Tuesday 10 August 2021 04:12 PM IST : By സ്വന്തം ലേഖകൻ

കുട്ടിയുടെ എല്ലാ ഇഷ്ടങ്ങൾക്കും ‘നോ’ പറയുന്ന മാതാപിതാക്കളാണോ നിങ്ങൾ? എങ്കിൽ സ്വയം മാറേണ്ട സമയമായി

child_says_yes

ഏറ്റവും കൂടുതൽ തവണ വീടുകളിൽ ഉയരുന്ന ശബ്ദം ഏതാണെന്നു നിരീക്ഷിച്ചാൽ അത് അമ്മയുടെയോ അച്ഛന്റേയോ ‘നോ’ ആകാനാണ് സാധ്യത. കുട്ടിയുടെ ഇഷ്ടങ്ങൾക്കെല്ലാം ‘നോ’ പറയുന്ന അച്ഛനമ്മമാരാണെങ്കിൽ ഓർത്തോളൂ, സ്വയം മാറേണ്ട സമയമായി. കുട്ടികളെ ഇനി മുതൽ അവരുടെ സന്തോഷത്തിനായി വളർത്താം. അതുവഴിയേ അവർക്ക് സ്വന്തം കഴിവുകൾ കണ്ടെത്താനും മിടുക്കരാകാനും കഴിയൂ.

അറിയട്ടെ സ്വാതന്ത്ര്യം

പ്രിയമുള്ള എന്തും ചെയ്യാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. കളിപ്പാട്ടത്തിന്റെ മോട്ടർ തുറന്നു നോക്കാനും മനസ്സിലാക്കാനും ചില കുട്ടികൾ ശ്രമിക്കും. അതു വഴക്കുപറഞ്ഞ് അവസാനിപ്പിക്കാതെ കൂടെ നിന്ന് മോട്ടർ എങ്ങനെ വണ്ടിയെ പ്രവർത്തിപ്പിക്കുന്നുവെന്നും ചക്രങ്ങൾക്കുണ്ടാകുന്ന മാറ്റമെന്താണെന്നും പറഞ്ഞു കൊടുക്കുക. യന്ത്രങ്ങളോടുള്ള താൽപര്യം ചെറുപ്പത്തിലെ നിരുത്സാഹപ്പെടുത്തരുത്, മറിച്ച് ആ താൽപര്യം വളർത്താൻ ശ്രമിക്കാം.

അരുത് എന്ന വാക്കിനെ മറക്കാം

കുട്ടി തനിക്ക് പ്രിയപ്പെട്ടത് ചെയ്യാൻ നോക്കുമ്പോൾ അപകടം പറ്റുമോ എന്ന ഭയം ഉണ്ടാകാം. കുട്ടിയുടെ പ്രവൃത്തിയെ വിലക്കുന്നതിനു പകരം അപകട സാധ്യത പറഞ്ഞ് മനസ്സിലാക്കാം. നിർദേശങ്ങൾ നൽകിയ ശേഷം കുട്ടിയോട് തനിയെ ചെയ്തു നോക്കൂ എന്ന് പറഞ്ഞ് പ്രോത്സാഹനം നൽകാം. പ്രിയപ്പെട്ടത് ചെയ്യുന്ന നേരത്ത് കൂടെയിരിക്കാൻ പരമാവധി ശ്രമിക്കുക. അവരുടെ എക്സൈറ്റ്മെന്റ് തിരിച്ചറിഞ്ഞ് അവരെ അഭിനന്ദിക്കാനും പുകഴ്ത്താനും മറക്കുകയുമരുത്.

പഠനമോർത്ത് പേടിക്കരുത്

കുട്ടിക്ക് ഏറ്റവുമിഷ്ടപ്പെട്ട പഠന വിഷയത്തിനാകും കൂടുതൽ മാർക്ക് കിട്ടുന്നത്. ഇഷ്ടക്കുറവുള്ള വിഷയങ്ങളിൽ പഠനം ഉഴപ്പും എന്നു പേടിച്ച് അവ കൂടുതൽ സമയം പഠിക്കാനായി നിർബന്ധിക്കേണ്ട. ഇഷ്ടമുള്ളതു ചെയ്യുന്നതു വഴി കിട്ടുന്ന സന്തോഷം കുട്ടിയുടെ ആത്മവിശ്വാസം കൂട്ടും. ആ സന്തോഷത്തിൽ നിന്നാണ് കുട്ടി മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധചെലുത്തുന്നതും ,അതിൽ മികവ് കാട്ടാൻ പ്രയത്നിച്ചു തുടങ്ങുന്നതും.

നിരീക്ഷിക്കാം, പിന്തുണയ്ക്കാം

പഠിക്കുന്നതിലോ കളിക്കുന്നതിലോ മറ്റുള്ളവരെ സഹായിക്കുന്നതിലൊ ഒക്കെയാകാം കുട്ടികളുടെ കഴിവുകൾ. ചെടി നടാനും പാട്ടുപാടാനും വായിക്കാനും അങ്ങനെ ഏതിലേക്ക് തിരിയുമ്പോഴാണ് കുട്ടി കൂടുതൽ സന്തോഷിക്കുന്നതെന്ന് ശ്രദ്ധിക്കാം. അതേക്കുറിച്ച് എപ്പോഴും സംസാരിക്കുകയും പിന്തുണ നൽകുകയും വേണം. സ്പോർട്സ് കുട്ടിക്ക് ഉന്മേഷമുണ്ടാക്കുന്നെങ്കിൽ കൂടുതൽ മത്സരങ്ങളും കളികളും പരിചയപ്പെടുത്തി കൊടുക്കുക. 

ഓർമപ്പുസ്തകം ഉണ്ടാക്കാം

കുട്ടികൾ ഇഷ്ടത്തോടെ ചെയ്യുന്ന കാര്യങ്ങൾ ഒരു നോട്ബുക്കിൽ കുറിച്ചുവയ്ക്കാൻ പറയാം. ഓരോ സന്തോഷനിമിഷത്തിന്റേയും ഓർമയ്ക്കായി സുഹൃത്തുക്കളെയൊ ബന്ധുക്കളെയൊ ഒപ്പം നിർത്തി ചിത്രങ്ങളെടുക്കണം. ആ ചിത്രങ്ങൾ ബുക്കിൽ പിൻ ചെയ്തു വയ്ക്കാൻ പറയാം. മനസ്സു വിഷമിച്ചിരിക്കുന്ന സമയത്ത് കുട്ടിയിൽ ആത്മവിശ്വാസം പകരാൻ ഈ പുസ്തകം മുന്നിൽ ഒന്നു തുറന്നു വച്ചാൽ മാത്രം മതിയാകും.

Tags:
  • Mummy and Me
  • Parenting Tips