ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ! ‘മറ്റൊരു യുവതിയെയും കൊല്ലാൻ അഫാൻ പദ്ധതിയിട്ടു’; സമൂഹമാധ്യമ സന്ദേശങ്ങൾ പൊലീസിന്
Mail This Article
കുടുംബത്തിനു സാമ്പത്തികബാധ്യതയുണ്ടാക്കിയെന്നു നിരന്തരം കുറ്റപ്പെടുത്തിയതാണു പിതാവിന്റെ സഹോദരനോടു വൈരാഗ്യം തോന്നാൻ കാരണമെന്നു കൂട്ടക്കൊലക്കേസ് പ്രതി അഫാൻ. എസ്എൻപുരം ജസ്‌ല മൻസിലിൽ അബ്ദുൽ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ സജിതാ ബീവി എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് അഫാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
സാമ്പത്തികബാധ്യതയിൽനിന്നു കരകയറാൻ ലത്തീഫ് തനിക്കു പണം നൽകിയിരുന്നതായി അഫാൻ മൊഴിനൽകി. എന്നാൽ, പിന്നീട് പണം തിരികെ ചോദിച്ചു.പേരുമലയിൽ താനും കുടുംബവും താമസിക്കുന്ന വീടും സ്ഥലവും വിറ്റ് കടംവീട്ടാൻ ആവശ്യപ്പെട്ടു. സാമ്പത്തിക ബാധ്യതയുടെ പേരിൽ തന്നെ അപമാനിച്ചു. വിവാഹം കഴിച്ചാൽ എങ്ങനെ ജീവിക്കുമെന്നു ചോദിച്ചു പരിഹസിച്ചു. ഇവയെല്ലാം അദ്ദേഹത്തോടുള്ള വൈരാഗ്യത്തിനു കാരണമായി.
ലത്തീഫിന്റെ വീട്ടിൽ ഇന്നലെ തെളിവെടുപ്പിനെത്തിച്ച അഫാൻ കൊലപാതകം ചെയ്ത രീതി വിവരിച്ചു. രക്തം പുരണ്ട ചുറ്റിക കഴുകി വൃത്തിയാക്കി സ്വീകരണ മുറിയിലെ കസേരയിലിരുന്ന് 3 സിഗരറ്റ് വലിച്ചു. ഇറങ്ങാൻ നേരം ലത്തീഫിന്റെ ഫോൺ അടിച്ചപ്പോൾ അതു കയ്യിലെടുത്തു. കാറിന്റെ താക്കോലുമെടുത്തു. ബൈക്ക് ഓടിച്ചു തന്നെ ഫോണും താക്കോലും ലത്തീഫിന്റെ വീടിന്റെ മുന്നിലുള്ള കുഴിയിലേക്കെറിഞ്ഞു. പൊലീസ് ഇവ കണ്ടെടുത്തു.
ലത്തീഫിന്റെയും ഭാര്യയുടെയും കൊലപാതകം അന്വേഷിക്കുന്ന കിളിമാനൂർ എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തിലുള്ള സംഘമാണു തെളിവെടുത്തത്. ലത്തീഫിന്റെ വീട്ടിലെ തെളിവെടുപ്പിനു ശേഷം അഫാനെ പേരുമലയിലെ വീട്ടിലും സിഗരറ്റ്, മുളകുപൊടി, എലിവിഷം എന്നിവ വാങ്ങിയ കടകളിലുമെത്തിച്ചു തെളിവെടുത്തു. മുത്തശ്ശിയുടെ കൊലപാതകം അന്വേഷിക്കുന്ന പാങ്ങോട് പൊലീസും കഴിഞ്ഞ ദിവസം അഫാനെ ഇവിടെയെത്തിച്ച് തെളിവെടുത്തിരുന്നു. വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അഫാന്റെ മാതാവ് ഷെമിയെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ഇന്നലെ മുറിയിലേക്ക് മാറ്റി.
‘മറ്റൊരു യുവതിയെയും കൊല്ലാൻ പദ്ധതിയിട്ടു’
ബന്ധുവായ മറ്റൊരു യുവതിയെയും അഫാൻ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസിനു സൂചന ലഭിച്ചു. ഇവരുടെ സ്വർണമാല കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. ഇവർക്ക് സമൂഹമാധ്യമത്തിലൂടെ അഫാൻ അയച്ച സന്ദേശങ്ങളുടെ വിശദാംശങ്ങൾ പൊലീസിനു ലഭിച്ചു.