ADVERTISEMENT

വിണ്ടുകീറിയ പിച്ചിൽ കുത്തിത്തിരിയുന്ന പന്തുപോലെയാണ് ജീവിതം. ഏതു നിമിഷമാണ് ഭാഗ്യത്തിന്റെ ‘ടേണിങ്’ നടക്കുകയെന്ന് ആർ‌ക്കറിയാം. പെരിന്തൽമണ്ണ കുന്നപ്പള്ളിയിലെ കണ്ടത്തിൽ ക്രിക്കറ്റ് കളിച്ചു നടന്ന ചെക്കൻ ഇന്ത്യന്‍ ടി ട്വന്റി ക്രിക്കറ്റിന്റെ ഹൃദയത്തിലേക്ക് ചേക്കേറിയതും അങ്ങനെയാണ്. ശ്രീശാന്തും, സഞ്ജുവും നടന്നു കയറിയ വഴിയിലൂടെ കേരളത്തിന്റെ മുഖശ്രീയായി എത്തിയ വിഗ്നേഷിന്റെ കഥ ട്വന്റി 20 ക്രിക്കറ്റ് സമ്മാനിക്കുന്ന നാടകീയത പോലെ സുന്ദരം. ഐപില്ലിൽ കരുത്തരായ മുംബൈ ഇന്ത്യൻസിന്റെ ബൗളിങ് നിരയുടെ ട്രംപ് കാർഡായി തിളങ്ങി നിൽക്കുന്ന ചെക്കൻ ചെന്നിടങ്ങളിലെല്ലാം കസറുമ്പോൾ ഹൃദയം നിറയുന്ന രണ്ടു പേരുണ്ട്. മകന്റെ പ്രോഗ്രസ് കാർഡ് ഒപ്പിട്ടു തുടങ്ങിയടത്തു നിന്നും മകന്റെ കയ്യൊപ്പു പതിയുന്ന സ്കോർ കാർഡ് കണ്ട് വിസ്മയിച്ചിരുക്കുന്ന രണ്ടുപേര്‍. വിഗ്നേഷ് പുത്തൂരിന്റെ അച്ഛൻ സുനിൽ കുമാറും അമ്മ, ബിന്ദു കെ.പിയും. പ്രാർഥനകൾക്കുള്ള മറുപടി പോലെ ഇത്തവണത്തെ വിഷുവിന് ദൈവം നൽകിയ പൊൻകണിയാണ് വിഗ്നേഷിന്റെ ഐപിഎൽ രാജകീയ പ്രവേശമെന്ന് ഇരുവരും പറയുന്നു. നന്മയുടെ വിഷുക്കാലത്ത് ദൈവം തങ്ങൾക്കു നൽകിയ ഇരട്ട സർപ്രൈസുകളെ കുറിച്ചാണ് അമ്മ ബിന്ദു പറഞ്ഞു തുടങ്ങിയത്.

vignesh-4

കണ്ണിനു പൊൻകണി

ADVERTISEMENT

കണിയൊരുക്കി കൺനിറയെ ഭഗവാനെ കാണുമ്പോള്‍ ഒറ്റ പ്രാ‍ർഥനയേ ഉണ്ടാകാറുള്ളൂ. ‘ആറ്റുനോറ്റ് ആകെയുള്ളൊരു മോനാണ്. അവനെയൊരു കര കാണിക്കണേ...’ എന്ന്. ഇന്ന് കരക്കാർ അവനെ കുറിച്ചു പറയുമ്പോൾ ആ പ്രാർഥനകളെല്ലാം സഫലമായതു പോലാണ്. മുൻവർഷങ്ങളിൽ ഞങ്ങളോടൊപ്പം കണിയൊരുക്കാനും കണ്ണനെ കാണാനും അവൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇക്കുറി അവൻ മുംബൈ ഇന്ത്യൻസിന്റെ ക്യാംപിലാണ്. വിഷമമൊന്നുമില്ല, എന്റെ കുട്ടിയുടെ സ്വപ്നം സഫലമായല്ലോ– അമ്മ ബിന്ദുവിന്റെ മിഴികളിൽ ആനന്ദാശ്രു.

vignesh-5

കുഞ്ഞുനാളിൽ കൂട്ടുകാരോടൊപ്പം ക്രിക്കറ്റെന്നു പറഞ്ഞു നടക്കുമ്പോൾ എല്ലാ അച്ഛനമ്മമാരെയും പോലെ ഞങ്ങൾക്കും ടെൻഷനായിരുന്നു. അവൻ പഠിത്തത്തിൽ ഉഴപ്പുമോ എന്നൊക്കെയുള്ള ആധി. അന്നൊന്നും ക്രിക്കറ്റ് ഇന്നത്തെ പോലെ വളർന്നിട്ടില്ലല്ലോ. ഐപിഎല്ലിനെ കുറിച്ചൊന്നും ചിന്തിക്കാത്തകാലം. പക്ഷേ ഇന്ന് കളംമാറി. അവനെപോലെ ക്രിക്കറ്റിനെ ഹൃദയത്തോടു ചേർക്കുന്ന നൂറുകണക്കിന് കുട്ടികളുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ ഐപിഎൽ പോലുള്ള ദേശീയ ലീഗുകളുടെ ചവിട്ടുപടിയുണ്ട്. ഒരു സാധാരണ ഓട്ടോക്കാരനാണ് ഞാൻ. ജീവിതത്തിന്റെ കഷ്ടനഷ്ടങ്ങളിലൊക്കെ എന്റെ കുട്ടി എന്നോട് പറയാറുണ്ട്. ‘ഐപിഎൽ കിട്ടിയാൽ നമ്മൾ രക്ഷപ്പെടും അച്ഛാ...’ എന്ന്. അവൻ വാക്കു പാലിച്ചു. ഇന്ന് ഞങ്ങൾ അവന്റെ മേൽവിലാസത്തിൽ ഈ നാടിനു മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽപാണ്. വിഗ്നേഷ് പുത്തൂരിന്റെ അച്ഛൻ... അതിലും വലിയ സന്തോഷം മറ്റേതുണ്ട്.– അച്ഛന്‍ സുനിൽകുമാറിന്റെവാക്കുകളിൽ അഭിമാനം.

vignesh-6
ADVERTISEMENT

കഷ്ടപ്പാടിന്റെ ഫലം

ഈയൊരു നിലയിലെത്താൻ അനനൊത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. അതിന് വഴികാട്ടിയ ഷെരീഫ് ഉസ്താദിനോട് പ്രത്യേക നന്ദി. രണ്ടുപേരും ഈ മുറ്റത്തു കളിച്ചു വളർന്നവരാണ്. ഷെരീഫ് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വിഗ്നേഷ് ഏഴിൽ പഠിക്കുന്നു. മികച്ച ക്രിക്കറ്റ് കളിക്കാരൻ കൂടിയായിരുന്ന ഷരീഫാണ് വിഘ്‌നേഷിന്റെ കഴിവ് തിരിച്ചറിയുന്നതും തന്റെ കൂടെ ക്യാംപിലേക്ക് കൊണ്ടു പോകുന്നതും. പരിശീലനത്തിനെത്താൻ രാവിലെ 5 മണിക്ക് ഉറക്കം എഴുന്നേൽക്കണം. വൈകുന്നേരം എത്തുമ്പോൾ ക്ഷീണിച്ച് അവശനായിട്ടുണ്ടാകും. രാത്രിയുള്ള ട്യൂഷനൊക്കെ കണ്ണിൽ ഉറക്കം തട്ടിയായിരിക്കും അറ്റൻഡ് ചെയ്യുന്നത്.

