ADVERTISEMENT

പതിനഞ്ച് വർഷങ്ങൾക്കു ശേഷം അപ്പൂസ് (18) അമ്മയുടെ കൈ പിടിച്ചു. ഇനി മകൻ കടപ്ലാമറ്റം സ്വദേശിയായ അപ്പൂസ് അമ്മ പുഷ്പയോടൊപ്പം. വനിതാശിശു വികസന വകുപ്പിന്റെ കീഴിൽ തിരുവഞ്ചൂരിലുള്ള സർക്കാർ ചിൽഡ്രൻസ് ഹോമിലായിരുന്ന അപ്പൂസിനെ തിരിച്ചറിയാൻ കാരണം തിരച്ചിലിനിടയിൽ അപ്രതീക്ഷിതമായി ദേഹത്തു വീണ ഒരു ഫയൽ! ഭർത്താവു മരിച്ചതിനു ശേഷം നിവൃത്തിയില്ലാതെ വന്നതോടെയാണ് അപ്പൂസിനെ മൂന്നാം വയസ്സിൽ പുഷ്പ ചങ്ങനാശേരി അൽഫോൻസ സ്നേഹനിവാസിൽ ഏൽപിച്ചത്. 

റെയിൽ വികസനത്തിന്റെ ഭാഗമായി സ്നേഹനിവാസ് കെട്ടിടം പൊളിച്ചുമാറ്റിയപ്പോൾ അന്തേവാസികളെ ആദ്യം വാകത്താനത്തേക്കും പിന്നീട് നെടുംകുന്നത്തേക്കും മാറ്റി. പലയിടത്തും ജോലിക്കായി അലഞ്ഞ പുഷ്പയ്ക്കാകട്ടെ മകൻ എവിടെയാണെന്ന കാര്യം അറിയാൻ കഴിയാതെയുമായി. അങ്ങനെ തിരുവഞ്ചൂരിലെ ചിൽഡ്രൻസ് ഹോമിലെത്തിയ അപ്പൂസ് സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് കോഴ്സ് പൂർത്തിയാക്കി കെടിഡിസിയുടെ ഹോട്ടലിൽ ജോലിക്കു കയറി.  

ADVERTISEMENT

അപ്പൂസ് തിരുവഞ്ചൂരിലുണ്ടെന്ന് 2019ൽ കണ്ടെത്തിയെങ്കിലും മകനാണെന്നു തെളിയിക്കുന്ന രേഖ പുഷ്പയുടെ കയ്യിലുണ്ടായിരുന്നില്ല. മകനും അമ്മയെ തിരിച്ചറിയാനായില്ല. അന്നു പുഷ്പ കണ്ണീരോടെ തിരിച്ചുപോകുന്നതു ചിൽഡ്രൻസ് ഹോമിലെ കെയർടേക്കർ ബാബുരാജ് കണ്ടു.അമ്മയെയും മകനെയും ഒന്നിപ്പിക്കുക എന്ന ദൗത്യം ബാബുരാജ് ഏറ്റെടുത്തു. അപ്പൂസ് താമസിച്ച സ്ഥലങ്ങളിലെല്ലാം ബാബുരാജ് എത്തി. നെടുംകുന്നത്തെ കേന്ദ്രത്തിൽ നടത്തിയ പരിശോധനയ്ക്കിടെ ഒരു ഫയൽ ബാബുരാജിന്റെ ദേഹത്തേക്കു വീണു. 

അതിനുള്ളിൽ പുഷ്പയും അപ്പൂസും ഒന്നിച്ചുനിൽക്കുന്ന ഫോട്ടോ ഉണ്ടായിരുന്നു. പിന്നീട് കാര്യങ്ങൾ വേഗത്തിലായി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടു. അമ്മ–മകൻ ബന്ധം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചു. പരിശോധനാ ഫീസ് 18,000 രൂപ ചൈൽഡ് വെൽഫെയർ കമ്മിറ്റി തന്നെ മുടക്കി. സിഡബ്ല്യുസി ചെയർമാൻ ഡോ. അരുൺ കുര്യൻ, അംഗങ്ങളായ ലാലൻ സി.ജേക്കബ്, സോഫി മാത്യു, ചിൽഡ്രൻസ് ഫോം സൂപ്രണ്ട് ബിനു ജോൺ എന്നിവർക്കൊപ്പം ബാബുരാജിന്റെയും 7 മാസത്തെ ശ്രമം അങ്ങനെ ഫലവത്തായി. അപ്പൂസ് വീണ്ടും അമ്മയുടേതായി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT