ADVERTISEMENT

മലയാളം മാഗസിൻ സംസ്ക്കാരത്തിന് ‘വനിത’യിലൂടെ പുത്തൻ മുഖം നൽകിയ മുതിർന്ന മാധ്യമ പ്രവർത്തകൻ മണർകാട് മാത്യു അന്തരിച്ചു. 89 വയസ്സായിരുന്നു. ‘വനിത’യുടെ മുൻ എഡിറ്റർ ഇൻ ചാർജ് ആണ്.

മലയാള മനോരമ വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നാണ് മണർകാട് മാത്യു 1980ൽ ‘വനിത’യുടെ എഡിറ്റർ ഇൻ ചാർജായത്. മൂന്നു പതിറ്റാണ്ട് അദ്ദേഹമാണ് വനിതയുടെ എഡിറ്റോറിയൽ ചുമതലകൾ വഹിച്ചത്. സിനിമ, സാഹിത്യം, ശാസ്ത്രം തുടങ്ങിയ രംഗങ്ങളിൽ ആഴത്തിലുള്ള ധാരണകളുണ്ടായിരുന്ന അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. പത്രപ്രവർത്തക മികവിന് നിരവധി അംഗീകാരങ്ങളും തേടിയെത്തി. അധ്യാപനത്തിൽ നിന്നാണ് പത്രപ്രവർത്തനത്തിലേക്കെത്തിയത്. 1984ൽ, ‘ചലച്ചിത്ര സ്വരൂപം’ എന്ന കൃതി മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് നേടി.

ADVERTISEMENT

കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡന്റാണ്. ഭാര്യ: സൂസി മാത്യു (ആർപ്പൂക്കര തെക്കേതട്ടിൽ കുടുംബാംഗം). മക്കൾ: സജീവ് മാത്യു (മാനേജിംഗ് പാർട്ട്ണർ, പാടത്ത് അഗ്രിഗേറ്റ്‌സ്), റെയ് മോൾ സെഫി (കുവൈറ്റ്), ആഷ്‌ലി മാത്യു (സെന്റ് തോമസ് ഹൈസ്‌കൂൾ, തോട്ടയ്ക്കാട്). മരുമക്കൾ: മെറിൻ പോൾ (പ്രിൻസിപ്പൽ, ബഡ്ഡി ഇന്റർനാഷണൽ സ്‌കൂൾ, ഹിമാചൽ), സെഫി അലക്‌സ്, പരേതനായ അജി മാത്യു.

മണർകാട് സെന്റ് മേരീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വൈകിട്ട് അഞ്ചിന് മണർകാട് കുന്നേൽ തറവാട് വീട്ടിലെത്തിക്കും. സംസ്‌കാരം ബുധനാഴ്ച 12ന് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT