Friday 07 July 2023 12:10 PM IST

‘ജീവനോടെ കിട്ടുമോ എന്നുറപ്പില്ലായിരുന്നു, പ്രസവിക്കുമ്പോൾ അവന്‍ 500 ഗ്രാം മാത്രം’: 5–ാം മാസത്തിൽ പ്രസവം: ഒരമ്മയുടെ കാത്തിരിപ്പ്

Binsha Muhammed

baby-rudraksh

‘കുഞ്ഞാവ അമ്മയുടെ വയറ്റിൽ സുഖായിരിക്കുന്നു... എവരിതിങ് ഈസ് നോർമൽ...’

അഞ്ചാം മാസത്തിലെ സ്കാനിങ് കഴിഞ്ഞ് സന്തോഷത്തോടെയാണ് ശിൽപ എത്തിയത്. കാത്തിരിപ്പിന്റെ ദൂരം കുറഞ്ഞു വരികയാണ്. കുറച്ചു മാസങ്ങള്‍ കൂടി കഴിഞ്ഞാൽ കാത്തിരുന്ന കുഞ്ഞാവയെത്തും. ഉദരത്തിൽ ആ മിടിപ്പ് തുടങ്ങിയതു മുതൽ ശിൽപ കാത്തിരിപ്പുകൾക്ക് വേഗമേറുകയായിരുന്നു. സ്കാനിങ് റിപ്പോർട്ട് വാങ്ങി വീട്ടിലേക്ക് പോകുന്നതു വരെ ഡോക്ടർ പറഞ്ഞതു പോലെ എല്ലാം നോർമലായിരുന്നു. എപ്പോഴും ബുദ്ധിമുട്ടിക്കാറുള്ള അലർജി ആ പകലിലെപ്പോഴോ തലപൊക്കിയതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങളേയില്ല. കലശലായ അലർജിയും ചെറിയ തോതിലുള്ള പനിയും ജൂണിൽ തകർത്തു പെയ്യുന്ന മഴയുടെ ആഫ്റ്റര്‍ ഇഫക്റ്റെന്നുകരുതി സമാധാനിച്ചു. അങ്ങനെ സ്വസ്ഥമായി പോയി കിടന്നുറങ്ങിയൊരു രാത്രി. പിറ്റേന്ന് ഉറക്കമുണരുമ്പോൾ ശരീരത്തിലൊരു നനവു പടർന്നു കയറുന്നത് ശില്‍പ തിരിച്ചറിഞ്ഞു. യൂറിനാണെന്നു കരുതി... പക്ഷേ ഉറക്കത്തിന്റെ ആലസ്യം വിട്ടൊഴിഞ്ഞ് നോക്കുമ്പോള്‍ ഞെട്ടിപ്പോയി. ഫ്ലൂയിഡ് ലീക്കായിരിക്കുന്നു... ശരീരം മരവിച്ചു പോയ നിമിഷം!

ആശുപത്രിയിലേക്കുള്ള മരണപ്പാച്ചിലായിരുന്നു പിന്നീട്... ടെസ്റ്റുകൾ, അടിയന്തര ചികിത്സകൾ... മണിക്കൂറുകൾക്കുള്ളിൽ അതെല്ലാം സംഭവിച്ചു. ഒടുവിൽ ഡോക്ടറുടെ അന്തിമ പ്രഖ്യാപനം. ഫ്ലൂയിഡ് ഏകദേശം പുറത്തേക്കു വന്നു കഴിഞ്ഞു. ‘ഇനി കുഞ്ഞിന് വയറ്റിൽ കിടക്കാനുള്ള അത്രയും ഫ്ലൂയിഡ് ശരീരത്തില്‍ ഇല്ല. ഏതു മണിക്കൂറിലും പ്രസവം സംഭവിക്കാം. ഇനി പ്രസവം സംഭവിച്ചാലും കുഞ്ഞ് ജീവനോടെയുണ്ടാകില്ല, അല്ലെങ്കില്‍ വൈകല്യം... രണ്ടാലൊന്നുറപ്പ്’.

പിന്നെയെന്തു സംഭവിച്ചു... ആ കഥ വനിത ഓൺലൈനോടു പറഞ്ഞു തുടങ്ങുമ്പോഴേക്കും ശിൽപയുടെ വാക്കുകളെ കണ്ണീര്‍ മുറിച്ചു. കയ്യിലിരിക്കുന്ന കുഞ്ഞ് രുദ്രാക്ഷിന്റെ കൊഞ്ചലിൽ ഹൃദയം നിറഞ്ഞു. കണ്ണീർ മറയ്ക്കാൻ കുഞ്ഞിക്കവിളിലേക്ക് ചുടുമുത്തം നൽകി.

പിന്നെയെന്തു സംഭവിച്ചുവെന്നല്ലേ...? ദാ... ഇവനാ അതിനുള്ള ഉത്തരം...– കുഞ്ഞിനെ നോക്കി ശിൽപയുടെ വാക്കുകൾ

കാത്തിരിപ്പും കണ്ണീരും ഇടകലർന്നൊഴുകിയ ആ കഥ ശിൽപ തന്നെ പറയുന്നു. മരിച്ചു പോകുമെന്ന് കരുതിയ കുഞ്ഞിനെ തിരികെയെത്തിച്ച ഒരമ്മയുടെ പ്രാർഥനയുടെ കഥ...

silpa-baby-2

സന്തോഷം നൽകിയ മിടിപ്പ്...

ഇടശേരിയുടെ പൂതപ്പാട്ട് സ്കൂളിൽ പഠിച്ചത് ഓർമ വരുന്നു. എന്റെ കണ്ണ് എടുത്തോളൂ പൂതമേ എന്നിട്ടെന്റെ കുഞ്ഞിനെ താ.. എന്ന് ആ അമ്മ പറഞ്ഞതാണ് എനിക്കും ഓർമവരുന്നത്. കുഞ്ഞിനെ ജീവനോടെ കിട്ടില്ലെന്ന് ‍ഡോക്ടർമാർ പറഞ്ഞ് അറിഞ്ഞപ്പോഴും എനിക്ക് പൂതപ്പാട്ടിലെ അമ്മ പറഞ്ഞതു പോലെ പറയാനാണ് തോന്നിയത്. ഞാൻ മരിച്ചാലും കുഴപ്പമില്ല, എന്റെ കുഞ്ഞ് ജീവിക്കണം. അതായിരുന്നു ആഗ്രഹം. പക്ഷേ ഈശ്വരൻ എന്നെ കൈവിട്ടില്ല.– ശിൽപ പറഞ്ഞു തുടങ്ങുകയാണ്.

ഏറ്റുമാനൂരാണ് ഞങ്ങളുടെ സ്വദശം. ഭർത്താവ് മഹേഷ് കുമാർ കുവൈറ്റിൽ ഡ്രൈവറാണ്. 2019 ഏപ്രിലിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞപാടെ കുഞ്ഞിനു വേണ്ടി ഞാനും ഏട്ടനും ഒരുപോലെ കൊതിച്ചിരുന്നു. വൈകിപ്പിച്ചാൽ ഒരുപക്ഷേ ഇനി കിട്ടിയില്ലെങ്കിലോ എന്ന പ്രിയപ്പെട്ടവരുടെ ഉപദേശവും ആ ആഗ്രഹത്തിന് വേഗമേറ്റി. വിവാഹം കഴിഞ്ഞ് രണ്ടാം മാസം ഏട്ടൻ കുവൈറ്റിലേക്ക് പോയി. പിന്നീട് കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ നാട്ടിലേക്ക് എത്താൻ കഴിഞ്ഞില്ല. രണ്ടു വർഷത്തിനു ശേഷം 2022ൽ ലീവിനെത്തിയപ്പോൾ കുഞ്ഞിനു വേണ്ടി വീണ്ടും ആത്മാർഥമായി ആഗ്രഹിച്ചു. ദൈവം ഒത്തിരി കാത്തിരുത്തിയില്ല, എന്റെ കണ്ണൻ ഉള്ളിൽ വരവറിയിച്ചു. ആ കുഞ്ഞു മിടിപ്പ് ഉള്ളിൽ തട്ടി തുടങ്ങിയപ്പോൾ എത്രമാത്രം സന്തോഷിച്ചെന്നോ...– ശിൽപയുടെ ഓർമകളിൽ സന്തോഷത്തിളക്കം.

അഞ്ചാം മാസം വരെ എല്ലാം നോർമലായിരുന്നു. അവന്റെ മിടിപ്പുകളിലും വളർച്ചയിലുമൊന്നും ഡോക്ടർമാർ ആശങ്ക പങ്കുവച്ചില്ല. അങ്ങനെയിക്കേ 2023 ജൂണിൽ അഞ്ചാം മാസത്തിലെ സ്കാനിങ് നടക്കുകയാണ്. ആ സ്കാനിങ്ങിലും എല്ലാം നോർമലായിരുന്നു. കുഞ്ഞിന്റെ അനക്കങ്ങളും വളർച്ചയുമൊക്കെ കണ്ട് കൺനിറഞ്ഞു. ശ്രദ്ധിക്കേണ്ട കാര്യങ്ങളൊക്കെ ഡോക്ടര്‍ പറഞ്ഞു തന്നു. സ്കാനിങ്ങിന് ശേഷം കുറച്ചു ദിവസം ഏട്ടന്റെ വീട്ടിൽ നിന്നു. പണ്ടു മുതലേ ഞാനും അലർജിയും തമ്മിൽ നല്ല ചേർച്ചയല്ല. പോരാത്തതിന് ജൂണിലെ മഴ കൂടിയായപ്പോൾ നിർത്താതെയുള്ള തുമ്മൽ തുടങ്ങി. ഭർത്താവിന്റെ വീട്ടിൽ നിന്ന് തിരികെ എന്റെ വീട്ടിലേക്ക് എത്തുമ്പോഴേക്കും പനി പിടിക്കുക കൂടി ചെയ്തു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ച് പ്രത്യേകം അതിന് മരുന്ന് മേടിക്കുകയും ചെയ്തു. ‌ പേടിക്കേണ്ടതായിട്ടുള്ള യാതൊരു സാഹചര്യവും ഇല്ല.

ആശങ്കയുടെ മണിക്കൂറുകൾ

ജൂൺ 20ന് ആണെന്നാണ് എന്റെ ഓർമ അന്ന് ഞാനെന്റെ വീട്ടിലാണ്. സ്വസ്ഥമായി കിടന്നുറങ്ങി പിറ്റേന്ന് ഉറങ്ങിയെഴുന്നേൽക്കുമ്പോൾ ശരീരത്തിലാകെ നനവ് പടരുന്ന തോന്നി. യൂറിൻ ആണെന്നാണ് ആദ്യം കരുതിയത്. ബാത്ത്റൂമിൽ പോയി നോക്കുമ്പോൾ ഫ്ലൂയിഡ് ബ്രേക്ക് ആയതാണ്. പേടിച്ചു പോയ നിമിഷമായിരുന്നു അത്. അഞ്ചാം മാസത്തില്‍ അങ്ങനെയൊന്ന് സംഭവിച്ചതായി കേട്ടിട്ടുപോലുമില്ല. ഫ്ലൂയിഡ് ലീക്കായി കൊണ്ടേയിരിക്കുന്നു. അമ്മയേയും കൂട്ടി ആശുപത്രിയിലേക്ക് പോയി. ഫ്ലൂയിഡിൽ കുളിച്ച് വരുന്ന എന്നെക്കണ്ടതും നഴ്സുമാരും ഒരു നിമിഷം അമ്പരന്നു. ടെസ്റ്റുകൾ, മരുന്നുകൾ, തുടരെയുള്ള പരിശോധനകൾ... ആശങ്കയുടെ നിമിഷങ്ങളായിരുന്നു അത്. ആ സമയം ഏട്ടനും കൂടെയില്ലായിരുന്നു. ലീവ് കഴിഞ്ഞ് കുവൈറ്റിലേക്ക് പോയി. തിരികെ വരാൻ പറ്റാത്ത സാഹചര്യം.

ഒടുവിൽ ഡോക്ടറുടെ അറിയിപ്പെത്തി. ഫ്ലൂയിഡ് നല്ലൊരു ശതമാനവും ബ്രേക്കായി പുറത്തു വന്നിരിക്കുന്നു. കുഞ്ഞിന് വയറ്റിൽ കിടക്കാനുള്ള അത്രയും ഫ്ലൂയിഡ് ഇല്ലായിരുന്നുവത്രേ. സീരിയസ് സാഹചര്യമായതു കൊണ്ടു തന്നെ അഡ്മിറ്റാകാനാണ് പറഞ്ഞത്. ഒരാഴ്ച നോക്കാമെന്നു പറഞ്ഞു. എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അതായത് ഫ്ലൂയിഡ് പഴയപടി ആകുകയാണെങ്കിൽ സേഫായി തിരികെ പോകെമെന്നു അറിയിച്ചു. ആശ്വസിക്കാൻ ആകെയുണ്ടായിരുന്ന കാര്യം, ഇതെല്ലാം സംഭവിക്കുമ്പോഴും എന്റെ വാവ ഉള്ളിൽ ആക്റ്റീവ് ആണ് എന്നതായിരുന്നു.

silpa-baby-3 അച്ഛനോടൊപ്പം രുദ്രാക്ഷ്

കണ്ണേ... കൺമണിയേ...

ആന്റി ബയോട്ടിക്കും മറ്റ് പരിശോധനകളുമായി ഒരാഴ്ച കടന്നു പോയി. പക്ഷേ ഫ്ലൂയിഡിന്റെ വിഷത്തിൽ റിസ്ക് ഏറി വന്നതേയുള്ളൂ. എങ്ങനെയും ഡെലിവറി നടത്തിയേ പറ്റൂ എന്ന് പുതിയ സ്കാൻ റിപ്പോർട്ടുകൾ വിളിച്ചു പറഞ്ഞു. പക്ഷേ അപ്പോഴും കുഞ്ഞിന്റെ കാര്യത്തിൽ ആർക്കും ഗ്യാരന്റിയില്ലായിരുന്നു. ‘ഒന്നുകിൽ ജിവനില്ലാത്ത ഒരു ശരീരം, അല്ലെങ്കിൽ വൈകല്യങ്ങളുള്ള കുഞ്ഞ്.’ രണ്ടാലൊന്നായിരിക്കും സംഭവിക്കുന്നത്. ഡോക്ടർമാര്‍ പറഞ്ഞത് ജീവച്ഛവം പോലെ കേട്ടിരുന്നു. ദൈവങ്ങളോട് മനമുരുകി പ്രാർഥിച്ച് ലേബര്‍ റൂമിലേക്ക്.

അങ്ങനെ ജൂൺ 29ന് രാവിലെ ഡെലിവറി വേദനയ്ക്കുള്ള ഗുളിക തന്നു. ആദ്യം തന്ന ഗുളിക ഫലം കണ്ടില്ല. രണ്ടാമത് വീണ്ടും തരുമ്പോഴേക്കും വേദന തുടങ്ങിയെന്നാണ് എന്റെ ഓർമ. പ്രസവ വേദന മാംസത്തിലും എല്ലുകളിലും അരിച്ചിറങ്ങുന്നത് ഞാനറിഞ്ഞു. മിനിറ്റുകൾ മണിക്കൂറുകളായി. ബോധം വരുമ്പോഴും ആരും എന്നോട് ഒന്നും പറയുന്നില്ല. പാതി ബോധത്തിൽ എന്റെ കുഞ്ഞ് എന്ന് ഞരക്കത്തോടെ ചോദിച്ചു. മോനാണ്... എന്നു മാത്രം നഴ്സുമാർ പറഞ്ഞു.

അവന് ജീവനുണ്ടെന്നോ, വൈകല്യമുണ്ടെന്നോ, സുഖായിരിക്കുന്നെന്നോ ഒന്നും പറഞ്ഞില്ല. പിന്നെയും സമയം കടന്നു പോയി. കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പും നീണ്ടു. വീണ്ടും വീണ്ടും ചോദിച്ച് മടുത്തപ്പോഴായിരിക്കണം. കുഞ്ഞ് ജീവനോടെ ഇരിക്കുന്നുവെന്ന് നഴ്സുമാർ പറഞ്ഞത്. ഒന്നു കാണാൻ കെഞ്ചിയപ്പോൾ... വൈകുന്നേരത്തോടെ ഒരു കണ്ണാടി കൂട്ടിലൂടെ കുഞ്ഞിനെ അവർ എനിക്ക് ഉയർത്തി കാണിച്ചു തന്നു. മനുഷ്യക്കുഞ്ഞെന്നു പറയാനൊക്കത്തില്ല. ഒരു പൂച്ചക്കുഞ്ഞിനെ പ്രസവിച്ചിട്ട പോലെ, 500 ഗ്രാം മാത്രം ഭാരം. രക്തമാണോ ആ ശരീരത്തിൽ ഓടുന്നതെന്ന് പറയാൻ പോലും വയ്യാത്ത തരത്തിലുള്ള രൂപം. മാംസക്കഷണമെന്നു പോലും പറയാൻ കഴിയില്ല. അതായിരുന്നു എന്റെ അന്നത്തെ കുഞ്ഞ്...

അന്നത്തെ അവസ്ഥയിൽ കുഞ്ഞിന് തുടർ ചികിത്സയും പരിചരണവും നിർബന്ധമായും വേണമെന്ന് പറഞ്ഞു. പക്ഷേ കോട്ടയത്തെ ആ സ്വകാര്യ ആശുപത്രിയിലെ ചെലവ് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയായ ഇഎസ്ഐ ആശുപത്രിയിലേക്ക് അടിയന്തര സാഹചര്യത്തിൽ മാറ്റി. അവിടെ എത്തുന്നത് വരെ എനിക്ക് ശ്വാസം പോലും നേരെയില്ലായിരുന്നു. ഇത്രയും ചെറിയ കുഞ്ഞിനെ അവിടം വരെ എത്തിക്കുന്നതിലുള്ള റിസ്ക്... അതായിരുന്നു വലിയ പേടി. പക്ഷേ ദൈവം വീണ്ടും പ്രാർഥന കേട്ടു. വളരെ സേഫായി തന്നെ കുഞ്ഞുംഞാനും അവിടെയെത്തി. ശരിക്കും അവിടെയെത്തിയ ശേഷമായിരുന്നു ഞാനെന്റെ പൈതലിനെ ഒന്നു കൺനിറയെ കണ്ടത്, ഉള്ളിലെ ചൂടറിഞ്ഞ് പാലൂട്ടിയത്. കുഞ്ഞിനെ നെഞ്ചിൽ കിടത്തി ചികിത്സിക്കുന്ന കംഗാരും മദർ കെയർ ഉൾപ്പെടെയുള്ള ട്രീറ്റ്മെന്റുകൾ, ഇസ്ഐ ആശുപത്രിയിൽ കടന്നുപോയത് 4 മാസം... ഒരു യുഗം പോലെ കടന്നു പോയ ആ ദിവസങ്ങൾക്കൊടുവിൽ പൂർണ ആരോഗ്യത്തോടെ എന്റെ കുഞ്ഞിനെ എനിക്ക് ദൈവം തിരികെ തന്നു. ദൈവത്തിന്റെ പ്രതിപുരുഷൻമാരായ ഡോക്ടർമാർക്ക് നന്ദി...

ഇക്കഴിഞ്ഞ ജൂൺ 29നായിരുന്നു എന്റെ രുദ്രാക്ഷിന്റെ പിറന്നാൾ. ഇന്നവന്റെ മുഖത്തെ പുഞ്ചിരി കാണുമ്പോൾ എനിക്കാ ഉയിരും കയ്യിൽ പിടിച്ച് ഞാനോടി നെട്ടോട്ടം ഓർമവരും. ഒന്നും മനസിലാകില്ലെങ്കിലും ഞാനവന്റെ മുഖത്തു നോക്കി ഇടയ്ക്കിടെ പറയും.

‘മുത്തേ... നിന്നെ കിട്ടാൻ... നിന്റെയീ പുഞ്ചിരി കാണാൻ ഈ അമ്മ എത്ര മാത്രം കഷ്ടപ്പെട്ടിട്ടുണ്ടോന്നോ എന്ന്’–– ശിൽപ പറഞ്ഞു നിർത്തി.