ADVERTISEMENT

ആലപ്പുഴയില്‍ യുവതിയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട കേസില്‍ സഹോദരന്‍ പിടിയില്‍. ആലപ്പുഴ പൂങ്കാവില്‍ റോസമ്മയെയാണ് സഹോദരന്‍ ബെന്നി വീടിനുള്ളില്‍ കൊന്ന് കുഴിച്ചിട്ടത്. 58 വയസുകാരിയായ റോസമ്മയെ കുറച്ചുദിവസമായി കാണാതിരുന്നതിനെത്തുടര്‍ന്ന് റോസമ്മയുടെ സുഹൃത്ത് നടത്തിയ ഇടപെടലാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. 

റോസമ്മയെ കാണാത്തതിനെത്തുടര്‍ന്ന് റോസമ്മയുടെ ഒരു സുഹൃത്ത്, മുന്‍ പഞ്ചായത്ത് മെമ്പറായിരുന്ന സുജയെ വിവരമറിയിച്ചു. റോസമ്മയെ തേടി സുജ വീട്ടിലെത്തുകയും ബെന്നിയോട് കാര്യം തിരക്കുകയും ചെയ്തു. താനും റോസമ്മയെ കണ്ടിട്ട് കുറച്ചുദിവസമായി എന്നായിരുന്നു ബെന്നിയുടെ മറുപടി. പെട്ടന്നുണ്ടായ തിരോധാനത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാമെന്ന് പറഞ്ഞാണ് സുജ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ഇന്ന് രാവിലെ സുജയെ ബെന്നി ഫോണില്‍ വിളിക്കുകയും തനിക്ക് ഒരു അബദ്ധം പറ്റിയെന്ന് പറയുകയും ചെയ്തു. കൊലപാതകവിവരമറിഞ്ഞ സുജ പൊലീസിനെ അറിയിക്കുകയായിരുന്നു.

ADVERTISEMENT

പൊലീസ് കസ്റ്റ‍ഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം അടുക്കളയില്‍ കുഴിച്ചുമൂടിയെന്ന് പ്രതി വെളിപ്പെടുത്തിയത്. പൊലീസ് തറ പൊളിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച റോസമ്മ മറ്റൊരാളെ വിവാഹം കഴിക്കാന്‍ തയാറെടുക്കുകയായിരുന്നു. അടുത്തമാസം ഒന്നാം തീയതി വിവാഹം രജിസ്റ്റര്‍ ചെയ്യാനായിരുന്നു തീരുമാനം. ഇതേത്തുടര്‍ന്നുള്ള വൈരാഗ്യമാണോ കൊലപാതകത്തിനു പിന്നിലെന്ന് സംശയിക്കുന്നുണ്ട്. 

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT