Friday 17 May 2024 04:26 PM IST : By സ്വന്തം ലേഖകൻ

‘തെറ്റിധരിപ്പിക്കൽ വേണ്ടേ വേണ്ട’; ലൈംഗിക വിദ്യാഭ്യാസം എപ്പോൾ തൊട്ടു തുടങ്ങണം? മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

sex-educattyyu78989

എത്രാമത്തെ വയസ്സിലാണു കുട്ടിക്കു ലൈംഗിക വിദ്യാഭ്യാസം കൊടുത്തു തുടങ്ങേണ്ടത്? മാതാപിതാക്കൾ എന്നോടു സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണിത്. അതുകൊണ്ട് അതിന് ഉത്തരം പറഞ്ഞു തുടങ്ങാം. നിങ്ങളുടെ കുഞ്ഞിന് ആറു മാസം ആകുമ്പോൾ മുതൽ തന്നെ ലൈംഗിക വിദ്യാഭ്യാസം തുടങ്ങാം എന്നാണു എന്‍റെ മറുപടി. ഇതു കേൾക്കുമ്പോൾ പലർക്കും അദ്ഭുതമാണ്. പലരും അതു വിശ്വസിക്കാനേ കൂട്ടാക്കില്ല. പക്ഷേ, സത്യമാണ് ആറാം മാസം തൊട്ടു നമുക്കു ലൈംഗിക വിദ്യാഭ്യാസം നൽകി തുടങ്ങാം. 

എങ്ങനെയാണ് ഒരു ചെറിയ കുഞ്ഞ് ആഹാരം കഴിക്കുന്നത്? മുലയിൽ നിന്നോ ബോട്ടിലിൽ നിന്നോ... അല്ലേ? കുഞ്ഞ് പാല്‍ കുടിച്ച് വയറു നിറഞ്ഞു കഴിഞ്ഞാൽ എന്തു സംഭവിക്കും? ആ പ്രായത്തിൽ തന്നെ കുഞ്ഞിന്റെ ശരീരം തലച്ചോറിലേക്ക് ‘നിറവ്’ എന്നൊരു സന്ദേശം അയയ്ക്കാനുള്ള പ്രാപ്തി കൈവരിച്ചിട്ടുണ്ട്. തലച്ചോറിന് ആ സന്ദേശം കിട്ടുന്നതോടെ കുഞ്ഞ് പാല്‍ കുടിക്കുന്നതു നിർത്തും. നമ്മൾ കുഞ്ഞിനു ഖര രൂപത്തിലുള്ള ഭക്ഷണം കൊടുത്തു തുടങ്ങുന്നതു വരെ ശരീരത്തിനു മതി എന്നു തോന്നിയാൽ ഭക്ഷണം നിർത്തണം എന്ന നിശ്ചയം എടുക്കാനുള്ള കഴിവു കുട്ടിക്ക് ഉണ്ട്.

ആറുമാസത്തിനു ശേഷം നമ്മൾ കുഞ്ഞിനു ഖരരൂപത്തിലുള്ള ഭക്ഷണവും കൊടുത്തു തുടങ്ങും.  ശരീരവും തലച്ചോറും നൽകുന്ന നിർദേശങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ചു പ്രവർത്തിക്കാനുള്ള കഴിവ് അപ്പോഴും കുഞ്ഞിനുള്ളിൽ തന്നെയുണ്ട്. എന്നാൽ പാലു കുടിച്ച് മതിയായപ്പോൾ അതു വയറ് നിറഞ്ഞിട്ടാണു നിർത്തിയത് എന്നു വിശ്വസിച്ച മാതാപിതാക്കൾ കട്ടിയുള്ള ആഹാരം കൊടുത്തു തുടങ്ങുന്ന ഘട്ടത്തിൽ കുഞ്ഞിനോട് അവിശ്വാസം കാട്ടി തുടങ്ങുന്നു. ഖരരൂപത്തിലുള്ള ഭക്ഷണം മതി എന്നു കുട്ടി ആംഗ്യം കാണിച്ചാലും അവർ കുഞ്ഞിനെ അവിശ്വസിക്കും.

കഴിഞ്ഞ എട്ടര വർഷമായി ഞാനൊരു രക്ഷകർതൃത്വ സഹായ ഗ്രൂപ് നടത്തിവരുന്നു. അതിൽ നിരന്തരം കുട്ടികളുടെ ഭക്ഷണരീതിയെ കുറിച്ചുള്ള വർക്ക്ഷോപുകളും നടത്താറുണ്ട്. അതിലൂടെ മനസ്സിലാകുന്ന പ്രധാന കാര്യം ഇതാണ്– പല മാതാപിതാക്കൾക്കും കുഞ്ഞിന്റെ ‘നോ’ ബഹുമാനിക്കാനോ മുഖവിലയ്ക്കെടുക്കാനോ പറ്റുന്നില്ല. ഇന്നത്തെ പല വീടുകളിലും കാണുന്നൊരു ‘പ്രതിഭാസം’ കുട്ടിക്കു വയറു നിറഞ്ഞ് ആഹാരം മതി എന്നു പറഞ്ഞാലും മാതാപിതാക്കൾ പല പൊടിക്കൈകളും തന്ത്രങ്ങളും തട്ടിപ്പുകളും കൊണ്ട് കുഞ്ഞിന്റെ ആ ‘നോ’ മാറ്റി നിർത്തി വീണ്ടും ഭക്ഷണം കഴിപ്പിക്കുന്നു എന്നതാണ്. 

കുഞ്ഞ് സാവകാശം, അതിനു വേണ്ടത്ര ഭക്ഷണം, ആസ്വദിച്ച്, തൊണ്ടയിലൂടെ നുണഞ്ഞിറക്കുന്നതൊക്കെ ഇന്നു മാറി വരുന്നു. പകരം കുഞ്ഞിന്റെ ശ്രദ്ധതിരിക്കാന്‍ കഥയും ഫോണും കെഞ്ചലും ഭയപ്പെടുത്തലും ഒക്കെയായി കുഞ്ഞിനു വേണ്ടതിലധികം ഭക്ഷണം നിർബന്ധിച്ചു കഴിപ്പിക്കുന്നു. 

തങ്ങൾ വിചാരിക്കുന്നത്ര ഭക്ഷണം കുഞ്ഞിനെ കഴിപ്പിക്കാന്‍ മാതാപിതാക്കൾ പല കൗശലവും കാണിക്കാറുണ്ട്. ഉദാഹരണത്തിനു ‘കുഞ്ഞുവാവ ഭക്ഷണം കഴിച്ചില്ലെങ്കിൽ അമ്മയ്ക്കു സങ്കടം വരും’ എന്ന പറച്ചിൽ. ഭാവിയിൽ ഈ കുട്ടി വളർന്നു മറ്റ് ബന്ധങ്ങൾ ഉണ്ടാക്കുമ്പോൾ അവയിലൊക്കെയും ഇവർ ഈ കൗശലം കാണിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, തെറ്റിധരിപ്പിച്ചു കാര്യം കാണുക എന്നതു വളരെ സ്വാഭാവികമായ കാര്യമാണെന്നാണ് കുട്ടിയോടു നിങ്ങൾ തുടക്കം മുതലേ പറയാതെ പറയുന്നത്.

വിവരങ്ങള്‍ക്ക് കടപ്പാട്: സ്വാതി ജഗ്ദീഷ്, സെക്‌ഷ്വാലിറ്റി എജ്യൂക്കേറ്റർ

Tags:
  • Mummy and Me
  • Parenting Tips