ADVERTISEMENT

അമേരിക്കൻ ഐക്യനാടുകളുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് 2025 ജനുവരിയിൽ അധികാരമേൽക്കുമ്പോൾ ക്യാബിനറ്റിൽ പാലക്കാട് വട‌ക്കഞ്ചേരിയിൽ വേരുകളുള്ള വിവേക് രാമസ്വാമി എന്ന മുപ്പത്തിയെട്ടുകാരൻ അംഗമാകുന്നതിന്റെ ആഹ്ലാദാരവത്തിൽ നാട്. വടക്കഞ്ചേരി ഗ്രാമത്തിലെ ബാലവിഹാറാണ് വിവേക് രാമസ്വാമിയുടെ പിതാവ് ഡോ. വി.ജി. രാമസ്വാമിയുടെ കുടുംബവീട്. വടക്കഞ്ചേരിയിൽ നിന്ന് യുഎസിലേക്കു കുടിയേറിയ ഡോ. വി. ഗണപതി രാമസ്വാമിയുടെയും തൃപ്പൂണിത്തുറ സ്വദേശി ഗീതയു‌ടെയും മകനായി 1985ൽ ഒഹായോയിലെ സിൻസിനാറ്റിയിലാണ് വിവേകിന്റെ ജനനം. 1970കളിലാണ് അച്ഛനും അമ്മയും യുഎസിലേക്കു കുടിയേറിയത്. 

പുതുതായി രൂപീകരിക്കുന്ന നൈപുണ്യ വികസന വകുപ്പായ ഡിപ്പാർട്മെന്റ് ഓഫ് ഗവ.എഫിഷ്യൻസിയുടെ ചുമതല വഹിക്കാൻ ട്രംപ് തിരഞ്ഞെടുത്തത് ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്ക്കിനൊപ്പം റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിവേക് രാമസ്വാമിയെ  കൂടിയാണ്. ഇതു ചരിത്രനിമിഷമാണെന്നും വിവേക് തന്റെ പ്രയാണം തുടങ്ങിയിട്ടേ ഉള്ളൂ എന്നുമാണ് വട‌ക്കഞ്ചേരിയിലെ കുടുംബാംഗങ്ങൾ പറയുന്നത്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രാഥമിക റൗണ്ടുകളിൽ വിവേക് രാമസ്വാമിയുടെയും പേര് റിപ്പബ്ലിക്കൻ പാർട്ടി ആദ്യം ഉയർത്തിക്കാണിച്ചിരുന്നു. വിവിധ റൗണ്ട് ചർച്ചകൾക്കൊടുവിൽ ട്രംപിനെ പിന്തുണച്ച് വിവേക് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽ നിന്നു  പിൻമാറുകയായിരുന്നു. 

ADVERTISEMENT

2007 ൽ ഹാർവാഡ് സർവകലാശാലയിൽ നിന്നു ബിരുദം നേടിയ വിവേക് 2013ൽ യേൽ സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടി. തൊട്ടടുത്ത വർഷം ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോയിവാന്റ് സ്ഥാപിച്ചു. സ്‌കൂൾ പഠനകാലത്ത് ദേശീയ റാങ്കിങ് നേടിയ ടെന്നിസ് താരമായിരുന്നു. പ്രഭാഷകൻ, ഗ്രന്ഥകാരൻ തുടങ്ങിയ നിലകളിലും ശ്രദ്ധേയനാണ്. സാങ്കേതിക സഹായം ആവശ്യമുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഏറ്റെടുത്തു നവീകരിക്കുന്ന ദൗത്യത്തിലൂടെയാണു റോയിവാന്റ് കമ്പനിയും വിവേകും വളർന്നത്. 

കുട്ടിക്കാലത്ത് പറഞ്ഞു: ‘ഞാൻ അമേരിക്കൻ പ്രസിഡന്റാകും’

ADVERTISEMENT

അമേരിക്കൻ പ്രസിഡന്റാകുമെന്ന് കുട്ടിക്കാലത്ത് നാട്ടിൽ വന്നപ്പോൾ വിവേക് പറഞ്ഞത് ബന്ധുവായ വി.വി.ആർ.രാമസ്വാമി ഓർത്തെടുത്തു. ഇതെല്ലാം കളിയായി മാത്രമേ എടുത്തുള്ളൂ. എന്നാലിന്ന് വിവേക് ട്രംപിന്റെ കാബിനറ്റിലെ ഉയർന്ന പദവിലേക്ക് വരുമ്പോൾ ഏറെ സന്തോഷമുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കേരളത്തിലെത്തിയാൽ ബന്ധുവീടുകളിലും സാധിക്കുന്ന ക്ഷേത്രങ്ങളിലും സന്ദർശനം നടത്തിയിരുന്നു. ആറു വർഷം മുൻപാണ് അവസാനമായി നാട്ടിൽ വന്നത്. 

രണ്ടാഴ്ചയോളം നാട്ടിലുണ്ടായിരുന്നു. ഒരു വർഷം മുൻപ് വിവേകിന്റെ അച്ഛൻ ഡോ.രാമസ്വാമിയും അമ്മ ഗീതയും വടക്കഞ്ചേരിയിൽ വന്നിരുന്നു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം ലഭിച്ച അഞ്ചെണ്ണം ഉൾപ്പെടെ വിവിധ മരുന്നുകൾ വിവേകിന്റെ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്ട്രൈവ് അസറ്റ് മാനേജ്മെന്റിന്റെയും സ്ഥാപകനാണ്. വോക് ഇൻ കോർപറേറ്റ്, നേഷൻ ഓഫ് വിക്ടിംസ് തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 

ADVERTISEMENT

ട്രംപിന്റെ ക്യാബിനറ്റിൽ ഇടം നേടിയതോടെ വിവേക് കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്ന കണക്കുകൂട്ടലിലാണു വടക്കഞ്ചേരി ഗ്രാമത്തിലെ കുടുംബാംഗങ്ങൾ. ട്രംപിന്റെ പ്രചാരണത്തിലും സജീവ സാന്നിധ്യമായിരുന്നു. യുപി സ്വദേശിനി ഡോ.അപൂർവ തിവാരിയാണു വിവേകിന്റെ ഭാര്യ. കാർത്തിക്കും ഒന്നരവയസ്സുകാരൻ അർജുനുമാണു മക്കൾ. വിവേകിന്റെ ഇളയ സഹോദരൻ ശങ്കർ രാമസ്വാമി കലിഫോർണിയയിൽ ബിസിനസുകാരനാണ്.

ADVERTISEMENT