ADVERTISEMENT

ഏത് പകർച്ചവ്യാധി പടരുമ്പോഴും അതിനോടൊപ്പമോ അതിലേറെ ശക്തിയോടെയോ പകരുന്ന ഒന്നാണ് വ്യാജപ്രചാരണങ്ങൾ. അനാവശ്യമായ ഭീതി പരത്താനിടയാക്കുന്ന ഇത്തരം വ്യാജപ്രചാരണങ്ങളെ വിശ്വസിക്കരുത്. ഔദ്യോഗിക ആരോഗ്യസംവിധാനങ്ങളുടെ അറിയിപ്പുകളെ മാത്രം മുഖവിലയ്ക്കെടുക്കുക. നിപ്പയെക്കുറിച്ച് പരക്കുന്ന ചില തെറ്റിധാരണകളും അവയുടെ യാഥാർഥ്യവും ചുവടെ.

തുറന്നുകിടക്കുന്ന കിണറ്റിലെ വെള്ളം കുടിക്കാമോ?

ADVERTISEMENT

കിണർ വെള്ളത്തിൽ വൈറസ് ബാധിച്ച വവ്വാലിന്റെ സ്രവം വീഴാമെന്നത് സാധ്യതയുള്ള കാര്യമാണ്. എന്നാൽ വെള്ളത്തിൽ വൈറസ് പെരുകില്ല. നശിച്ചു പോവുകയുമില്ല. അതുകൊണ്ട് പച്ചവെള്ളം കുടിക്കാതെ, തിളപ്പിച്ചാറിച്ച് മാത്രം കുടിക്കുക.

വാഴക്കൂമ്പ്, വാഴയില എന്നിവ ഉപയോഗിക്കാമോ?

ADVERTISEMENT

നല്ല ഒഴുക്കുവെള്ളത്തിൽ (Running Water)  വൃത്തിയായി കഴുകിയെടുത്ത് ഉപയോഗിക്കുന്നത് കുഴപ്പമില്ല. കടിപ്പാടുകളോ, പൊട്ടലോ വിള്ളലോ ഉള്ളതായ വാഴപ്പഴം ഉപയോഗിക്കരുത്. വവ്വാലിന്റെ സ്രവം വീഴാൻ സാധ്യതയുള്ളതിനാൽ  വാഴക്കൂമ്പ്, കള്ള് ഇവയുടെ ഉപയോഗം ശ്രദ്ധയോടെ വേണം. വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുന്നതാണ് ഉത്തമം.  

പേരയ്ക്ക, റമ്പുട്ടാൻ ഇവ കഴിക്കാമോ?

ADVERTISEMENT

എന്തെങ്കിലും തരത്തിലുള്ള കടിപ്പാടുകളോ പൊട്ടലുകളോ പോറലുകളോ ഉള്ള പഴങ്ങൾ കഴിക്കരുത്. ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാത്ത പഴങ്ങൾ ഒഴുക്കുവെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ മഞ്ഞളും ഉപ്പും ചേർത്ത വെള്ളത്തിലോ വൃത്തിയായി കഴുകി ഉപയോഗിക്കാം.

വളർത്തുമൃഗങ്ങളിൽ നിന്ന് നിപ്പ പകരുമോ?

നിലവിൽ നിപ്പ പകർന്നിരിക്കുന്നത് എവിടെ നിന്നാണെന്നു വ്യക്തമല്ല. പക്ഷേ, മൃഗങ്ങളിൽ നിന്നു പകരാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നവർ എപ്പോഴും ശ്രദ്ധ പാലിക്കണം. മുയൽ, വവ്വാൽ, പന്നി മുതലായ മൃഗങ്ങളുമായി ഇടപഴകുമ്പോഴും എൻ 95 മാസ്ക് ധരിക്കാനാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്. കഴിയുമെങ്കിൽ കയ്യുറകൾ ധരിച്ച് അവയെ പരിപാലിക്കുക. ഇവയുമായി ഇടപെട്ട ശേഷം സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകി വൃത്തിയാക്കാൻ മറക്കരുത്.

മൃഗങ്ങളുടെ മാംസം കഴിക്കാമോ?

മാംസം നന്നായി വേവിച്ച് കഴിച്ചാൽ പ്രശ്നമൊന്നുമില്ല. ഉയർന്ന ചൂടിൽ വൈറസ് നശിച്ചുപോകും. മൃഗങ്ങളുടെ പാലും നന്നായി വെട്ടിത്തിളച്ചതിനു ശേഷം മാത്രം ഉപയോഗിക്കുക. മാംസം കൈകാര്യം ചെയ്യുന്നവർ അതിനു ശേഷം കൈകൾ വൃത്തിയായി സോപ്പിട്ട് കഴുകണം. കോഴിയിറച്ചിയിൽ നിന്ന് നിപ്പ പകരുമെന്ന പ്രചാരണത്തിൽ കഴമ്പൊന്നുമില്ല. 

ADVERTISEMENT