Thursday 09 April 2020 02:50 PM IST

10 വയസ്സിനുള്ളിൽ 10 സ്കിൽസ്; കുട്ടികളിലുള്ള കഴിവുകൾ പുറത്തെടുക്കാൻ പരിശീലിപ്പിക്കേണ്ട ജീവിത പാഠങ്ങൾ!

Tency Jacob

Sub Editor

schppuugfftdd

പനി പിടിച്ച് എണീക്കാനാവാതെ കിടക്കുമ്പോഴാണ് ഒമ്പതു വയസ്സുള്ള മകനോട് അലക്കി ഉണങ്ങിയ തുണികളൊന്നു മടക്കി വെക്കൂ എന്നു പറഞ്ഞത്. പക്ഷേ, പിറ്റേന്ന് കലഹത്തിലേക്കാണ് വീട് ഉണർന്നത്. ‘‘ഒരു സോക്സിന്റെ പെയർ പോലും കണ്ടുപിടിക്കാനാകാത്ത ഇവൻ എന്തു ചെയ്യാനാണ്? എന്നു അവന്റെ അച്ഛൻ  ശബ്ദമുയർത്തിയപ്പോഴാണ് ഞാനത് തിരിച്ചറിഞ്ഞത്. അതെ, അവൻ വീട്ടിൽ നിന്ന് പഠിച്ചെടുക്കേണ്ട ഒരു പാഠങ്ങളുണ്ടായിരുന്നു. അത് പഠിപ്പിക്കേണ്ടത് ഞാനായിരുന്നു! 

കൊഞ്ചിച്ച് താലോലിക്കുമ്പോൾ നമ്മുടെ മുഖത്തു നോക്കി ചിരിക്കുന്ന ‘സോഷ്യൽ സ്മൈലി’ലൂടെ  തുടങ്ങുന്നു ഒരു കുട്ടിയുടെ സാമൂഹിക ജീവിതം. പിന്നീട് കമിഴ്ന്ന് വീണ് പിടിച്ചെഴുന്നേറ്റ് പിച്ചവെച്ച് വളർച്ചയുടെ മൈൽ സ്േറ്റാൺസ് ഓരോന്നായി പിന്നിടുകയായി. തനിയെ ഉണ്ണാൻ പഠിച്ചാൽ ടോയ്ലെറ്റിൽ പോകാൻ പഠിച്ചാൽ സ്ക്കൂളിലെ പാഠങ്ങൾ പഠിച്ചാൽ ഇനിയൊന്നും ശ്രദ്ധിക്കേണ്ടതില്ല എന്നു കരുതുന്നവരാണ് നാമെല്ലാവരും. പക്ഷേ ഓരോ പ്രായത്തിലും കുട്ടി നേടിയെടുക്കേണ്ട സ്കില്ലുകൾ ഒരുപാടുണ്ട്. ബുദ്ധിവികാസത്തേയും വൈകാരിക പക്വതയേയും ശരീരത്തേയും ഉത്തേജിപ്പിക്കുന്ന കുറച്ച് ജീവിത പാഠങ്ങൾ. അതവരെ വ്യക്തിത്വമുള്ളവരാക്കുമെന്ന് മാത്രമല്ല ജീവിതത്തിന്റെ മൂല്യം കൂട്ടുകയും ചെയ്യും.  

കളിപ്പാട്ടങ്ങൾ അടുക്കിയടുക്കി 

വീട്ടിൽ കുസൃതിക്കുടുക്കളുണ്ടെങ്കിൽ, അമ്മമാരുടെ വലിയ വെല്ലുവിളി വീടു നിറയെ ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങൾ അടുക്കിവെക്കുകയെന്നതാണ്. മൂന്നു വയസ്സു മുതൽ കുട്ടികളെ കളി കഴിഞ്ഞാൽ കളിപ്പാട്ടങ്ങള്‍ എടുത്തു വെക്കാൻ പഠിപ്പിക്കാം. 

ഒരു ബാസ്ക്കറ്റോ കാർഡ് ബോർഡ് പെട്ടിയോ ആവശ്യമില്ലാത്ത ബാത്ത്ടബ്ബോ അതിനു വേണ്ടി നല്കാം. അത് വെക്കാനൊരു സ്ഥലവും കണ്ടുപിടിക്കണം. 

ഒന്നോ രണ്ടോ ദിവസം കളിപ്പാട്ടങ്ങൾ പെറുക്കിയിട്ട് കാണിച്ചു കൊടുക്കാം. പിന്നീട് അത് ചെയ്യിക്കുന്നതിൽ വിട്ടുവീഴ്ച വരുത്താൻ പാടില്ല.

കളിപ്പാട്ട പ്രായം കഴിയുമ്പോൾ വീട്ടിലെ പത്രമാസികകളും മാഗസിനുകളും അടുക്കി വെക്കുന്ന ജോലി അവർക്കു നല്കാം. വലുതാവുമ്പോൾ സാധനങ്ങൾ വലിച്ചിടുന്ന സ്വഭാവം അവർക്കുണ്ടാകില്ല. 

ഈയൊരു പ്രവൃത്തിയിലൂടെ കുട്ടികളുടെ കണ്ണുകളും കൈകളും തമ്മിലുള്ള ഏകോപനമാണ് നടക്കുന്നത്. കളിപ്പാട്ടങ്ങൾ ഓരോന്നായി പെറുക്കിയിടുമ്പോൾ എണ്ണാനും വസ്തുക്കൾ ക്രമീകരിച്ചു വെക്കാനും അവർ പഠിക്കും. അത് അരിതമെറ്റിക് സ്കിൽസിനെ വളർത്തുകയും ഓർമ്മശക്തി കൂട്ടുകയും ചെയ്യുന്നു. എപ്പോൾ കളി അവസാനിപ്പിക്കണം എന്നതിലൂടെ സമയത്തെക്കുറിച്ചുള്ള ബോധവും സ്വയം നിയന്ത്രിക്കാനുള്ള കഴിവും, വൃത്തി, കളിപ്പാട്ടങ്ങൾ സൂക്ഷിക്കുന്നതിലൂടെ പണത്തിന്റെ മൂല്യം ഇങ്ങനെ നിരവധി കാര്യങ്ങൾ നിസ്സാരമെന്ന് തോന്നുന്ന ഈ പ്രവർത്തിയിലൂടെ അവർ നേടിയെടുക്കുന്നുണ്ട്.

തുണികൾ കഴുകി മടക്കി

ഇന്നു കോളേജിൽ പഠിക്കുന്ന കുട്ടികൾക്കുപോലും സ്വന്തം വസ്ത്രം കൈകൊണ്ട് കഴുകാനോ വാഷിങ് മെഷീനിൽ തുണി അലക്കാനിടാനോ അറിയാത്ത അവസ്ഥയാണ്. അമ്മയൊന്ന് വയ്യാതായാൽ മുഷിഞ്ഞ തുണികൾ കൂടി കിടക്കാതിരിക്കട്ടെ. 

നിങ്ങളുടെ കുഞ്ഞ് ആൺകുട്ടിയോ പെൺകുട്ടിയോ ആകട്ടെ ഏഴു വയസ്സാവുമ്പോൾ മുതൽ ഇത്തരം കാര്യങ്ങൾ പരിശീലിപ്പിക്കാം. 

ലോൺട്രി ബാസ്ക്കറ്റിലെ തുണികൾ വാഷിങ്ങ് മെഷീനിലേക്കിടാനാണ് ആദ്യം പഠിപ്പിക്കേണ്ടത്. 

ഷർട്ടുകളുടെ ബട്ടണുകൾ അഴിച്ചിടാനും കഫും കോളറും  മടക്കി വെച്ചത് നിവർത്തിയിടാനും, തുണികൾ ഓരോന്നായി കുടഞ്ഞ് മറിച്ചിടേണ്ടതാണെങ്കിൽ അങ്ങനെ ചെയ്യാനും മനസ്സിലാക്കി കൊടുക്കുക.

കുറച്ചു കൂടി വലുതായിക്കഴിഞ്ഞാൽ  എത അളവിൽ ഡിറ്റർജന്റ് പൗഡർ ഇടണമെന്നും മെഷീൻ എങ്ങനെ സെറ്റു ചെയ്യണമെന്നും കാണിച്ചു കൊടുക്കാം. നിറം പോകുന്ന വസ്ത്രങ്ങളേതെന്ന് തിരിച്ചറിയാൻ അവർക്ക് സാധിക്കണമെന്നില്ല. പലതവണ പരിശീലിക്കുമ്പോഴായിരിക്കും അവരിത് ചെയ്യാൻ പഠിക്കുന്നത്. ചെയ്യുന്നതിന്റെ സമ്പൂർണ്ണതയെക്കാൾ കൂടുതൽ അവരത് ചെയ്യാൻ പഠിക്കുക എന്നതാണ് പ്രധാനം.

ഇതോടൊപ്പം ചെയ്യാവുന്ന മറ്റൊരു ജോലിയാണ് ഉണങ്ങിയ തുണികൾ മടക്കി വെക്കുക എന്നതും. വീട്ടിലെ ഓരോരുത്തരുടേയും തുണികൾ തിരിച്ചറിഞ്ഞ് വെവ്വേറെ മടക്കി വെക്കാനും സോക്സുകൾ പെയർ കണ്ടെത്താനുമെല്ലാം അവർ എളുപ്പം പഠിച്ചെടുക്കും.

വീട്ടിലുള്ളവർ തമ്മിലുള്ള സഹകരണം, സഹാനുഭൂതി, സ്നേഹം എന്നീ മൂല്യങ്ങൾ ഇവരെ പ്രത്യേകം പഠിപ്പിക്കേണ്ടി വരില്ല. ഉത്തരവാദിത്വങ്ങൾ  ഏറ്റെടുക്കാനും അവർ പിന്നീട് മടി കാണിക്കില്ല.

ചെടികൾ നട്ടു നനച്ച്

കുട്ടികളെ പ്രകൃതിയോടിണക്കി വളർത്തണം എന്നെല്ലാവരും പറയും. പക്ഷേ അസുഖങ്ങൾ വരുമെന്ന് പേടിച്ച് കുട്ടികളെ നാം മണ്ണിലിറക്കാറു പോലുമില്ല. ഒരു ചെടി നടാൻ അവസരമൊരുക്കുമ്പോൾ പ്രകൃതിയെ അറിയാനും എല്ലാ ജീവനും പ്രാധാന്യമുണ്ടെന്ന് പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്. മണ്ണിൽ പണിയെടുക്കുന്നവർക്ക് മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കാനും ലൈംഗികാതിക്രമങ്ങൾ ചെയ്യാനുമുള്ള മനോഭാവം കുറയുമെന്ന് പഠനങ്ങൾ പറയുന്നു. ചെടി നടുന്ന വ്യക്തി ഒരിക്കലും അതിലെ പൂവ് നശിപ്പിക്കില്ല. അതുപോലെ തന്നെയായിരിക്കും ജീവിതത്തിലും. വെറുതേ ഒരു ചെടി നടാൻ പറഞ്ഞതു കൊണ്ടായില്ല. അതിനുള്ള ചുവടുകൾ പറഞ്ഞു കൊടുക്കുക.

ആദ്യം ചെടി നടേണ്ട സ്ഥലത്ത് ഒരു കുഴിയെടുക്കണം. അതിനവർക്കുപയോഗിക്കാൻ ചെറിയ ഉപകരണങ്ങൾ നല്കാം. 

കുഴി തയ്യാറായി കഴിഞ്ഞാൽ ചെടി വെക്കാം. മണ്ണിട്ടു നികത്തുന്നതും പതുക്കെ ഉറപ്പിക്കുന്നതുമെല്ലാം അവരുടെ കുഞ്ഞിക്കെകളാകട്ടെ. 

നട്ടതു കൊണ്ടു മാത്രമായില്ല. അതിനു ദിവസവും വെള്ളം കൊടുത്താലേ ജീവനുണ്ടാവൂ. ചെറിയൊരു പൂവാലി കൊടുത്ത് ചെടി നനപ്പിയ്ക്കുക. ഏഴു വയസ്സാകുമ്പോഴേയ്ക്കും കുട്ടികൾ തനിയെ വിത്തു നടാനും കമ്പു നട്ട് വളർത്തിയെടുക്കാനും പ്രാപ്തരായിരിക്കും. മാതാപിതാക്കൾ അതിനുള്ള സാഹചര്യമൊരുക്കി കൊടുത്താൽ മാത്രം മതി.

സന്തോഷമുള്ള കുട്ടിക്ക് പഠനത്തിൽ മിടുക്കനാകാൻ കഴിയും. പൂന്തോട്ട നിർമ്മാണം ആനന്ദം പകരുന്ന ഒന്നാണ്. മണ്ണിൽ കൈവിരലുകൾ സ്പർശിക്കുമ്പോൾ മോട്ടോർ മസിലുകൾ വികസിക്കുന്നുണ്ട്. അതുവഴി കൈയക്ഷരം നന്നാവും. തലച്ചോറിന്റെ പ്രവർത്തനവും ബുദ്ധിയും ഉത്തേജിപ്പിക്കപ്പെടുന്നുണ്ട്. മറ്റുള്ള ജീവികളോടും ജീവജാലങ്ങളോടുമുള്ള പരിഗണന, പോസറ്റീവ് ചിന്താഗതി എന്നിവയും കുട്ടികൾക്കുണ്ടാകും.‍

ഷോപ്പിങ്ങിനു പുറത്തുപോയി

കുട്ടികളെ തനിയെ കടയിലേക്കയക്കാൻ എല്ലാവർക്കും പേടിയാണ്. പത്രത്തിൽ വരുന്ന ചൂഷണക്കഥകൾ മുതൽ റോഡപകടങ്ങൾ വരെ നമ്മളെ ആ ചിന്തയിൽ നിന്ന് പിന്തിരിപ്പിക്കും. എന്നാൽ സൂപ്പർ മാർക്കറ്റിലേക്കു പോകുമ്പോൾ അവരെക്കൂടി കൂട്ടികൊണ്ടു പോകാം. കുട്ടികളെ നല്ല ഉപഭോക്താക്കളാക്കാൻ ചെറുപ്പത്തിലേ പരിശീലിപ്പിക്കാം. 

വാങ്ങേണ്ട സാധനങ്ങളുടെ പേര് പറഞ്ഞ് അവരോടു എടുത്തു കൊണ്ടു വരാൻ പറയാം. അവർക്കത് എവിടെയാണിരിക്കുന്നതെന്നു കണ്ടുപിടിക്കാൻ കഴിയുന്നില്ലെങ്കിൽ സഹായിച്ചു കൊടുക്കാം. 

അതുപോലെ ചെറിയൊരു തുക കൊടുത്ത് അവർക്കാവശ്യമായ സാധനങ്ങൾ തിരഞ്ഞെടുക്കാൻ അനുവദിക്കാം. ചില വസ്തുക്കൾ വില കൊണ്ടും ഗുണം കൊണ്ടും നാം പർച്ചേസ് ചെയ്യാൻ അനുവദിക്കാറില്ല. അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് നിരസിക്കുന്നു എന്നുള്ളത് വ്യക്തമായി പറഞ്ഞു കൊടുത്തിരിക്കണം. 

അവര്‍ക്കുള്ള ബ്രഷ്, പേസ്റ്റ് എന്നിവ അവർ തന്നെ തിരഞ്ഞെടുക്കട്ടെ. പല കമ്പനികളുടെ വിലകൾ താരതമ്യം ചെയ്ത് വാങ്ങാൻ അവർ പഠിക്കട്ടെ. 

ഇതെല്ലാം ചെയ്യുമ്പോൾ ബുദ്ധി വികാസവും കണക്കു കൂട്ടാനും  മാത്രമല്ല ഭാവിയിൽ ഉത്തരവാദിത്വമുള്ള വ്യക്തിയാകുക കൂടിയാണ് ചെയ്യുന്നത്. അതോടൊപ്പം സോഷ്യൽ സ്കിൽസും അവർ നേടിയെടുക്കുന്നുണ്ട്. ആശയ വിനിമയത്തിലൂടെ ഭാഷാ പ്രാവീണ്യം നേടുകയും ചെയ്യും. നല്ല സാധനങ്ങൾ തിരഞ്ഞെടുക്കാൻ , വില താരതമ്യം ചെയ്യാൻ, വിലപേശാൻ, പറ്റിക്കപ്പെടാതിരിക്കാൻ, തീരുമാനമെടുക്കാൻ എന്നിവയെല്ലാം അവരിതിലൂടെ പഠിക്കും. മറ്റുള്ളവരെ പ്രകോപിപ്പിക്കാതെ എങ്ങനെ കാര്യങ്ങൾ നേടിയെടുക്കാമെന്നും. ഒരു കടയിൽ ചെല്ലുന്ന കുട്ടിയ്ക്ക് എല്ലായ്പ്പോഴും മുൻഗണന കിട്ടിയെന്നു വരില്ല. പതിയെ കുട്ടി ‘ എനിക്കിത് എടുത്തു തരാമോ’ എന്നു ചോദിച്ച് കാര്യം സാധിച്ചെടുക്കാൻ പഠിക്കുക തന്നെ ചെയ്യും.സോഷ്യൽ സ്കില്ലുകൾ കുട്ടിയെ പഠിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ഷോപ്പിങ്.

രുചിയെ തൊട്ടറിഞ്ഞ്

പഠനത്തിൽ മികവു കാണിക്കാൻ പരിശീലിപ്പിക്കുന്നതിന്നിടയിൽ പല മാതാപിതാക്കളും കുട്ടികളെ അടുക്കളയുടെ നാലയലത്തു പോലും കയറ്റാറില്ല. ഇന്നു പല കുട്ടികളും ഫാസ്റ്റ് ഫുഡ് ഇഷ്ടപ്പെടുന്നതിന്റെ കാരണം എന്ത് ഭക്ഷണമാണ് ആരോഗ്യകരം എന്നുള്ളതിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ചെറുപ്പത്തിലേ കുട്ടികളെ പാചകത്തിൽ തൽപരരാക്കിയാൽ എന്തു ഭക്ഷണമാണ് ഗുണമുള്ളത് എന്നത് അവർ മനസ്സിലാക്കും. ഓരോ ചേരുവയേയും തൊട്ടും മണത്തും തയ്യാറാക്കുമ്പോൾ ആഹാരത്തെ വെറുക്കാതിരിക്കാൻ പഠിക്കും. അതിൽ ആൺ പെൺ വേർതിരിവു കാണിക്കേണ്ട. 

ആദ്യം തന്നെ ‘ഇന്നു നീയൊരു ചായയുണ്ടാക്ക്’ എന്ന ലൈൻ വേണ്ട. തുടക്കത്തിൽ നമ്മൾ പാചകം ചെയ്യുമ്പോൾ സഹായിക്കാൻ ആവശ്യപ്പെടാം. 

ഒരു പാത്രത്തിൽ വെള്ളം നിറച്ച് ഉപ്പും മഞ്ഞളുമിടുക ഇതിലേക്ക് പഴങ്ങളോ പച്ചക്കറികളോ ഇട്ട് ഇരുപതു മിനിറ്റിനു ശേഷം കഴുകിത്തുടച്ച് തരംതിരിച്ച് നല്കാൻ പറയാം.  

പിന്നീട് ജ്യൂസുണ്ടാക്കാനും  പതിയെ ബ്രെഡ് ടോസ്റ്റ് ചെയ്യാനും സ്മൂത്തിയുണ്ടാക്കാനും ഓംലെറ്റ് ഉണ്ടാക്കാനും പഠിപ്പിക്കാം. 

മാതാപിതാക്കൾ മേൽനോട്ടം വഹിച്ചാൽ മതി, നിയന്ത്രിക്കേണ്ട. കുട്ടികൾ പാചകം ചെയ്യുന്നതിന്നിടയിൽ വെള്ളം തുളുമ്പി പോവുക,സാധനങ്ങൾ താഴെ വീഴുക, മുട്ട പൊട്ടി പോവുക എന്നിവയൊക്കെയുണ്ടാകും. അതു കണ്ട് ദേഷ്യപ്പെടാൻ നിന്നാൽ പിന്നെയൊരിക്കലും അവർ അടുക്കളയിൽ കയറാൻ തയ്യാറായെന്നു വരില്ല. 

ആറു വയസ്സു മുതൽ തീയുപയോഗിക്കേണ്ടാത്ത പാചകം ചെയ്തു തുടങ്ങാം. ഒരു ദിവസം കാലത്തെ ബ്രേക്ക്ഫാസ്റ്റ് അവരുണ്ടാക്കിയ ഫ്രൂട്ട് യോഗർട്ടാകട്ടെ. എല്ലാവർക്കുമത് ഇഷ്ടമായെന്നറിയുമ്പോൾ കൈവരുന്ന ആത്മവിശ്വാസം ഒരിക്കലും ചെറുതാവില്ല.

ചേരുവകൾ അളന്നെടുക്കുന്നത് ഓർമ്മശക്തിയേയും അരിതമെറ്റിക്കൽ സ്കിൽസിനേയും മെച്ചപ്പെടുത്തും. കൈകളിലെ ഫൈൻ മോട്ടോർ മസിൽസിനെ ഉത്തേജിപ്പിക്കും. നിറം , ആകൃതി, അളവ് എന്നിവയെക്കുറിച്ച് ധാരണയുണ്ടാകും. ചപ്പാത്തി വട്ടത്തിൽ പരത്താൻ പഠിപ്പിച്ചാൽ അത് അവരുടെ വരകളിലും എഴുത്തിലും പ്രതിഫലിക്കും. ഉപ്പ് കൂടിയാൽ എന്തു ചെയ്യും എന്നതിനൊരു മാർഗ്ഗം കണ്ടുപിടിക്കുമ്പോൾ  പ്രശ്നങ്ങളെ പരിഹാരിക്കാനും സമ്മർദ്ദങ്ങളെ അതിജീവിക്കാനുമാണ് അവർ പഠിക്കുന്നത്. പ്രായോഗികമായി പഠിക്കുന്ന കാര്യങ്ങൾ ഒരിക്കലും ഓർമ്മയിൽ നിന്നു മാഞ്ഞു പോകില്ല. ജ്യൂസ് തയ്യാറാക്കി ഗ്ലാസ്സിൽ ഒരു നാരങ്ങാ സ്ലൈസ് വെച്ച് വിളമ്പുമ്പോൾ അവരുടെ സർഗ്ഗാത്മകതയും കലാപരമായ കഴിവുകളും പുറത്തു വരികയാണ് ചെയ്യുന്നത്. ഓംലൈറ്റ് തയ്യാറാക്കുമ്പൾ തീ കുറച്ച് സാവധാനം പാകം ചെയ്യണം. ചിലതിന് തീ കൂട്ടി പാകം ചെയ്യണം. ഇതെല്ലാം ചെയ്യുമ്പോൾ ക്ഷമയും ഏകാഗ്രതയും വൈകാരിക പക്വതയും കൈവരുന്നു. പിടിവാശിക്കാരെയും ക്ഷിപ്രകോപികളെയും മെരുക്കാൻ ഏറ്റവും നല്ല മാർഗ്ഗം പാചകമാണ്. 

വഴി കണ്ടുപിടിച്ച്

കേരളത്തിന്റെയും ഇന്ത്യയുടേയും മാപ്പ് വരയ്ക്കാൻ നാമെല്ലാം  പഠിച്ചിട്ടുണ്ട്. പക്ഷേ  മാപ്പ് നോക്കി യാത്ര ചെയ്യുന്നതിൽ നാം എത്ര മിടുക്കരാണ്?പുതിയ വഴികൾ കണ്ടുപിടിക്കുന്നതാണ് തലച്ചോറിനെ ഉത്തേജിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം. ഒരു വഴിയിലൂടെ സ്ഥിരം യാത്ര ചെയ്യുമ്പോൾ  അലസരായാണ് നടക്കുക. എന്നാൽ പുതിയൊരു വഴിയാണെങ്കിൽ നാം ജാഗരൂകരായിരിക്കും. നമ്മുടെ ചിന്തകളെല്ലാം, വഴി സൂക്ഷ്മനിരീക്ഷണം നടത്തുന്നതിലായിരിക്കും. കുട്ടികളെ നാവിഗേറ്റ് ചെയ്യുന്നതിൽ മിടുക്കരാക്കാം. 

പ്രീ സ്ക്കൂളിലേ തുടങ്ങാം അതിന്റെ പരിശീലനം. വീടിനുള്ളിൽ ചെറിയ സമ്മാനങ്ങൾ ഒളിപ്പിച്ചുവച്ചിട്ട് അവർക്ക് അതു കണ്ടു പിടിക്കാനുള്ള വഴി മാപ്പിൽ ലളിതമായി വരച്ച് നല്കാം. 

അതുപോലെ വീടിന്നടുത്തുള്ള സൂവിലേക്കും മ്യൂസിയത്തിലേക്കും പാർക്കിലേക്കുമുള്ള വഴി കണ്ടു പിടിച്ച് അവർ നമ്മളെ കൂട്ടിക്കൊണ്ടു പോകട്ടെ. 

എട്ടു വയസ്സൊക്കെയാകുമ്പോൾ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വഴി പറഞ്ഞു തരാൻ അവരോട് ആവശ്യപ്പെടാം.

കുട്ടികൾക്ക് ദിശാബോധമുണ്ടാക്കുക മാത്രമല്ല ഹൈ ലെവൽ കൊഗ്നിറ്റീവ് ഫങ്ഷൻസിനെ ഉത്തേജിപ്പിക്കുകയും ചെയ്യും. അതുപോലെ ഇടതുവശം വലതുവശം  എന്നിവെയ ഏകോപിപ്പിക്കുകയും ട്രാഫിക് നിയമങ്ങൾ  സ്വായത്തമാക്കുകയും ചെയ്യും. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ പിന്നീടവർ വിമുഖത കാണിക്കില്ല.

സമ്മാനങ്ങൾ പൊതിഞ്ഞ്

ഒരു സമ്മാനം കിട്ടിയാൽ മുഖത്ത് പുഞ്ചിരി വിരിയാത്ത കുട്ടികളുണ്ടോ! ആ പുഞ്ചിരി മറ്റൊരാളുടെ മുഖത്ത് പടർത്താനും അവർ പഠിച്ചിരിക്കണം. കുട്ടികളെക്കൊണ്ട് സമ്മാനങ്ങൾ കൊടുപ്പിക്കുക. അതുപോലെ സമ്മാനങ്ങൾ പൊതിയാനും അവർക്ക് അവസരം കൊടുക്കുക. അതവരെ കൂടുതൽ സന്തോഷിപ്പിക്കും. 

പ്രീ സ്ക്കൂളിൽ പഠിക്കുന്നവർക്ക് കത്രിക ഉപയോഗിക്കാനും ടേപ്പ് ഒട്ടിക്കാനും സ്റ്റാപ്പിളർ അടിക്കാനും സഹായം ആവശ്യമായി വരും. എന്നാൽ ആറു വയസ്സാകുമ്പോൾ അതെല്ലാം തനിയെ ചെയ്യാൻ അവർ പ്രാപ്തരാകും.

കൂട്ടുകാർക്കു കൊടുക്കാനുള്ള സമ്മാനം അവർ തന്നെ തിരഞ്ഞെടുക്കട്ടെ. പൊതിയുന്നതിനു മുമ്പ് വില രേഖപ്പെടുത്തിയ ടാഗ് മാറ്റാൻ അവരെ ഓർമ്മിപ്പിക്കണം. 

പെട്ടിയിലല്ല സമ്മാനമെങ്കിൽ അതിനു ചേരുന്നൊരു ബോക്സ് കണ്ടു പിടിച്ചു കൊടുക്കുക. പൊട്ടാൻ സാധ്യതയുള്ളതാണെങ്കിൽ ബബിൾ റാപ്പോ അല്ലെങ്കിൽ ടിഷ്യൂ പേപ്പർ ചുറ്റിലും വെച്ച് പൊതിയാനോ പറഞ്ഞു കൊടുക്കുക.എങ്ങനെ പൊതിയണമെന്നും ഭംഗിയാക്കണമെന്നും അവർക്ക് കൃത്യമായി പറഞ്ഞു കൊടുത്തിരിക്കണം. വെണമെങ്കിൽ സെല്ലോ ടേപ്പ് മുറിച്ച് കഷണങ്ങളാക്കി കൊടുക്കാം. 

ബെഡ് മെയ്ക്കിങ്ങും അവരോട് ചെയ്യാൻ പറയാം. രാവിലെ എഴുന്നേൽക്കുമ്പോൾ കിടക്ക നന്നായി വിരിച്ചിടാനും പുതപ്പു മടക്കിവെക്കാനും ചെറുപ്പത്തിലേ പഠിക്കുന്ന കുട്ടി വലുതാകുമ്പോഴും ആ ശീലം മാറ്റില്ല.

ഇത് ഉത്തരവാദിത്വവും പക്വതയും കൂട്ടും. അതുപോലെ മോട്ടോർ സ്കിൽസിനെ ഡവലെപ്പ് ചെയ്യുകയും ചെയ്യും. സമ്മാനം കൊടുക്കുന്നതിലൂടെ കുട്ടി കൊടുക്കാൻ പഠിക്കുകയാണ് ചെയ്യുന്നത്. അതുപോലെ പങ്കു വെക്കാനും.

കത്തെഴുതി കൂട്ടു കൂടി

മുത്തശ്ശനോ മുത്തശ്ശിക്കോ പേരക്കുട്ടിയുടെ കത്ത് കിട്ടുമ്പോഴുള്ള സന്തോഷത്തിന് വിലയിടാൻ ഒന്നിനും കഴിയില്ല. അതുപോലെ സ്വയം ഉണ്ടാക്കിയ ബർത്ത്ഡേ കാർഡ് അച്ഛനു കൊടുക്കുമ്പോൾ, കൂട്ടുകാരന് പേപ്പറുകൊണ്ടൊരു പട്ടിക്കുട്ടിയെ ഉണ്ടാക്കി കൊടുക്കുമ്പോഴെല്ലാം അവരുടെ മുഖത്ത് വിരിയുന്ന ചിരിക്ക് കടയിൽ നിന്ന് വാങ്ങുന്ന വിലപിടിപ്പുള്ള സമ്മാനങ്ങളേക്കാൾ മൂല്യമുണ്ടായിരിക്കും. 

ക്ലാസ്സിലെ കുട്ടികൾക്ക് ഹോളിഡേ കാർഡ് അയക്കാനായി ആവശ്യമുള്ള സ്റ്റാമ്പും കവറും നല്കാം. ഓരോ കവറിലും അഡ്രസ്സെഴുതുമ്പോൾ അതവരുടെ മനസ്സിൽ കൂടിയാണ് പതിയുന്നത്. 

കൈയക്ഷരം നന്നാക്കാൻ ഏറ്റവും നല്ല വഴി കത്തയക്കലാണ്. ഒരു കത്തിന്  തീയ്യതി, സംബോധന, എഴുതാനുള്ള കാര്യങ്ങൾ, അവസാനിപ്പിക്കേണ്ടത്, ഒപ്പ് എന്നിങ്ങനെ അഞ്ചുഭാഗങ്ങളുണ്ടെന്ന് പറഞ്ഞു കൊടുക്കുക.

അടുത്ത ബന്ധുക്കൾക്കോ കൂട്ടുകാർക്കോ ഒരു സമ്മാനം ഉണ്ടാക്കികൊടുക്കാൻ പറയാം. അതിനാവശ്യമായ വസ്തുക്കൾ വാങ്ങി നല്കുക. ആശയങ്ങൾക്കായി അവർ ഇന്റർനെറ്റിനെ ആശ്രയിക്കുന്നുണ്ടെങ്കിൽ അതിനുള്ള സാഹചര്യമൊരുക്കി കൊടുക്കണം.

കത്തിലെഴുതുന്ന വാക്കുകൾ അവരുടെ ഭാഷയെ മെച്ചപ്പെടുത്തുന്നതോടൊപ്പം നന്നായി ആശയവിനിമയം നടത്താനുള്ള കഴിവുമുണ്ടാകും. ഒറിഗാമി പോലുള്ളവ ഉപയോഗിച്ചു ക്രാഫ്റ്റ് ചെയ്യുമ്പോൾ ഭാവന വിടരുന്നതോടൊപ്പം കൈക്ക് നല്ല വഴക്കം കിട്ടാനും ഏകാഗ്രതക്കും നല്ലതാണ്.

കഴുകിതുടച്ച് വൃത്തിയാക്കി

നമ്മൾ കുഞ്ഞുങ്ങളെ വളർത്തുന്നത് എപ്പോഴും ‘പ്രിൻസസ്സും’ ‘ക്യൂനു’മായിട്ടായിരിക്കും. എനിക്കു കിട്ടാതെ പോയതെല്ലാം അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ എന്നൊരു മനോഭാവമാണ് മാതാപിതാക്കളെ ഇതിലേക്ക് നയിക്കുക. കുട്ടികളുടെ മാനസികാരോഗ്യത്തിന് വളർച്ചയുണ്ടാക്കുന്ന കാര്യമല്ല അത്. ഇങ്ങനെ വളരുന്ന കുട്ടികൾക്ക് ചില ജോലികൾ തങ്ങൾ ചെയ്യേണ്ടതല്ല എന്നൊരു ധാരണയുണ്ടായിരിക്കും. 

ആദ്യം സ്വന്തം പാത്രങ്ങൾ കഴുകുക എന്നതിലൂടെ തുടങ്ങാം. പിന്നീട് മറ്റുള്ളവരുടെ പാത്രങ്ങളും വേസ്റ്റ് ബാസ്ക്കറ്റ് വൃത്തിയാക്കാനും സഹായം ചോദിക്കാം.  

വീട് വൃത്തിയാക്കുമ്പോൾ ജനലുകളും വാതിലുകളും ഫർണീച്ചറുകളും തുടക്കാൻ അവരെ ഏൽപിക്കാം. 

എട്ടു വയസ്സാക്കുമ്പോൾ തങ്ങളുപയോഗിക്കുന്ന ടോയ്ലെറ്റ് വൃത്തിയാക്കാൻ അവരെ പഠിപ്പിക്കാം.

വൃത്തിയും ശുചിത്വവും അവരിതിലൂടെ പഠിച്ചോളും. ശരീരം മുഴുവൻ  അനങ്ങുന്ന നല്ലൊരു വ്യായാമമാണിത്. എല്ലാ മസിലുകളെയും ഇത് ഉത്തേജിപ്പിക്കുന്നുണ്ട്. അതൊടൊപ്പം നല്ല ജോലി ചീത്ത ജോലി എന്ന തരംതിരിവുകളുണ്ടാവില്ല. സ്വാർത്ഥത, എളിമയില്ലായ്മ  എന്നാ മൂല്യമില്ലായ്മകളെ കുറക്കാൻ ഇത്തരം കാര്യങ്ങൾ പരിശീലിപ്പിക്കുന്നതിലൂടെ കഴിയും. എന്റെ ലോകത്ത് ഞാൻ മാത്രമല്ല മറ്റുള്ളവർ കൂടിയുണ്ട് എന്നൊരു ബോധം വരും. ചില കുട്ടികൾ വരയ്ക്കുമ്പോൾ കണ്ടിട്ടില്ലേ? വൃത്തത്തിനകത്തു നിന്ന് നിറങ്ങൾ പുറത്തു പോകുന്നത്. ഇതിലൂടെ അത്തരം കാര്യങ്ങൾ മാറ്റിയെടുക്കാം. കൈയുടെ മസ്ക്കുലർ മസിൽസ് കൺട്രോൾ വരുന്നതുകൊണ്ട് എഴുതാനുള്ള വേഗതയും കൂടും.   

അയയെല്ലാം വലിച്ചുകെട്ടി

അയ കെട്ടാനും ചുവരിൽ ആണിയടിക്കാനുമെല്ലാം കുട്ടികളുടെ സഹായം തേടാം. ഞാൻ ഒന്നും ചെയ്യാനറിയാത്ത വെറും കുട്ടിയല്ല എന്നൊരു തോന്നൽ കുട്ടികളിലുണ്ടാക്കാൻ ഇതു സഹായിക്കും. 

ഓരോന്ന് ഫിറ്റ് ചെയ്യാൻ സഹായിയായി അവരെ വിളിക്കാം. ആണിയെടുത്തു നല്കുക, ആവശ്യമായ ടൂൾസ് എടുത്തു നല്കുക ഇവയെല്ലാം അവരിലുണ്ടാക്കുന്ന കാര്യബോധം അത്ഭുതാവഹമായിരിക്കും.

അവർക്കാവശ്യമായ നിർദ്ദേശങ്ങൾ വ്യക്തതയോടെ കൊടുക്കുക. ചെറിയ തെറ്റുകൾ വരുമ്പോൾ ദേഷ്യപ്പെടാതിരിക്കുക. ആണിയടിക്കുമ്പോഴും ചുറ്റിക ഉപയോഗിക്കുമ്പഴുമെല്ലാം ശ്രദ്ധ വേണം.

ബാൽക്കണിയിലും മറ്റും അയ കെട്ടുന്നത് നിങ്ങവുടെ സാന്നിധ്യത്തിലാണെന്ന് ഉറപ്പാക്കുക. 

മസില്‍ കൺട്രോൾ നന്നായി വരും ഇത്തരം കാര്യങ്ങളിലൂടെ. അതുപോലെ ഏകാഗ്രതയും . മറ്റുള്ളവരുമായി സഹകരിച്ച് സമൂഹത്തിന്റെ ഭാഗമാക്കി  മാറ്റാൻ കുട്ടികളെ പഠിപ്പിക്കാൻ ഇത്തരം കാര്യങ്ങൾക്ക് സാധിക്കും. 

Tags:
  • Mummy and Me
  • Parenting Tips