vignesh-7
ADVERTISEMENT

ക്യാമ്പിലേക്ക് പലപ്പോഴും എന്റെ ഓട്ടോറിക്ഷയിലാണ് അവനെ എത്തിക്കുന്നത്. ഞാനില്ലാത്തപ്പോൾ ഷെരീഫിന്റെ ബൈക്കിലാണ് യാത്ര. പെരിന്തൽമണ്ണയിലെ സി.ജി. വിജയകുമാർ ആയിരുന്നു ആദ്യ പരിശീലകൻ. പിന്നീട് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജില്ലാ ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. വിഘ്നേഷിലെ പ്രഫഷനൽ ക്രിക്കറ്ററെ നാടും പരീശീലകനും തിരിച്ചറിയുന്നത്. അങ്ങാടിപ്പുറത്തെ ഈ പരിശീലനക്കളരിയിൽനിന്നാണ്. അക്കാദമിയിൽ ചേരുന്നതിനായി മാത്രം ഏഴാം ക്ലാസ് മുതൽ 10 ക്ലാസ് വരെ വിഘ്നേഷ് പഠിച്ചത് അങ്ങാടിപ്പുറത്തുതന്നെയുള്ള തരകൻ ഹയർസെക്കൻഡറി സ്കൂളിലാണ്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ, കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച അണ്ടർ 14 നോർത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ 4 മത്സരങ്ങളിൽനിന്നായി 25 വിക്കറ്റുകൾ കൊയ്തതാണ് വിഗ്നേഷിന്റെ ആദ്യത്തെ വലിയ നേട്ടം.അണ്ടർ 14, 16, 19 കേരള ടീം അംഗമായിരുന്നു. പെരിന്തൽമണ്ണ ജോളി റോവേഴ്സിലൂടെ ക്ലബ് ക്രിക്കറ്റിലും സജീവം. തൃശൂർ സെന്റ് തോമസ് കോളജിലായിരുന്നു ഡിഗ്രി പഠനം. പെരിന്തൽമണ്ണ പിടിഎം ഗവ. കോളജിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. മുംബൈ ഇന്ത്യൻസ് ക്യാംപിലേക്ക് പോകും മുൻപ് വിജയ് ഹസാരെ ക്രിക്കറ്റിനുള്ള കേരള ടീമിന്റെ വയനാട്ടിലെ ക്യംാപിലും വിഗ്നേഷ് പങ്കെടുത്തിരുന്നു.

കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആലപ്പി റിപ്പിൾസിനു വേണ്ടി നടത്തിയ പ്രകടനമാണ് മുംബൈ ഇന്ത്യൻസിലേക്കു വഴി തുറന്നത്. ടീം ക്ഷണിച്ചതനുസരിച്ച് മൂന്നു തവണ സിലക്‌ഷൻ ട്രയൽസിൽ പങ്കെടുത്തു. എങ്കിലും ടീമിൽ ഉൾപ്പെടുമെന്ന് വിഘ്നേഷ് പ്രതീക്ഷിച്ചിരുന്നില്ല. വീട്ടുകാരും കൂട്ടുകാരും ഐപിഎൽ ലേലം ടിവിയിൽ കാണുമ്പോൾ ഇതൊന്നും കിട്ടാൻ പോകില്ലെന്നു പറഞ്ഞ് വിഘ്നേഷ് ഉറങ്ങാൻ പോയി. പിന്നീട് മുംബൈ ഇന്ത്യൻസ് ടീമിൽ ഉൾപ്പെട്ട വിവരം വീട്ടുകാർ വിളിച്ചുണർത്തി അറിയിക്കുകയായിരുന്നു.

വിഷുവിന് ഇരട്ടി സന്തോഷം

മാർച്ച് രണ്ടിനായിരുന്നു അവന്റെ പിറന്നാള്‍. പക്ഷേ അതിന്റെ ശരിക്കുള്ള സമ്മാനം കിട്ടിയത് മുംബൈ ഇന്ത്യൻസിലേക്കുള്ള ക്ഷണത്തന്റെ രൂപത്തിലായിരുന്നു. ബൗളിങ്ങളിലും തിളങ്ങി അവന്‍ ടീമിന്റെ വിശ്വസ്തനായതോടെ ശരിക്കും ഞങ്ങൾ ഹാപ്പിയായി. ഇങ്ങനെ രണ്ടു സന്തോഷങ്ങളാണ് ഈ വിഷുവിനെ മനോഹരമാക്കുന്നത്. അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ അവൻ ഉയരങ്ങളിലേക്കെത്തണം എന്നാണ് ആഗ്രഹം. നല്ലൊരു വീടു വയ്ക്കണം. എല്ലാം നടക്കുമെന്നേ...– ചിരിയോടെ സുനിൽകുമാർ പറഞ്ഞു നിർത്തി.

ADVERTISEMENT