ADVERTISEMENT

നായയെ കണ്ടു പരിഭ്രമിച്ച് കനാലിൽ വീണു മരിച്ച കുഞ്ഞിനെയോർത്ത് വേദനിക്കുകയാണ് നാട്. ശക്തമായ അടിയൊഴുക്കുള്ള കൊട്ടാരക്കര കല്ലടക്കനാലിന് കുറുകെ സുരക്ഷിത നടപ്പാലം വേണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ ഉണർന്നില്ല. ഈ അനാസ്ഥയ്ക്ക് വില കൊടുക്കേണ്ടി വന്നത് ഇരണൂർ നിരപ്പുവിള അനീഷ് ഭവനിൽ അനീഷന്റെയും ശാരിയുടെയും യാദവ് എന്ന എട്ടു വയസ്സുകാരന്റെ ജീവനാണ്. നാടിന്റെയും വീടിന്റെയും ഓമനയായിരുന്ന കുഞ്ഞു യാദവിന്റെ നീറുന്ന ഓർമയിലാണ് ജന്മഗ്രാമം. 

കല്ലട കനാലും നിർപാലവും ചേരുന്ന ഭാഗത്ത് കോൺക്രീറ്റ് പോസ്റ്റുകളുടെ കഷണങ്ങൾ ചേർത്ത് നിർമിച്ച പാലത്തിലൂടെയാണ് വർഷങ്ങളായുള്ള കുടുംബത്തിന്റെ സഞ്ചാരം. സന്ധ്യയായാൽ പോസ്റ്റിലെ വൈദ്യുത വിളക്ക് തെളിയണം പുറത്തേക്കിറങ്ങാൻ. ഇളയ മകന്റെ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടു പോകാൻ മുത്തശ്ശി പുറത്തേക്കിറങ്ങിയപ്പോൾ യാദവും പിന്നാലെ ഒപ്പം കൂടി. തെരുവ് നായയെ കണ്ട് ഭയന്നാണ് യാദവ് വെള്ളത്തിലേക്ക് വീണത്. 

ADVERTISEMENT

കനാലിന് സമീപം യാതൊരു സുരക്ഷ സംവിധാനവുമില്ല. വീട്ടിലേക്ക് കയറാൻ പാലത്തിനായി പല തവണ അപേക്ഷ നൽകി. സ്വന്തമായി പാലം നിർമിക്കാൻ അനുമതി നൽകാനും ആവശ്യപ്പെട്ടു. പാലം പണിതു നൽകാൻ ഫണ്ടില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. സ്വന്തമായി നിർമാണം നടത്താൻ അനുമതി നൽകാൻ വകുപ്പില്ലെന്നും. ബന്ധുക്കൾ പറയുന്നു. അപകടത്തിലേക്ക് വാ തുറന്ന് കല്ലട കനാലിന്റെ വശങ്ങളിൽ നൂറു കണക്കിന് കുടുംബങ്ങൾ താമസിക്കുന്നു. 

38 വർഷം മുൻപ് നിർ‌മിച്ച കല്ലട പദ്ധതി കനാൽ വ്യാപകമായി തകരാറിലാണ്. പലയിടത്തും കനാൽ തകർന്ന് വീടുകളിലേക്ക് വെള്ളം കയറുന്നു. അറ്റകുറ്റപ്പണിയും നവീകരണവും നടത്താൻ 300 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് സമർപ്പിച്ച പ്രൊജക്ട് സർക്കാർ നിരാകരിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT