ADVERTISEMENT

എറണാകുളം മെഡിക്കൽ കോളജിനു സമീപത്തെ വീട്ടിൽ തുടർച്ചയായി രണ്ടാം ദിനവും കവർച്ചയ്ക്കായി മോഷ്ടാക്കൾ എത്തിയതിന്റെ ഞെട്ടലിലാണ് സന്തോഷി രൂപ. രൂപ ദുബായിലായിരിക്കെ തേവയ്ക്കൽ- മണലിമുക്ക് റോഡിനു സമീപത്തെ ഹിയാര 99 ബി വീട്ടിൽ 12ന് രാത്രി 12.30നാണ് കവർച്ച നടന്നത്. മതിൽ ചാടിക്കടന്നെത്തിയ മോഷ്ടാവ് വാതിലിനു സമീപത്തെ സിസിടിവി ക്യാമറ തിരിച്ചുവച്ചു. വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന് വിലപിടിപ്പുള്ള 5 വാച്ചുകളും ഫോണും 12 ഗ്രാമോളം വരുന്ന വജ്രം പതിച്ച സ്വർണമാലയും കവർന്നു. 

മുകളിലത്തെ നിലയിലെ കിടപ്പുമുറിയുടെ വാതിൽ കുത്തിത്തുറന്നെങ്കിലും മുറിയിലുണ്ടായിരുന്ന അലമാരയും മറ്റും തുറക്കാനായില്ല. ക്യാമറ ദൃശ്യങ്ങൾ ലഭിക്കാതെ വന്നതോടെ ദുബായിൽ നിന്നു രൂപ നാട്ടിലുള്ള ബന്ധുവിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ബന്ധു വന്ന് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് ദുബായിൽ നിന്നുതന്നെ പൊലീസിനു പരാതി അയച്ചു. വീടിനു കാവലും ഏർപ്പെടുത്തി. വീട്ടിൽ കാവലുള്ള വിവരം അറിയാതെ 13ന് രാത്രി കാറിൽ 4 അംഗ മോഷണ സംഘം വീണ്ടുമെത്തി. 

ADVERTISEMENT

കാർ ദൂരേക്ക് മാറ്റി നിർത്തിയ ശേഷം മോഷ്ടാക്കളിൽ ഒരാൾ വീടിന്റെ ഗേറ്റിനു മുന്നിലെത്തി. സെക്യൂരിറ്റി ജീവനക്കാരനെ കണ്ടതോടെ ഓടി കാറിൽ കയറി കടന്നുകളഞ്ഞു. ദുബായിൽ നിന്നെത്തിയ രൂപയുടെ വിശദമായ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ആദ്യ ദിവസം ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങളും രണ്ടാം ദിവസം ഗേറ്റിനു മുന്നിലെത്തിയ മോഷ്ടാക്കളിൽ ഒരാളുടെ ദൃശ്യവും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളും പൊലീസിനു കൈമാറിയിട്ടുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന രൂപ ജനുവരിയിലാണ് തേവയ്ക്കൽ –മണലിമുക്ക് റോഡിനു സമീപത്തു വീടു വാങ്ങി താമസം തുടങ്ങിയത്.

ADVERTISEMENT
ADVERTISEMENT