കഴുത്തിലും തലയിലും വെട്ടേറ്റു, സൽമത്തിന്റെ ശരീരത്തിൽ 14 മുറിവുകൾ; മദ്യലഹരിയിൽ മകളുടെ ഭർത്താവ് നടത്തിയ ആക്രമണം, അറസ്റ്റില്‍
Mail This Article
മദ്യലഹരിയിൽ മകളുടെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ നടുവത്ത് ചേന്ദംകുളങ്ങര സൽമത്തിന്റെ ശരീരത്തിൽ 14 മുറിവുകൾ. തലയിൽ 3 വെട്ടും കഴുത്തിൽ 2 വെട്ടും കൊണ്ടു. കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ സൂചന. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കൊണ്ടോട്ടി ഓമാനൂര്‍ പൊന്നാട് ജുമാ മസ്ജിദില്‍ കബറടക്കി.
അറസ്റ്റിലായ പ്രതി കല്ലിടുമ്പ് സമീറിനെ (36) പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസും ഫൊറൻസിക് വിദഗ്ധരും ഉള്‍പ്പെടെ സ്ഥലപരിശോധന നടത്തി തെളിവു ശേഖരിച്ചു. സൽമത്തിന്റെ മകൾ സജ്നയെയും കുട്ടികളെയും ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോയി.
ചൊവ്വാഴ്ച വൈകിട്ട് 4.30ന് ആണ് സമീർ ഭാര്യാമാതാവ് സൽമത്തിനെ (52) വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുടെ നടുവത്തുള്ള വീട്ടിൽ തന്നെയാണ് സമീറും താമസിച്ചിരുന്നത്. രാവിലെ പുറത്തുപോയി വൈകിട്ട് തിരിച്ചെത്തിയപ്പോൾ വെട്ടുകത്തിയുമായി സജ്നയെയും കുട്ടികളെയും ആക്രമിക്കുകയായിരുന്നു.
ഇവർ ഓടി വീടിന്റെ പുറത്തിറങ്ങിയതോടെ മുറ്റത്തിരുന്നു പാത്രം കഴുകുകയായിരുന്ന സൽമത്തിനെ വെട്ടുകയായിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തുന്ന സമീർ വീട്ടുകാരെ മർദിക്കുന്നതു പതിവായിരുന്നു. ഒട്ടേറെ തവണ പൊലീസിലും പരാതിപ്പെട്ടിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി സമീറിനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.