Friday 22 April 2022 02:26 PM IST

നോ പറയാൻ മടി വേണ്ട; സുരക്ഷിതരായിരിക്കാൻ കുട്ടികളെ പഠിപ്പിക്കാം...

Ammu Joas

Sub Editor

say-no-to-bad--touch-cover
Illustration: Anjana

വഴിയിലൂടെ നടക്കുമ്പോൾ സുരക്ഷിതരായിക്കാൻ കുട്ടികൾക്ക് മാതാപിതാക്കളും ടീച്ചർമാരുമൊക്കെ ചില നിർദേശങ്ങൾ നൽകാറില്ലേ. ഇരുവശത്തേക്കും നോക്കി വണ്ടിയില്ലെന്ന് ഉറപ്പായാലെ വഴി മുറിച്ചു കടക്കാവൂ, ഫൂട്പാത്തിലൂടെ സുരക്ഷിതരായി നടക്കണം, ട്രാഫിക് സിഗ്‌നൽ ശ്രദ്ധിക്കണം... ഈ റോഡ് സുരക്ഷാ നിയമങ്ങൾ പോലെ തന്നെ ടുട്ടികളുടെ ശരീരത്തിനും അവർക്കു തന്നെയും അപകടം ഉണ്ടാകിതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില ‘ബോഡി സേഫ്റ്റി റൂൾസ്’ ഉണ്ട്. അതിനാദ്യം കുട്ടികൾക്ക് അവരുടെ ശരീരത്തെപ്പറ്റി ശരിയായ അവബോധം നൽകണം. 

മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിക്കാനോ, അവർക്കു തൊടാനോ അനുവാദമില്ലാത്ത നമ്മുടെ മാത്രം സ്വകാര്യഭാഗങ്ങളുണ്ട് ശരീരത്തിൽ. അതായത് നമുക്കു ഇഷ്ടമില്ലാത്ത രീതിയിൽ ആർക്കും തൊടാൻ അനുവാദമില്ലാത്ത നമ്മുടെ സ്വന്തം ‘സീക്രട് പാർട്സ്’. ഇത്തരത്തിൽ നാലു സീക്രട് പാർട്സ് ആണുള്ളത്, ചുണ്ട് (ലിപ്സ്), നെഞ്ച് (ചെസ്റ്റ്), കാലിനിടയിൽ അടിവസ്ത്രം ധരിക്കുന്ന ഭാഗം, പിൻഭാഗം (ബട്ടക്സ്). സുരക്ഷിതമായ സ്പർശവും സുരക്ഷിതമല്ലാത്ത സ്പർശനവും എന്താണെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം.

സേഫ് ടച്ച് / സുരക്ഷിത സ്പർശം

അമ്മയോ അച്ഛനോ കെട്ടിപ്പിടിച്ച് ഉമ്മ തരുമ്പോൾ സന്തോഷം തോന്നില്ലേ. നമ്മളോട് ഒത്തിരി സ്നേഹമുള്ള നമ്മളെ എപ്പോഴും ഓമനിക്കുന്ന മുത്തച്ഛന്റെയും മുത്തശ്ശിയുടെയും മടിയിൽ ഇരിക്കുമ്പോഴും ഇതേ സന്തോഷമാണ്. വീട്ടിൽ ഒരു എട്ടുകാലിയെ കണ്ട് പേടിച്ചാൽ അമ്മയുടെയോ അച്ഛന്റെയോ തോളിൽ ചാടിക്കയറും. കാരണം നമുക്കറിയാം അവരുടെ അടുത്താണ് നമ്മൾ സുരക്ഷിതരെന്ന്. മാതാപിതാക്കളെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ പെട്ടെന്നുറങ്ങുന്നത് അവരടുത്തുള്ളപ്പോൾ ഒന്നും പേടിക്കാനില്ല എന്ന സേഫ് ഫീലിങ് ഉള്ളതുകൊണ്ടാണ്. ഇതേപോലെ നമുക്കു സുരക്ഷിതത്വവും സന്തോഷവും തരുന്ന സ്പർശങ്ങളെയാണ് സേഫ് ടച്ച് എന്നു പറയുന്നത്.

അച്ഛനോ, അമ്മയോ, അമ്മൂമ്മയോ, അപ്പൂപ്പനോ, സഹോദരങ്ങളോ കുളിപ്പിച്ചു തരുമ്പോൾ സീക്രട് പാർട്സിൽ തൊടുന്നതോ, രോഗം വന്ന് ചികിത്സയ്ക്കായി ചെല്ലുമ്പോൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഡോക്ടർ തൊടുന്നതോ ഒന്നും തെറ്റല്ല. എന്നാൽ ഇത്തരം സ്പർശങ്ങൾ കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടാക്കുകയുമരുത്.

അൺസേഫ്/ സുരക്ഷിതമല്ലാത്ത സ്പർശം

സുരക്ഷിതത്വവും സന്തോഷവും തോന്നാത്ത സ്പർശമാണ് അൺസേഫ് ടച്ച്. അത് സീക്രട് പാർട്സിൽ മാത്രമാകണമെന്നില്ല, നിങ്ങളുടെ ശരീരഭാഗത്ത് എവിടെയുമാകാം.

∙ ഒരാൾ തൊടുമ്പോൾ നിങ്ങൾക്കു വേദനിക്കുന്നുണ്ടെങ്കിൽ അത് സുരക്ഷിത സ്പർശനമല്ല. അസ്വസ്ഥതയോ, പേടിയോ തോന്നുന്നുണ്ടെങ്കിലും അൺസേഫ് ടച്ച് ആണ്.

∙ നിങ്ങളെ ആരെങ്കിലും തൊട്ടശേഷം ആരോടും പറയരുത്, രഹസ്യമായി വയ്ക്കണം എന്നു പറഞ്ഞെങ്കിൽ അ തും ശരിയല്ല. ചിലർ പേടിപ്പിച്ചെന്നു വരും, ആരോടെങ്കിലും പറഞ്ഞാൽ അടിക്കും, കൊല്ലും, അച്ഛനെയും അമ്മയെയും ഉപദ്രവിക്കും എന്നൊക്കെ. ഇത്തരം ഭീഷണികൾ ഉണ്ടായാൽ അവർ തെറ്റു ചെയ്തിട്ടുണ്ടെന്ന് തിരിച്ചറിയണം. ആ പേടി കൊണ്ടാണ് അങ്ങനെയൊക്കെ പറയുന്നത്. അപ്പോൾ നമുക്കു വിശ്വാസമുള്ള മുതിർന്നവരോട് ഉണ്ടായ സംഭവങ്ങൾ പറയണം.

∙ ചിലർ സുരക്ഷിതമല്ലാത്ത വിധം സ്പർശിച്ചശേഷം ഭീഷണിപ്പെടുത്തില്ല. സ്നേഹത്തിൽ പറയും, ‘ആരോടും പറയല്ലേ, ഇതു നമ്മുടെ മാത്രം രഹസ്യമാണേ...’ ‘ ആരോടും പറയാതിരുന്നാൽ മോൾക്ക്/മോന് ഇഷ്ടമുള്ളതെല്ലാം വാങ്ങിത്തരാം...’ എന്നൊക്കെ. ഇത് അവരുടെ കള്ളത്തരമാണ്. അച്ഛനുമമ്മയും അറിയാത്ത ഒരു രഹസ്യവും നമുക്ക് വേണ്ട. നമുക്ക് വേണ്ടതെല്ലാം വാങ്ങിത്തരാനും അവരുണ്ട്.

∙ മറ്റൊരാളുടെ ശരീരത്തിൽ തൊടാൻ നിങ്ങളെ നിർബന്ധിക്കുന്നത് തെറ്റായ കാര്യമാണ്. അങ്ങനെ ആരെങ്കിലും തൊടാൻ പറഞ്ഞാൽ ചെയ്യുകയേ അരുത്.

ആരെങ്കിലും മോശമായി നമ്മളെ തൊട്ടാൽ....

say-no-to-bad--touch-parenting
Illustration: Anjana

∙ ഒരാൾ തൊടുമ്പോൾ സുരക്ഷിതമല്ലാത്ത സ്പർശനമായി തോന്നിയാൽ അരുത് എന്നു പറയാൻ മടിക്കരുത്. ‘എന്നെ തൊടുന്നത് എനിക്ക് ഇഷ്ടമല്ല’ എന്ന് ഉറക്കെ പറയണം. ഉറച്ച ശബ്ദത്തിൽ. അവരുടെ അടുത്തു നിന്നു എത്രയും വേഗം മാറി അച്ഛന്റെയോ അമ്മയുടെയോ സുരക്ഷയിലേക്ക് പോകുക. അവർ അടുത്തില്ലാത്ത സന്ദർഭമാണെങ്കിൽ അധ്യാപകരോടോ, പൊലീസിനോടോ പറയാം.

∙ നമ്മൾ ഒച്ച വയ്ക്കുമ്പോൾ അവർ പേടിക്കും, എന്നിട്ട് നമ്മളെ കടന്നു പിടിച്ചെന്നു വരാം. പിന്നെ, ഒന്നും നോക്കണ്ട, കയ്യും കാലും തുടർച്ചയായി ഇളക്കുക. അവരുടെ കാലിനിടയിലെ ഭാഗത്ത് ആഞ്ഞു ചവിട്ടുക, ഒപ്പം ഉറക്കെ ശബ്ദമുണ്ടാക്കുക.

∙ ചിലപ്പോൾ കസിൻസോ അങ്കിൾമാരോ നിങ്ങൾക്ക് നന്നായി അറിയുന്നോ ആളുകളോ തൊടുമ്പോഴും അൺസേഫ് ടച്ച് ആയി തോന്നാം. ആ തരത്തിൽ ആരു തൊട്ടാലും ‘വേണ്ട’ എന്നു പറയാൻ പേടിക്കുകയേ വേണ്ട.

സേഫായിരിക്കാൻ ചില വഴികൾ

∙ ബാത്റൂമിന്റെ വാതിൽ അടച്ചിട്ട ശേഷമല്ലേ വീട്ടിലെ മുതിർന്നവർ കുളിക്കുന്നത്, നമ്മളും അങ്ങനെ മതി. അച്ഛനും അമ്മയും കുളിപ്പിച്ചു തരികയാണെങ്കിൽ അവരോടും പറയണം വാതിൽ അടച്ച ശേഷം വസ്ത്രം മാറ്റി കുളിപ്പിച്ചാൽ മതിയെന്ന്. കുട്ടികൾക്കും വേണം പ്രൈവസി.

∙ വീട്ടിൽ നിന്നു പുറത്തു പോകാനായി വസ്ത്രം മാറ്റാനായാലും സ്വകാര്യതയുടെ കാര്യം മറക്കേണ്ട. മുറിയിൽ കയറി മറ്റാരും കാണാതെ സ്വകാര്യമായി ഡ്രസ്സ് മാറ്റിയിടാം. സഹായിക്കാനായി രക്ഷിതാക്കൾ ഉണ്ടെങ്കിലും പ്രൈവസി റൂൾ തെറ്റിക്കാൻ സമ്മതിക്കേണ്ട.

∙ ആരെങ്കിലും നമ്മുടെ മുന്നിൽ വച്ച് വസ്ത്രം മാറ്റിയാൽ തെറ്റാണെന്നു പറയണം. അത് ബാഡ് ഹാബിറ്റ് ആണെന്നു പറഞ്ഞ് അപ്പോ തന്നെ അവിടുന്നു മാറിയേക്കണം.

∙ ഓർക്കേണ്ട മറ്റൊരു പ്രധാനകാര്യമുണ്ട്. നമ്മുടെ ഇഷ്ടമില്ലാതെ ഒരാൾക്ക് നമ്മളെ സ്പർശിക്കാൻ അനുവാദമില്ലാത്തതു പോലെ, മറ്റൊരാളുടെ സമ്മതമില്ലാതെ അവരെയും സ്പർശിക്കരുത്. വളർന്നു വലുതായാലും...