ആ രാത്രി മുഴുവന് മൃതദേഹം കട്ടിലിനടിയിൽ, കുഴിച്ചിട്ട സ്ഥലത്ത് അലക്കുകല്ലിന് പ്ലാൻ: ഓർമയിലെത്തുന്നത് ജോർജ് കുട്ടിയും ടെയ്‌ലർ മണിയും
Mail This Article
‘ദൃശ്യം’ സിനിമയിലെ ജോർജ് കുട്ടി, സേതുരാമയ്യർ സിബിഐയിലെ ‘ടെയ്‌ലർ മണി’; കുടുംബശ്രീ പ്രവർത്തകയായ സുജിതയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിന്റെ തിരക്കഥ ചുരുളഴിയുമ്പോൾ ഓർമയിലെത്തുന്നതു മലയാളത്തിലെ രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങൾ. കേസിലെ പ്രധാനപ്രതിയായ വിഷ്ണുവിന്റെ പെരുമാറ്റവും അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമവും രണ്ടു കഥാപാത്രങ്ങളെയും ഓർമിപ്പിക്കുന്നതാണ്. സേതുരാമയ്യർ സിബിഐ എന്ന സിനിമയിൽ ജഗദീഷ് അവതരിപ്പിച്ച ടെയ്‌ലർ മണിയെന്ന കഥാപാത്രം ഒരു കൊലപാതകക്കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു സമരം ചെയ്യുന്നുണ്ട്.
ക്ലൈമാക്സിൽ ഇയാൾ തന്നെയാണു പ്രതിയാകുന്നത്. സുജിതയെ കാണാനില്ലെന്ന പോസ്റ്റ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു മാക്സിമം പ്രചരിപ്പിക്കാൻ വിഷ്ണു ആവശ്യപ്പെടുന്നുണ്ട്. സുജിതയെ കാണാതായ 11നു തന്നെയാണ് ആദ്യ പോസ്റ്റ്. പിന്നിട് 14നു കരുവാരകുണ്ട് പൊലീസ് പോസ്റ്റ് ചെയ്ത ഇതുമായി ബന്ധപ്പെട്ട അറിയിപ്പും ഇയാൾ പങ്കുവയ്ക്കുന്നുണ്ട്. പ്രാദേശിക മാധ്യമപ്രവർത്തകരെ വിളിച്ച് തിരോധാനവുമായി ബന്ധപ്പെട്ട വാർത്ത നൽകണമെന്നും ഇയാൾ പറഞ്ഞിരുന്നു.
കൊലപാതകക്കേസിൽ നിന്നു കുടുംബത്തെ രക്ഷിക്കാനായി മൃതദേഹം, നിർമാണം നടക്കുന്ന പൊലീസ് സ്റ്റേഷന്റെ അടിയിൽ കുഴിച്ചിടുകയാണു ‘ദൃശ്യം’ സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ് കുട്ടിയെന്ന കഥാപാത്രം. മെറ്റലും കല്ലും സിമന്റുമിറക്കി മൃതദേഹം കുഴിച്ചിട്ടയിടത്ത് അലക്കുകല്ല് നിർമിക്കാൻ വിഷ്ണുവും ശ്രമം നടത്തി. കേസിലെ പ്രതികളായ വിഷ്ണു, 2 സഹോദരന്മാർ, പിതാവ് എന്നിവർക്കൊപ്പം സഹോദരിയും രണ്ടാനമ്മയുമാണ് കൊലപാതകം നടന്ന വീട്ടിൽ താമസിക്കുന്നത്.
സഹോദരിയും രണ്ടാനമ്മയും അച്ഛനും കൊലപാതക സമയത്തു വീട്ടിലില്ലായിരുന്നു. വീട്ടിലെ കട്ടിലിനടിയിലാണു മൃതദേഹം പാതിരാത്രിവരെ സൂക്ഷിച്ചത്. യുവതിയെ കൊലപ്പെടുത്തിയതിനു പിന്നിൽ സ്വർണം അപഹരിക്കുകയല്ലാതെ മറ്റു ലക്ഷ്യങ്ങളുണ്ടോയെന്നു മനസ്സിലാക്കുന്നതിനു പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും തെളിവെടുപ്പു നടത്തുമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാർ, പൊലീസ് ഇൻസ്പെക്ടർ കെ.നാസർ എന്നിവർ അറിയിച്ചു.
എസ്ഐമാരായ ഷിജോ സി.തങ്കച്ചൻ, മുരളീധരൻ, സതീശൻ, മനോജ്, എഎസ്ഐ ജയിംസ് ജോൺ, എസ്‍സിപിഒ സനൂജ്, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.നിലമ്പൂർ തഹസിൽദാർ എം.പി.സിന്ധുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. നിലമ്പൂർ ഡിവൈഎസ്പി ഷാജു കെ.ഏബ്രഹാം, കരുവാരകുണ്ട് സിഐ സികെ.നാസർ, മങ്കട സിഐ പി.വിഷ്ണു തുടങ്ങിയവർ സ്ഥലത്തെത്തി.