ADVERTISEMENT

ബക്കറ്റിന്റെ മൂടിയെടുക്കാനായി കിണറ്റിലിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. പോത്തൻകോട് അണ്ടൂർക്കോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം അൻസർ മൻസിലിൽ അൻസർ (31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 നാണ് സംഭവം. 65 അടിയോളം താഴ്ചയുള്ള കിണറ്റിൽ 4 തൊടി എത്തുമ്പോഴേക്കും ശുദ്ധവായു കിട്ടാതെ അൻസർ കുഴഞ്ഞ് വീഴുകയായിരുന്നു. 

ഭാര്യ സുറുമിയുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തി. വിവരം അറിഞ്ഞ് കഴക്കൂട്ടത്തു നിന്നും അഗ്നിരക്ഷാ സേനയെത്തി. രണ്ടു മണിക്കൂർ കഠിന പരിശ്രമത്തിലാണ് അൻസറിനെ പുറത്തെടുത്തത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.  

ADVERTISEMENT

3 സെന്റ് നിറഞ്ഞു നിൽക്കുന്ന വീടിന്റെ പിന്നിലാണ് കിണർ. സ്റ്റേഷൻ മാസ്റ്റർ ഗോപകുമാർ, അസി.സ്റ്റേഷൻമാസ്റ്റർ ജി.കെ ബൈജു, ഫയർമാൻമാരായ സുബാഷ് , ഷൈൻബോസ്, അരുൺ, ശ്രീജിത്ത്, ഡ്രൈവർ വിപിൻ, ഹോംഗാർഡ് സുരേഷ്കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

കുവൈറ്റിൽ വിസിറ്റിങ് വിസയിൽ ജോലിതേടി പോയ അൻസർ ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. അതിനു മുൻപ് ടിപ്പർ ലോറി ഡ്രൈവറായിരുന്നു. ഭാര്യ സുറുമി സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. എൽകെജി വിദ്യാർഥിയായ അയാൻ, നാലുമാസം പ്രായമുള്ള  ഹൗവ്വാജന്ന എന്നിവർ മക്കളാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT