ADVERTISEMENT

ആ വെളുത്ത നിറത്തിലുള്ള കാർ എവിടെ? കൃത്യം 4,200 രൂപയ്ക്ക് പെട്രോൾ അടിച്ചു പണം നൽകാതെ പമ്പ് ജീവനക്കാരെ കബളിപ്പിച്ചു മുങ്ങുന്ന അ‍ജ്ഞാത വെള്ള കാറിനെയും ഡ്രൈവറെയും പേടിച്ച് പമ്പ് ഉടമകളും ജീവനക്കാരും. പൊലീസിനെയും സിസിടിവി ക്യാമറകളെയും നോക്കുകുത്തിയാക്കിയാണ് കാറിന്റെ കറക്കം. ഓൺലൈൻ പേയ്മെന്റ് സംവിധാനം ദുരുപയോഗപ്പെടുത്തിയാണു പെട്രോൾ‌ അടിക്കുന്നത്. 

വ്യാജ റജിസ്ട്രേഷനുള്ള കാർ ഒരു വർഷം മുൻപും നഗരത്തിലെ പമ്പുകളിലെത്തി പെട്രോൾ അടിച്ചു മുങ്ങിയിരുന്നു. ഒരു വർഷത്തിനു ശേഷം വീണ്ടും കാറിന്റെ വരവോടെ ജാഗ്രതയിലാണു പമ്പ് ജീവനക്കാർ. ഇക്കഴിഞ്ഞ 13ന് മാമ്മൂടുള്ള അമ്പാടി പമ്പിലേക്കാണ് കാസർകോട് റജിസ്ട്രേഷനിലുള്ള കെഎൽ 14 സിഎഫ് 3098 നമ്പർ‍ വെള്ള നിറത്തിലുള്ള കാർ എത്തിയത്. 4,200 രൂപയ്ക്ക് പെട്രോൾ അടിച്ചു. 

ADVERTISEMENT

ഓൺലൈൻ പേയ്മെന്റ് സംവിധാനത്തിലൂടെ പണം അയച്ചെന്നു കാട്ടി ജീവനക്കാരനെ കബളിപ്പിക്കുകയായിരുന്നു. പണം എത്തിയതിന്റെ സന്ദേശം കിട്ടിയില്ലെന്ന് ജീവനക്കാരൻ പറഞ്ഞെങ്കിലും തന്റെ പക്കൽ നിന്നു 4,200 രൂപ അയച്ചതിന്റെ ഓൺലൈൻ സന്ദേശം ഫോണിൽ യുവാവ് കാണിച്ചു. കാത്തുനിൽക്കാൻ ജീവനക്കാരൻ പറയുകയും ഉടനെ ഇയാൾ കാറുമായി കടക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

പെട്രോൾ അടിക്കുന്നത് കൃത്യം 4200 രൂപയ്ക്ക് 

ADVERTISEMENT

മോട്ടർ വാഹനവകുപ്പിന്റെ പരിശോധനയിൽ ഈ റജിസ്ട്രേഷനിലുള്ള കാറില്ലെന്നും കണ്ടെത്തി. സിഎഫ് സീരീസ് റജിസ്ട്രേഷൻ ഇതു വരെ കാസർകോട് ജില്ലയിൽ ആരംഭിച്ചിട്ടില്ലെന്നാണ് മോട്ടർവാഹന വകുപ്പ് പറയുന്നത്. 28–30 വയസ്സു തോന്നിക്കുന്ന യുവാവാണ് കാർ ഓടിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലും തട്ടിപ്പ്

ADVERTISEMENT

കഴിഞ്ഞ ദിവസങ്ങളിൽ തിരുവഞ്ചൂർ, ചങ്ങനാശേരി, എരുമേലി, മണിമല ഭാഗങ്ങളിലെ പമ്പുകളിലും ഇതേ നമ്പറുള്ള കാർ എത്തി 4200 രൂപയ്ക്ക് പെട്രോളടിച്ച് മുങ്ങി. കഴിഞ്ഞ വർഷം ജൂൺ 23നു പാലാത്രയിലെ സ്വകാര്യ പമ്പിലും 4200 രൂപയ്ക്ക് പെട്രോൾ അടിച്ച് കടന്നിരുന്നു. 

പെട്രോൾ പമ്പ് ഉടമകളുടെ വാട്സാപ് ഗ്രൂപ്പിൽ കാറിന്റെ സിസിടിവി ദൃശ്യം ഇട്ടതോടെയാണ് പല പമ്പിലും കബളിപ്പിക്കൽ നടന്നിട്ടുണ്ടെന്ന് അറിയുന്നത്. കൃത്യം 4,200 രൂപയ്ക്ക് പെട്രോൾ നിറച്ചു കാർ പോകുന്നത് എങ്ങോട്ടാണ്? ആരാണ് കാർ ഓടിക്കുന്നത്? എന്താണ് ലക്ഷ്യം?.  ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഏറെയാണ്.

ADVERTISEMENT