രേഷ്മയെന്ന മുപ്പതുകാരിയുടെ വിവാഹ തട്ടിപ്പുകഥ കേട്ടാല്‍ ആരും തലയില്‍ കൈവച്ചുപോകും. ഒരു വിവാഹം പോലും മര്യാദയ്ക്ക് കൈകാര്യം ചെയ്ത് കൊണ്ടുപോകാന്‍ സാധിക്കാതെ വരുന്നവരാണ് രേഷ്മയുടെ പ്രവര്‍ത്തികള്‍ കണ്ട് അമ്പരന്നു പോയത്. തൊടുപുഴ, വാളകം സ്വദേശികള്‍ക്ക് ഈ വര്‍ഷം ആദ്യമാണ് രേഷ്മ വിവാഹവാഗ്ദാനം നല്‍കിയത്.
യുഎസിൽ നഴ്‌സ് ആയ തൊടുപുഴ സ്വദേശി ഫെബ്രുവരി 17ന് നാട്ടിലെത്തി 19ന് രേഷ്മയെ വിവാഹം കഴിച്ചു. ചുരുങ്ങിയ ദിവസത്തെ ദാമ്പത്യത്തിനു ശേഷം 24ന് ഇയാള്‍ യുഎസിലേക്കു മടങ്ങി. 29 വരെ ഭര്‍തൃവീട്ടില്‍ കഴിഞ്ഞ രേഷ്മ തുടര്‍ന്ന് വാളകം സ്വദേശിയുടെ അടുത്തേക്കു പോകുകയായിരുന്നു.
വാളകം സ്വദേശിക്കു നല്‍കിയ വാക്കു പാലിച്ച് മാര്‍ച്ച് ഒന്നിന് വിവാഹം നടത്തി. സര്‍ട്ടിഫിക്കറ്റ് എടുക്കാനുണ്ടെന്ന് പറഞ്ഞ് ഇറങ്ങിയാണ് ഇവിടെനിന്ന് തൊടുപുഴയിലെ ഭര്‍തൃവീട്ടിലേക്കു പോയിരുന്നത്. ഇതിനിടയിലാണ് മാട്രിമോണി സൈറ്റ് വഴി കോട്ടയം സ്വദേശിയുമായി പരിചയപ്പെടുന്നത്.
തൊടുപുഴയില്‍നിന്നു വാളകത്തേക്കുള്ള ബൈക്ക് യാത്രകള്‍ക്ക് രേഷ്മ ഉപയോഗിച്ചിരുന്നത് കോട്ടയം സ്വദേശിയെയാണ്. ഒടുവില്‍ പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് തിരുവനന്തപുരത്ത് രേഷ്മയെ എത്തിച്ചതും ഇതേ യുവാവ് തന്നെയാണ്. ഏപ്രില്‍, മേയ് മാസങ്ങളില്‍ കോട്ടയം സ്വദേശിയുമായി ആയിരുന്നു സൗഹൃദം. ഇതിനിടയില്‍ മേയ് 29നാണ് ആര്യാനാടുള്ള പഞ്ചായത്ത് അംഗവുമായി ഓണ്‍ലൈനില്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെടുന്നത്.
ബിഹാറില്‍ പോകണമെന്നും തിരുവനന്തപുരത്ത് ഒരാവശ്യം ഉണ്ടെന്നുമാണ് കോട്ടയം സ്വദേശിയോട് പറഞ്ഞത്. ജൂണ്‍ 5ന് വൈകിട്ട് കോട്ടയം സ്വദേശി രേഷ്മയുമായി വെമ്പായത്തേക്കു പുറപ്പെട്ടു. ബിഹാറിലേക്കു പോകും മുന്‍പ് താലികെട്ട് നടത്തണമെന്ന് കോട്ടയം സ്വദേശി പറഞ്ഞതോടെ യാത്രയ്ക്കിടെ ഒരു ക്ഷേത്രത്തില്‍ കയറി. നട അടച്ചിരുന്നതിനാല്‍ 5-ാം തീയതിയിലെ വിവാഹം നടന്നില്ല.
തൊട്ടടുത്ത ദിവസമാണ് പഞ്ചായത്തംഗവുമായി വിവാഹം നടക്കാനിരുന്നതും രേഷ്മ പൊലീസ് പിടിയിലാകുന്നതും. വിവാഹത്തിനു ശേഷം ഒരാവശ്യത്തിന് തൊടുപുഴയിലേക്കു പോകുമെന്ന് രേഷ്മ പഞ്ചായത്ത് അംഗത്തോടും പറഞ്ഞിരുന്നു. രേഷ്മ വിവാഹം കഴിക്കാതെ റസ്റ്റ് എടുത്തത് ഗര്‍ഭകാലത്തു മാത്രമായിരുന്നു.
ഓണ്‍ലൈന്‍ വിവാഹ പരസ്യങ്ങള്‍ കണ്ട് ആദ്യം അമ്മയെന്നു പറഞ്ഞു വിളിക്കുന്ന രേഷ്മ തന്നെയാണ് പിന്നീട് വധുവെന്ന രീതിയില്‍ സംസാരിക്കുന്നതും. വിവാഹപരസ്യം നല്‍കുന്ന ഗ്രൂപ്പില്‍ റജിസ്റ്റര്‍ ചെയ്ത നമ്പറിലേക്കാണ് പഞ്ചായത്തംഗത്തിനു മേയ് 29 ന് ആദ്യം കോള്‍ ലഭിച്ചത്. ബിഹാറില്‍ അധ്യാപികയായ മകള്‍ക്കു വേണ്ടിയുള്ള വിവാഹാലോചനയെന്നു പറഞ്ഞശേഷം സ്വന്തം നമ്പര്‍ കൈമാറുകയായിരുന്നു.
ബിഹാറില്‍ നിന്നു നാട്ടില്‍ എത്തിയെന്നറിയിച്ച് ഈ മാസം 4 നാണ് കോട്ടയത്തെ മാളിലേക്കു പഞ്ചായത്തംഗത്തെ വിളിച്ചുവരുത്തി നേരില്‍ക്കണ്ടത്. വിവാഹത്തലേന്ന് വൈകിട്ട് വെമ്പായത്ത് എത്തിയ രേഷ്മയെ പഞ്ചായത്തംഗം ഉഴമലയ്ക്കലിലെ സുഹൃത്തിന്റെ വീട്ടിലാക്കി. വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നും ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ അമ്മയുടെ കയ്യിലാണെന്നും രേഷ്മ പറഞ്ഞു.
വിവാഹ ദിവസം രാവിലെ ബ്യൂട്ടിപാര്‍ലറില്‍ പോകുന്നതിനു മുന്‍പ് കുളിച്ചെന്നു രേഷ്മ പറഞ്ഞെങ്കിലും ശുചിമുറിയില്‍ അതിന്റെ ലക്ഷണമുണ്ടായിരുന്നില്ല. സംശയം തോന്നിയ സുഹൃത്തിന്റെ ബന്ധുക്കള്‍ രേഷ്മ വിതുരയിലെ ബ്യൂട്ടിപാര്‍ലറിലേക്കു പോയ സമയം വീട്ടിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചു. അതില്‍ മറ്റൊരാളുമായുള്ള വിവാഹത്തിന്റെ രേഖകള്‍ ലഭിച്ചതോടെ ആര്യനാട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സംസ്‌കൃതം ന്യായത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ചെയ്യുന്നെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞത്. മാര്‍ച്ച് 1ന് വിവാഹം ചെയ്ത ആളിനൊപ്പമാണ് രേഷ്മയുടെ കുഞ്ഞും അമ്മയും താമസിക്കുന്നതെന്നു പൊലീസ് പറഞ്ഞു.