വീടില്ല, ഭക്ഷണത്തിനായി യാചിക്കും: ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ രോഗിയായ മകനൊപ്പം ദുരിതജീവിതം നയിച്ച് ഒരമ്മ
Mail This Article
വടക്കഞ്ചേരി ടൗണിലെ കിഴക്കഞ്ചേരി റോഡില്‍ പുതിയതായി നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിലാണ് ഒരു മാസത്തിലേറെയായി അമ്മാളു അമ്മ രോഗിയായ മകൻ സുരേഷിനൊപ്പം താമസം. മാനസിക വെല്ലുവിളി നേരിടുന്ന 45 വയസ്സുകാരനായ സുരേഷിനു മരുന്നു വാങ്ങാൻ പോലും കഴിയുന്നില്ല അമ്മാളുഅമ്മയ്ക്ക്.
ഭക്ഷണം ഹോട്ടലുകളിൽ നിന്നു യാചിച്ച് എത്തിക്കുകയാണ്. മുൻപ് എഴുന്നേറ്റ് ഇരിക്കുമായിരുന്ന സുരേഷ് ഇപ്പോൾ പൂർണമായി കിടപ്പിലായതോടെ എല്ലാക്കാര്യങ്ങൾക്കും സഹായം വേണം. യാത്രക്കാർ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയിട്ടില്ല.
വള്ളിയോട് പുറമ്പോക്കിൽ താമസിച്ചിരുന്ന ഇവരുടെ വീടു തീപിടിച്ചു നശിച്ചിരുന്നു. ഒപ്പം കയ്യിലുണ്ടായിരുന്ന രേഖകളെല്ലാം കത്തിപ്പോയി. തുടർന്നു കടവരാന്തകളിൽ മാറിമാറി താമസിച്ചു വരുന്നതിനിടെ സുരേഷിന്റെ ആരോഗ്യം ക്ഷയിച്ച് അവശ നിലയിലായതോടെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ താമസം ഉറപ്പിക്കുകയായിരുന്നു.
ലൈഫ് പദ്ധതിയിൽ സ്ഥലത്തിനും വീടിനും പലതവണ അപേക്ഷ നൽകിയെങ്കിലും കാര്യമുണ്ടായില്ല. മകനെ അഭയകേന്ദ്രത്തിലാക്കാനും കഴിഞ്ഞില്ല. ശുചിമുറി സൗകര്യം പോലുമില്ലാത്ത സ്ഥലത്ത് അവശനായ മകനെ പരിചരിക്കാൻ ഏറെ കഷ്ടപ്പെടുകയാണ് ഈ അമ്മ. സുരക്ഷിതമായി മകനെ പരിചരിക്കാനും മഴയെയും ഇഴജന്തുക്കളെയും പേടിക്കാതെ കിടന്നുറങ്ങാനും ഒരിടം മാത്രമാണ് അമ്മാളുഅമ്മയുടെ ആവശ്യം.
പട്ടികവർഗ വകുപ്പിനു കീഴിൽ ഹൗസിങ് സ്കീമും ലൈഫ് മിഷനും റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയുള്ള ഭവനപദ്ധതികളുമെല്ലാം ഉള്ളപ്പോഴാണ് ഈ അവസ്ഥ. ബസ് കാത്തിരിപ്പുകേന്ദ്രം ഇവർ അഭയകേന്ദ്രമാക്കിയതോടെ യാത്രക്കാരും പ്രയാസത്തിലായി.