ADVERTISEMENT

പെട്ടെന്നു ദേഷ്യം വരുന്ന സ്വഭാവക്കാരനാണ് പത്മകുമാറെന്ന് പരിചയക്കാർ പറയുന്നു. ചെറിയ കാര്യങ്ങൾക്കു പോലും പ്രകോപിതനാകും. പ്രദേശത്തുള്ള സഹപാഠികളുമായി പോലും അടുപ്പം ഉണ്ടായിരുന്നില്ല. കൊല്ലത്ത് നിന്ന് 42 വർഷം മുൻപാണ് ഇവർ ചാത്തന്നൂരിൽ എത്തുന്നത്. മാമ്പള്ളിക്കുന്നത്ത് 10 സെന്റ് വസ്തു വാങ്ങി വീട് വയ്ക്കുകയായിരുന്നു. 10 വർഷം മുൻപ് വീടിനോടു ചേർന്നു കുറച്ചു വസ്തു കൂടി വാങ്ങി വലിയ വീട് നിർമിച്ചു.

പഠിക്കാൻ മിടുക്കനായിരുന്നു. ചാത്തന്നൂർ ഗവ. ഹൈസ്കൂളിൽ ആയിരുന്നു 4 മുതൽ 10 വരെ പഠിച്ചത്. ക്ലാസിൽ ഒന്നാമൻ. പ്രവേശന പരീക്ഷയിലൂടെ കൊല്ലത്ത് പ്രമുഖ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസിനു ചേർന്നു. ഉയർന്ന റാങ്കിലായിരുന്നു വിജയം. ഒപ്പം പഠിച്ചവർ അമേരിക്ക ഉൾപ്പെടെ വിദേശത്താണ്. അവർ വിദേശത്തേക്കു വിളിച്ചെങ്കിലും പത്മകുമാർ നാട്ടിൽ നിൽക്കുകയായിരുന്നു.പഠനം കഴിഞ്ഞപ്പോൾ ചാത്തന്നൂരിൽ കംപ്യൂട്ടർ സെന്റർ ആരംഭിച്ചു. ചില പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് അതു പൂട്ടി.

ADVERTISEMENT

ഏക സഹോദരനാണ് കല്യാണി കേബിൾ എന്ന സ്ഥാപനം തുടങ്ങിയത്. ഈ സഹോദരൻ ജീവനൊടുക്കിയതോടെ പത്മകുമാർ സ്ഥാപനം ഏറ്റെടുത്തു. കോവിഡ് കാലത്ത് അതു വിറ്റു. പിന്നീട് മത്സ്യക്കടയും ബേക്കറിയും തുടങ്ങിയെങ്കിലും രണ്ടും പരാജയപ്പെട്ടു. വരുമാനം പൂർണമായി നിലച്ചു. ബന്ധുക്കൾ, സഹപാഠികൾ, അയൽക്കാർ എന്നിവരുമായി അടുപ്പമില്ല.

കേബിൾ ടിവി സർവീസ് നടത്തുമ്പോഴുള്ള ജോലിക്കാരിൽ ചിലർ ക്രിമിനൽ സ്വഭാവം ഉള്ളവർ ആയിരുന്നു. ഇവരുമായി മാത്രമായിരുന്നു അടുപ്പം. വീട്ടിൽ നിന്നു പുറത്തു പോകുന്നത് കാറിൽ മാത്രമാണ്. വീട്ടിലേക്കുള്ള വഴിയിലെ ട്യൂഷൻ സെന്ററിൽ വിദ്യാർഥികളെ വിളിക്കാൻ വരുന്ന രക്ഷാകർത്താക്കളുടെ വാഹനം മാർഗതടസ്സം ഉണ്ടാക്കുന്നു എന്നു പറഞ്ഞു വഴക്കിടുന്നത് പതിവായിരുന്നു.

ADVERTISEMENT

അനിതകുമാരി പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ആയിരുന്നു വിവാഹം. 18 വയസ്സ് തികഞ്ഞയുടൻ പത്മകുമാറുമായുള്ള വിവാഹം നടന്നു. പത്മകുമാറിന്റെ മാതാവിന് ഈ വിവാഹത്തോട് എതിർപ്പുണ്ടായിരുന്നതായും പറയപ്പെടുന്നു. മനോവിഷമം മൂലം പത്മകുമാറിന്റെ മാതാവ് കുറെക്കാലം മുടി മുറിച്ചു നടന്നുവത്രെ. മരിക്കുന്നതിനു മുൻപ് കുറെക്കാലം ഇവർ മൗനത്തിലും കഴിഞ്ഞുവെന്നു പറയപ്പെടുന്നു.

ADVERTISEMENT
ADVERTISEMENT