പച്ചപ്പിനു മേലെ പൂത്തിറങ്ങി നിൽക്കുന്ന ഗുൽമോഹർ പൂക്കളെ പോലെയായിരുന്നു അവൾ. ഉള്ളിൽ മിടിക്കുന്ന കുഞ്ഞുജീവനെ പൊതിഞ്ഞു പിടിച്ച് പുഞ്ചിരിതൂകുന്ന അമ്മമനം... ആ പൂവിന്റെ നിഷ്ക്കളങ്കമായ പുഞ്ചിരി കണ്ടങ്ങനെ മനസു നിറഞ്ഞു നിൽക്കുകയാണ് സോഷ്യൽമീഡിയ.
വയനാട് മുട്ടിൽ പഴശ്ശി കോളനിയിലെ ശരണ്യയുടെ സന്തോഷച്ചിരിയും സങ്കടഭാരവും കാത്തിരിപ്പുമൊക്കെ നാളിതുവരെ കണ്ടിട്ടുള്ളത് അവളുടെ എല്ലാമെല്ലാമായ അനീഷാണ്, പിന്നെ ആ കുഞ്ഞു വീട്ടിലെ കുടുസുമുറിയിലെ മൺചുവരില്‍ തൂങ്ങിയാടുന്ന കണ്ണാടിയും. അതിനുമപ്പുറത്തേക്കൊരു ഫ്രെയിമിലേക്ക് ആ മുഖം കടന്നു ചെന്നിട്ടില്ല. അവിടെയാണ് ജീവിതത്തിൽ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്തൊരു മഴവില്ലു വിടർന്നതു പോലൊരു സന്തോഷത്തിന്റെ ക്ലിക്ക് പിറവിയെടുക്കുന്നത്. സ്വന്തം വിവാഹത്തിനു പോലും നേരാംവണ്ണം അണിഞ്ഞൊരുങ്ങിയിട്ടില്ലാത്തൊരു പെൺകൊടിയുടെ ജീവിതത്തിലേക്ക് തീർത്തും അപ്രതീക്ഷിതമായൊരു ക്യാമറ ക്ലിക്ക്.
ക്യാമറയിൽ പതിഞ്ഞ ഗുൽമോഹർ ചിരി
സേവ് ദി ഡേറ്റും വിവാഹമേളവും മെറ്റേണിറ്റി ഷൂട്ടും കാശുള്ളവന്റേതു മാത്രമാകുന്ന ലോകത്താണ് ഈ മനോഹരമായ ഫ്രെയിമുകൾ പിറവിയെടുത്തതെന്നോർക്കണം. ജീവനും ജീവിതങ്ങളും തന്റെ ക്യാമറ ക്ലിക്കിൽ ആവാഹിച്ച ആതിര ജോയിയാണ് ശരണ്യയുടെ ജീവിതത്തിലെ സുന്ദരമായ നിമിഷത്തിന് ജീവൻ പകർന്നത്. സോഷ്യൽ മീഡിയില്‍ വൈറലാകുന്ന ചിത്രങ്ങൾക്കു പിന്നിലെ ജീവൻ തുടിക്കുന്ന കഥ വനിത ഓൺലൈനോട് പറയുകയാണ് ആതിര ജോയ്.
ജീവിതത്തിലെ വലിയ ആഗ്രമെന്താണ്, സ്വപ്നമെന്താണ്, എന്തുവേണം എന്നൊക്കെ ചോദിച്ചാൽ നമ്മുടെ മറുപടി എന്തായിരിക്കും? എല്ലാം നേടിയിട്ടും, ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കിയിട്ടും മതിയാകാതെ കുന്നോളം ആഗ്രഹങ്ങളുടെ ‘ബക്കറ്റ് ലിസ്റ്റ്’ നമ്മൾ നിരത്തി വയ്ക്കും. എന്നാൽ വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഇല്ലാതെ... നമ്മുടെ നിറമുള്ള ഫ്രെയിമുകളിലേക്ക് കടന്നു വരാതെ ജീവിക്കുന്ന കുറേ മനുഷ്യരുണ്ട്. കാശിന്റെ കനമില്ലാത്ത അവരുടെ സ്വപ്നങ്ങൾ നമ്മളെക്കാൾ ചെറുതായിരിക്കും. ഇത്ര നിസാരമായ ആഗ്രഹമോ എന്നു തോന്നും... പക്ഷേ അവർക്കത് സ്വപ്നതുല്യമായിരിക്കും.– ആതിര പറഞ്ഞു തുടങ്ങുകയാണ്.
വയനാട്ടിലെ പണിയ സമുദായാംഗമാണ് ശരണ്യ. മുട്ടിൽ എന്ന പ്രദേശത്തിനടുത്തുള്ള പഴശ്ശി കോളനിയിലെ താമസക്കാരി. കൂലിപ്പണിക്കാരനായ ഭർത്താവ് അനീഷും ഒരു വയസുള്ള ഒരു ആൺകുഞ്ഞുമുണ്ട് അതിനപ്പുറം മറ്റൊരു ലോകമില്ല അവൾക്ക്. എന്റെ സ്വദേശവും വയനാട് ആണെങ്കിലും വളരെ അവിചാരിതമായാണ് ശരണ്യയെ പരിചയപ്പെടുന്നത്. അവൾ രണ്ടാമത് ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴാണ് ഒരു മെറ്റേണിറ്റി ഷൂട്ടിനെ കുറിച്ച് ചിന്തിക്കുന്നത്. എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ട്രൈബൽ വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ ചിത്രങ്ങളോ വിഡിയോയോ ഷൂട്ട് ചെയ്യുന്നതും അവരുടെ സ്ഥലത്തേക്ക് അനുവാദമില്ലാതെ പോകുന്നതിനുമൊക്കെ ബന്ധപ്പെട്ട വകുപ്പിന്റെ പ്രത്യേക അനുവാദം വേണം. ശരണ്യയുടെയും ഭർത്താവിന്റെയും മനമറിയാൻ എത്തുമ്പോഴുമുണ്ടായി തടസങ്ങൾ. കാര്യങ്ങൾ തുറന്നു സംസാരിക്കാനോ ഫൊട്ടോയ്ക്ക് പോസ് ചെയ്യായുമൊക്കെ വലിയ നാണമായിരുന്നു ശരണ്യക്ക്. പക്ഷേ അവളുടെ ജീവിതത്തിലെ നല്ല നിമിഷം ഒപ്പിയെടുക്കാനും അതു സമ്മാനിക്കാനുമാണ് വരുന്നതെന്ന് പറഞ്ഞപ്പോൾ പുള്ളിക്കാരി സമ്മതം മൂളി. കൽപറ്റയിലുള്ള ട്രൈബൽ ഓഫീസിനെ സമീപിച്ചു. അവർ തിരുവനന്തപുരത്തുള്ള പ്രധാന ഓഫീസിലേക്ക് എന്റെ ആവശ്യവും ശരണ്യയുടെയും കുടുംബത്തിന്റെയും സമ്മതമടങ്ങുന്ന അപേക്ഷയും കൈമാറി. അവിടുന്ന് അനുവാദം കിട്ടിയ ശേഷമായിരുന്നു മെറ്റേണിറ്റി ഷൂട്ടുമായി മുന്നോട്ടു പോയത്.
ആ സമയങ്ങളിൽ വയനാടിന്റെ പച്ചപ്പിനു മേൽ കമ്പളം പുതച്ചപോലെ ഗുൽമോഹർ വഴിയിരികിൽ പൂത്തുനിൽപ്പുണ്ടായിരുന്നു. കുങ്കുമവും ചെഞ്ചോപ്പും ഇടകലരുന്ന നിറങ്ങളിലുള്ള മെറ്റേണിറ്റി വെയർ തന്നെ ശരണ്യക്കായി ഒരുക്കി. വലിയ നാണക്കാരിയാണ് അവളെന്നു പറഞ്ഞല്ലോ... ശരിക്കും പറഞ്ഞാൽ കുഞ്ഞു കുട്ട്യോളെ ഒരുക്കുന്നതു പോലെയാണ് ശരണ്യയെ അണിയിച്ചൊരുക്കിയത്. മേക്കപ്പ് ചെയ്യുമ്പോഴും ഉടുപ്പണിയുമ്പോഴുമൊക്കെ നാണത്തോടെ ശരണ്യ അനീഷിനെ നോക്കും ഞാൻ സുന്ദരിയായോ എന്ന മട്ടിൽ. അവളുടെ ആ നാണമായിരുന്നു ഈ ചിത്രങ്ങളുടെയും ജീവൻ. ക്യാമറയിലെടുത്ത ചിത്രങ്ങളെല്ലാം കാണിക്കുമ്പോഴും കണ്ടു നമ്മുടെയൊക്കെ മനസു കീഴടക്കുന്ന നാണവും പുഞ്ചിരിയും.
ഒരുപാട് സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നില്ല അവൾ. പക്ഷേ ഇപ്പോൾ എന്താ ആഗ്രഹം എന്ന് ചോദിക്കുമ്പോൾ അവള്‍ പറഞ്ഞ മറുപടി എന്റെ കണ്ണുനനയിച്ചു. ചോറു കഴിക്കണം കൂട്ടിന് സാമ്പാർ വേണം ചിക്കൻ വേണം എന്നൊക്കെയായിരുന്നു ശരണ്യയുടെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ. നോക്കണേ... കുഞ്ഞാവ വരവറിയിക്കുമ്പോഴേ ജ്യൂസും ന്യൂട്രീഷ്യസ് ഫുഡും ഫാസ്റ്റ് ഫുഡും കെഎഫ്സിയുമൊക്കെ ആഗ്രഹിക്കുന്ന നമ്മുടെ ആഗ്രഹങ്ങൾക്കു മുന്നിൽ എത്ര ചെറുതാണ് അവയെല്ലാം. യാത്രപറഞ്ഞിറങ്ങുമ്പോൾ പിന്നീടൊരിക്കൽ തമ്മിൽ കാണുമെന്ന ഉറപ്പില്ലായിരുന്നു. പക്ഷേ കുറേ നല്ല നിമിഷങ്ങളും മനസിലിട്ടു കൊണ്ടാണ് ആ കോളനിയോട് യാത്ര പറഞ്ഞത്. ഈ ചിത്രങ്ങൾ പുറത്തിറങ്ങുമ്പോഴേക്കും അവള്‍ മിടുക്കനോ മിടുക്കിയോ ആയൊരു കുഞ്ഞിന് ജന്മം നൽകിയിട്ടുണ്ടാകും. അനുവാദം വാങ്ങി ഒരിക്കൽ കൂടി അവിടെ ചെല്ലണം. ഒരിക്കൽ കൂടി കൺനിറയെ ആ സന്തോഷം കാണണം– ആതിര പറഞ്ഞു നിർത്തി.