‘‘പോൾ മിടുക്കനായിരുന്നു. അടുപ്പമുള്ളവർ അവനെ പേൾ എന്നാണു വിളിച്ചിരുന്നത്.’’ സാറാ ജോർജ് മുത്തൂറ്റ്
Mail This Article
2009 ഒാഗസ്റ്റ് 21 നായിരുന്നു പോള്‍ എം. ജോർജിന്റെ മരണം. റോഡിലുണ്ടായ നിസ്സാരവാക്കുതർക്കത്തിന്റെ പേരിൽ, ആലപ്പുഴ ചങ്ങനാശേരി റോഡിൽ വച്ച് ക്വട്ടേഷൻ സംഘത്തിന്റെ കുത്തേറ്റാണ് പോൾ കൊല്ലപ്പെട്ടത്. പിന്നീട് എസ് കത്തി മുതൽ സിബിെഎ അന്വേഷണം വരെ നീണ്ട വിവാദങ്ങൾ... മകനെ കുറിച്ച് അമ്മ സാറാ ജോർജ് മുത്തൂറ്റ് ഒാർമിക്കുന്നു. അമേരിക്കൻ ബിസിനസ് മാസികയായ ഫോബ്സ് പ്രസിദ്ധീകരിച്ച ശതകോടീശരന്മാരുടെ പട്ടികയിൽ ഇടം നേടിയ ആദ്യ മലയാളി വനിതയാണ് സാറാ ജോർജ് മുത്തൂറ്റ്.
‘‘ഞങ്ങൾക്ക് മൂന്നുമക്കളാണ്. മൂത്ത മകന്‍ ജോർജ് എം. ജോർജ്, രണ്ടാമന്‍ പോൾ എം. ജോർജ്, ഏറ്റവും ഇളയത് അലക്സാണ്ടർ ജോർജ്. കുഞ്ഞായിരിക്കുമ്പോൾ മൂന്നൂ പേരും കുസൃതികളായിരുന്നു.’’ സാറാ ജോർജ് ഒാർക്കുന്നു. ‘‘ഹോസ്പിറ്റൽ ഉണ്ടായിരുന്നെങ്കിലും മൂന്നു പേരെയും ഡോക്ടർമാരാക്കാതെ അവർക്ക് ഇഷ്ടമുള്ള വിഷയം പഠിക്കാനാണ് അയച്ചത്. വിദേശത്തു പഠിച്ചെങ്കിലും മുത്തൂറ്റിലെ എല്ലാ മക്കളെയും പോലെ ഇവരും നാട്ടിലെത്തി ബിസിനസിന്റെ പുതുമേഖലകൾ തിരഞ്ഞെടുത്തു.
പോൾ മിടുക്കനായിരുന്നു. അടുപ്പമുള്ളവർ അവനെ പേൾ എന്നാണു വിളിച്ചിരുന്നത്. ബിസിനസിനെ ജീവനായി കണ്ടവൻ. അതിനു വേണ്ടി രാപകലില്ലാതെ ഒാടിക്കൊണ്ടിരുന്നു. എനിക്കിപ്പോഴും ആ വേർപാട് മനസ്സിലാക്കാനായിട്ടില്ല. ആ വൈകുന്നേരം കൃത്യമായി ഒാർമയുമുണ്ട്. രാത്രി ഏഴുമണി കഴിഞ്ഞും ഞാൻ സ്കൂളിൽ തന്നെയായിരുന്നു. കൊടുങ്കാറ്റും പേമാരിയും. സ്കൂൾഗ്രൗണ്ടിൽ നിന്ന വലിയൊരു മരം കടപുഴകി വീണു. അതു വെട്ടിമാറ്റാനും മറ്റും ജോലിക്കാരെ വരുത്തി. അമ്മ വീട്ടിലേക്കു പോരൂ ബാക്കി അവർ ചെയ്തോളുമെന്നു മകൻ ഇടയ്ക്ക് പറഞ്ഞെങ്കിലും മുഴുവൻ കഴിഞ്ഞിട്ടേ ഞാൻ ഇറങ്ങിയൂള്ളൂ.
പോളിനെന്തോ അപകടം പറ്റി എന്നാണ് ഞാനറിഞ്ഞത്. അവൻ പോയെന്ന് മനസ്സിലാക്കാൻ ഒരുപാടുവൈകി. ദൈവത്തിന് എല്ലാവരെയും പറ്റിയും ഒരു പ്ലാൻ ഉണ്ട്. മരണം പല രൂപത്തിൽ ജീവിതത്തിൽ എത്തിനോക്കും എന്നും അറിയാമായിരുന്നു. പക്ഷേ, അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൻ പോകുന്നു. അത് വലിയ വേദനയാണ്. ഇനി ജീവിക്കേണ്ട എന്നു തന്നെ തോന്നിയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ദൈവം പതുക്കെ എന്റെ വേദനകളെ മായ്ചു കളഞ്ഞു. പയ്യെപ്പയ്യെ ഞാൻ ആ സങ്കടദിവസങ്ങളിൽ നിന്ന് പുറത്തു കടന്നു. അതോടെ ദൈവവിശ്വാസവും കൂടി.’’
അമ്മ പറയുന്നതു േകട്ട് മൂത്തമകൻ ജോർജ് എം. ജോർജും ഉണ്ട്. അനുജനെക്കുറിച്ചുള്ള ഒാർമയിൽ ജോർജ് പറഞ്ഞു, ‘ഞാനും ഇളയ അനുജൻ അലക്സാണ്ടറും കൂടിയായിരുന്നു കൃസൃതിയും കുറുമ്പും. അതിനിടയിൽ പോളായിരുന്നു മധ്യസ്ഥൻ.
എല്ലാ കാര്യത്തിനും പോൾ ആണ് ഞങ്ങളെ കണക്ട് ചെയ്തിരുന്നത്. എനിക്ക് മൂന്നു മക്കളാണ്. അവരും ഇതേ സ്വഭാവം. രണ്ടാമത്തെയാളാണ് ബാക്കി രണ്ടുപേരെയും ചേർത്തു പിടിക്കുന്നത്.
പോളിന്റെ ഒാർമയ്ക്കായി ആ പേരിൽ ബിസിനസ് തുടങ്ങണമെന്ന് ഞാനും അനുജനും തീരുമാനിച്ചു. അതൊരു മത്സരമായിരുന്നു. ആദ്യം ജയിച്ചത് അനിയനാണ്. ഡൽഹിയിൽ പോൾ ജോർജ് ഇന്റർനാഷനൽ പബ്ലിക് സ്കൂൾ സ്ഥാപിച്ചു.
പല രാജ്യങ്ങളിൽ നിന്നുള്ള ഉപകരണങ്ങൾ അവിടെയുണ്ട്. ഒാഡിറ്റോറിയത്തിൽ ഒരു സ്വിച്ച് പ്രവർത്തിപ്പിച്ചാൽ അവിടത്തെ കസേരകൾ നീങ്ങി മാറി അതൊരു ബാസ്കറ്റ്ബോൾ കോർട്ട് ആകും. അങ്ങനെ ഒരുപാടു സവിശേഷതകൾ.
ഞാൻ തുടങ്ങിയത് കുമരകത്തുള്ള സന്ദാരി പേൾ റിസോർട്ട് ആണ്. പോളിനെ പേൾ എന്നായിരുന്നല്ലോ വിളിച്ചിരുന്നത്. അതുകൊണ്ടാണ് ആ പേരു നൽകിയത്.’’ ജോർജ് എം. ജോർജ് പറഞ്ഞു.
സാറാ ജോർജ് മുത്തൂറ്റുമായി അഭിമുഖം ജൂലൈ ഒന്നാം ലക്കം വനിതയിൽ
