ADVERTISEMENT

 ജീവൻ നഷ്ടമായതു ബജറ്റ് ടൂറിസം വിനോദ യാത്രയെ സ്നേഹിച്ചവർക്ക്. ബജറ്റ് ടൂറിസം പദ്ധതിയിൽ ജില്ലയിൽ മികച്ച വരുമാനം ലഭിക്കുന്ന ഡിപ്പോയാണ് മാവേലിക്കര. ആദ്യമായാണു വിനോദയാത്രയ്ക്കായി പോയ ബസ് അപകടത്തിൽ പെടുന്നത്. ഡിപ്പോ ക്രമീകരിക്കുന്ന യാത്രയ്ക്കു സ്ഥിരം യാത്രക്കാരും ഉണ്ട്. കുറഞ്ഞ ചെല‌വിൽ യാത്ര എന്നതായിരുന്നു പ്രധാന ആകർഷണം. അതിനാൽ വ്യത്യസ്തമായ പാക്കേജ് മാവേലിക്കര ഡിപ്പോയിൽ ഉണ്ടാകാറുമുണ്ട്. അപകടത്തിൽ മരിച്ച 4 പേരും സ്ഥിരമായി ബജറ്റ് ടൂറിസം പദ്ധതിയിൽ യാത്ര പോകുന്നവരാണ്.

മസ്തിഷ്കാഘാതത്തേക്കാൾ സോമനാഥൻ പിള്ളയെ തകർത്തെറിഞ്ഞ് മകന്റെ മരണം

മകന്റെ മൃതശരീരം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ഉയർന്ന അലമുറ കേട്ടു കെ.സോമനാഥൻ പിള്ള അകത്തെ കട്ടിലിൽ കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു. മസ്തിഷ്കാഘാതത്തിൽ തളർന്ന ശരീരം ബന്ധുക്കൾ താങ്ങിയെടുത്ത് കട്ടിലിൽ ചാരിയിരുത്തി. ഹാളിൽ കിടത്തിയ മൃതദേഹത്തിലേക്ക് വാതിലിന്റെ വിടവിലൂടെ ഒരു മാത്ര നോക്കി. പിന്നെ മിഴിപൊത്തി വിതുമ്പി.

റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ തട്ടാരമ്പലം മറ്റം തെക്ക് കെ.സോമനാഥൻ പിള്ളയുടെ മകനാണു ഇന്നലെ ബസ് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച സംഗീത് സോമൻ. ആറു മാസം മുൻപുണ്ടായ മസ്തിഷ്കാഘാതത്തിൽ ശരീരം തളർന്ന സോമനാഥൻ പിള്ള പൂർണമായും കിടപ്പിലാണ്.

കഴിഞ്ഞദിവസം അയൽവാസികൾക്കൊപ്പം ശബരിമല യാത്രയ്ക്കു പോകാൻ നിശ്ചയിച്ച സംഗീത് അവസാന നിമിഷമാണ് തഞ്ചാവൂരിലേക്കുള്ള വിനോദയാത്രാ സംഘത്തിനൊപ്പം പോകാൻ തീരുമാനിച്ചത്. സംഗീത് എല്ലാ വർഷവും ശബരിമലയിലേക്കു കാൽനടയായി പോകാറുണ്ട്. ഈ വർഷം മക്കളെയും ഒപ്പം കൊണ്ടുപോകാനായി യാത്ര നീട്ടിവയ്ക്കുകയായിരുന്നു. ഇന്നലെ സംഗീതിന്റെ മൃതദേഹം നോക്കിയുള്ള മക്കളുടെ കരച്ചിൽ കണ്ടുനിന്നവരും വിതുമ്പലടക്കാൻ പാടുപെട്ടു.

പകരക്കാരനായെത്തി; മടക്കമില്ലാതെ യാത്രയായി

ADVERTISEMENT

മാവേലിക്കര ∙ സഹോദരിക്കു പകരം യാത്ര പോയ അരുൺ കടന്നു പോയതു മരണത്തിലേക്ക്. തട്ടാരമ്പലം മറ്റം വടക്ക് കാർത്തികയിൽ അരുൺ ഹരി (37) അമ്മ രാധയ്ക്കൊപ്പം വിനോദയാത്ര പോയതു സഹോദരി ദീപയ്ക്കു പകരമായാണ്. രാധയും മകൾ ദീപയും ഒന്നിച്ചാണു ചരിത്രം ഉറങ്ങുന്ന ക്ഷേത്രനഗരികൾ കണ്ടുവരാനുള്ള വിനോദയാത്രയ്ക്കു ബുക്കിങ് നടത്തിയത്. അവസാന നിമിഷം ദീപയ്ക്കു പകരം അരുൺ അമ്മയോടൊപ്പം പോകുകയായിരുന്നു. എന്നാൽ മടക്കയാത്ര അന്ത്യയാത്ര ആകുകയായിരുന്നു. രാധ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

pullupara-2
സംഗീത് സോമന്റെ വീട്ടിൽ എത്തിയ മന്ത്രി കെ.ബി. ഗണേഷ്കുമാർ ആദരാഞ്ജലി അർപ്പിക്കുന്നു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം അടിയന്തര സഹായം
മാവേലിക്കര ∙ മരിച്ചവരുടെ കുടുംബത്തിനു അടിയന്തരമായി 5 ലക്ഷം രൂപ വീതം നൽകുമെന്നു മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. പുല്ലുപാറ അപകടത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച ശേഷമാണു മന്ത്രി ധനസഹായത്തിന്റെ കാര്യം വ്യക്തമാക്കിയത്.  അപകടത്തിന്റെ യഥാർഥ കാരണം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.  കുമളി വരെ ബസിനു ബ്രേക് ഉണ്ടായിരുന്നു. പെട്ടെന്നു ബ്രേക് എങ്ങനെ നഷ്ടമായി എന്നതാണു അന്വേഷിക്കേണ്ടത്.

ബസിനു തകരാർ ഇല്ലായിരുന്നു. കൊട്ടാരക്കരയിൽ കഴിഞ്ഞ 5 മാസമായി ബസ് സർവീസ് നടത്തുന്നുണ്ട്. ബസ് എതിർദിശയിലേക്കു വെട്ടിച്ചിരുന്നെങ്കിൽ വലിയ അപകടം ഒഴിവാകുമായിരുന്നു. നിർഭാഗ്യം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. കെഎസ്ആർടിസിയുടെ ഏറ്റവും അഭിമാനകരമായ പദ്ധതിയാണു ബജറ്റ് ടൂറിസം. കഴിഞ്ഞ വർഷം 183% വരുമാന വർധനയാണു പദ്ധതിയിൽ ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

രണ്ടു പേരുടെ സംസ്കാരം ഇന്ന്

ADVERTISEMENT

ഇടുക്കി പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച 4 പേരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ  പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മാവേലിക്കരയിലേക്കു കൊണ്ടുവന്നു. രമ മോഹന്റെയും അരുൺ ഹരിയുടെയും മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിലാണു സൂക്ഷിച്ചിരിക്കുന്നത്. അരുണിന്റെ അമ്മ രാധയ്ക്കും അപകടത്തിൽ പരുക്കേറ്റു. രാധ പരുമല ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി വരെ മകന്റെ മരണവിവരം രാധയെ അറിയിച്ചിട്ടില്ല.

ADVERTISEMENT
ADVERTISEMENT