നർത്തകി ആകണമെന്ന മോഹം ഉള്ളിലൊതുക്കി മകളെ പഠിപ്പിച്ച് നർത്തകിയാക്കി; ഇന്ന് അമ്മയ്ക്ക് ഗുരുവായി മകൾ, ദക്ഷിണ ഏറ്റുവാങ്ങി ശ്രീഷ്മ ചന്ദ്രന്!
Mail This Article
കലാരംഗത്തു മകൾക്കു ചുവടുറപ്പു നൽകാനായി ദിനരാത്രങ്ങൾ മാറ്റിവച്ച അമ്മ ഒടുവിൽ കലാരംഗത്തു ചുവടുവയ്ക്കാനൊരുങ്ങുന്നു. നൃത്തത്തിൽ അമ്മയ്ക്കു ഗുരുവാകുന്നതു മകൾ തന്നെ. മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ നടിയും നർത്തകിയുമായ ശ്രീഷ്മ ചന്ദ്രനാണു അമ്മ വനജചന്ദ്രനു ഗുരുവായത്. മകൾക്കു ദക്ഷിണ സമർപ്പിച്ച് അമ്മ ശിഷ്യയായതു അപൂർവതയുമായി.
ചാലക്കുടി കൊടകര അവിട്ടപ്പിള്ളി മാഞ്ഞൂക്കാരൻ ചന്ദ്രന്റെ ഭാര്യയാണു വനജ. നർത്തകി ആകണമെന്നതു ചെറുപ്പത്തിൽ വലിയ മോഹമായിരുന്നു. എന്നാൽ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. മോഹം ഉള്ളിലൊതുക്കി മകളെ പഠിപ്പിച്ചു നർത്തകിയാക്കി. എംഎ ഭരതനാട്യം വരെയെത്തി മകളുടെ കലാപഠനം. അതിനിടയിൽ സിനിമകളിലും മകൾ ശ്രീഷ്മ വേഷമിട്ടു.
പൊമ്പിളൈ ഒരുമൈ എന്ന ചിത്രത്തിലെ അഭിനയത്തിനു സംസ്ഥാന പുരസ്കാരവും ശ്രീഷ്മയ്ക്കു ലഭിച്ചു. എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർഥിയായിരിക്ക എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന സിനിമയിലൂടെയാണ് ശ്രീഷ്മ അഭിനയരംഗത്തെത്തിയത്.
ചാലക്കുടി വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ നഴ്സറി ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കലാമത്സരങ്ങളിൽ പതിവുകാരിയാണു ശ്രീഷ്മ. പ്രഛന്നവേഷം, മോണോ ആക്ട്, നാടോടിനൃത്തം, ഭരതനാട്യം, തിരുവാതിരക്കളി, നാടകം, ഒടുവിൽ സിനിമ. ഇതിനെല്ലാം ഒരുക്കാനും കൂട്ടു പോകാനും അമ്മ വനജയാണ് ഉണ്ടായിരുന്നത്. ആ അമ്മയുടെ പഴയ മോഹം സാക്ഷാത്കരിക്കാനുള്ള തയാറെടുപ്പിലാണ് മകളിപ്പോൾ.
ദ്യുതി ദ് സ്കൂൾ ഓഫ് ഡാൻസ് എന്ന പേരിലുള്ള ഡാൻസ് സ്കൂളിന്റെ സ്ഥാപകയും ഡയറക്ടറും അധ്യാപികയുമാണു ശ്രീഷ്മ. വിവാഹത്തിനു മുൻപു വീട്ടുപരിസരങ്ങളിൽ ചെറിയ വേദികളിൽ കൂട്ടുകാർക്കൊപ്പം കലാപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് വനജ. പിന്നീടു ഹൃദയത്തിന്റെ കോണിലേക്കു ഒതുക്കി മാറ്റിയിട്ട കലാമോഹങ്ങൾ യാഥാർഥ്യമാകാൻ പോകുന്നതിന്റെ ത്രില്ലിലാണിപ്പോൾ ഈ അമ്മ.