തൂമ്പ ഇളകാത്ത രീതിയിൽ എങ്ങനെ ഉറപ്പിക്കാമെന്നു ചിന്തിച്ചു; സ്ട്രോങ്ങായ ‘തൂമ്പാക്കുഴ’യുടെ കണ്ടെത്തലിനു പേറ്റന്റുമായി കർഷകൻ!
Mail This Article
കൃഷിപ്പണിക്കിറങ്ങിയപ്പോൾ തൂമ്പ 'പണി'തന്നതോടെ കലിപ്പിലായെങ്കിലും തുടർന്നുള്ള ചിന്തയിൽനിന്ന് ഉരുത്തിരിഞ്ഞ 'തൂമ്പാക്കുഴ'യുടെ കണ്ടെത്തലിന് പേറ്റന്റ് സ്വന്തമാക്കി കട്ടപ്പന വണ്ടൻമേട് ആമയാർ ഇല്ലിക്കൽ ആർ. ശശി. ആറിനം തൂമ്പകൾ, കോടാലി, മണ്ണിളക്കാനുള്ള മുള്ള്, കളകൾ നീക്കാനുള്ള കളവരണ്ടി, ഏലച്ചെടികളുടെ കിഴങ്ങ് പിഴുതെടുക്കാനുള്ള ഉപകരണം തുടങ്ങിയവയെല്ലാം ഇദ്ദേഹം നിർമിക്കുന്നു.
പട്ടാളത്തിൽ നിന്ന് വിരമിച്ചശേഷം ശശി ഏലക്കാ സ്‌റ്റോറിന്റെ അടുപ്പ് കാസ്റ്റ് അയണിൽ നിർമിക്കാൻ തുടങ്ങി. പരീക്ഷണം വിജയിച്ചെങ്കിലും കാര്യമായ ലാഭം ഇല്ലാത്തതും പണിയ്ക്ക് ആളെ ലഭിക്കാതെ വന്നതും തിരിച്ചടിയായി. തുടർന്ന് ഏലക്കൃഷിയുമായി മുന്നോട്ടുപോകവെ കൃഷിയിടത്തിൽ പടുതാക്കുളത്തിന്റെ നിർമാണം തുടങ്ങി. പണിക്കാർക്ക് നൽകുന്ന തൂമ്പകളെല്ലാം വേഗത്തിൽ ഇളകുന്നതിനാൽ പിടിയും തൂമ്പയും ഉറപ്പിച്ച് മടുത്തതോടെ തൂമ്പ ഇളകാത്ത രീതിയിൽ എങ്ങനെ ഉറപ്പിക്കാമെന്ന ആലോചനയിലായി.
ഇതിനൊടുവിലാണ് നട്ടും ബോൾട്ടും ഇട്ട് മുറുക്കുന്ന ആശയം തോന്നിയത്. അതുപ്രകാരം ഏതാനും തൂമ്പകൾ ഉറപ്പിച്ചത് വിജയിച്ചു. തൂമ്പയിൽ മണ്ണ് പിടിച്ചിരിക്കില്ലെന്നതും മൂർച്ച കൂട്ടേണ്ടെന്നതുമായിരുന്നു പ്രധാന ആകർഷണം. പരീക്ഷണം വിജയിച്ചതോടെ വാണിജ്യാടിസ്ഥാനത്തിൽ നിർമാണം ആരംഭിക്കാനായി ഈ രീതിയിൽ കുഴ നിർമിക്കാൻ പേറ്റന്റ് നേടി. ആമയാറിൽ അതുല്യ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം തുറന്ന് പണിയായുധങ്ങളുടെ നിർമാണം തുടങ്ങി. വിവിധ പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന ആറിനം തൂമ്പകൾ ഇപ്പോൾ നിർമിക്കുന്നു.
ഇരുമ്പ് പൈപ്പിൽ ഹോസ് ചൂടാക്കി മുറുക്കി ക്ലാമ്പ് ഉപയോഗിച്ച് ഉറപ്പിച്ചാണ് വൈദ്യുതി ലൈനിൽ തട്ടിയാലും ഷോക്ക് ഏൽക്കാത്ത വിധത്തിലുള്ള ഏണികൾ ഇവിടെ നിർമിച്ചിട്ടുള്ളത്. ചവിട്ടുപടിയായി ഫൈബർ ആണ് ഉപയോഗിക്കുന്നത്. പാമ്പാടുംപാറയിലെ സ്വന്തം കൃഷിയിടത്തിലാണ് പുതിയ ആയുധങ്ങളെല്ലാം പരീക്ഷിക്കുന്നത്. അയൽസംസ്ഥാനങ്ങളിലും ഇപ്പോൾ പണിയായുധങ്ങൾ വിൽക്കുന്നുണ്ട്. ഭാര്യ ശ്യാമളയുടെയും മക്കളായ വീണ, ദിവ്യ, സൂരജ് എന്നിവരുടെയും പൂർണ പിന്തുണയോടെ ഇദ്ദേഹം പരീക്ഷണങ്ങൾ തുടരുകയാണ്.