‘വാഹനമായാൽ ഇടിക്കും’: ജീവനെടുത്ത മരണപ്പാച്ചിൽ, എന്നിട്ടും വിദ്യാർഥികളോട് തട്ടിക്കയറി പ്രതി: വേദനയായി നമിത
Mail This Article
ഒരൊറ്റ നിമിഷത്തിന്റെ അശ്രദ്ധ, കണ്ണഞ്ചിപ്പിക്കുന്ന വേഗതയിൽ ബൈക്കിലെ ചീറിപ്പായൽ... അതിനെല്ലാം പകരം നൽകേണ്ടി വന്നത് നമിതയെന്ന പെൺകുട്ടിയുടെ ജീവൻ. നിർമല കോളജിൽ നിന്നും പതിവു പോലെ കൂട്ടുകാരോട് യാത്ര പറഞ്ഞിറങ്ങിയ നമിതയാണ് ഒരായുഷ്ക്കാലത്തിന്റെ വേദനയാകുന്നത്.
മൂവാറ്റുപുഴ നിര്‍മല കോളജിനു മുന്നില്‍ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. ബികോം അവസാന വര്‍ഷ വിദ്യാർഥിനിയായ നമിത വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകളാണ്.
ക്ലാസിലും കോളജിലും ഏറ്റവും ശാന്തസ്വഭാവക്കാരിയും എല്ലാവരുമായി സൗഹൃദം സൂക്ഷിച്ചിരുന്ന വിദ്യാർഥിനിയുമായിരുന്ന നമിത കുടുംബത്തിന്റെ വലിയ പ്രതീക്ഷയുമായിരുന്നു നമിത. ക്ലാസ് കഴിഞ്ഞു കളിചിരിയോടെ യാത്ര പറഞ്ഞു പിരിഞ്ഞ പ്രിയ സഹപാഠി ഇനി ഒരിക്കലും തിരികെ വരാതെ മടങ്ങിയെന്നു വിശ്വസിക്കാനായിട്ടില്ല ഉറ്റ സുഹൃത്തുക്കൾക്ക്. നമിതയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നിർമല ആശുപത്രിയിൽ രാത്രി വൈകിയും സുഹൃത്തുക്കൾ തടിച്ചുകൂടി.
അതേസമയം വിദ്യാർഥിനി നമിതയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ആൻസൺ കൊലപാതക ശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറയുന്നു. സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.
മനപ്പൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പകൾ ഉൾപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തു. അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ തലയ്ക്കേറ്റ പരുക്ക് സാരമുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.
അപകടത്തിനുശേഷവും ആൻസൺ പ്രകോപനപരമായാണു പെരുമാറിയതെന്നും തട്ടിക്കയറിയെന്നും വിദ്യാർഥികൾ പറഞ്ഞു. അപകട ശേഷം ആശുപത്രിയിൽവെച്ച് 'വാഹനമായാൽ ഇടിക്കും' എന്ന് ബൈക്കോടിച്ചിരുന്ന ആൻസൺ പ്രതികരിച്ചത് വിദ്യാർഥികളുടെ രോഷത്തിനിടയാക്കി. ഇതോടെ ആശുപത്രി പരിസരത്ത് സംഘർഷമായി.
നമിതയുമായി ആശുപത്രിയിലേക്കു തിരിച്ച വാഹനത്തിനു പിന്നാലെ കോളജിലെ വിദ്യാർഥികളെല്ലാം കൂട്ടമായി ആശുപത്രിയിൽ എത്തിയിരുന്നു. അപകടത്തിൽ പരുക്കേറ്റ ആൻസണെയും ഇവിടെ തന്നെയാണു കൊണ്ടു വന്നിരുന്നത്.
അപകടമുണ്ടാകുന്നതിനു മുൻപ് കോളജ് പരിസരത്ത് അമിത വേഗത്തിൽ ഇയാൾ ചുറ്റിക്കറങ്ങിയിരുന്നു. കോളജിനു മുന്നിൽ ബൈക്കിരപ്പിച്ച ഇയാളും വിദ്യാർഥികളുമായി തർക്കമുണ്ടാക്കി. തുടർന്ന് സ്ഥലംവിട്ട ഇയാൾ അമിത വേഗത്തിൽ പാഞ്ഞെത്തിയാണ് അപകടമുണ്ടാക്കിയതെന്ന് വിദ്യാർഥികൾ പറഞ്ഞു.
റോഡ് മുറിച്ച് കടക്കുന്നതിനിടെ ബുധനാഴ്ച വൈകിട്ടാണ് ബൈക്കിടിച്ച് ബികോം അവസാന വര്‍ഷ വിദ്യാർഥിനി വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ ആര്‍. നമിത മരിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയില്‍ എം.ഡി.ജയരാജന്റെ മകള്‍ അനുശ്രീ രാജിന് അപകടത്തില്‍ പരുക്കേറ്റു.