ADVERTISEMENT

ഓണം വന്നാലോ പെണ്ണുങ്ങൾക്കെല്ലാർക്കും വേണം നല്ലൊരു പാട്ടും കളീം

ഓണം വന്നാലോ കുട്ടികൾക്കെല്ലാർക്കും വേണം നല്ലൊരു പൂവും പാട്ടും 

ADVERTISEMENT

ഓണം വന്നാലോ ആണുങ്ങൾക്കെല്ലാർക്കും വേണം നല്ലൊരു കയ്യാങ്കളി

ഓണം ആഘോഷങ്ങളുടെതു മാത്രമല്ല കളികളുടെയും കാലമായിരുന്നു. ഓണപ്പരീക്ഷ കഴിഞ്ഞ് പള്ളിക്കൂടം അടയ്ക്കുന്നതു നോക്കിയിരിക്കും, അമ്മ വീട്ടിലേക്കോ ബന്ധു വീട്ടിലേക്കോ സർക്കീട്ട് പോകാൻ. പിന്നെ കൂട്ടുകാരോടൊത്ത് കളി തിമിർപ്പാണ്. ആയത്തിൽ ചവിട്ടി ആകാശം തൊട്ട ഊഞ്ഞാലാട്ടവും പന്ത് കളിയും നീന്തലും  മുങ്ങാംകുഴിയിടലും ഒക്കെയായി ഓണക്കാലം അവിസ്മരണീയമാക്കും. 

ADVERTISEMENT

പണ്ടുകാലത്ത് പ്രായഭേദമനുസരിച്ചായിരുന്നു ഓണക്കളികൾ. മുതിർന്ന പുരുഷന്മാർക്ക് അമ്പെയ്യൽ, ഓണത്തല്ല്‌, കമ്പിത്തായം, ചീട്ടുകളി, വള്ളംകളി എന്നിവയൊക്കെയായിരുന്നു. ഊഞ്ഞാലാട്ടം, കണ്ണനാമുണ്ണി കളി, കൈകൊട്ടിക്കളി, മുടിയാട്ടം, തുമ്പിതുള്ളലുമൊക്കെയാണ് പെണ്ണുങ്ങളും പെൺകുട്ടികളും കളിച്ചിരുന്നത്. 

ആൺകുട്ടികൾ കളിച്ചിരുന്ന കളികൾക്കും വ്യത്യാസമുണ്ട്. ആട്ടക്കളം കുത്തുക, ഓണവില്ല് അടിക്കുക, കടുവാകളി, കരടി കളി, പന്തുകളി, പമ്പരം കളി, പുലികളി എന്നിങ്ങനെ ഓരോ കളികൾ. കുട്ടി കൂട്ടങ്ങൾ ആട്ടക്കളം കുത്തുന്നത് കണ്ടാൽ ആവേശം മൂത്തു കൂടെകൂടാൻ തോന്നും. മുറ്റത്ത് വലിയൊരു കളം വരയ്ക്കും. ഒരാൾ പുറത്തും മറ്റുള്ളവർ അകത്തും നിൽക്കും. പുറത്തു നിൽക്കുന്നവനു വരയ്ക്കുള്ളിൽ കടക്കാൻ വയ്യ.അവൻ അകത്തുള്ളവരെ ഓരോരുത്തരെയായി പിടിച്ചു വലിച്ചു പുറത്തുചാടിക്കുകയാണ് ചെയ്യേണ്ടത്. 

