ADVERTISEMENT

പ്രതീക്ഷയുടെ ‘ഹലോ’ വിളിയുമായി ആശുപത്രി മുറിയിൽ നിന്ന് ഉമ തോമസ് എംഎൽഎ. കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ വീണു പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎ, സെക്രട്ടറി ഷാലു വിൻസന്റുമായി ഇന്നലെ ഫോണിൽ സംസാരിച്ചു. എംഎൽഎ ഓഫിസിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ഇനി എന്നാണു നിയമസഭ സമ്മേളനം ആരംഭിക്കുന്നതെന്നും ഉമ  ആരാഞ്ഞു. ഒപ്പം, സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തെ കുറിച്ചും സംസാരിച്ചു. മറ്റുള്ളവരുടെ സഹായത്തോടെ ഉമ ഇന്നലെ കസേരയിൽ ഇരിക്കുകയും ചെയ്തു.

മന്ത്രി വീണ ജോർജ് ഇന്നലെ ആശുപത്രിയിലെത്തി. ഉമ തോമസ് വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. എംഎൽഎയുടെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗം മെച്ചപ്പെട്ടു വരുന്നതായി ഡോക്ടർമാർ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടും കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വിദഗ്ധനുമായ ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചികിത്സ വിലയിരുത്തുന്നുണ്ട്.

വിദഗ്ധ സംഘവും ആശുപത്രിയിലെ മെഡിക്കൽ ബോർഡും ചർച്ച ചെയ്താണു ചികിത്സ നടപടികൾ ഏകോപിപ്പിക്കുന്നത്. കൃത്യമായ രീതിയിൽ ചികിത്സ തുടരുന്നുണ്ടെന്നും അണുബാധ നിയന്ത്രണത്തിന്റെ ഭാഗമായി നിലവിൽ സന്ദർശകരെ അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. അൻവർ സാദത്ത് എംഎൽഎ, എറണാകുളം ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ എന്നിവരും മന്ത്രിക്കൊപ്പം ആശുപത്രിയിലെത്തിയിരുന്നു.

ഒരാൾ കൂടി അറസ്റ്റിൽ‌

ADVERTISEMENT

കൊച്ചി∙ കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ അനധികൃതമായി നിർമിച്ച വേദിയിൽ നിന്നു വീണ് ഉമ തോമസ് എംഎൽഎക്കു പരുക്കേറ്റ കേസിലെ പ്രതി ഓസ്കർ ഇവന്റ് മാനേജ്മെന്റ് ഉടമ പി.എസ്.ജനീഷ്കുമാർ അറസ്റ്റിൽ. മൂത്രാശയ കല്ലിനെ തുടർന്നു തൃശൂരിലെ ആശുപത്രിയിലായിരുന്ന ജനീഷിനെ ഇന്നലെ രാവിലെ ഡിസ്ചാർജ് ചെയ്തയുടൻ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 തുടർന്നു പാലാരിവട്ടം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇതോടെ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം അഞ്ചായി. സ്റ്റേജ് നിർമിക്കാനുള്ള കരാറെടുത്തതു ജനീഷാണ്. തുടർന്നു നിർമാണച്ചുമതല മറ്റൊരു പ്രതിയായ ബെന്നിക്കു കൈമാറുകയായിരുന്നു. പ്രതികളുടെ ഇടക്കാല ജാമ്യത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ചെങ്കിലും ഇവരുടെ കേസ് പരിഗണിക്കുന്നതു നീട്ടി വച്ചു.

ADVERTISEMENT
ADVERTISEMENT