക്കുന്നത്. ഒൻപത് മാസക്കാലം ഭംഗിയായി പ്ലാൻ ചെയ്ത് ആഘോഷമാക്കി മാറ്റിയ രേഷ്മ സെബാസ്റ്റ്യനെ പരിചയപ്പെടാം

മോഡലിങ് ആണ് എന്റെ പ്രഫഷൻ. എത്രയോ പേര് ചോദിച്ചിട്ടുണ്ട് ഗർഭകാലത്ത് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ഓർത്ത് ടെൻഷനടിച്ചിട്ടുണ്ടോയെന്ന്. പക്ഷേ , ഒരു തരിപോലും ഞാൻ  ടെൻഷനടിച്ചിട്ടില്ല.  

ഗർഭകാലം എത്രത്തോളം സുന്ദരമാണെന്ന് മറ്റുള്ളവർക്ക് കൂടി തോന്നാനാണ് ഫോട്ടോഷൂട്ട് പോലും ചെയ്തത്. ഇത് കരിയറിന്റെ അവസാനമാണ് എന്നല്ല, ജീവിതത്തിൽ ചില പുതിയ കാര്യങ്ങളുടെ തുടക്കമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

വിവാഹശേഷം അഞ്ച് വർഷം കഴിഞ്ഞാണ് ഞങ്ങൾക്ക് കുഞ്ഞുണ്ടാകുന്നത്. ഗർഭകാലം വൈകിയാൽ ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന് പലരും ഒാർമിപ്പിച്ചു. പക്ഷേ, ഒരു കുഞ്ഞിനെ ഏറ്റവും സ്നേഹത്തോടെയും സന്തോഷത്തോടെയും കൺസീവ് ചെയ്യാനും വളർത്താനും കഴിയുന്ന സമയത്ത് മാത്രമേ അതിനായി ശ്രമിക്കൂ എന്ന് ഞാനും ഭർത്താവ് ജിനുവും തീരുമാനിച്ചതായിരുന്നു.

ഗർഭിണിയായ സമയത്ത് ഞങ്ങൾ ജർമനിയിലായിരുന്നു. മൂന്നാം മാസമാണ് നാട്ടിലേക്ക് വന്നത്. ആ സമയത്ത് കോവിഡും ലോക്‌ഡൗണുമൊക്കെയായി.

UNADJUSTEDNONb

ഒൻപതാം മാസത്തിലെ ഫോട്ടോഷൂട്ട്

പരസ്യങ്ങളുടെ ക്രിയേറ്റിവ് കൺസല്‍റ്റൻസിയും ഞാൻ ചെയ്യുന്നുണ്ട്. പരസ്യചിത്രങ്ങളുടെ ഷൂട്ടിനു വേണ്ട നിർദേശങ്ങൾ നൽകുക. അത് ഒാൺലൈനായി വീട്ടിലിരുന്ന് ചെയ്തു. ഒപ്പം വീട്ടിലെ മറ്റു ജോലികളും.

പാട്ട് കേട്ടും ഇഷ്ടമുള്ളതെല്ലാം വായിച്ചും നല്ല സിനിമ കണ്ടും നല്ലൊരു പൊസിറ്റീവ് അന്തരീക്ഷം കുഞ്ഞിനായി സൃഷ്ടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അതിനൊപ്പം മെഡിറ്റേഷനും വ്യായാമവും. ‌ഞങ്ങൾ പരസ്പരം ഏറ്റവും ബഹുമാനിച്ച സമയവും കൂടിയായിരുന്നു അത്.

ഗർഭാവസ്ഥ എന്നത് ജീവിതത്തിലെ ഏറ്റവും നല്ല കാലമാണ്. ശരീരത്തിൽ മാറ്റങ്ങളുണ്ടാകുന്നത്, പാടുകൾ വരുന്നത്, നീരുണ്ടാകുന്നത് എല്ലാം ഗർഭകാലത്തിന്റെ ഭാഗമാണ്. വണ്ണം കൂടിക്കോട്ടേ, എന്തിനാണ് ടെൻഷനടിക്കുന്നത് ?

ഒൻപതാം മാസത്തിലാണ് ഞങ്ങൾ ഒരു ഫോട്ടോഷൂട്ട് നടത്തിയത്. വയറ് ആരേയും കാണിക്കരുത്, ഗർഭിണിയാണെന്ന് ആരോടും പറയരുത് എന്നൊക്കെ പറയുന്നവരോട് ഞാൻ ചിന്തിക്കുന്നത് നേരെ മറിച്ചാണ് എന്നു പറയണമെന്ന് തോന്നി. വയറിൽ വരുന്ന സ്ട്രച് മാർക് പോലും എനിക്ക് സന്തോഷമായിരുന്നു. അതിനെ ഒരു അഭംഗി എന്നതിനപ്പുറം  അമ്മയായതിന്റെ മധുരമുള്ള അടയാളമായിട്ടാണ് ഞാൻ കണ്ടത്.            

പൂർണ ഗർഭിണിയായിരിക്കെ തന്നെ എനിക്ക് ഏറ്റവും മനോഹരിയായ മോഡലാകാനും കഴിഞ്ഞു. അമ്മയാകാൻ ഒരുങ്ങി നിൽക്കുന്ന മനസ്സുകൾ എത്രത്തോളം ഗ്രേസ്ഫുൾ ആണെന്നു കൂടിയാണ് ആ ചിത്രങ്ങൾ പറയുന്നത്.  

ഫോട്ടോഷൂട്ട് കണ്ട് സുഹൃത്തുക്കൾ മെസേജ് അയച്ചു. ഞങ്ങൾക്കും ഒരമ്മയാകാൻ കൊതിയാകുന്നു എന്ന്. അതുതന്നെയാണ് ഞാൻ പകരാൻ കൊതിച്ച സന്ദേശവും. 2020 ജൂലൈ ആറിനാണ് മോളുണ്ടായത്. എസ്തർ എന്നാണ് പേര്.

reshma-mom-(11)
Tags:
  • Mummy and Me