ADVERTISEMENT

ആലപ്പുഴ കലവൂരിൽ എഴുപത്തിമൂന്നുകാരി സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയത് സാമ്പത്തിക നേട്ടത്തിന്. നെഞ്ചില്‍ ചവിട്ടിയും കഴുത്തു ഞെരിച്ചും ക്രൂരമായാണ് സുഭദ്രയെ കൊലപ്പെടുത്തിയത്. കേസിലെ പ്രതികളായ മാത്യൂസിനെയും ശർമ്മിളയെയും ആലപ്പുഴയിലെത്തിച്ചു. സുഭദ്രയുടെ ആഭരണവും പണവും കൈക്കലാക്കാൻ ആയിരുന്നു അരുംകൊല എന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയത്. 

നെഞ്ചിൽ ആഞ്ഞ് ചവിട്ടി, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏഴാം തീയതി രാത്രിയിലായിരുന്നു കൊല നടന്നത്. ശേഷം നാടുവിട്ട പ്രതികളെ കർണാടകയിലെ മണിപ്പാലിൽ നിന്ന് ഇന്നലെയാണ് ആലപ്പുഴയിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പ്രതികളെ രാവിലെ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ജില്ലാ പൊലീസ് മേധാവി എംപി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ ചോദ്യം ചെയ്തു.

ADVERTISEMENT

ഉഡുപ്പിയിൽ നിന്നും എട്ട് കിലോമീറ്റർ അകലെയുള്ള മണിപ്പാലിൽ സുഹൃത്തിന്റെ വീട്ടിലെത്തിയ പ്രതികളെ അന്വേഷണം സംഘം പിടികൂടുകയായിരുന്നു. ഉഡുപിയിൽ പ്രതികൾ പണമിടപാട് നടത്തിയത് അന്വേഷണത്തിൽ നിർണായകമായി. മാത്യുസിന്റെ സുഹൃത്തായ ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം പിന്നീട് ആയിരിക്കും തെളിവെടുപ്പ്. 

ADVERTISEMENT
ADVERTISEMENT