ഏഴു തവണ ശസ്ത്രക്രിയ, വേദനയില് നീറി ജീവിതം; ഷീബയുടെ ചികിത്സ ഏറ്റെടുത്ത് കൊച്ചി ആസ്റ്റർ മെഡ്സിറ്റി, സാന്ത്വനം
Mail This Article
ഏഴു തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ കൊല്ലം പത്തനാപുരം സ്വദേശി ഷീബയ്ക്ക് ആശ്വാസവുമായി കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രി. ഷീബയുടെ ദുരിതം പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് ആസ്റ്റർ മെഡ്സിറ്റി ഷീബയുടെ ചികിത്സ ഏറ്റെടുത്തത്. ഏറെനാൾ വിദഗ്ധ ചികിത്സ ആവശ്യമായി വരുമെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.
അതേസമയം സർക്കാർ സഹായം ലഭിച്ചില്ലെന്ന് ഷീബ മാധ്യമങ്ങളോട് പറഞ്ഞു. ഷീബയുടേത് ഒറ്റപ്പെട്ട വിഷയമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. ആരോഗ്യമേഖല ലോകാത്തരമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ചികിത്സാ വീഴ്ചകൾ അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞെങ്കിലും ചികിത്സയുടെ കാര്യത്തിൽ തീരുമാനം ആയിരുന്നില്ല.
ഡോക്ടർമാരുടെ വീഴ്ച ചൂണ്ടിക്കാട്ടിയതിൽ ഉറച്ചുനിൽക്കുന്നതായി കെബി ഗണേഷ് കുമാർ എംഎൽഎ പറഞ്ഞു. ഗർഭാശയമുഴ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ഒരു വർഷത്തിനിടെ ഏഴു ശസ്ത്രക്രിയകൾ നടത്തിയിട്ടും അതിവേദനയിലായിരുന്നു ഷീബ.
കുവൈത്തിൽ വീട്ടുജോലിക്കു പോയിരുന്ന ഷീബ കോവിഡ് കാലത്താണ് നാട്ടിലെത്തിയത്. ഗർഭാശയത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്നു കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ സർജറി ചെയ്തു. ഒന്നര മാസത്തിനു ശേഷം സർജറി ചെയ്ത ഭാഗത്തിനു സമീപത്തായി മുഴയുടെ രൂപത്തിൽ കല്ലിപ്പ് കണ്ടെത്തി. വീണ്ടും ഇവിടെയെത്തി സർജറി ചെയ്തു.
എന്നാൽ വീണ്ടും കല്ലിപ്പ് രൂപപ്പെട്ടതോടെ സ്വകാര്യ ആശുപത്രി പിന്നീടുള്ള ചികിത്സ നിഷേധിച്ചു. ഇതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോയി. ഇവിടെ തുടർച്ചയായി മാസങ്ങളുടെ ഇടവേളയിൽ അഞ്ചു ശസ്ത്രക്രിയകൾ നടത്തി. ആദ്യത്തെ ശസ്ത്രക്രിയയ്ക്കു ശേഷം ഡോക്ടർമാർ വേണ്ടുന്ന സഹായം ചെയ്തില്ലെന്നും ഷീജ ആരോപിക്കുന്നു.
ഒരു തവണ സർജറി കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ ആശുപത്രിക്കു പുറത്തേക്കു മുറിയെടുത്തു മാറണമെന്ന് ആവശ്യപ്പെട്ടു. തന്റെ കയ്യിൽ കാശില്ലാത്തതിനാൽ കൂടെയുണ്ടായിരുന്ന ആളുടെ സഹായത്തോടെ ബസിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും ശരീരം മുഴുവൻ രക്തത്തിൽ കുളിച്ചിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരാൻ അനുവദിക്കണമെന്ന ആവശ്യം തള്ളിക്കളയുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഒട്ടേറെ പരാതി നൽകി. ഒന്നിനും പരിഹാരമുണ്ടായില്ല.
വയർ തുറന്ന അവസ്ഥയിലായതിനാൽ ഉള്ളിലെ അവയവങ്ങൾ വരെ കാണാൻ കഴിയുന്ന രീതിയിലാണ്. തുറന്നു വച്ചിരിക്കുന്നതിനാൽ പലയിടത്തും അണുബാധ ഉണ്ടാകുന്നുമുണ്ട്. സ്വകാര്യ ആശുപത്രിയിൽ ആദ്യം നടത്തിയ ശസ്ത്രക്രിയയിലെ ചികിത്സാപ്പിഴവാണ് കാരണമെന്നാണ് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ വാദം.