ADVERTISEMENT

അകത്തു നിൽക്കുന്നവന് സ്വയം രക്ഷയ്ക്ക് വേണ്ടി പുറത്തുനിൽക്കുന്നവനെ അടിക്കാം. പക്ഷേ, പുറത്തുനിൽക്കുന്നവന് അകത്തുള്ളവരെ അടിക്കാൻ പാടില്ല. അകത്തുള്ളവർക്ക് ഒരു നേതാവ് ഉണ്ടാകും. അയാൾ മൂത്തു എന്നു പറഞ്ഞാലേ കളി തുടങ്ങാവൂ. കായിക പ്രകടനം മൂത്ത് ശാരീരിക പീഡനം ആയാൽ നേതാവ് ചീഞ്ഞു എന്നു പറയും.അത് കേട്ടാൽ രണ്ടാളും പിൻമാറണം. ഒരാളെ പുറത്തുചാടിച്ചാൽ അയാളും മറ്റുള്ളവരെ പുറത്താക്കാൻ സഹായിക്കാൻ കൂടും. ഇങ്ങനെ എല്ലാവരേയും പുറത്താക്കിയാൽ കളി കഴിഞ്ഞു. പിന്നീട് കളിക്കുമ്പോൾ അകത്തുനിന്നവരുടെ നേതാവ് പുറത്തും പുറത്തു നിന്നവൻ അകത്തെ നേതാവായും കളി തുടങ്ങാം. ഇതാണ് ആട്ടക്കളം കുത്തൽ.

പുല്ലും പാളയും കൊണ്ട് കടുവയുടെയും കരടിയുടെയും വേഷം കെട്ടി കുട്ടികൾ വീട് തോറും കയറിയിറങ്ങും. അവരുടെ കുമ്പ നിറയാനായി ഉപ്പേരിയും പഴവും കൊടുത്ത് വീട്ടുകാർ സന്തോഷിപ്പിക്കും. ചിലപ്പോൾ മദ്ദളം മുഴക്കിക്കൊണ്ട് മേളക്കാരും ഉണ്ടാവും. പണ്ടുകാലത്ത് അത്തം മുതൽ കുട്ടികൾ വേഷം കെട്ടാൻ തുടങ്ങും. ഒഴിഞ്ഞ പറമ്പുകളിലും മൈതാനങ്ങളിലും പന്തുകളിയും ആരവത്തോടെ നടക്കും.

"ഒന്നാം മാനം കൊണ്ടൊരു ഊഞ്ഞാലാടി വാടി തോഴി... അന്നിട്ട പൊന്നൂഞ്ഞാലിൽ ആടിവാടി തോഴി..."- ഒന്ന് ചെവിയോർത്താൽ കേൾക്കാം, ഒഴിഞ്ഞ മാന്തോപ്പുകളിലും മാനത്തോളം വളർന്ന് മരങ്ങളുടെ ശിഖരങ്ങളിലും നീട്ടി കെട്ടിയ ഊഞ്ഞാലിൽ ആടിത്തിമിർക്കുന്ന കൂട്ടുകാരുടെ ഒച്ച. പേരക്കുട്ടികൾ ഓണം കൂടാനെത്തുമ്പോഴേക്കും മുത്തഛച്നും അമ്മാവന്മാരും കൂടി മുറ്റത്തെ കിളിച്ചുണ്ടൻ മാവിൽ ഊഞ്ഞാൽ കെട്ടും. കാലത്തെണീറ്റത് മുതൽ  വെയിൽ താഴുന്നവരെ ഊഴമിട്ട് ഊഞ്ഞാലാട്ടമാണ്. ഊഞ്ഞാലിന്റെ താഴത്തെ പടിയിൽ നിന്നും ഇരുന്നും ആടും. തുഞ്ചത്ത് നിൽക്കുന്ന പച്ചത്തലപ്പിൽ പോയി തൊട്ടു വരും. കണ്ണാരംപ്പൊത്തി കളിയ്‌ക്കാനും തുമ്പിതുള്ളാനും മാണിക്യചെമ്പഴുക്ക കളിയ്ക്കാനും പെൺകുട്ടികൾക്ക് ഉത്സാഹമാണ്. 

തിരുവോണത്തിൻ നാൾ ഉച്ച കഴിഞ്ഞാൽ തരുണീമണികൾ എല്ലാംകൂടി കൈകൊട്ടി കളിക്കാൻ ഒത്തുകൂടും."നീല കാർമുകിൽ വർണ്ണനന്നേരം, രാധയെന്നൊരു നാരിയും താനും, നീളെ നീളെ വനത്തിൽ നടന്നു, മേളമോടെ കളിച്ചു രസിച്ചു..." ഓണപ്പുടവയുടുത്ത പെണ്ണുങ്ങൾ കുപ്പിവള കിലുങ്ങുംമാറ് താളത്തിൽ കൈക്കൊട്ടി കളിക്കുന്നത് കാണാൻ തന്നെ ചേലാണ്. ഓണവെയിൽ കൂടി അത് കാണാനെത്തും.മുറ്റത്തെ പൂക്കളത്തിനു ചുറ്റും വെച്ചും നടുമുറ്റങ്ങളിൽ വച്ചും കൈകൊട്ടികളി നടത്താറുണ്ട്. വട്ടത്തിൽ നിന്നു ചുവടുവെച്ചു പാട്ടുപാടി കൈകൊട്ടി കൊണ്ടാണ് കളി. ഒരാൾ പാടും മറ്റുള്ളവർ ഏറ്റു പാടും.ഗൃഹാതുരത്വമുണർത്തുന്ന ഒരുപാട് കളികൾ.

നാലാം ഓണത്തിന് തൃശ്ശൂരിൽ പുലികൾ ഇറങ്ങും. പുള്ളിപ്പുലി, വരയൻ പുലി, കരിമ്പുലി തുടങ്ങി പലവിധം പുലികളുടെ വേഷംകെട്ടി വാലും മുഖവും വച്ചു ചെണ്ടമേളങ്ങളോടെ താളത്തിൽ അടിവെച്ച് നീങ്ങും. ഇന്നും അത് കാണാൻ സാഗരം ഒഴുകിയെത്തും. ഓണക്കാലത്തെ മറ്റൊരു കായിക വിനോദമാണ് ഓണത്തല്ല്. കയ്യാങ്കളിഎന്നും ഓണപ്പട എന്നും ഇതിന് പേരുണ്ട്. തല്ലുകാർ രണ്ടു ചേരിയായി നിലയുറപ്പിക്കും. തല്ലു നടത്തിക്കുന്ന ദേശാധിപനു ഇരിക്കാൻ ഉയരത്തിൽ ഒരു കസേര കൊണ്ടു വച്ചിട്ടുണ്ടാകും. തല്ലുകാർ നിയമം ലംഘിക്കുന്നുണ്ടോ എന്നു നോക്കാൻ ചേതൻമാരും അവിടെയുണ്ടാകും. 

പണ്ടുകാലത്ത് അത്തം നാൾ മുതൽ തുടർച്ചയായി പത്ത് ദിവസം തല്ലു നടത്തിയിരുന്നു. ഓരോ ദിവസവും ജയിക്കുന്നവർ പിറ്റേദിവസത്തെ തല്ലിൽ പങ്കെടുക്കും. അങ്ങനെ തിരുവോണദിവസം ഏറ്റവും മികച്ചവരുടെ പ്രകടനമാണ് നടക്കുക. അതിൻറെ തുടർച്ചയായി അവിട്ടത്തല്ലും ഉണ്ടാകും. തോറ്റവർ ഈ ആണ്ടിലെ ഓണത്തല്ലിന്റെ ക്ഷീണം അടുത്ത ഓണത്തല്ലിന് തീർക്കാം എന്നു വെല്ലുവിളിക്കും.

പിന്നെയുള്ള ഒരു ഓണക്കാല വിനോദം വള്ളംകളി ആയിരുന്നു. ആറന്മുള വള്ളംകളിയും കണ്ടശാംകടവ് വള്ളംകളിയും ചമ്പക്കുളം വള്ളംകളിയും പായിപ്പാട്ട് വള്ളംകളിയുമൊക്കെയായി ഓണം കൊഴുക്കും. ആറന്മുളയിൽ ഉതൃട്ടാതി ദിവസം രാവിലെ തന്നെ പള്ളിയോടങ്ങൾ അണിഞ്ഞൊരുങ്ങി താളമേളങ്ങളോടെ ആറന്മുള ക്ഷേത്രക്കടവിലേക്ക് വന്നെത്തും. തലയിൽ പുളിയിലക്കരയനും ചുറ്റി നാലും കൂട്ടി മുറുക്കി അമരത്ത് നിൽക്കുന്നവർ കാണികളെയും തുഴക്കാരെയും ആവേശ കൊടുമുടിയിൽ കയറ്റും. 

ADVERTISEMENT