ADVERTISEMENT

അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ തിരുവനന്തപുരത്ത് എന്‍ജിനീറിങ് വിദ്യാര്‍ഥിയുടെ ജീവനെടുത്ത ഡ്രൈവര്‍ക്ക് സംരക്ഷണം ഒരുക്കി കെഎസ്ആര്‍ടിസി. താല്‍ക്കാലിക ഡ്രൈവര്‍ കുറ്റക്കാരനെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ തിരിച്ചെടുക്കില്ലെന്ന നിയമം ലംഘിച്ചാണ് പത്തനാപുരം സ്വദേശി രാജേഷിനെ പതിനഞ്ചാം ദിവസം തിരിച്ചെടുത്തത്. 

നാട്ടുകാരനായ ഡ്രൈവറോട് മന്ത്രി കെ.ബി. ഗണേഷ്കുമാറിനുളള പ്രത്യേക താല്‍പര്യമാണ് നിയലംഘനത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട കാളിദാസിന്റെ കുടുംബം ആരോപിക്കുന്നു. ഏകമകന്‍ നഷ്ടപ്പെട്ട വേദനയില്‍ കണ്ണീര്‍ വാര്‍ക്കുന്ന അനില്‍കുമാറും സന്ധ്യയും പൊരുന്തമണ്‍കാര്‍ക്ക് നൊമ്പരക്കാഴ്ചയാണ്. 

ADVERTISEMENT

എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന കാളിദാസും സുഹൃത്തും മേയ് 12ന് താമസ സ്ഥലത്തേയ്ക്ക് മടങ്ങുമ്പോള്‍ പനവിള ഫ്ലൈ ഓവറില്‍ വച്ച് ഇവര്‍ സഞ്ചരിച്ച സ്കൂട്ടിയിലേയ്ക്ക് വെളള വര മറികടന്നെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറുകയായിരുന്നു. പത്തനാപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്ത് കയറുകയായിരുന്നു. ഫ്ലൈ ഓവറില്‍ ഓവര്‍ടേക്കിങ് പാടില്ലെന്ന നിയമവും ലംഘിച്ചു. 

മേയ് 12ന് അപകടമുണ്ടാക്കിയ ഡ്രൈവറെ മേയ് 27ന് തിരിച്ചെടുത്തു. എം പാനല്‍ ഡ്രൈവര്‍ കുറ്റക്കാരനെങ്കില്‍ മൂന്ന് മുതല്‍ ആറു മാസം വരെ മാറ്റി നിര്‍ത്തുന്ന കീഴ്‌‌വ‌ഴക്കവും, തിരിച്ചെടുക്കേണ്ടന്ന നിയമവും ലംഘിക്കപ്പെട്ടെന്ന് റിട്ടയേഡ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ കൂടിയായ കാളിദാസിന്റെ അച്ഛന്‍ പറയുന്നു. കാളിദാസിന്റെ ഒപ്പമുണ്ടായിരുന്ന സഹപാഠി ഗുരുതരമായ പരുക്കുകളോടെ ചികില്‍സയിലാണ്. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിന് കന്‍റോണ്‍മെന്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസും ഡ്രൈവര്‍ രാജേഷിനെതിരെയുണ്ട്.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT