ADVERTISEMENT

ഓഫിസിലും വീട്ടിലുമായി ചെറിയ പ്രശ്നങ്ങൾക്ക് ടെൻഷനടിച്ച് തല പുകഞ്ഞു നടക്കുന്നവരാണോ നിങ്ങൾ? ഈ ടെൻഷനും ഡിപ്രഷനുമൊക്കെ സ്വന്തം കുട്ടികളിൽ തീർക്കാറുണ്ടോ? എങ്കിൽ കരുതിയിരുന്നോള്ളൂ, നിങ്ങൾ തകർക്കുന്നത് സ്വന്തം കുഞ്ഞുങ്ങളുടെ മികച്ച ഭാവിയാണ്. കുട്ടിക്കാലം മുതലേ അവരെയും നിങ്ങളെപ്പോലെ മാനസിക രോഗികളാക്കുകയാണ്.  

ഇക്കാര്യം വളരെയേറെ ഗൗരവത്തിൽ എടുക്കേണ്ട കാര്യമാണ്. സ്വന്തം മക്കൾ മാനസിക- ശാരീരിക ആരോഗ്യത്തോടെ വളരണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കളും കരുതലോടെ കൈകാര്യം ചെയ്യേണ്ട സുപ്രധാന വിഷയം. എന്നാൽ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഒന്നും മനഃപൂർവം സംഭവിക്കുന്നതല്ല.  

ADVERTISEMENT

ഒരുപക്ഷെ, അവർ ഓഫിസിൽ മേലധികാരിയുമായോ, സഹപ്രവർത്തകരുമായോ ഉണ്ടാകുന്ന ചെറിയ ചില പ്രശ്‍നങ്ങളുമായിട്ടായിരിക്കും വീട്ടിലെത്തുക. ഈ സമയത്താണ് കുഞ്ഞുങ്ങൾ അവരുടെ ആവശ്യങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും സ്നേഹപ്രകടനങ്ങളുമായി നിങ്ങളെ സമീപിക്കുക. ഒന്നുകിൽ കുട്ടിയോട് പൊട്ടിത്തെറിക്കുകയോ അല്ലെങ്കിൽ അവരെ സുഖമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയോ ആയിരിക്കും ചെയ്യുക. രണ്ടായാലും കൊച്ചു കുഞ്ഞുങ്ങളുടെ മനസ്സിനെ അത് വല്ലാതെ മുറിവേല്പിക്കും.

കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങളാണ് അവരുടെ റോൾ മോഡൽ. നിങ്ങളെ കണ്ടാണ് അവർ ജീവിതം എന്താണെന്നും എങ്ങനെ നേരിടണമെന്നും പഠിക്കുന്നത്. നിങ്ങൾ തളർന്നുപോയാൽ അവരും തളരും, നിങ്ങൾ തോറ്റു പോയാൽ അവരും തോറ്റുപോകും, നിങ്ങളാണ് അവരുടെ ശക്തി. അതുകൊണ്ടു കുഞ്ഞുങ്ങൾക്ക് മുന്നിൽ ഒരിക്കലും ദുർബലരാകരുത്, വഴക്കാളികളാകരുത്. 

ADVERTISEMENT

മറ്റുള്ളവരോടുള്ള വെറുപ്പും അമർഷവും സങ്കടവുമെല്ലാം വീടിനു പുറത്ത് ഉപേക്ഷിക്കുക. വാതിൽ തുറന്ന് അകത്തു കയറുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ കുഞ്ഞുങ്ങളെ ചേർത്തുനിർത്തുക, സ്നേഹത്തോടെ അവർക്ക് പറയാനുള്ള ഒരു ദിവസത്തെ വിശേഷങ്ങൾ ക്ഷമയോടെ കേൾക്കുക. നമ്മളെ പോലെതന്നെ വൈകാരികമായി പെരുമാറുന്നവരാണ് കുഞ്ഞുങ്ങളും. അവർ പെരുമാറ്റ വൈകല്യങ്ങളില്ലാതെ വളരണമെങ്കിൽ സ്വന്തം സ്വഭാവത്തിലെ ദൂഷ്യവശങ്ങൾ തിരിച്ചറിഞ്ഞ് നന്നായി പെരുമാറാൻ മാതാപിതാക്കൾ പഠിക്കണം.  

മാതാപിതാക്കളിലെ പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കാനുള്ള മൂന്നു മാർഗ്ഗങ്ങൾ 

ADVERTISEMENT

റിലാക്സ് ചെയ്യുക 

മനസ്സ് റിലാക്‌സാവാൻ ചെറിയ ചില ജോലികളിൽ ചെയ്യാം. അടുക്കള വൃത്തിയാക്കുകയോ, കുഞ്ഞുങ്ങളുടെ കളിപ്പാട്ടം അടുക്കിപ്പെറുക്കി വയ്ക്കുകയോ, ബെഡ്ഷീറ്റ് കുടഞ്ഞു വിരിക്കുകയോ ഇതൊന്നുമല്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുക്കിങ്, മ്യൂസിക്ക്, നൃത്തം പോലുള്ള പ്രവൃത്തികളിൽ മുഴുകാം. 

ശ്വാസം എടുത്തുവിടുക

സമാധാനത്തിൽ ഇരുന്ന് ശ്വാസം പതിയെ എടുത്തുവിടാം. 10 പ്രാവശ്യമെങ്കിലും ഇതുപോലെ ചെയ്യാം. യോഗ അഭ്യസിക്കുന്നവരാണെങ്കിൽ പ്രാണായാമം ചെയ്യുന്നത് നല്ലതാണ്.  

ശ്രദ്ധ മറ്റൊന്നിലേക്ക് വഴിതിരിച്ചു വിടുക 

മനസ്സിനെ അലട്ടുന്ന യഥാർത്ഥ പ്രശ്‌നം നമുക്കറിയാം. പ്രശ്‌നം പരിഹരിക്കാനുള്ള പ്രധാന മാർഗ്ഗം അത് മറക്കുക എന്നതാണ്. ശ്രദ്ധ മറ്റൊന്നിലേക്ക് വഴിതിരിച്ചു വിടുക. ഓഫിസിൽ നിന്നെത്തിയാൽ കുഞ്ഞുങ്ങളോടൊപ്പം കളിക്കാൻ കൂടാം, വൈകീട്ട് അവരോടൊപ്പം വീടിനടുത്ത് നടക്കാൻ പോകാം, കുഞ്ഞു ഷോപ്പിങ് നടത്താം. അങ്ങനെ പതിയെ സന്തോഷം നൽകുന്ന കാര്യങ്ങളിലേക്ക് മനസ്സിനെ പറിച്ചുനടാം. അങ്ങനെ അതുവരെ അലട്ടിയിരുന്ന മാനസിക പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാം. 

ADVERTISEMENT