ADVERTISEMENT

പുതുവർഷ ദിനത്തിൽ നാടിനെ ദുഃഖത്തിലാക്കി ദമ്പതികളുടെ മരണം. കല്ലറ മുതുവിള മുളമുക്ക് കോടംപ്ലാച്ചി കുഴിയിൽ വീട്ടിൽ കൃഷ്ണൻ ആചാരി (69), ഭാര്യ വസന്തകുമാരി (60) എന്നിവരെയാണ് ഇന്നലെ രാവിലെ വീടിനോട് ചേർന്നുള്ള കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണൻ ആചാരിയും വസന്തകുമാരിയും മകനും കുടുംബവും ആണ് വീട്ടിൽ താമസം. 

ഞായർ രാവിലെ മകനും കുടുംബവും വട്ടപ്പാറയിൽ ഭാര്യയുടെ വീട്ടിൽ പോയിരുന്നു. ഇന്നലെ രാവിലെ പിതാവിനെ ഫോൺ വിളിച്ചിട്ട് കിട്ടിയില്ല. തുടർച്ചയായി വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു. അവർ നടത്തിയ പരിശോധനയിലാണ് വീട്ടിനു പുറത്തുള്ള ശുചിമുറിയിലും കുളിമുറിയിലുമായി ഇരുവരെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. 

ADVERTISEMENT

നിർമാണ തൊഴിലാളിയായിരുന്ന കൃഷ്ണൻ ആചാരി ഹൃദ്രോഗ ബാധയെത്തുടർന്ന് ഒരു വർഷം മുൻപ് ജോലിക്ക് പോകുന്നത് നിർത്തിയിരുന്നു. മരണം ഒരുമിച്ചു വേണമെന്ന് ഇരുവരും പലപ്പോഴും മറ്റുള്ളവരോട് പറയുമായിരുന്നുവെന്ന് അയൽവാസികൾ ഓർക്കുന്നു. ഇവർക്ക് സാമ്പത്തികമായോ മറ്റു പ്രശ്നങ്ങളോ ഒന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഒരാൾക്ക് 1000 രൂപ മാത്രമാണ് കടം വീട്ടാനുള്ളതെന്നും മറ്റു കടങ്ങൾ ഇല്ലെന്നും ആരും പണം തിരികെ തരാൻ ഇല്ലെന്നും രേഖപ്പെടുത്തിയ കുറിപ്പ് സമീപത്തു നിന്നും പൊലീസിനു ലഭിച്ചു.

പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് സംസ്കാരം നടത്തി. പ്രാഥമിക അന്വേഷണത്തിൽ മറ്റ് ദുരൂഹതകൾ ഉള്ളതായി കാണുന്നില്ലെന്ന് പാങ്ങോട് പൊലീസ് പറ‍ഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് മൃതദേഹം വീട്ടിലെത്തിച്ച സംസ്കരിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കം അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. മക്കൾ: സജി, ശ്രീജ. മരുമക്കൾ : രേഷ്മ, ബിനു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT