ADVERTISEMENT

നിരായുധരായ പാവം  മനുഷ്യർക്ക് നേരെ നിറയൊഴിച്ച ഭീകരവാദികൾക്കെതിരെയുള്ള നാടിന്റെ രോഷം ഉയരുകയാണ്. സ്വർഗതുല്യമായ മണ്ണിൽ സന്തോഷിക്കാനെത്തി ഒടുവിൽ മരണത്തെ പുൽകേണ്ടി വന്ന ഒരുകൂട്ടം പേരുടെ വിലാപങ്ങളാണ് നമുക്കു ചുറ്റും. കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ചാണ് മിക്കവരും വെടിയേറ്റ് പിടഞ്ഞു മരിച്ചതെന്നത് ഭീകരവാദത്തിന്റെ കണ്ണില്ലാത്ത ക്രൂരത അടിവരയിടുന്നു. ആർത്തനാദങ്ങളുടെയും വിലാപങ്ങളുടെയും അകമ്പടിയിൽ യാത്രയാകുന്ന മനുഷ്യരുടെ അവസാന നിമിഷങ്ങൾ കണ്ണുനിറയ്ക്കുന്നതാണ്. ശ്രീനഗറിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാന യാത്രാമദ്യേ അത്തരത്തിലൊരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചതിനെ കുറിച്ച് പറയുകയാണ് ബിജെപി എംപി തേജസ്വി സൂര്യ.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശി മഞ്ജുനാഥ റാവുവിന്റെ ഭാര്യയെക്കുറിച്ചാണ് തേജസ്വി സൂര്യയുടെ വികാരനിർഭരമായ വാക്കുകൾ. രക്തം പുരണ്ട ജാക്കറ്റ് ധരിച്ചാണ് ഭാര്യ പല്ലവി അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തെ അനുഗമിച്ചത്. ഭർത്താവിന്റെ രക്തം പടർന്ന ആ ജാക്കറ്റ് കഴുകില്ലെന്നും അത് അദ്ദേഹത്തിന്റെ അവസാനത്തെ ഓർമയാണെന്നും പല്ലവി പറഞ്ഞതായി തേജസ്വി സൂര്യ അറിയിച്ചു.

ADVERTISEMENT

പ്ലസ്ടു പരീക്ഷയിൽ മകൻ ഉന്നതവിജയം നേടിയ സന്തോഷം ആഘോഷിക്കാനാണ്  മഞ്ജുനാഥും കുടുംബവും കശ്മീരിലെത്തിയത്. അച്ഛനൊപ്പമുള്ള ആദ്യത്തെയും അവസാനത്തെയും വിമാനയാത്രയായിരുന്നു മഞ്ജുനാഥിന്റെ മകൻ അഭിയുടേതെന്നത് വേദനയേറ്റുന്നു. അദ്ദേഹത്തിന്റെ ഇളയമകന് 3 വയസ്സാണ് പ്രായം. അച്ഛൻ ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന് അറിയാതെ അവൻ വിമാനത്തിന്റെ വിൻഡോ സീറ്റിലിരുന്ന് കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു. ഈ കാഴ്ച വളരെ ഹൃദയഭേദകമായിരുന്നെന്നും തേജസ്വി സൂര്യ പറഞ്ഞു.

കർണാടക സ്വദേശികളായ മൂന്നു പേരാണ് പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT